ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീല്‍ ഇന്നിറങ്ങുമ്പോള്‍ എതിരാളികളായെത്തുന്നത് അട്ടിമറി വീരന്മാരായ ദക്ഷിണകൊറിയ. സ്‌റ്റേഡിയം 974‑ല്‍ രാത്രി 12.30ന് ആണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്. അപ്രതീക്ഷിതമായി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കാമറൂണിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റാണ് ബ്രസീല്‍ എത്തുന്നത്. കഴിഞ്ഞ കളിയില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയാകും ടിറ്റെ ടീമിനെയിറക്കുക. തോറ്റെങ്കിലും മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമടക്കം ആറ് പോയിന്റ് നേടി ഒന്നാമന്മാരായാണ് ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്. എന്നാല്‍ ഗോളടിക്കുന്നതില്‍ പിശുക്കുകാണിക്കുന്നുണ്ട്. മൂന്ന് കളികളില്‍ നിന്ന് മൂന്ന് ഗോള്‍ അടിച്ച അവര്‍ ഒരു ഗോള്‍ വഴങ്ങുകയും ചെയ്തു.
അതിനിടെ പരിക്കിലായിരുന്നു സൂപ്പര്‍ താരം നെയ്മര്‍ പരിശീലനത്തിനിറങ്ങിയത് ബ്രസീല്‍ ക്യാമ്പില്‍ ഏറെ ആശ്വാസം പകര്‍ന്നു. എങ്കിലും ഇന്ന് നെയ്മര്‍ കളിക്കുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റ നെയ്മര്‍ പ്രീ ക്വാര്‍ട്ടറില്‍ കളിക്കില്ലെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. സെര്‍ബിയക്കെതിരെ നടന്ന ആദ്യ മത്സരത്തിലാണ് നെയ്മര്‍ക്ക് കണങ്കാലിന് പരിക്കേറ്റത്. പിന്നാലെ സൂപ്പര്‍താരം ഗബ്രിയേല്‍ ജെസ്യൂസും പ്രതിരോധതാരം അലക്‌സ് ടെല്ലസും പരിക്കേറ്റ് പുറത്തായിരുന്നു. ഗ്രൂപ്പ് സിയിലെ കാമറൂണിനെതിരെ നടന്ന അവസാന മത്സരത്തിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്. റിച്ചാര്‍ലിസണും വിനീഷ്യസും കാസിമെറോയും പക്വേറ്റയും റാഫീഞ്ഞോയും അടങ്ങുന്ന സൂപ്പര്‍ താരനിരയെ പിടിച്ചുകെട്ടുക എന്നതാണ് കൊറിയന്‍ നിരയുടെ ഏറ്റവും വലിയ വെല്ലുവിളി. അതിന് കഴിഞ്ഞാല്‍ അവര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.
മറുവശത്ത് ദക്ഷിണ കൊറിയ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. പോര്‍ച്ചുഗലിന് പിന്നില്‍ രണ്ടാം സ്ഥാന്ക്കാരായാണ് കൊറിയ അവസാന 16ല്‍ ഇടംപിടിച്ചത്. മൂന്ന് കളികളില്‍ ഒന്നില്‍ ജയിച്ചപ്പോള്‍ ഒന്നു വീതം സമനില, തോല്‍വിയും വഴങ്ങി. അതിവേഗ പ്രത്യാക്രമണമാണ് കൊറിയയുടെ പ്രത്യേകത. ഘാനക്കെതിരെ രണ്ട് ഗോളടിച്ച ചൊ ഗ്യ സങ്ങും പോര്‍ച്ചുഗലിനെതിരെ ഗോളടിച്ച കിം യോങ് ഗ്വോന്‍, ഹോങ്ങ് ഹി ചാന്‍ എന്നിവരും മികച്ച ഫോമിലാണ്. അതിവേഗത്തിലുള്ള കൊറിയന്‍ കൗണ്ടര്‍ അറ്റാക്കുകളെ പിടിച്ചുകെട്ടുക എന്നതാണ് ബ്രസീലിയന്‍ പ്രതിരോധത്തിന്റെ വലിയ വെല്ലുവിളി. മുന്‍പ് ഏഴ് തവണ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ ആറും ജയിച്ച് കാനറികള്‍. ഒരിക്കല്‍ കൊറിയയും വിജയിച്ചു. എന്നാല്‍ ലോകകപ്പില്‍ രണ്ട് ടീമുകളും മുഖാമുഖം വരുന്നത് ആദ്യമായാണ്.
English Summary:The brazil and Korea meet for the first time in the World Cup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.