28 April 2024, Sunday

ഇന്ന് വായനാദിനം; യാത്രയ്ക്കിടെ വായനയൊരുക്കി സക്കീറിന്റെ ഒന്നാമന്‍

Janayugom Webdesk
June 19, 2022 8:03 am

ജീവിത പ്രതിസന്ധികൾക്കിടയിലും പുസ്തകങ്ങളെയും വായനയെയും ചേർത്തുപിടിക്കുകയാണ് ഓട്ടോ ത്തൊഴിലാളിയായ കുന്ദമംഗലം സ്വദേശി താളിക്കണ്ടി ചാലിൽ സക്കീർ ഹുസൈൻ. യാത്രക്കാര്‍ക്കായി വായനയുടെ പുതുലോകമാണ് ഒന്നാമൻ എന്ന സ്വന്തം ഓട്ടോയില്‍ ഈ പുസ്തകപ്രേമി ഒരുക്കിയിരിക്കുന്നത്.

ഇദ്ദേഹം 23 വർഷക്കാലമായി കുന്ദമംഗലം കേന്ദ്രീകരിച്ച് ഓട്ടോ ഓടിക്കുകയാണ്. നോവലുകൾ, കവിതകൾ, ചെറുകഥകൾ യാത്രാവിവരണങ്ങൾ, ലേഖനങ്ങൾ, കുട്ടികൾക്കായി ബാല സാഹിത്യ കൃതികൾ എന്നിവയ്ക്ക് പുറമെ ഭഗവത്ഗീത, ബൈബിൾ, ഖുറാൻ എന്നിവയെല്ലാം ഓട്ടോയുടെ ഡ്രൈവർ സീറ്റിന് പിറകിലെ റാക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുത്ത് യാത്രക്കാർക്ക് വായിക്കാം.

സ്വന്തമായെടുത്ത സിഎൻജി ഓട്ടോയിൽ എന്തെങ്കിലും ഒരു മാറ്റം വേണമെന്ന ചിന്തയാണ് സഞ്ചരിക്കുന്ന വായനശാല എന്ന ആശയത്തിലേക്ക് എത്തിയതെന്ന് സക്കീർ പറയുന്നു. സ്വന്തം ശേഖരത്തിൽ ഉള്ളവയും യാത്രക്കാർ സമ്മാനമായി നൽകിയ പുസ്തകങ്ങളുമാണ് ഓട്ടോയുടെ ലൈബ്രറിയിലുള്ളത്.

പുതുതലമുറയെ ഉൾപ്പെടെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു കയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോയിൽ കൊച്ചു ലൈബ്രറി ഒരുക്കിയതെന്ന് സക്കീർ പറയുന്നു. പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നെങ്കിലും ജീവിത സാഹചര്യം കാരണം നാലാം ക്ലാസിൽ വച്ച് പഠനം നിർത്തേണ്ടി വന്ന സക്കീർ പിന്നീട് മുപ്പത്തിനാലാം വയസിൽ ആണ് തുല്യതാ പരീക്ഷയെഴുതി പത്താം തരവും പ്ലസ്‌ടുവും പാസായത്.

ഓട്ടത്തിനിടെ കിട്ടുന്ന ഒഴിവുനേരങ്ങളിലാണ് പഠനം നടത്തിയത്. തുടർന്ന് വിദൂര പഠനത്തിലൂടെ ബിരുദ പഠനത്തിന് ചേർന്നിരുന്നവെങ്കിലും ചില ബുദ്ധിമുട്ടുകൾ കാരണം പൂർത്തീകരിക്കാനായില്ലെന്നും സക്കീർ പറഞ്ഞു. എങ്കിലും വായനയെ നെഞ്ചിലേറ്റിയും മറ്റുള്ളവരെ വായിക്കാൻ പ്രേരിപ്പിച്ചും സക്കീറും സക്കീറിന്റെ ഓട്ടോയും യാത്ര തുടരുകയാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്ന ഭാര്യ അസ്മിജയും മക്കളായ മുഹമ്മദ് ഖലീലും മുഹമ്മദ് കൈഫും സക്കീറിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.

Eng­lish summary;Today is Read­ing Day

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.