21 June 2024, Friday

Related news

June 20, 2024
June 20, 2024
June 20, 2024
June 20, 2024
June 19, 2024
June 19, 2024
June 17, 2024
June 17, 2024
June 17, 2024
June 16, 2024

മൂന്നാമൂഴം: മോഡിയെ കാത്ത് വന്‍ വെല്ലുവിളികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 9, 2024 10:49 pm

മൂന്നാമൂഴത്തില്‍ നരേന്ദ്രമോഡിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികള്‍. പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല, സര്‍ക്കാരിനുള്ളില്‍ നിന്നും സമ്മര്‍ദമുണ്ടാകും. ക്യാബിനറ്റില്‍ ഇടം ലഭിക്കാത്ത് കൊണ്ട് എന്‍സിപി അജിത് പവാര്‍ വിഭാഗം മന്ത്രിസഭയില്‍ ചേരാതെ പിന്‍മാറിയത് ഇതിന്റെ തുടക്കം മാത്രമായി വിലയിരുത്താം. നരേന്ദ്രമോഡി ആദ്യമായാണ് സഖ്യകക്ഷികളുടെ പൂര്‍ണപിന്തുണയോടെ സര്‍ക്കാരിനെ നയിക്കുന്നത് എന്നതാണ് പ്രത്യേകത. ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെയും വിശ്വാസത്തിലെടുക്കാതെയും സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ല. തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവിയും ക്യാബിനറ്റ് മന്ത്രിസ്ഥാനങ്ങളും വേണമെന്നും ജനതാദള്‍ യുണൈറ്റഡും (ജെഡിയു) തെലുങ്ക്ദേശം പാര്‍ട്ടിയും (ടിഡിപി) ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക സംസ്ഥാന പദവി ലഭിച്ചാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് ലളിതമായ വ്യവസ്ഥകളില്‍ ലഭിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 8.2 ശതമാനമായിരുന്നു. മറ്റ് പല രാജ്യങ്ങള്‍ക്കുമൊപ്പം സമ്പദ് വ്യവസ്ഥ കുതിക്കുകയാണെന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാല്‍ ഗ്രാമീണ ഇന്ത്യയില്‍ ഇതിന്റെ പ്രതിഫലനങ്ങളൊന്നും കാണാനില്ലെന്ന് ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി രാജ്യത്തെ മാറ്റിയെന്നും മൂന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്നും മോഡി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ പ്രതിശീര്‍ഷവരുമാനം ജി20 രാജ്യങ്ങളിലുള്ളതില്‍ വെച്ച് ഏറ്റവും കുറഞ്ഞതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിലക്കയറ്റമാണ് മോഡി നേരിടുന്ന പ്രധാന വെല്ലുവിളി. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഏപ്രിലില്‍ 8.70 ശതമാനമായിരുന്നു. 2023 നവംബറിന് ശേഷം പണപ്പെരുപ്പം എട്ടില്‍ നിന്ന് താഴേക്ക് പോയിട്ടില്ല. അരിയും ഗോതമ്പും കയറ്റി അയയ്ക്കുന്നത് മോഡി സര്‍ക്കാര്‍ വിലക്കിയതോടെ ആഭ്യന്തര പണപ്പെരുപ്പം വര്‍ദ്ധിച്ചു.

ഉത്തര്‍പ്രദേശിലെ ഭൂരിപക്ഷം പേരും ബിജെപിയെ കൈവെടിയാനുള്ള പ്രധാന കാരണം തൊഴിലില്ലായ്മയാണ്. ഏപ്രിലില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.1 ശതമാനമായിരുന്നു. മാര്‍ച്ചില്‍ 7.4 ശതമാനവും. അതേസമയം സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഇക്കൊല്ലം ജനുവരി മുതല്‍ മാര്‍ച്ച് വരെ നഗരങ്ങളിലെ, 15നും 29നും ഇടയില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനമായി വര്‍ധിച്ചു. രാജ്യത്തെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് ഇക്കാലയളവില്‍ 6.7 ശതമാനമായിരുന്നു. അതിന് മുമ്പത്തെ പാദത്തില്‍ അത് 6.5 ശതമാനമായിരുന്നു എന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച കണക്ക് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചൈനയും കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം വഷളായിട്ട് ഏറെയായി. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം നാള്‍ക്കുനാള്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. വിതരണ ശൃംഖലയില്‍ ചൈനയെ മറികടക്കാനും വൈവിധ്യവല്‍ക്കരിക്കാനും വിദേശ കമ്പനികളെ ആകര്‍ഷിക്കാനും മോഡി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഖലിസ്ഥാന്‍ വിഷയം അടക്കമുള്ളവ കാനഡ ഉള്‍പ്പെടെ രാജ്യങ്ങളുമായും ബന്ധം ഉലയാന്‍ കാരണമായി. 

കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രതിഷേധം മറികടക്കാന്‍ മോഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് 2022ല്‍ മോഡി വാഗ്ദാനം നല്‍കിയെങ്കിലും ഒന്നും പാലിച്ചില്ല. അതുകൊണ്ട് ഗ്രാമീണ മേഖലയുടെ വളര്‍ച്ചയും പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്തുകയും ചെയ്തില്ലെങ്കില്‍ ഇനിയും തിരിച്ചടിയുണ്ടാകും. 2024ല്‍ അധികാരത്തിലേറിയാല്‍ തൊഴില്‍ നിയമത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ സഖ്യകക്ഷികളുടെ പിന്തുണയോടെ ഭരണം നടത്തുന്നതിനാല്‍ പെട്ടെന്ന് അത് നടപ്പാക്കുക സാധ്യമല്ല. 2020ല്‍ പുതിയ തൊഴില്‍ കോഡിന് പാര്‍ലമെന്റ് അനുമതി നല്‍കിയെങ്കിലും തൊഴിലാളി സംഘടനകളുടെയും സംസ്ഥാനങ്ങളുടെയും എതിര്‍പ്പ് കാരണം നടപ്പാക്കാനായില്ല. ഈ പ്രശ്നങ്ങളെല്ലാം മോഡിക്ക് വലിയ പ്രതിസന്ധികളായിരിക്കും സൃഷ്ടിക്കുക. അതിനെ മറികടക്കാന്‍ പഴയപോലുള്ള ഭൂരിപക്ഷവുമില്ല. 

Eng­lish Summary:Third: Big chal­lenges await Modi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.