Web Desk

കണ്ണൂർ

September 10, 2021, 8:51 pm

കണ്ണൂർ സർവകലാശാല വിവാദ സിലബസ് പരിശോധിക്കാൻ രണ്ടംഗ സമിതി

ആര്‍എസ്എസ് പ്രചാരകരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ വന്‍ പ്രതിഷേധം
Janayugom Online

കണ്ണൂർ സർവകലാശാലയിലെ എം എ പൊളിറ്റിക്സ് ആന്റ് ഗവേർണൻസ് സിലബസിൽ ആർ എസ് എസ് ആശയപ്രചാരകരായ എം എസ് ഗോൾവാൾക്കർ, വി ഡി സവർക്കർ, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ രചനകൾ ഉൾപ്പെടുത്തിയ തീരുമാനത്തിൽ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ രംഗത്തെത്തി. വിഷയത്തെക്കുറിച്ച്‌ പഠിക്കാൻ രണ്ടംഗ വിദഗ്‌ധ സമിതിയെ നിയോഗിക്കും. സിലബസ് പൂർണമല്ല. കണ്ണൂർ സർവകലാശാലയ്ക്ക്‌ പുറത്തുനിന്നുള്ള പ്രെഫ. ജെ പ്രഭാഷ്, ഡോ. പവിത്രന്‍ എന്നിവരാണ് സമിതി അംഗങ്ങൾ.‍ ഇവര്‍ സിലബസ്‌ പഠിച്ച്‌ അഞ്ചുദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ നൽകുമെന്നും വി സി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 


ഇതുകൂടി വായിക്കൂ: ദളിത് രചനകൾ ഒഴിവാക്കി ഡൽഹി സർവകലാശാല സിലബസ്


 

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മറ്റങ്ങൾ വരുത്തും. സിലബസിൽ ഹിന്ദു ആശയവാദികളുടെ അഞ്ച് പുസ്തകങ്ങൾ വേണ്ടിയിരുന്നില്ലെന്നും ഇടതുപക്ഷ ചിന്തകരുടെ പുസ്തകങ്ങൾ സിലബസിൽ ഇല്ലാത്തത് വീഴ്ചയാണെന്നും വി സി പറഞ്ഞു. പൊളിറ്റിക്കൽ സയൻസിൽ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്‌സ്‌ പഠിക്കുന്ന മുതിർന്ന വിദ്യാർഥികൾ ടാഗോറിനെയും ഗാന്ധിയേയും അംബേദ്‌ക്കറേയും വായിക്കും. ഒപ്പം ഹിന്ദുത്വ ആശയങ്ങളെയും കുറിച്ച്‌ പഠിക്കേണ്ടതുണ്ട്‌. അതില്ലാതെ സമകാലിക രാഷ്‌ട്രീയത്തെ മനസിലാക്കാൻ സാധിക്കില്ല. ഡൽഹി സർവകലാശാലയിലടക്കം സവർക്കരുടെയും ഗോൾവാൾക്കറുടെയും കൃതികൾ പഠിക്കാനുണ്ടെന്നും വി സി പറഞ്ഞു.

 


ഇതുകൂടി വായിക്കൂ: അടിമുടി ശാസ്ത്രവിരുദ്ധമായ പശുശാസ്ത്ര സിലബസ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍


 

കാവിവത്കരണമെന്ന വാദത്തെ അദ്ദേഹം നിഷേധിച്ചു. വിവാദമായതിന് പിന്നാലെ നടപടി താത്കാലികമായി മരവിപ്പിച്ചതായി സമരം നടത്തിയ കെ എസ് യു നേതാക്കള്‍ അവകാശപ്പെട്ടെങ്കിലും വൈസ് ചാന്‍സലര്‍ ഇത് നിഷേധിച്ചു. ഉന്നത വിദ്യാഭ്യാസ സമിതിയുടെ തീരുമാനം വരുന്നതനുസരിച്ച് തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകപ്പ് മന്ത്രി വൈസ് ചാന്‍സലറോട് വിശദീകരണം തേടിയിട്ടുണ്ട്.

സിലബസില്‍ കാവിവത്ക്കരണം സംബന്ധിച്ച വിവാദം ഉയര്‍ന്നതോടെ എഐഎസ്എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍വ്വകലാശാല ആസ്ഥാനത്തേയ്ക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തി. കെഎസ്|യു, യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ് തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

 


ഇതുകൂടി വായിക്കൂ: അടുത്ത അധ്യയനവർഷം സിലബസ് വെട്ടിക്കുറയ്ക്കില്ല: സിബിഎസ്ഇ


 

കഴിഞ്ഞവര്‍ഷമാണ് തലശേരി ബ്രണ്ണന്‍ കോളേജില്‍ എം എ പൊളിറ്റിക്സ് ആന്റ് ഗവേണന്‍സ് എന്ന പുതിയ കോഴ്‌സ് തുടങ്ങിയത്. അതില്‍ ഈ വര്‍ഷം തുടങ്ങാനിരിക്കുന്ന മൂന്നാം സെമസ്റ്ററിലെ ‘തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്’ എന്ന പേപ്പറില്‍ ചര്‍ച്ചചെയ്തു പഠിക്കാന്‍ നിര്‍ദേശിച്ചതില്‍ ഒരു ഭാഗം ഹിന്ദുത്വത്തെക്കുറിച്ചാണ്. ഇതിന് വേണ്ടിയാണ് ഗോൾവാൾക്കർ,സവർക്കർ, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ രചനകൾ ഉൾപ്പെടുത്തിയത്. സംഘപരിവാര്‍ അജണ്ടകള്‍ ഉള്‍ക്കൊള്ളുന്ന പാഠഭാഗങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയപ്പോള്‍ ഗാന്ധിയുടേയും നെഹ്രുവിന്റെയും വീക്ഷണങ്ങള്‍ പാഠഭാഗത്തില്‍ നിന്ന് ഒഴിവാക്കിയെന്നും പ്രതിഷേധ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

 

Eng­lish Sum­ma­ry: two mem­ber com­mit­tee to inspect Kan­nur Uni­ver­si­ty con­tro­ver­sial syllabus

 

You may like this video also