പ്രകാശം പതിക്കുമ്പോൾ ഘടനാപരമായ മാറ്റത്തിന് വിധേയമാകുന്ന പ്രതലത്തിൽ ഉപകരണത്തിന്റെ സഹായത്തോടെ പ്രകാശസമന്വയത്തിൽ ഒരു വസ്തുവിന്റെയോ ഒരു വിഷയത്തിന്റെ ആവശ്യകതയെയോ ചിത്രമായി പകർത്തിയെടുക്കുന്ന പ്രവൃത്തിയാണ് നിശ്ചല ഛായാഗ്രഹണം അഥവാ ഫോട്ടോഗ്രാഫി. പ്രകാശം കൊണ്ടുള്ള വര എന്നർത്ഥം വരുന്ന ഗ്രീക്ക് പ്രയോഗമായ ഫോസ്ഗ്രാഫിസിൽ നിന്നും ജന്മമെടുത്തതാണ് ഫോട്ടോഗ്രാഫി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശാസ്ത്രലോകം കാമറകളുടെ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ കാമറ ഒബ്സ്ക്യൂറ വികസിപ്പിച്ചെടുത്തു. ഒബ്സ്ക്യൂറ എന്നാൽ ലാറ്റിൻ ഭാഷയിൽ ഇരുണ്ട മുറി എന്നാണ് അർത്ഥം. ആ ഇരുണ്ട മുറിയിൽ നിന്നുള്ള തുടക്കം ലോകമെമ്പാടും പടർന്ന് ഇന്ന് നമ്മൾ ഓരോരുത്തരുടെയും വിരൽത്തുമ്പുകളിൽ വിരിയുന്ന അമ്പരപ്പിക്കുന്ന ചിത്രങ്ങളും ചിത്രത്തിന്റെ ആഴങ്ങളിലേക്ക് നമ്മളെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമായി. നിത്യജീവിതത്തിൽ അവിസ്മരണീയ മുഹൂർത്തങ്ങൾ നെയ്തെടുക്കുന്ന ഊടും പാവുമായി ഫോട്ടോഗ്രാഫി മാറിക്കഴിഞ്ഞിരിക്കുന്നു.
മുൻകാലങ്ങളിലൊക്കെ ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോ എന്നാൽ അക്ഷരാർത്ഥത്തില്‍ തികഞ്ഞ ഒരു പരീക്ഷണശാലയായിരുന്നു. കാരണം എക്സ്പോസിങ് കഴിഞ്ഞാൽ പ്രകാശം കടക്കാത്ത ഇരുണ്ട മുറിക്കുള്ളിൽ (ഡാർക്ക് റൂം) നിശ്ചിത സമയം പ്രത്യേകം തയാറാക്കിവച്ചിരിക്കുന്ന ലായനികളിൽ സൂക്ഷ്മതയോടെ പരിപാലിച്ച് അത് നെഗറ്റീവായും പിന്നെ ഫോട്ടോഗ്രാഫി പേപ്പറിൽ നെഗറ്റീവിനെ പോസിറ്റീവാക്കിയും മാറ്റുന്ന കാലം ഡാർക്ക് റൂം പോലെതന്നെ ഇരുളിലേക്ക് മറഞ്ഞിരിക്കുന്നു. ഈ മേഖലയിലെ വിപ്ലവകരമായ മാറ്റം ഫിലിമുകളിൽ നിന്നും ഡിജിറ്റലിലേക്കുള്ള വഴിമാറ്റമായിരുന്നു. വലിയ ഫോട്ടോഗ്രാഫി സ്റ്റുഡിയോകൾ ഒരു കമ്പ്യൂട്ടറിന്റെ മുന്നിലേക്ക് ആവാഹിക്കപ്പെട്ടു. ഫിലിം കാമറയിൽ ലോഡ് ചെയ്ത ചിത്രങ്ങൾ പകർത്തി അത് വാഷിങ് കഴിഞ്ഞ് കൃത്യമായ നെഗറ്റീവ് ആകുന്നതുവരെ ഫോട്ടോഗ്രാഫർക്കും സമാധാനമുണ്ടാകാത്തതായിരുന്നു ആ കാലം. ഓരോ ചിത്രവും കണ്ട് അതിന്റെ പ്രകാശക്രമീകരണം നേരിട്ട് പരിശോധിച്ച് പിഴവുകൾ ഇല്ലാതെ പുറംലോകത്തെത്തിക്കുന്ന ഘട്ടത്തിലെത്തി ലോകം.
ശാസ്ത്രത്തിന്റെ വിജയം ഛായാഗ്രഹണത്തിൽ വരുത്തിയ മാറ്റം ഈ മേഖലയിലെ ഉണർവിന്റെ പ്രതിഫലനത്താൽ ഒഴിച്ചുകൂടാനാവാത്തവിധം സ്ഥാനം നേടിക്കഴിഞ്ഞു. ഒരു കുടുംബത്തിലെ കുഞ്ഞിന്റെ നൂലുകെട്ടുമുതൽ അമ്പിളി അമ്മാവന്റെ ഉള്ളറകളിലെ നിഗൂഢവിവരങ്ങൾ പകർത്തുന്നതിനുള്ള ശക്തിയേറിയ മാധ്യമമായി ഫോട്ടോഗ്രാഫി മാറി. വാർത്തകളെ തങ്ങൾക്കാവും വിധത്തിൽ വളച്ചൊടിക്കുകയും അതിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയാണ് ഇന്നധികവും. അങ്ങനെയുള്ള വർത്തമാനകാലത്ത് സത്യത്തിന്റെ നേർക്കാഴ്ചയാണ് കാമറകളിലൂടെ തെളിയുന്നത്. ആ ചിത്രങ്ങള്‍ തന്നെയാണ് ഫോട്ടോഗ്രാഫിയുടെ യശസ് വർധിപ്പിക്കുന്നതും. ഫോട്ടോഗ്രാഫി ദിനത്തിൽ ശാസ്ത്രത്തിന്റെ വളർച്ചയിലൂടെ ഛായാഗ്രഹണത്തിന് വന്ന മാറ്റം പ്രശംസിക്കുമ്പോഴും സാങ്കേതികവിദ്യയുടെ സഹായത്താൽ വിപണിയിൽ കിട്ടുന്ന മുന്തിയ കാമറകൾ പലപ്പോഴും ഫോട്ടോഗ്രാഫി എന്ന കലയുടെ നാശത്തിനു വഴിവയ്ക്കുന്നു എന്ന സത്യം പറയാതെ വയ്യ. ഒരു നിശ്ചലഛായാഗ്രാഹകൻ ധാരാളം കടമ്പകൾ കടന്നാണ് ആ പദവിയിൽ എത്തുന്നത്. ഡിജിറ്റലിലേക്കുള്ള മാറ്റം വാളെടുത്തവൻ വെളിച്ചപ്പാടാകുന്ന കാലത്തിലേക്ക് വഴിമാറിപ്പോകുമോ? ഇത് ഫോട്ടോഗ്രാഫി എന്ന കലയെ നാശത്തിലേക്ക് എത്തിക്കുമോ എന്നാണ് ഭയപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.