20 January 2025, Monday
KSFE Galaxy Chits Banner 2

വഖഫ് ഭേദഗതി ബിൽ; ദുരുപദിഷ്ടം, അപലപനീയം

Janayugom Webdesk
August 12, 2024 5:00 am

പ്രതിപക്ഷ പാർട്ടികളുടെ ശക്തവും വ്യാപകവുമായ എതിർപ്പ് അവഗണിച്ച് അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി)ക്കു വിട്ട മോഡി സർക്കാരിന്റെ നടപടിയുടെ ഉദ്ദേശശുദ്ധിയിൽ സംശയങ്ങൾ ഉയരുന്നു. ജെപിസികളെ നിയോഗിക്കുമ്പോൾ അവയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുക എന്ന പതിവ് ഇക്കാര്യത്തിൽ ലംഘിക്കപ്പെട്ടിരിക്കുന്നു. വ്യക്തമായ അജണ്ട നിശ്ചയിക്കാതെയാണ് ബജറ്റ് സമ്മേളനത്തിന്റെ അവസാനദിവസം പാർലമെന്റിന്റെ ഇരു സഭകളിൽ നിന്നുമുള്ള 31 അംഗ (21 ലോക്‌സഭ, 10 രാജ്യസഭ) ജെപിസി പ്രഖ്യാപിക്കപ്പെട്ടത്. ബില്ലുകൾ പരിശോധിക്കുന്നതിന് ജെപിസിയെ നിയോഗിക്കുന്നതുതന്നെ അസാധാരണ നടപടിയാണ്. പാർലമെന്ററി നടപടിക്രമങ്ങളും ചട്ടങ്ങളും അനുസരിച്ച് ബില്ലുകൾ പരിശോധിക്കേണ്ടത് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട സംയുക്ത സമിതി (ജെഎസ്‌സി)യാണ്. ജെഎ‌സ്‌സികളിൽ മന്ത്രിമാരും ഉൾപ്പെടുന്നു എന്നതുകൊണ്ട് ബില്ലിൽ ഭേദഗതികൾ വരുത്താനുള്ള അധികാരം അവര്‍ക്കുണ്ടായിരിക്കും. ജെപിസിക്കാവട്ടെ നിർദേശങ്ങളും ശുപാർശകളും സമർപ്പിക്കാനുള്ള അവകാശം മാത്രമേ ഉണ്ടായിരിക്കൂ. വസ്തുത ഇതായിരിക്കെ ജെപിസിയെ നാമനിർദേശം ചെയ്ത സർക്കാരിന് ഒന്നുകിൽ അതും ജെഎസ്‌സിയും തമ്മിലുള്ള അന്തരം തിരിച്ചറിയാത്തതോ അതല്ലെങ്കിൽ പ്രതിപക്ഷത്തെയും ബിൽ ആരെയാണോ ലക്ഷ്യംവയ്ക്കുന്നത് അവരെയും കബളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായോ ഈ നീക്കത്തെ വിലയിരുത്തേണ്ടി വരും. വഖഫ് ഭേദഗതി ബിൽ വഖഫ് ബോഡുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന 1995ലെ നിയമത്തിൽ ദൂരവ്യാപക മാറ്റങ്ങൾ നിർദേശിക്കുന്ന നിയമ നിർമ്മാണമാണ്. വഖഫ് ബോർഡിൽ രണ്ട് മുസ്ലിം വനിതകളെയും രണ്ട് മുസ്ലിമേതരരെയും ഉൾപ്പെടുത്താൻ ഭേദഗതി ബിൽ നിർദേശിക്കുന്നു. ഏതെങ്കിലും സ്വത്തുക്കൾ തെറ്റായി വഖഫ് സമ്പത്തായി പ്രഖ്യാപിക്കുന്നത് തടയുന്നതിനുള്ള വ്യവസ്ഥയും മറ്റുപല ഭേദഗതികൾക്കുമൊപ്പം വിവാദ ബിൽ നിർദേശിക്കുന്നുണ്ട്.

ബംഗ്ലാദേശില്‍ അനിശ്ചിതത്വം തുടരുന്നു

പ്രാദേശിക പാർട്ടികളായ സഖ്യകക്ഷികളുടെ പിന്തുണയോടെ ആണെങ്കിലും മൂന്നാം തവണയും അധികാരത്തിലേറി ഏറെ ദിവസങ്ങൾ പിന്നിടുംമുമ്പ് വഖഫ് ഭേദഗതി ബിൽ വളരെ തിടുക്കത്തിലും പ്രാധാന്യത്തോടെയും, പാർലമെന്ററി-ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു, അവതരിപ്പിച്ചതിന്റെ പിന്നിലെ ചേതോവികാരം സ്പഷ്ടമാണ്. അത് അദ്ദേഹം വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതുപോലെ പാവപ്പെട്ട മുസ്ലിങ്ങളെയല്ല ലക്ഷ്യംവയ്ക്കുന്നത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഇക്കൊല്ലം നടക്കാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെയും രാജ്യത്തെ പ്രമുഖ ന്യൂനപക്ഷ സമുദായത്തെയുമാണ് ഉന്നംവയ്ക്കുന്നത്. മഹാരാഷ്ട്രയിലും ഹരിയാനയിലും സഖ്യകക്ഷികൾക്കൊപ്പം ഭരണം കൈയാളുന്ന ബിജെപി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. അവിടങ്ങളിൽ അധികാരക്കളി തുടരാൻ വർഗീയതയുടെ ശീട്ടല്ലാതെ മറ്റൊന്നും ബിജെപിയുടെ കൈവശമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷം മാസങ്ങൾക്കുള്ളിൽ മറ്റൊരു തെരഞ്ഞെടുപ്പുതോൽവി ഊ­ഹിക്കാൻപോലും കഴിയാവുന്ന അവസ്ഥയിലല്ല ബിജെപി. ഭാവിയെപ്പറ്റിയുള്ള ബിജെപിയുടെ ഉല്‍ക്കണ്ഠ മേല്പറഞ്ഞ രണ്ട് സംസ്ഥാനങ്ങളിലായി ഒതുങ്ങി നിൽക്കുന്നതല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് ബിജെപിക്കുള്ളിൽ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും അന്തഃഛിദ്രം തലയുയർത്തികഴിഞ്ഞിട്ടുണ്ട്. അതേറ്റവും രൂക്ഷത പ്രാപിച്ചിട്ടുള്ളത് അവർ അപ്രതിരോധ്യമെന്ന് കരുതിയിരുന്ന ഉത്തർപ്രദേശിലാണ്. മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ അവിടെ കരുത്താർജിച്ച പാളയത്തിലെപ്പട ഒതുക്കണമെങ്കിൽ ആ നിഷേധോർജം ഒരു പൊതുശത്രുവിനെതിരെ തിരിച്ചുവിടണം. അതിന് മുസ്ലിം മതന്യൂനപക്ഷത്തേക്കാൾ മികച്ച മറ്റൊരു ലക്ഷ്യമില്ലെന്ന് ബിജെപി രാഷ്ട്രീയ കുതന്ത്രജ്ഞർ കണക്കുകൂട്ടുന്നു. ഒരു പ്രബല മതന്യൂനപക്ഷ സമുദായത്തെ ഒന്നടങ്കം തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി മാത്രം ഇരകളാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മോഡി സർക്കാരിന്റെ നിർദിഷ്ട വഖഫ് ഭേദഗതി നിയമം. ന്യൂനപക്ഷ വിദ്വേഷമാണല്ലോ ബിജെപി രാഷ്ട്രീയത്തിന്റ ഊർജസ്രോതസ്.

നിസ്വപക്ഷവിചാരങ്ങൾ

വഖഫ് അടക്കം മതസ്ഥാപനങ്ങളുടെ നടത്തിപ്പിനെപ്പറ്റിയുള്ള പരാതികളും വിമർശനങ്ങളും ഒറ്റപ്പെട്ട സംഭവമല്ല. ഏത് മതമാണെങ്കിലും പൊതുസമൂഹത്തിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും നിലനിൽക്കുന്ന സ്ഥാപനങ്ങളും സംവിധാനങ്ങളും നിയമവിധേയമായും സുതാര്യമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ മതേതര രാഷ്ട്രത്തിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ, ഇവിടെ രാഷ്ട്രത്തിൽ നിലനിൽക്കുന്ന ഫെഡറൽ സംവിധാനത്തെ മറികടന്നും ദുർബലപ്പെടുത്തിയും മതസ്ഥാപനങ്ങളുടെപോലും അധികാരാവകാശങ്ങൾ കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുന്നത്. മതസ്ഥാപനങ്ങളുടെ സ്വത്തുക്കളും അവയുടെ വിനിയോഗവും ഭരണനിർവഹണവും നിയമാനുസൃതം സുതാര്യമായി നിർവഹിക്കപ്പെടണം എന്നപേരിൽ അവയുടെ നിയന്ത്രണം സ്വന്തം കൈപ്പിടിയിലൊതുക്കാനും ദുഷ്ടലാക്കോടെ അവയുടെ ഭരണനിർവഹണ സമിതികളിൽ സ്വന്തം ഏജന്റുമാരെ, ബന്ധപ്പെട്ട മതത്തിന്റെയും സ്ഥാപനത്തിന്റെയും വൈകാരികതപോലും കണക്കിലെടുക്കാതെ, കുത്തിനിറയ്ക്കാനും ശ്രമിക്കുന്നത് അന്യായവും അപലപനീയവുമാണ്. ഭൂരിപക്ഷ മതസ്ഥാപനങ്ങളുടെ സ്വത്തുക്കളും സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കാനും അവയ്ക്ക് മേൽനോട്ടം വഹിക്കാനും ന്യൂനപക്ഷ മതത്തിൽപ്പെട്ടവരെ അനുവദിക്കുമോ എന്ന് പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ച ചോദ്യം ഏറെ പ്രസക്തമാണ്. വഖഫ് നിയമങ്ങളിൽ എന്തെങ്കിലും ഭേദഗതി ആവശ്യമുണ്ടെങ്കിൽ അത് ലക്ഷ്യംവയ്ക്കുന്ന ജനവിഭാഗങ്ങളെയും പ്രതിപക്ഷമടക്കം നിയമനിർമ്മാതാക്കളെയും അതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളെയും നിയമസഭകളെയും വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കണം. അല്ലാതുള്ള ഏത് നീക്കവും രാജ്യത്തെ കൂടുതൽ ഭിന്നിപ്പിലേക്കും അനൈക്യത്തിലേക്കുമായിരിക്കും നയിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.