28 April 2024, Sunday

Related news

February 8, 2024
November 26, 2023
November 23, 2023
November 19, 2023
November 19, 2023
October 8, 2023
October 8, 2023
August 28, 2023
July 14, 2023
March 17, 2023

ട്വന്റി 20; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് രണ്ടാം ജയം

Janayugom Webdesk
തിരുവനന്തപുരം
November 26, 2023 11:04 pm

ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും യുവ ഇന്ത്യയ്ക്ക് ജയം. ഓസീസിനെ 44 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യശസ്വി ജയ്സ്വാളിന്റെയും റുതുരാജ് ഗെയ്ക്ക്വാദിന്റെയും ഇഷാന്‍ കിഷന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തു. ഓസീസിന്റെ മറുപടി ഒമ്പതുവിക്കറ്റിന് 191 റണ്‍സിലൊതുങ്ങി.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഉജ്വല തുടക്കമാണ് ജയ്സ്വാള്‍-റുതുരാജ് സഖ്യം നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 5.5 ഓവറില്‍ 77 റണ്‍സ് അടിച്ചെടുത്തു. 25 പന്തില്‍ രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 53 റണ്‍സ് നേടിയ ജയ്സ്വാളിനെ നതാൻ എല്ലിസിന്റെ പന്തില്‍ ആദം സാംബ പിടികൂടുകയായിരുന്നു. 24 പന്തിലാണ് ജയ്സ്വാള്‍ അര്‍ധ സെഞ്ച്വറി നേടിയത്. ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടി20 പവര്‍പ്ലേയിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും സ്വന്തമാക്കിയാണ് ജയ്‌സ്വാള്‍ കളംവിട്ടത്. 2020ല്‍ ന്യൂസീലന്‍ഡിനെതിരേ രോഹിത് നേടിയ 50 റണ്‍സിന്റെ റെക്കോഡ് ജയ്‌സ്വാള്‍ തകര്‍ത്തു. 2021ല്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ കെ എല്‍ രാഹുലും പവര്‍പ്ലേയ്ക്കുള്ളില്‍ 50 റണ്‍സ് നേടിയിട്ടുണ്ട്.

വണ്‍ ഡൗണ്‍ ആയി വന്ന ഇഷൻ കിഷനും ആക്രമണ ബാറ്റിങ് ആണ് പുറത്തെടുത്തത്. 32 പന്തില്‍ നിന്ന് 52 റണ്‍സ് അടിച്ചുകൂട്ടി. നാല് സിക്സും മൂന്നുഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. മറുവശത്ത് റുതുരാജ് കരുതലോടെ ബാറ്റു ചെയ്ത് അര്‍ധ സെഞ്ച്വറി നേടി. 43 പന്തില്‍ നിന്ന് 58 റണ്‍സ് നേടാൻ ഗെയ്ക്വാദിനായി. സൂര്യകുമാര്‍ യാദവ് 10 പന്തില്‍ 19 റണ്‍സും റിങ്കു സിങ് 9 പന്തില്‍ 31 റണ്‍സും നേടി. റിങ്കു അബോട്ട് എറിഞ്ഞ 19-ാം ഓവറില്‍ 25 റണ്‍സ് നേടി. തിലക് വര്‍മ്മ രണ്ട് പന്തില്‍ നിന്നും ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു. 

മറുപടി ബാറ്റിങില്‍ ഓസ്ട്രേലിയക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. 58 റണ്‍സെടുക്കുന്നതിനിടെ സ്റ്റീവന്‍ സ്മിത്ത്, മാത്യു ഷോര്‍ട്ട്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരെ നഷ്ടമായി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മാര്‍ക്കസ് സ്റ്റോയ്നിസ്-ടിം ഡേവിഡ് സഖ്യം ഓസ്ട്രേലിയക്ക് വിജയപ്രതീക്ഷ നല്‍കി. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇരുവരും ചേര്‍ന്നപ്പോള്‍ സ്കോര്‍ബോര്‍ഡിലേക്ക് റണ്‍സ് ഒഴുകി. എന്നാല്‍ ടിം ഡേവിഡ് പുറത്തായതിന് പിന്നാലെ വിക്കറ്റുകള്‍ അതിവേഗം കൊഴിഞ്ഞു. 45 റണ്‍സെടുത്ത സ്റ്റോയ്നിസാണ് ടോപ് സ്കോറര്‍. 

Eng­lish Summary:Twenty 20; Indi­a’s sec­ond win against Australia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.