8 May 2024, Wednesday

കാട്ടുപന്നി ശല്യത്തിന് താല്കാലിക പരിഹാരം

Janayugom Webdesk
May 30, 2022 5:00 am

സംസ്ഥാനത്ത് ജനവാസമേഖലകളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന വന്യ മൃഗ — പ്രത്യേകിച്ച് കാട്ടുപന്നി — ശല്യത്തെക്കുറിച്ചുള്ള പരാതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഓരോ വർഷം കഴിയുന്തോറും അത് വർധിച്ചുവരികയായിരുന്നു. അതിനുള്ള കാരണങ്ങൾ പലതാണ്. 2016 മുതൽ 21 വരെയുള്ള അഞ്ചുവർഷത്തിനിടെ പാമ്പുകടിയും കാട്ടുപന്നി ആക്രമണവുമുൾപ്പെടെ നേരിട്ട് സംസ്ഥാനത്ത് 589 പേരാണ് മരിച്ചത്. അതിനു മുമ്പുള്ള അഞ്ചുവർഷം അത് 629 മരണങ്ങളായിരുന്നു. 2021ന് ശേഷം കഴിഞ്ഞ ഫെബ്രുവരി അവസാനം വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം 61 പേർ മരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സർക്കാർ അധികാരമേറ്റതിനുശേഷം മരിച്ചവർക്കുള്ള നഷ്ടപരിഹാരമായി 2.37 കോടി രൂപ നല്കി. പരിക്കേറ്റവർക്ക് നല്കിയ നഷ്ടപരിഹാര തുക 1.30 കോടി രൂപയാണ്. അഞ്ചുവർഷത്തിനിടെ കാട്ടുപന്നി ആക്രമണത്തിൽ നഷ്ടമായത് 21 ജീവനുകളായിരുന്നു.
ഡെറാഡൂണിലെ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും ചേർന്ന് നടത്തിയ പഠനത്തിന്റെ പ്രാഥമിക കണ്ടെത്തൽ അനുസരിച്ച് പ്രധാനമായും വന്യജീവി അക്രമം കൂടുന്നതിന് ഏഴ് കാരണങ്ങളാണ്. കാടിന് ചുറ്റും കൃഷിയിട വിസ്തൃതി വർധിച്ചത്, കൃഷിരീതിയിലുണ്ടായ മാറ്റം, വന്യജീവികളുടെ എണ്ണത്തിലുണ്ടായ വർധന, വന്യജീവികളുടെ സ്വൈരവിഹാരത്തിനുണ്ടാകുന്ന തടസം, ഭക്ഷ്യ ലഭ്യതയിലുണ്ടായ കുറവ്, വന്യജീവി ആവാസ വ്യവസ്ഥയുടെ ഗുണനിലവാരം നശിപ്പിക്കപ്പെട്ടത് തുടങ്ങിയവയാണ് പഠനത്തിൽ കണ്ടെത്തിയ പ്രധാന കാരണങ്ങൾ. അടുത്തകാലത്തായി വനാതിർത്തികളോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ ഏറ്റവും രൂക്ഷമായ പ്രശ്നം കാട്ടുപന്നികളുടെ ശല്യമാണ്. ഇത് മനുഷ്യജീവന് ഹാനിയുണ്ടാക്കുന്നുവെന്നതോടൊപ്പംതന്നെ വൻതോതിലുള്ള കൃഷിനാശത്തിനും ഇടയാക്കുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ 38 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും കണക്കാക്കിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണംമൂലം കൃഷിനാശം സംഭവിച്ച വകയിൽ 2021 ജനുവരി മുതൽ കഴിഞ്ഞ ഫെബ്രുവരി വരെ മാത്രം 2.84 കോടി രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി വിതരണം ചെയ്യുകയുണ്ടായി. പന്നി ശല്യം കൃഷിനാശത്തിനും ആക്രമണം മൂലമുള്ള മരണത്തിനും മാത്രമല്ല കാരണമാകുന്നത്. കാലവർഷമാകുന്നതോടെ പന്നിപ്പനിക്കുള്ള കാരണമായും ഇത് മാറിയേക്കാമെന്ന മുന്നറിയിപ്പുമുണ്ട്. അതുകൊണ്ട് മറ്റൊരു ആരോഗ്യദുരന്തത്തിന്റെ ഭീഷണിയും മുന്നിലുണ്ട്.


ഇതുകൂടി വായിക്കൂ: വേണം സമഗ്ര വന്യജീവി നിയമം


ഈ പശ്ചാത്തലത്തിലാണ് വന്യജീവി ശല്യം, പ്രത്യേകിച്ച് കാട്ടുപന്നിശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയർന്നത്. നിയമപരമായ കടമ്പകൾ പലതാണെങ്കിലും ജനങ്ങൾക്കൊപ്പം തന്നെയാണ് സംസ്ഥാന സർക്കാരും നിലകൊണ്ടത്. 1972ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് മൂന്നാംപട്ടികയിൽ ഉൾപ്പെടുത്തിയ വന്യജീവിയാണ് കാട്ടുപന്നിയെന്നതിനാൽ ഇതിന്റെ ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികൾ പ്രധാനമായും കേന്ദ്രത്തിൽ നിന്നാണ് ഉണ്ടാകേണ്ടത്. അഞ്ചാം പട്ടികയിലേക്ക് മാറ്റി ക്ഷുദ്രജീവിയായി ഇതിനെ പ്രഖ്യാപിക്കണം. ശല്യം വർധിച്ച സാഹചര്യത്തിൽ ഇതിനായുള്ള നടപടികൾ പൂർത്തീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചു. ഇതിന്റെ മുന്നോടിയായി കാട്ടുപന്നി ശല്യം രൂക്ഷമായ വില്ലേജുകളുടെ പട്ടിക തയാറാക്കി കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്തിരുന്നു. 406 വില്ലേജുകളെയാണ് തീവ്ര ആക്രമണം നേരിടുന്നതായി കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇപ്പോൾ കാട്ടുപന്നി ശല്യം ഇല്ലാതാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നല്കി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. അനുയോജ്യ മാർഗങ്ങളിലൂടെ കൊല്ലാൻ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ അധ്യക്ഷന്മാർക്ക് അനുമതി നൽകി അവരെ ഹോണററി വൈൽഡ് ലൈഫ് വാർഡനായും മൂന്നിടങ്ങളിലെയും സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായും നിയമിക്കുന്നതിനുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വിഷം, സ്ഫോടക വസ്തു എന്നിവയുടെ പ്രയോഗം, വൈദ്യുതി ഷോക്ക് എന്നീ മാർഗങ്ങളിലൂടെ കൊല്ലാൻ പാടില്ല. പൊതുജനങ്ങളുടെ അപേക്ഷയിൽ ഹോണററി വൈൽഡ് ലൈഫ് വാർഡനും അധികാരമുള്ള ഉദ്യോഗസ്ഥനും കാട്ടുപന്നിയെ സ്വയംവേട്ടയാടി കൊല്ലാനോ അല്ലെങ്കിൽ മറ്റാരെങ്കിലും മുഖേന കൊല്ലിക്കാനോ കാരണം വ്യക്തമാക്കി ഉത്തരവ് നൽകാം. പ്രദേശത്ത് തോക്ക് ലൈസൻസുള്ളവർക്കും പൊലീസുകാർക്കും വെടിവയ്ക്കാം. കുരുക്കിട്ട് പിടിക്കാം. ജഡം ശാസ്ത്രീയമായി സംസ്കരിക്കണം. കൊല്ലുന്നവയുടെയും സംസ്കരിക്കുന്ന ജഡങ്ങളുടെയും വിവരങ്ങൾ ഇതിനായി തയാറാക്കിയ രജിസ്റ്ററിൽ തദ്ദേശ സ്ഥാപനങ്ങൾ എഴുതി സൂക്ഷിക്കണം. ഇത്തരം കർശന ഉപാധികളോടെയാണ് ശല്യം ഒഴിവാക്കുന്നതിനുള്ള നടപടിക്ക് നിർദേശം നല്കിയിരിക്കുന്നത്. ഒരു വർഷമാണ് ഉത്തരവിന്റെ കാലാവധി. അതുകൊണ്ടുതന്നെ ഇത് താല്കാലിക പരിഹാരം മാത്രമാണ്. ശാശ്വത പരിഹാരം കണ്ടെത്തുവാൻ സാധിക്കേണ്ടതുമാണ്.


ഇതുകൂടി വായിക്കൂ:   പുതുചമയങ്ങളണിഞ്ഞ ഭീഷണക്കോലങ്ങൾ


തീർച്ചയായും കേരളത്തിലെ കർഷകരുടെയും സംഘടനകളുടെയും വളരെക്കാലത്തെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഏത് അനുമതിയും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുൻകൂട്ടി കാണേണ്ടതുണ്ട്. അതിന് അതീവശ്രദ്ധ ആവശ്യമാണ്. കൃഷിക്കാരുടെ പേരും വനങ്ങളുടെ സമീപങ്ങളിൽ പാർക്കുന്ന സാധാരണക്കാരുടെ പേരുമുപയോഗിച്ച് കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതിനുള്ള അവസരമായി ഇത് ഉപയോഗിക്കപ്പെടാതിരിക്കുവാനുള്ള ജാഗ്രത ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കർശനമായി സ്വീകരിക്കണം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.