10 May 2024, Friday

Related news

March 5, 2024
January 24, 2024
January 13, 2024
November 16, 2023
November 10, 2023
November 3, 2023
November 1, 2023
October 29, 2023
October 27, 2023
October 26, 2023

ടി വി ചന്ദ്രന്‍: വ്യവസ്ഥിതികളോട് കലഹിച്ച ചലച്ചിത്രകാരന്‍

കെ കെ ജയേഷ്
August 4, 2023 6:30 pm

റന്നു തുടങ്ങുന്ന ചരിത്ര യാഥാർത്ഥ്യങ്ങളുടെ ഓർമ്മപ്പെടുത്തൽ… അഗ്നിയാളുന്ന വർത്തമാന കാഴ്ചകളുടെ സത്യസന്ധമായ അവതരണം. കാലത്തിന് നേരെ പിടിച്ച കണ്ണാടികളാണ് ടി വി ചന്ദ്രന്റെ സിനിമകൾ. ഭീതിയൊട്ടുമില്ലാതെ വർത്തമാനകാലത്തിന്റെ നെറികേടുകൾ ആ സിനിമകൾ തുറന്നുകാട്ടി. വ്യവസ്ഥിതികളോട് നിരന്തരം കലഹിച്ചു. പുരോഗമന രാഷ്ട്രീയ നിലപാടുകളും സ്ത്രീ പക്ഷ സമീപനവും ഉയർത്തിപ്പിടിച്ചു. കലാപങ്ങൾ തകർത്തെറിഞ്ഞ ജീവിതങ്ങളും മതത്തിന്റെ വേലിക്കെട്ടുകളിൽ തളച്ചിടപ്പെട്ട സ്ത്രീകളുടെ ദുരിതാവസ്ഥയുമെല്ലാം അദ്ദേഹത്തിന്റെ സിനിമകൾക്ക് വിഷയമായി. ദൃശ്യമാധ്യമത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി തന്റെ സിനിമകളിലൂടെ സമൂഹവുമായി നിരന്തരം സംവദിക്കുകയും കലഹിക്കുകയുമായിരുന്നു ടി വി ചന്ദ്രൻ ചെയ്തത്. മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ടി വി ചന്ദ്രന് ലഭിക്കുമ്പോൾ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ജീവിതത്തിലൂടെ കരുത്ത് പകർന്ന കലാകാരന് ലഭിക്കുന്ന അർഹതയ്ക്കുള്ള അംഗീകാരമായി അത് മാറുകയാണ്.
ഗുജറാത്തിലെ വംശഹത്യ ഉണ്ടാക്കിയ ഉണങ്ങാത്ത മുറിവിൽ നിന്നാണ് തന്റെ പ്രധാനപ്പെട്ട ചില സിനിമകൾ ടി വി ചന്ദ്രൻ ഒരുക്കിയത്. ചുറ്റുപാടുകളോട് പ്രതികരിക്കാത്ത ആൾ കലാകാരനല്ല എന്ന തിരിച്ചറിവിലാണ് കഥാവശേഷനും വിലാപങ്ങൾക്കപ്പുറത്തുമെല്ലാം പുറത്തിറങ്ങുന്നത്. മുസ്ലിങ്ങൾക്കിടയിൽ നിലനിന്ന ബഹുഭാര്യാത്വവും ബാല്യവിവാഹവുമെല്ലാം ചോദ്യം ചെയ്തതാണ് പാഠം ഒന്ന് ഒരു വിലാപം. എന്നാൽ ഇന്ന് ഇത്തരം സിനിമകൾ ചിത്രീകരിക്കൽ അന്നത്തേതുപോലെ എളുപ്പമാവില്ല എന്ന തരത്തിലേക്കാണ് സാമൂഹ്യ ഘടന മാറിപ്പോയിരിക്കുന്നത്. ഈ തിരിച്ചറിവിൽ തന്നെയായിരുന്നു ടി വി ചന്ദ്രന്റെ നേരത്തെയുള്ള ഒരു പ്രതികരണവും. സമൂഹം വല്ലാതെ മാറിയെന്നും സർഗാത്മക സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരെയും വിമർശിക്കാൻ സാധിക്കാത്ത കാലം, നിർമ്മാല്യവും കാഞ്ചനസീതയുമൊന്നും ഇന്ന് ആലോചിക്കാനാവില്ലെന്നും സംഘ്പരിവാർ അജണ്ടയിൽ കാര്യങ്ങളെല്ലാം മാറിമറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വർത്തമാനകാല സംഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ഈ വാക്കുകകളുടെ ആഴം വ്യക്തമാണ്. ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതുപോലെ മതനിന്ദയായി ചിത്രീകരിക്കപ്പെടുന്ന കാലത്താണ് ടി വി ചന്ദ്രന്റെ വാക്കുകളുടെ പ്രസക്തി. 

താനെടുക്കുന്നത് ഫെമിനിസ്റ്റ് സിനിമകളല്ലെന്നും സാമൂഹിക സിനിമകളാണെന്നും ടി വി ചന്ദ്രൻ പറഞ്ഞിട്ടുണ്ട്. എന്നാൽ മലയാളത്തിലെ ഏറ്റവും ശക്തമായ സ്ത്രീ പക്ഷ സിനിമകളുടെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും ടി വി ചന്ദ്രന്റേത് ആയിരിക്കുമെന്നതൊരു യാഥാർത്ഥ്യം. തമിഴ് ചിത്രമായ ഹേമാവിൻ കാതലർകൾ, ആലീസിന്റെ അന്വേഷണം, മങ്കമ്മ, സൂസന്ന, പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങൾക്കപ്പുറം, മോഹവലയം എന്നിവയെല്ലാം സ്ത്രീപക്ഷ നിലപാടുകളുടെ കരുത്തിനാൽ ശ്രദ്ധേയമായ ചിത്രങ്ങളാണ്. പ്രതിലോമകരമായ തരത്തിലേക്ക് മാറിപ്പോകുന്ന കുടുംബ വ്യവസ്ഥകളെപ്പോലും ഈ ചിത്രങ്ങളിലൂടെ ചന്ദ്രൻ ചോദ്യം ചെയ്യുന്നു. തന്റെ ശരീരവും ജീവിതവും കൊണ്ട് താൻ എന്തുചെയ്യണമെന്ന് സ്ത്രീ തീരുമാനിക്കുമെന്ന ചിന്തയാണ് ഹേമാവിൻ കാതലർകൾ പങ്കുവച്ചത്. കാണാതായ ഭർത്താവിനെ തിരഞ്ഞുപോകുന്ന സ്ത്രീ ഒടുവിൽ അയാളുടെ മുൻഗണനകളിൽ താൻ എത്രയോ താഴെയാണെന്ന് തിരിച്ചറിയുന്നതും തുടർന്ന് സ്വന്തമായി ജീവിതം കെട്ടിപ്പടുക്കുന്നതുമാണ് ആലീസിന്റെ അന്വേഷണങ്ങൾ പറഞ്ഞത്. കണ്ണകിയെപ്പോലെ സ്ത്രീശക്തിയെക്കുറിച്ചുള്ള ദ്രാവിഡ സങ്കല്പം വിളിച്ചുണർത്തുന്ന പ്രാക്തനരൂപമായിട്ടാണ് മങ്കമ്മയെ നിരൂപകർ വിശേഷിപ്പിച്ചത്. വ്യക്തിയിൽ ഊന്നി നിന്നുകൊണ്ടുള്ള ദൃശ്യപരിചരണത്തിലൂടെ ചരിത്രം തന്നെ തുറന്നു തരുന്ന ദൃശ്യപരിചരണ രീതിയായിരുന്നു മങ്കമ്മയുടെ പ്രത്യേകത.
സ്ത്രീ ‑പുരുഷ ബന്ധങ്ങളിലെ വൈചിത്രങ്ങളെയും ആഴങ്ങളെയുമാണ് സൂസന്ന തുറന്നുവച്ചത്. സമൂഹത്തിന്റെ കാപട്യങ്ങളെ സധൈര്യം ഈ സിനിമ തുറന്നുകാട്ടി. മതത്തിലെ സ്ത്രീവിരുദ്ധതയാണ് പാഠം ഒന്ന് വിലാപത്തിലെ ഷാഹിനയുടെ ജീവിതത്തിലൂടെ ടി വി ചന്ദ്രൻ തുറന്നുകാണിച്ചത്. കലാപത്തിന്റെ ഇരയായ ഒരു പെൺകുട്ടിയുടെ ജീവിതപ്പോരാട്ടങ്ങളായിരുന്നു വിലാപങ്ങൾക്കപ്പുറത്തിൽ ആവിഷ്കരിക്കപ്പെട്ടത്. കാല‑ദേശ വ്യത്യാസമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്ന സ്ത്രീകളുടെ പേടിസ്വപ്നങ്ങളും നിലവിളികളുമായിരുന്നു ഭൂമിമലയാളം എന്ന ചിത്രത്തിൽ നിറഞ്ഞു നിന്നത്.
സ്ത്രീകളുടെ പ്രശ്നങ്ങളെ കേവലം ഉപരിപ്ലവമായാണ് ഫെമിനിസ്റ്റ് ചിത്രമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ചിത്രങ്ങൾ പോലും സമീപിക്കുന്നതെന്ന് ടി വി ചന്ദ്രൻ വ്യക്തമാക്കുന്നു. പലപ്പോഴും നായക കഥാപാത്രത്തെ ചീത്തവിളിക്കാനുള്ള സ്വാതന്ത്ര്യത്തിൽ കവിഞ്ഞൊന്നും ഈ സിനിമകൾ സ്ത്രീകഥാപാത്രങ്ങൾക്ക് നൽകിയില്ല. എന്നാൽ ടി വി ചന്ദ്രന്റെ സ്ത്രീകഥാപാത്രങ്ങൾ ചങ്ങലക്കെട്ടുകൾ ഭേദിച്ച് പുറത്തു കടക്കാൻ ശ്രമിക്കുന്നവരായിരുന്നു. മതവും കുടുംബവുമെല്ലാം തീർക്കുന്ന തടവറകളെ അവർ ധീരതയോടെ മറികടന്നു.
ചരിത്രത്തിന്റെ വിവിധ അടരുകളിലൂടെ കടന്നുപോകുന്നുണ്ട് ടി വി ചന്ദ്രന്റെ പല സിനിമകളും. പൊന്തൻമാട എന്ന ചിത്രം നാൽപതുകളിൽ തുടങ്ങി എൺപതുകളിൽ എത്തി നിൽക്കുന്ന കേരളീയ സമൂഹത്തിലൂടെയുള്ള യാത്രയായിരുന്നു. സി വി ശ്രീരാമന്റെ ശീമത്തമ്പുരാൻ, പൊന്തൻമാട എന്നീ രണ്ടു ചെറുകഥകളിൽ നിന്നുമാണ് പൊന്തൻമാട രൂപപ്പെടുന്നത്. ഐറിഷ് ആർമിയുമായുള്ള ബന്ധം മൂലം ഇംഗ്ലണ്ടിൽ നിന്നും നാടുകടത്തപ്പെട്ട് കേരളത്തിൽ താമസിക്കുന്ന ശീമത്തമ്പുരാനും മറ്റൊരു ദേശത്തു നിന്നുമെത്തിയ പൊന്തൻമാടയും തമ്മിലുള്ള ബന്ധത്തിന്റെ ഭൂതകാലാഖ്യാനമാണ് സിനിമ. കീഴാളനായ മാടയും ശീമത്തമ്പുരാനും തമ്മിലുള്ളത് മേലാളന്റെയും കീഴാളന്റെയും പതിവ് ബന്ധമല്ല. വ്യത്യാസം ഇരുവർക്കുമിടയിൽ നിലനിൽക്കുമ്പോഴും പീഡിതമായ രണ്ട് മനുഷ്യരുടെ തിരിച്ചറിവിന്റെ ചങ്ങലക്കൊളുത്തുകൾ ഇരുവരെയും പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്. പന്ത്രണ്ടു വയസുകാരനായ ജയൻ എന്ന ബാലന്റെ ജീവിതത്തിലൂടെ, കേരള ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ‘ഓർമ്മകളുണ്ടായിരിക്കണം’. കമ്മ്യൂണിസ്റ്റ് നേതാവായ ഭാസിയുടെ സന്തത സഹചാരിയാണ് ജയൻ. ഭാസിയോട് അടുപ്പം കാണിക്കുന്നതിന് ജയന്റെ പിതാവും കോൺഗ്രസ് അനുഭാവിയുമായ നമ്പ്യാർ മകന് കൊടുക്കുന്നത് കഠിനമായ ശിക്ഷകളാണ്. വിമോചന സമരകാലത്തെ അടയാളപ്പെടുത്തുന്ന സിനിമ പല രീതിയിലാണ് അക്കാലത്ത് ചർച്ച ചെയ്യപ്പെട്ടത്. 

നിലവിലെ ആവിഷ്കാര സങ്കേതങ്ങൾ മാറ്റിമറിച്ച ചിത്രമായിരുന്നു ഡാനി. കഥാനായകൻ നേരിട്ട് കഥ പറയുകയായിരുന്നു ഈ ചിത്രത്തിൽ. ചരിത്ര സംഭവങ്ങൾക്കിടയിൽ ചരിത്രത്തിൽ രേഖപ്പെടുത്താതെ പോവുന്ന ഒരു മനുഷ്യന്റെ ജീവിതം പറയുകയായിരുന്നു ടി വി ചന്ദ്രൻ. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച ദിവസം ഡാനി ജനിക്കുന്നു. ഗുരുവായൂർ സത്യഗ്രഹം ആരംഭിച്ച ദിവസം ഡാനിയുടെ അമ്മ മരണപ്പെടുന്നു. നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാ വിവാഹം നടന്ന ദിവസം അപ്പൻ തലയിൽ തേങ്ങ വീണ് മരിക്കുന്നു. ഇത്തരത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ട ഒരു ജീവിതത്തെ ചരിത്രത്തോട് ചേർത്ത് വയ്ക്കുകയായിരുന്നു സംവിധായകൻ ഡാനിയിൽ.
അവതരണത്തിന്റെ പുതുമ കൊണ്ട് ശ്രദ്ധേയമായ ടി വി ചന്ദ്രന്റെ മറ്റൊരു ചിത്രമാണ് കഥാവശേഷൻ. മരണപ്പെട്ട ഒരു വ്യക്തിയുടെ ജീവിതം പലരിലൂടെ രൂപപ്പെടുത്തുകയായിരുന്നു ഈ ചിത്രത്തിൽ. തന്റെ ഭർത്താവ് ആത്മഹത്യ ചെയ്തതിന്റെ കാരണമന്വേഷിച്ചുപോകുന്ന സ്ത്രീയുടെ കഥയായിരുന്നു ആലീസിന്റെ അന്വേഷണത്തിലൂടെ പറഞ്ഞത്. കഥാവശേഷനാവട്ടെ ഗോപിനാഥമേനോൻ എന്ന യുവാവിന്റെ ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ചുള്ള രേണുകാമേനോന്റെ അന്വേഷണമാണ്. അവർ കണ്ടു മുട്ടുന്ന കഥാപാത്രങ്ങളുടെ വാക്കുകളിലൂടെയാണ് ഇവിടെ ഗോപിനാഥമേനോന്റെ ജീവിതം സംവിധായകൻ പറയുന്നത്. പല നാടുകൾ… പല ഭാഷകൾ.. വേറിട്ട സംസ്കാരങ്ങൾ.. മനുഷ്യജീവിതങ്ങൾ.. രാജ്യത്തിന്റെ വിവിധ കോണുകളിലൂടെയാണ് ഗോപിനാഥ മേനോന്റെ സഞ്ചാരം. ആ പാതയിലൂടെ യാത്ര തിരിക്കുന്ന രേണുകാമേനോന്റെ കണ്ടെത്തലുകൾ പൊള്ളുന്ന വർത്തമാനകാല ഇന്ത്യയുടെ മുഖമാണ് വെളിപ്പെടുത്തുന്നത്. ജീവിച്ചിരിക്കുന്നതിന്റെ നാണക്കേട് തീർക്കാൻ ആത്മഹത്യ ചെയ്യുന്ന ഗോപിനാഥ മേനോന്റെ ദൃശ്യം വർഗീയ കലാപങ്ങൾ അനാഥമാക്കിയ ജീവിതങ്ങളുടെ ദൈന്യതയാണ് തുറന്നുകാണിക്കുന്നത്. ഒന്നും ചെയ്യാനാവാതെ ജീവിച്ചുകൊണ്ടിരിക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ നിസ്സഹായതയാണ് ഞെട്ടിക്കുന്ന ക്ലൈമാക്സിലൂടെ ടി വി ചന്ദ്രൻ തുറന്നു കാണിക്കുന്നത്.
1975ൽ ‘കബനീനദി ചുവന്നപ്പോൾ’ എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ടി വി ചന്ദ്രൻ ചലച്ചിത്ര രംഗത്ത് എത്തുന്നത്. തുടർന്നങ്ങോട്ട് 15 മലയാള സിനിമകളും രണ്ട് തമിഴ് സിനിമകളും അദ്ദേഹമൊരുക്കി. ദേശീയ- അന്തർദേശീയ ബഹുമതികളിലൂടെ മലയാള സിനിമയുടെ യശസ്സ് ഉയർത്തി. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ ഏഴ് ദേശീയ അവാർഡുകളും പത്ത് സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1981ൽ സ്വന്തം നിർമ്മാണത്തിൽ സംവിധാനം ചെയ്ത ‘കൃഷ്ണൻകുട്ടി‘യാണ് ആദ്യ ചിത്രം. പ്രേം നസീർ തിളങ്ങി നിന്ന കാലത്ത് സിനിമയിലോ നാടകത്തിലോ പോലും അഭിനയിക്കാത്തവരെ വച്ചാണ് ആദ്യ സംവിധാന സംരംഭമായ കൃഷ്ണൻകുട്ടി എടുത്തത്. സിനിമ പക്ഷേ പുറത്തിറക്കാൻ സാധിച്ചില്ല. എന്നാൽ തുടർന്നങ്ങോട്ട് ദൃശ്യഭാഷയുടെ കരുത്തും സൗന്ദര്യവും നിറഞ്ഞ സിനിമകളിലൂടെ ടി വി ചന്ദ്രൻ മലയാളത്തിന്റെ അഭിമാനമായി.
പതിവ് സിനിമകളുടെ കാഴ്ചാ ശീലങ്ങളെ പൊളിച്ചെഴുതി ദൃശ്യപരിചരണത്തിൽ പരീക്ഷണങ്ങൾ നടത്തിയ കലാകാരനാണ് ടി വി ചന്ദ്രൻ. ഒരുപാട് അടരുകളുള്ള ആവിഷ്കാര ശൈലി സ്വീകരിച്ചും കാലം ആവശ്യപ്പെടുന്ന വിഷയങ്ങളെ പ്രമേയങ്ങളാക്കിയുമാണ് ടി വി ചന്ദ്രൻ സ്വയം നവീകരിച്ച് മുന്നോട്ട് പോയത്. നിലനിൽക്കണമെങ്കില്‍ സ്വയം നവീകരിക്കുക മാത്രമാണ് പോംവഴിയെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. എന്നാൽ വഴിയിലെവിടെയോ സംവിധായകന് പിഴച്ചു. മുൻകാല ചിത്രങ്ങളുടെ കരുത്ത് അവകാശപ്പെടാനില്ലാത്ത ദുർബല ചിത്രങ്ങളിലേക്ക് അദ്ദേഹം കൂപ്പുകുത്തി. കാലം ആവശ്യപ്പെടുന്ന പ്രമേയവുമായി ടി വി ചന്ദ്രൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം. സിനിമാ പ്രേക്ഷകർ നിലപാടുള്ള സംവിധായകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.