27 April 2024, Saturday

സീബ്രാവര

കണ്ടല്ലൂർ ലാഹിരി
June 25, 2023 8:00 am

ന്ത്യയെ
അടക്കി ഭരിച്ചിരുന്ന
വെള്ളക്കാരുടെ കാൽപ്പാടുകൾ
പതിഞ്ഞിടമാണ്
ഓരോ സീബ്രാവരയും.
മോട്ടോർ വാഹന വകുപ്പിന്റെ
നിയമ കപ്പലിൽ
റോഡ് തീരത്ത് വന്ന്
കാൽ കുത്തിയ വിദേശികൾ
അവർ,
നടന്നുപോയ വഴികൾക്ക്
കാക്ക കാഷ്ടത്തിന്റെ
വെള്ള നിറമെന്ന
പുച്ഛമായ പരിഗണനയേ
മിച്ചമായി
ഞങ്ങൾ നൽകിയിട്ടുള്ളൂ
കാൽവിരലുകൾ കൊണ്ട്
വരകളിൽ ഞങ്ങൾ
അമർത്തി ചവിട്ടി
അരിശം തീർക്കുന്നു
റോഡിൽ
നിരന്തരം കാർക്കിച്ചു തുപ്പി
അധിനിവേശത്തെ ചോദ്യം ചെയ്യുന്നു
“ഇവിടെ തുപ്പരുത്”
എന്ന ബോർഡ് വലിച്ചെടുത്ത്
മായിച്ച്,
അതിൽ
അധിനിവേശ പ്രതിരോധ ചിത്രം വരയ്ക്കുന്നു
പണ്ടേ മരിച്ചുപോയ
ഗാന്ധിജി
വെള്ള മുദ്രയുടെ
കൂരിരുട്ടിലും
നിലാവു പോൽ പുഞ്ചിരിക്കുന്നു
ഓരോ റോഡ് സഞ്ചാരവും
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ
മുടിനാരിഴ വരെ
കീറിമുറിച്ച് പരിശോധിച്ച്
നമ്മെ പലതും പഠിപ്പിക്കുന്നു
ഇടയ്ക്കൊക്കെ കുട്ടികളെ
റോഡ് മാർഗം
വിനോദയാത്രയ്ക്ക് കൊണ്ടുപോകണം
യാത്ര ചെയ്ത് ചെയ്ത്
അവർ
പുതിയ ചരിത്രം പഠിക്കും
അധ്യാപകരും, പരീക്ഷാ പേടിയും
ഒന്നുമില്ലാത്ത ചരിത്രം
ഒരോ വിനോദയാത്രയും
അങ്ങനെ
അറിവിന്റെ
ചരിത്ര യാത്രയാക്കണം
പുതിയ ചരിത്രം പഠിക്കുമ്പോൾ
അതൊരു വിചിത്രയാത്രയാകും 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.