6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

June 15, 2024
June 6, 2024
May 1, 2024
April 28, 2024
February 9, 2024
February 6, 2024
February 6, 2024
January 15, 2024
November 22, 2023
November 21, 2023

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍; കിരാത വ്യവസ്ഥകള്‍

 ജയ്ശ്രീറാം മുഴക്കി ബില്‍ അവതരണം 
 കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം
 എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ്
Janayugom Webdesk
ദെഹ്‌റാഡൂണ്‍
February 6, 2024 3:07 pm

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് കരട് ബില്‍ അവതരിപ്പിച്ചത്. എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, പിന്തുടര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ മതത്തിന്റെ വേര്‍തിരിവില്ലാതെ ഒരേ നിയമമായിരിക്കുമെന്ന് ഏകീകൃത സിവില്‍ കോഡ് നിര്‍ദേശിക്കുന്നു. പട്ടിക വര്‍ഗ വിഭാഗങ്ങളെയും ഭരണഘടനയുടെ 21-ാം പട്ടിക പ്രകാരം സംരക്ഷിച്ചിട്ടുള്ളവരെയും ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി.
ബഹുഭാര്യാത്വത്തിനും ശൈശവവിവാഹത്തിനും പൂർണമായ നിരോധം, എല്ലാ മതങ്ങളിലുമുള്ള പെൺകുട്ടികൾക്ക് വിവാഹപ്രായം, വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. വിവാഹമോചനത്തിനോ ഭർത്താവിന്റെ മരണത്തിനോ ശേഷം സ്ത്രീ കടന്നുപോകേണ്ട ഇസ്ലാമിക ആചാരങ്ങളായ ‘ഇദ്ദ’ പോലുള്ളവയും ബില്ലിൽ നിരോധിക്കുന്നു.
നിയമസഭ അംഗീകരിക്കുന്നതോടെ ഏകീകൃത സിവില്‍ കോഡ് പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. മുഖ്യമന്ത്രി കരട് ബില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം, വന്ദേമാതരം മുഴക്കി.
ബില്ലിനോട് എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ എംഎല്‍എമാരുടെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ബിജെപി പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എയും പ്രതിപക്ഷ നേതാവുമായ യശ്പാല്‍ ആര്യ പറഞ്ഞു.
ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് അതിന്റെ വ്യവസ്ഥകള്‍ പഠിക്കാന്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ബില്‍ പഠിക്കാന്‍ മതിയായ സമയം ഉറപ്പാക്കുമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി.

ലിവ് ഇന്‍ ബന്ധങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍

സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ ഒരുമിച്ച് (ലിവ് ഇന്‍ റിലേഷന്‍) ജീവിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യണമെന്ന് ബില്ലില്‍ നിര്‍ദേശം. ലിവ് ഇന്‍ ബന്ധം തുടങ്ങി ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മൂന്നു മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ലിവ് ഇന്‍ ബന്ധങ്ങളില്‍ പങ്കാളി ഉപേക്ഷിച്ചുപോയാല്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടാവും. ഇതിനായി കോടതിയെ സമീപിക്കാം. ലിവ് ഇന്‍ ബന്ധങ്ങളിലെ കുഞ്ഞുങ്ങളെ നിയമാനുസൃതമായിത്തന്നെ കണക്കാക്കും.
പങ്കാളികള്‍ക്ക് പ്രായപൂർത്തിയായിരിക്കണം, സമ്മതം നേടിയത് വ്യാജവാഗ്ദാനങ്ങള്‍ നല്‍കിയായിരിക്കരുത്, പങ്കാളികളില്‍ ഒരാള്‍ വിവാഹം കഴിച്ചതോ മറ്റ് ബന്ധങ്ങളുള്ള വ്യക്തിയോ ആയിരിക്കരുത്. 21 വയസില്‍ താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കളുടെ സമ്മതവും ആവശ്യമാണ്. രജിസ്ട്രേഷന്‍ നിരസിക്കപ്പെടുകയാണെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ ജില്ലാ രജിസ്ട്രാർ അറിയിക്കണം. ബന്ധം അവസാനിപ്പിക്കുന്നതിന് രേഖാമൂലമായ പ്രസ്താവന ആവശ്യമാണ്. വിശ്വാസയോഗ്യമല്ലെങ്കില്‍ രജിസ്ട്രാർക്ക് പൊലീസ് അന്വേഷണത്തിന് നിർദേശം നല്‍കാനാകും.
ലിവിങ് ടുഗതർ ബന്ധങ്ങള്‍ രജിസ്റ്റർ ചെയ്യുന്നതില്‍ പരാജയപ്പെടുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ആറ് മാസം വരെയാണ് തടവുശിക്ഷ. 25,000 രൂപ വരെ പിഴയും ലഭിക്കാം. രജിസ്റ്റർ ചെയ്യാന്‍ കാലതാമസമുണ്ടായാല്‍ ജയില്‍ശിക്ഷ മൂന്ന് മാസവും പിഴ 10,000 രൂപയുമായിരിക്കും. ഉത്തരാഖണ്ഡിലെ താമസക്കാർ സംസ്ഥാനത്തിന് പുറത്താണ് ബന്ധത്തിൽ ഏർപ്പെടുന്നതെങ്കിലും നിയമം ബാധകമായിരിക്കും. 

വിവാഹ മോചനത്തിന് കര്‍ശന നിബന്ധന

ഏകീകൃത സിവില്‍ കോഡ് ബില്ലില്‍ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിവാദ വ്യവസ്ഥകള്‍. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് പുരുഷനോ, സ്ത്രീക്കോ വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കാനാകില്ലെന്നതാണ് ഒരു വ്യവസ്ഥ.
ഏത് മതാചാരപരമായ വിവാഹം നടത്തിയാലും, വിവാഹമോചനം ജുഡീഷ്യല്‍ നടപടിക്രമത്തിലൂടെ മാത്രമേ സാധ്യമാകൂ. സ്ത്രീയോ പുരുഷനോ മതം മാറിയാല്‍ അത് വിവാഹമോചന ഹര്‍ജി നല്‍കുന്നതിന് കാരണമായി ഉപയോഗിക്കാം.
വിവാഹസമയത്ത് പുരുഷന്റെ പ്രായം 21 വയസും സ്ത്രീയുടെ 18 വയസും ആയിരിക്കണം. സെക്ഷന്‍ ആറ് പ്രകാരം വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. വീഴ്ച വരുത്തിയാല്‍ 20,000 രൂപ പിഴ ചുമത്തും. വിവാഹ മോചനത്തില്‍ കോടതി വിധി പ്രഖ്യാപിക്കുകയും ആ വിധിക്ക് എതിരെ അപ്പീല്‍ നല്‍കാനുള്ള അവകാശം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഏതൊരു വ്യക്തിക്കും പുനര്‍വിവാഹത്തിനുള്ള അവകാശം ലഭിക്കൂ. നിയമവിരുദ്ധമായി വിവാഹം കഴിച്ചാല്‍ ആറ് മാസം തടവും 50,000 രൂപ വരെ പിഴയും ലഭിക്കും. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വിവാഹമോചനം നേടിയാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനും വ്യവസ്ഥയുണ്ട്.

Eng­lish Sum­ma­ry: Uttarak­hand CM tables UCC Bill in Assembly
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.