December 11, 2023 Monday

തൂക്കണാംകുരുവിക്കൂട്

ഗീത നെന്മിനി
August 28, 2022 11:45 am

പിറന്നാൾ സമ്മാനമായി ലഭിച്ച മനോഹരമായ ആ ചിത്രത്തിലേക്കു നോക്കിയപ്പോൾ
വർഷങ്ങൾക്കു ശേഷം സത്യചേച്ചിയെക്കുറിച്ചുള്ള ഓർമ്മകൾ സ്മിതയുടെ മനസിലേക്കു ഇരച്ചുകയറി. സുന്ദരമായ ഒരു കുരുവിക്കൂടിന്റെ ചിത്രമായിരുന്നു അത്.
കൊക്കുകൾ കൊണ്ടു കുരുവി തുന്നിമെനയുന്ന കുരുവിക്കൂട് അവൾ ആദ്യമായി കാണുന്നത് സത്യചേച്ചിയുടെ വീട്ടിൽ വച്ചായിരുന്നു. മാവിൽ നിന്നും വീണുപോയ കുരുവിക്കൂട് എടുത്തു ഇറയത്തു കെട്ടിത്തൂക്കി, പൊട്ടി പോകാത്ത മുട്ടകൾ ഭദ്രമായി കൂട്ടിനകത്തേക്ക് വെച്ചു സത്യ പറഞ്ഞു.
“അമ്മക്കിളി വന്ന് അടയിരുന്നോളും. ആരും തൊട്ടു നോക്കരുത്. ”
ബാല്യ കൗമാരങ്ങളിൽ നിറങ്ങൾ തുന്നിചേർത്ത സത്യയ്ക്ക് സ്മിതയുടെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. ഓണവും തിരുവാതിരയും വിഷുവും അവർ തുന്നി കൊടുത്തിരുന്ന ഉടുപ്പുകൾ ഇട്ടാണ് ആഘോഷിച്ചിട്ടുള്ളത്. സൂര്യകാന്തി പൂവ് തുന്നിചേർത്ത ഉടുപ്പിന്റെ ചന്തം അവളുടെ ഓർമയിൽ ഇന്നുമുണ്ട്.
കുട്ടിക്കാലത്തു വന്ന പോളിയോ സത്യയുടെ ഒരു കാലിന്റെ സ്വാധീനം നഷ്ടപ്പെടുത്തിയിരുന്നു. പക്ഷെ, ഉഷാമെഷീൻ ചവിട്ടാൻ തുടങ്ങുമ്പോൾ അവർ എല്ലാം മറക്കും. വീടിന്റെ തെക്കേ വരാന്തയിൽ കടകട ശബ്ദത്തിന്റെ അകമ്പടിയോടെ പതിനൊന്നുമുതൽ രാത്രി എട്ടുമണി വരെ ഒരേ താളത്തിൽ ഉഷ പാടിക്കൊണ്ടിരിക്കും. . മെലിഞ്ഞു നീണ്ട വിരലുകളിൽ വെള്ളിമീനിനെ പോലെ സൂചി മുങ്ങിയും പൊങ്ങിയും തുണികളിൽ ചിത്രവസന്തങ്ങൾ സൃഷ്ടിക്കും.
സ്മിത ഒൻപതാം ക്ലാസ്സിൽ എത്തിയ സമയം. സീത ടീച്ചറുടെ തുന്നൽ ക്ലാസ് പേടിസ്വപ്നമായ കാലം. സത്യ ചേച്ചിക്ക് ശിഷ്യപ്പെടാൻ തന്നെ സ്മിത തീരുമാനിച്ചു. ഒഴിവുള്ളപ്പോഴൊക്കെ പോയി പഠിക്കാൻ തുടങ്ങി. “താമര കുമ്പിളല്ലോ മമ ഹൃദയം…” എന്ന പാട്ടുമൂളി അതിദ്രുതം ചലിക്കുന്ന അവരുടെ വിരലുകളിൽ കത്രികയും നൂലും സൂചിയും മാജിക് കാണിക്കുന്നത് എത്ര
കണ്ടാലും മടുപ്പു വരില്ലായിരുന്നു.
തൂക്കണാം കുരുവി അവിടെ സ്ഥിരതാമസക്കാരിയായി. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പറന്നുപോയിക്കഴിഞ്ഞാൽ പിന്നെ, കുറെ നാളത്തേക്ക് അനക്കമില്ല. മാസങ്ങൾക്കു ശേഷമായിരിക്കും അമ്മക്കിളിയുടെ അടുത്ത വരവ്. കൊക്കിലൊതുക്കിയ നാരുമായി വരുന്നത് കണ്ടാൽ സത്യ പറയും: “അവൾ പ്രസവത്തിനു വരുന്നുണ്ട്.”
നാരുകൾ പിന്നിചേർത്ത് കൂടിന്റെ മോടി കൂട്ടുന്ന കിളിയമ്മയുടെ കുഞ്ഞി വയറ് വീർത്തു നിൽക്കുന്നതു കാണാൻ സ്മിത ഇടയ്ക്കിടെ കിഴക്കേ വീട്ടിലേക്ക് ഓടും. ഒരു ദിവസം സത്യ ചോദിച്ചു. “സ്മിതു… അവളും ഞാനും ഒരു പോലെയല്ലേ? തുന്നൽക്കാരികൾ. അവൾ കൊക്ക് കൊണ്ടു തുന്നുന്നു. ഞാൻ കൈയ്യുകൊണ്ടും!
തൂക്കണാം കുരുവികൾ തെക്കേ വരാന്ത അവരുടെ സാമ്രാജ്യമായി മാറ്റിക്കഴിഞ്ഞിരുന്നു. ഇറയത്തു എപ്പോഴും രണ്ടും മൂന്നും കൂടുകൾ ഉണ്ടാവും. കുഞ്ഞിക്കിളികളും അമ്മക്കിളികളും കലപില കൂട്ടുന്ന പ്രഭാതങ്ങൾ. ഉഷാമെഷീന്റെ താളവും ഒപ്പം ചേച്ചിയുടെ മൂളിപ്പാട്ടും ഒഴുകിവരുന്ന സന്ധ്യകൾ.
കാലിന്റെ സ്വാധീനക്കുറവ് കാരണം സത്യയ്ക്ക് കല്യാണം ഒന്നും ശരിയായില്ല. നടക്കുമ്പോൾ കുറച്ചു ചെരിവുണ്ടെന്നതൊഴിച്ചാൽ ഏതു ജോലിചെയ്യാനും അവർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സുന്ദരിയായിരുന്നു. ഇടതൂർന്ന ചുരുണ്ട മുടി. ഇരു നിറമുള്ള ആ മുഖത്തു വിരിയുന്ന ചിരി അവരുടെ ആകർഷണീയതയായിരുന്നു. സിനിമാ താരം കെ ആർ വിജയയെ അനുസ്മരിപ്പിക്കുന്ന ചിരി. അതു കേൾക്കുമ്പോൾ അവർ ഒന്നു കൂടി മനോഹരമായി ചിരിക്കും.
കോളജിൽ ചേർന്ന ശേഷം സ്മിതയുടെ അങ്ങോട്ടുള്ള പോക്ക് കുറഞ്ഞു.
“കോളേജ് കുമാരി എന്നെ മറന്നു ല്ലെ ?” എന്നൊക്കെ പരിഭവം പറയുമെങ്കിലും സാരി മുറിച്ചു തുന്നിക്കൊടുത്തിരുന്ന സെറാറെ, ഗെരാറെ പാവാടകളിൽ അവരുടെ വാത്സല്യം നിറഞ്ഞു കവിഞ്ഞിരുന്നു.
സ്മിതയുടെ പിറന്നാളിന്റെ തലേ ദിവസം കയ്യിലൊരു പൊതിയുമായി അവർ സ്മിതയെ കാണാൻ വീട്ടിൽ ചെന്നു. വെള്ള ബ്ലൗസും ചുവപ്പ് പാവാടയും. ഇണക്കുരുവികൾ കൊക്കുരുമ്മിയിരിക്കുന്ന ജീവൻ തുളുമ്പുന്ന ചിത്രം അതിമനോഹരമായി ബ്ലൗസിൽ തുന്നി ചേർത്തിരിക്കുന്നു.
“കുട്ടിക്ക് ഇഷ്ട്ടായോ?”
അപ്പോൾ അവരുടെ മുഖത്തു പ്രസാദം ഒളിപ്പിച്ചുവച്ച മന്ദഹാസം. പതിവിലേറെ തിള ക്കമുള്ള മുഖവും കിലുങ്ങുന്നചിരിയും. അപരിചിതമെങ്കിലും ആകർഷണീയമായ ഏതോ വികാരത്തിന്റെ പരിമളം സ്മിതയ്ക്കനുഭവപ്പെട്ടു. എന്താണെന്നു ചോദിക്കാൻ തുടങ്ങിയതായിരുന്നു. അപ്പോഴേക്കും അമ്മ വന്നു. ദിവസങ്ങൾ കടന്നു പോയി. കോളജും കൂട്ടുകാരികളും പഠിത്തവും എല്ലാമായി സ്മിതയുടെ കിഴക്കേവീട്ടിലേക്കുള്ള പതിവ് സന്ദർശനം മുടങ്ങി.
കർക്കിടക മാസം. തോരാത്ത കണ്ണീരൊഴുക്കി പൊട്ടിക്കരയുന്ന ആകാശം. ഞായറാഴ്ച രാവിലെ ആറുമണി ആയിക്കാണും. സത്യചേച്ചി അപസ്മാരമിളകി ബോധമില്ലാതെ കിടക്കുന്നു എന്നു കേട്ട് സ്മിത ഓടിച്ചെന്നു. നുരയും പതയും ഒലിപ്പിച്ച് അനക്കമില്ലാതെ കിടക്കുന്ന സത്യ. വാല്യക്കാരി കല്യാണിയമ്മ പതുക്കെ പറയുന്നത് കേട്ടു. “കഴിഞ്ഞുന്നാ തോന്നണത്. ”
ആരും ഒന്നും മിണ്ടിയില്ല. സ്മിതയുടെ അമ്മ ഒരു കാര്യം പറഞ്ഞു.
“ഇനി ഇതിനെപറ്റി ചോദിക്കുകയും പറയുകയും ഒന്നും വേണ്ട. ആ കുട്ടിക്ക് ആയുസ്സില്ല. അത്ര തന്നെ. ”
സംശയങ്ങൾ സ്മിതയുടെ മനസ്സിൽ കിടന്നു പെരുകി. അപസ്മാരം കൊണ്ട് മരണപ്പെടുമോ. അതും ചേച്ചിയെപ്പോലെ ആരോഗ്യവതിയായൊരു സ്ത്രീ. അവസാനം മുത്തശ്ശിയാണ് ഉത്തരം കൊടുത്തത്.
“വിഷം കഴിച്ചതാണത്രേ! ശരിയല്ലാത്ത ഒരു ബന്ധത്തിൽ പെട്ടു. ആങ്ങളേടെ സ്ഥാനത്തു നിൽക്കുന്ന ആള്. വീട്ടുകാര് അറിഞ്ഞ് നിവൃത്തിയില്ലാതെ വന്നപ്പോൾ ചെയ്തതാവും.”
ആങ്ങളേടെ സ്ഥാനമുള്ള ആളിനെ സ്മിതക്ക് അറിയാം. ചേച്ചിക്ക് ആ ബന്ധം വേണ്ടെന്ന് വച്ചാൽ മതിയായിരുന്നു. മരിക്കണമെന്ന് തോന്നാൻമാത്രം എന്തുണ്ടായി?
അന്നത്തേതുപോലുള്ള കാറ്റും മഴയും ഒരിക്കലും കണ്ടിട്ടില്ല. ചീറിയടുത്ത കാറ്റിൽ വീടുകളുടെ ഓടുകൾ പറന്നു. മരങ്ങൾ ഒടിഞ്ഞുവീണു. അസുരനൃത്തം ചെയ്ത് മഴ ക്ഷീണിച്ചപ്പോഴേക്കും വൈകുന്നേരമായി. സത്യയുടെ മരണാനന്തര ചടങ്ങുകൾ നടന്നത് അതിനുശേഷമാണ്. ആരൊക്കെയോ ചേർന്ന് ആ ദേഹം ചുമന്നുകൊണ്ടു പടിയിറങ്ങി.
ശക്തിയായി വീശിയടിച്ച കാറ്റിൽ ഇറയത്തു തൂക്കിയിട്ടിരുന്ന കിളിക്കൂട് തകർന്നുപോയിരുന്നു. വീർത്തവയറോടെ താഴെ വീണു ചത്തു മലർന്നുകിടക്കുന്ന തൂക്കണാം കുരുവി. മുഴച്ചുനിൽക്കുന്ന വയറിലൂടെ നിഴലിച്ചുകാണുന്ന മുട്ടകൾ. സ്മിത മുത്തശ്ശിയെ ഉറ്റു നോക്കി. അവളുടെ സംശയത്തിനുള്ള ഉത്തരം ആ കണ്ണുകളിൽ ഉണ്ടായിരുന്നു.
ഒരു കാലഘട്ടത്തെ അതിന്റെ മുഴുവൻ തീവ്രതയോടെ ഉണർത്തിയെടുത്ത തൂക്കണാം കുരുവിചിത്രത്തിൽ സ്മിത നോക്കികൊണ്ടിരുന്നു. കീറിയപോലെകാണുന്ന ആകാശപുതപ്പുതുന്നാൻ സൂചിയും നൂലുമായി സത്യചേച്ചി ഇരിക്കുന്നുണ്ടെന്ന് അവൾക്കു തോന്നി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.