28 April 2024, Sunday

നിരവധി സമര പോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കിയ എഐടിയുസി ഓഫീസ് ഓര്‍മ്മത്താളുകളിലേക്ക്

Janayugom Webdesk
കോട്ടയം
July 17, 2023 9:46 pm

നിരവധി ബഹുജന സംഘടനകളുടെയും സിപിഐയുടെയും സമര പോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കിയ എഐടിയുസി ഓഫീസ് ഓര്‍മ്മത്താളുകളിലേക്ക്. കോട്ടയം നഗരത്തില്‍ നടക്കുന്ന പല സമരങ്ങളും ആരംഭിക്കുന്നത് പുളിമൂട് ജംഗ്ഷന് സമീപത്തുള്ള ചരിത്രമുറങ്ങുന്ന ആ ഇത്തിരിവട്ടത്തുനിന്നായിരുന്നു. പഴക്കമേറെയുള്ള ആ കൊച്ചുകെട്ടിടം സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടിത്തുടങ്ങിയപ്പോഴാണ് പുതിയ മന്ദിരമെന്ന ആവശ്യം ഏറെ ശക്തമായത്. ഇതിന്റെ ഭാഗമായി പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

1964ന് മുമ്പ് കോട്ടയം ഭാസിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന ജനകേരളം സായാഹ്നപത്രത്തിന്റെ കേന്ദ്രമായിരുന്നു കെട്ടിടം. കാരാപ്പുഴ സ്വദേശിനിയായ അറയ്ക്കല്‍ മീനാക്ഷിക്കുട്ടിയമ്മ ഒറ്റിക്കെടുത്ത കെട്ടിടം കോട്ടയം ഭാസി വാടകയ്ക്ക് എടുക്കുകയായിരുന്നു. പിന്നീട് 1964ലാണ് എഐടിയുസി ഓഫീസ് ഇവിടേക്ക് മാറ്റുന്നത്. ഇതിനൊപ്പം പാര്‍ട്ടി മണ്ഡലം കമ്മറ്റി ഓഫീസായും പ്രവര്‍ത്തിച്ചു. പിന്നീട് മീനാക്ഷിക്കുട്ടിയമ്മയില്‍ നിന്നും പാര്‍ട്ടി ഒറ്റി അവകാശം വാങ്ങി.
വര്‍ഷങ്ങളോളം പാര്‍ട്ടി ഓഫീസായും എഐടിയുസി ഓഫീസായും പ്രവര്‍ത്തിച്ച കെട്ടിടം വിലയ്ക്ക് വാങ്ങാന്‍ സിപിഐ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാലാ സ്വദേശി രാമചന്ദ്രന്‍പിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം എന്ന് അറിയുന്നത്. പിന്നീട് 1985ല്‍ അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ പേരില്‍ സ്ഥലം ആധാരം ചെയ്ത് വാങ്ങി.

കെ വി കൊച്ചെറിയ, തിരുവാര്‍പ്പ് ശേഖരന്‍, എം കെ ചന്ദ്രബോസ്, കെ എന്‍ മാധവന്‍പിള്ള, ഫിലിപ്പ് ചേട്ടന്‍ , എം കെ തുടങ്ങിയ നേതൃനിരയുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്നത് ഇവിടെയായിരുന്നു. ചുമട്ടുതൊഴിലാളി യൂണിയന്‍, ലാമ്പട്ട്ര ഡ്രൈവേഴ്സ് യൂണിയന്‍, സോപ് എംപ്ലോയീസ് യൂണിയന്‍ തുടങ്ങിയ എഐടിയുസി യൂണിയനുകളും സിപിഐയുടെ കീഴിലുള്ള ആദ്യകാല ബഹുജന സംഘടനകള്‍ മുതല്‍ ഇന്നോളം കോട്ടയം നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബഹുജന സംഘടനകളുടെ പ്രവര്‍ത്തനവേദിയായതും എഐടിയുസി ഓഫീസായിരുന്നു. കാലപ്പഴക്കം മൂലം അത് പൊളിച്ചുമാറ്റി പുതിയ കെട്ടിടം എന്ന ആവശ്യത്തിലേക്ക് എഐടിയുസി കാലൂന്നുന്നതിന്റെ ഭാഗമായി ഇന്നലെ മുതല്‍ കെട്ടിടം പൊളിച്ചുമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം തന്നെ ആരംഭിക്കാനാണ് തീരുമാനം.

Eng­lish Sum­ma­ry: The AITUC office, which has been the scene of many strug­gles, goes to memory

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.