8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

November 5, 2022
November 3, 2022
October 31, 2022
October 30, 2022
October 26, 2022
October 25, 2022
October 22, 2022
October 22, 2022
October 20, 2022
October 19, 2022

സസ്പെന്‍ഷനിലൊതുക്കി

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
October 22, 2022 11:34 pm

ബലാത്സംഗവും വധശ്രമവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കേസിലകപ്പെട്ട എംഎല്‍എയില്‍ ഗുരുതര തെറ്റ് ‘കാണാതെ’ കോൺഗ്രസ് സംസ്ഥാന നേതൃത്വം.
കെപിസിസി അംഗമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള നടപടി, കെപിസിസിയുടെയും ഡിസിസിയുടെയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആറ് മാസക്കാലത്തേക്കുള്ള സസ്പെന്‍ഷനിലൊതുക്കി. എല്‍ദോസിന്റെ എംഎല്‍എ സ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത പാലിച്ചുകൊണ്ടുള്ള തീരുമാനമാണ് കെപിസിസി കൈക്കൊണ്ടത്. ഇന്നലെ രാത്രിയാണ് നടപടി വിശദീകരിച്ചുകൊണ്ട് കെപിസിസി അധ്യക്ഷന്റെ വാര്‍ത്താക്കുറിപ്പ് പുറത്തുവന്നത്.
ആലുവ സ്വദേശിനിയും തിരുവനന്തപുരത്തെ അധ്യാപികയുമായ യുവതി നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഒളിവില്‍പോയ എല്‍ദോസ് പൊങ്ങിയത് 12 ദിവസത്തിന് ശേഷമായിരുന്നു. വിശദീകരണം ആവശ്യപ്പെട്ടുവെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും വാതോരാതെ പറഞ്ഞുകൊണ്ടിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക്, പെരുമ്പാവൂര്‍ എംഎല്‍എയായ എല്‍ദോസിനെതിരെയുള്ള നടപടി ആലോചിക്കാന്‍ പോലും ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ഇന്നലെവരെ സാധിച്ചിരുന്നില്ല.
അച്ചടക്ക നടപടി രാഷ്ട്രീയമായി തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന തിരിച്ചറിവായിരുന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കാതിരുന്നത്. കാലതാമസം വരുത്തിക്കൊണ്ട് നടപടി ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് നേതൃത്വം എത്തിയെങ്കിലും കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ എതിര്‍പ്പ് അതിന് തടസമായി. എന്നാല്‍, പാര്‍ട്ടി അംഗത്വം റദ്ദാക്കിയാല്‍ എംഎല്‍എ സ്ഥാനം നഷ്ടപ്പെടുമെന്നും അതുവഴി കൂടുതല്‍ ദോഷമുണ്ടാകുമെന്നുമുള്ള വിലയിരുത്തല്‍ നേതാക്കളെല്ലാവരും അംഗീകരിക്കുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന് കോടതി ആധാരമാക്കിയ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഇപ്പോഴുണ്ടായ നടപടിയെന്നാണ് കെപിസിസി പറയുന്നത്. ജാമ്യം ലഭിക്കുന്നതുവരെയെങ്കിലും നടപടി നീട്ടിവയ്ക്കുക എന്ന തന്ത്രം വിജയിച്ചുവെന്ന ആശ്വാസത്തിലാണ് നേതാക്കള്‍. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന എല്‍ദോസിന്റെ വാദമുള്‍പ്പെടെ പരിഗണിച്ചുകൊണ്ടാണ് തീരുമാനം. പാര്‍ട്ടിയെ അറിയിക്കാതെ ഒളിവില്‍ പോയതും ജനപ്രതിനിധിയെന്ന നിലയില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതുമാണ് പ്രധാന വീഴ്ചയെന്നതാണ് നടപടിയെടുക്കുമ്പോഴും കെപിസിസിയുടെ നിലപാട്.
എല്‍ദോസിന്റെ വിശദീകരണം ലഭിച്ചുവെന്ന് വെളിപ്പെടുത്തിയിട്ടും, രണ്ട് ദിവസങ്ങള്‍ കഴിഞ്ഞതിനുശേഷവും വായിച്ചുനോക്കാന്‍ സമയം കിട്ടിയില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ രാവിലെ വരെ വാദിച്ചിരുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ആ കാരണം പറഞ്ഞ് നടപടി ഒഴിവാക്കാമെന്നും ആലോചനയുണ്ടായി.
അതിനിടെ, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ ചില ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് എല്‍ദോസ് കുന്നപ്പിള്ളി വിഷയത്തില്‍ പ്രതിരോധമുയര്‍ത്തി മുന്നോട്ടുപോകാനും കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനമെടുത്തു. സമാന ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ആരോപിച്ചത് ഇതിന്റെ ഭാഗമായാണ്.

അന്വേഷണത്തോട് സഹകരിക്കാതെ എല്‍ദോസ്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അന്വേഷണസംഘവുമായി സഹകരിക്കാതെ എൽദോസ്‌ കുന്നപ്പിള്ളി എംഎൽഎ. മുൻകൂർ ജാമ്യമനുവദിച്ച കോടതി നിർദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‌ മുന്നിൽ ഹാജരായ എല്‍ദോസ് പല ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നൽകിയിട്ടില്ല.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നുമാണ്‌ എല്‍ദോസിന്റെ വാദം. യുവതിയുമായി ദീർഘകാല പരിചയമില്ലെന്നും എംഎല്‍എ വാദിക്കുന്നു. ജില്ലാ ക്രൈംബ്രാഞ്ച്‌ അസിസ്റ്റന്റ് കമ്മിഷണർ ബി അനിൽകുമാറിന്റെ നേതൃത്വത്തിൽ രാവിലെ ഒമ്പതിന്‌ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട്‌ 6.15 വരെ നീണ്ടു. തിങ്കൾ രാവിലെ ഒമ്പതിന്‌ വീണ്ടും ചോദ്യം ചെയ്യലിന്‌ ഹാജരാകണം. മൊബൈൽ ഫോൺ തിങ്കളാഴ്‌ച കൈമാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്‌. 

Eng­lish Sum­ma­ry: MLA Eld­hose Kunnippilly

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.