27 April 2024, Saturday

എന്താണ് ബൈപോളാർ ഡിസോർഡർ? എങ്ങനെ തിരിച്ചറിയാം? : ശ്രീജിത് രവി പറഞ്ഞത് സത്യമോ?

Janayugom Webdesk
July 7, 2022 4:45 pm

നടന്‍ ശ്രീജിത് രവി അറസ്റ്റിലായ കേസുമായി ബന്ധപ്പെട്ട് നാം അടുത്തിടെ കേട്ട വാക്കാണ് ബൈപോളാര്‍ ഡിഡോഡര്‍. രണ്ട് തവണ കുട്ടികള്‍ക്കുമുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതി വന്നതിനുപിന്നാലെയാണ് ഇദ്ദേഹം തനിക്ക് ബൈപോളാര്‍ ഡിസോഡര്‍ ഉള്ളതായി വെളിപ്പെടുത്തല്‍ നടത്തിയത്. പാലക്കാട് വെച്ചും ഇതിന് സമാനമായ കേസ് ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോഴും ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കുന്നതിനായി തനിക്ക് ബൈപോളാര്‍ ഡിസോഡര്‍ ഉണ്ടെന്നാണ് ശ്രീജിത് രവി വാദിച്ചിരുന്നത്. നേരത്തെ 12 മാന്‍ ഉള്‍പ്പെടെയുള്ള സിനിമകളിലും നാം ബൈപോളാര്‍ ഡിസോഡറിനെക്കുറിച്ച് കേട്ടു.

എന്താണ് ബൈപോളാര്‍ ഡിസോഡര്‍ അസുഖം?

പല തരത്തിലുള്ള മാനുഷിക വികാരങ്ങള്‍ മാറി മാറി വരുന്ന അവസ്ഥക്ക് പറയുന്നപേരാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഇത്തരത്തിലുള്ള മാനസികാവസ്ഥയിലുള്ളവര്‍ക്ക് മൂഡില്‍ പെട്ടന്ന് ഏറ്റക്കുറച്ചിലുകളുണ്ടാകും. ഇത് പെട്ടന്ന് ഒരു ദിവസം കൊണ്ട് ആരംഭിക്കുന്ന പ്രശ്നമല്ല. നേരത്തെ തന്നെ ഈ അവസ്ഥ ആരംഭിച്ചിട്ടുണ്ടാകും. നൂറില്‍ ഒരാള്‍ക്കെങ്കിലും എന്നെങ്കിലും ഒരിക്കല്‍ ഇത്തരം അവസ്ഥ വന്നിട്ടുണ്ടാകും. ഇത് മിക്കവാറും ആരംഭിക്കുന്നത് ടീനേജ് പ്രായത്തിലോ അതിന് ശേഷമോ ആണ്. നാല്പത് വയസിന് ശേഷം വരാന്‍ സാധ്യതയില്ല. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ബൈപോളാര്‍ ഡിസോര്‍ഡര്‍ വരാന്‍ ഒരേ പോലെ സാധ്യതയുണ്ട്. ഇനി ഇതെങ്ങനെ തിരിച്ചറിയുമെന്ന് നോക്കാം. ബൈപോളാര്‍ രോഗത്തിന്‍റെ ലക്ഷണമായ ഹൈപ്പോമാനിയ, അമിതോത്സാഹം കാണിക്കുന്ന ഒരവസ്ഥയാണ്. എല്ലാക്കാര്യങ്ങളിലും വളരെയധികം ഊര്‍ജ്ജസ്വലത കാണിക്കുന്ന ഈ അവസ്ഥയില്‍ പക്ഷേ യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെടില്ല.

    • ബൈപോളാര്‍ ഡിസോഡറിന്റെ ലക്ഷണങ്ങള്‍
    • അമിതമായി സംസാരിക്കുക / അമിതമായ ഊർജജം / അമിതമായ ആക്ടിവിറ്റികൾ (ഹൈപ്പോമാനിയ)
    • ഒരേ സമയം ഒരു പാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയും ഒന്നും പൂർത്തിയാകാതിരിക്കുകയും ചെയ്യുക
    • മനോനിയന്ത്രണം നഷ്ടപ്പെടുന്നതു കൊണ്ട് അമിതവേഗതയിൽ വാഹനങ്ങളോടിക്കുക
    • പതിവില്ലാത്ത വിധം വലിയ ആശയങ്ങൾ ചിന്തിക്കുകയും, അതേപ്പറ്റി മാത്രം സംസാരിക്കുകയും ചെയ്യുക
    • എതിർത്തു പറയുന്നവരോട് അമിതമായ ദേഷ്യം വരിക
    • പെട്ടെന്ന് വാഗ്വാദങ്ങളിൽ ഏർപ്പെടുക
    • ചിന്താശേഷിയില്ലാത്ത രീതിയിൽ പണം ദുർവ്യയം ചെയ്യുക
    • വലിയ കഴിവുകളുണ്ടെന്ന ധാരണയിൽ അപകടകരമായ പ്രവർത്തികളിലേർപ്പെടുക
    • ചിലപ്പോൾ കൂടുതൽ ഭക്തി
    • അതിരു കടന്ന ലൈംഗിക താൽപ്പര്യം
    • ഉറക്കത്തിലെ ഏറ്റക്കുറച്ചിൽ
    • ഉത്ക്കണ്ഠ
    • അമിതമായ ദേഷ്യം
    • യാഥാർത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുക
    • ചില സമയങ്ങളിലെ വിഷാദം

ഒരാളില്‍ ബൈപോളാർ ഡിസോർഡർ ഉണ്ടാകുന്നതിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല, എന്നാല്‍ തലച്ചോറിലെ ചില ജനിതക ഘടകങ്ങളിലെ വ്യത്യാസം മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. പാരമ്പര്യമായി ആര്‍ക്കെങ്കിലും ഈ അവസ്ഥയുണ്ടെങ്കില്‍ ഈ അവസ്ഥ ബാധിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറ്റവരുടെ മരണത്തിൽ ഉണ്ടാകുന്ന മാനസികാഘാതം, ബാല്യകാലത്തിലുണ്ടായ പീഡനങ്ങൾ, ശാരീരിക അസ്വാസ്ഥ്യങ്ങൾ, ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അല്ലെങ്കിൽ ജീവിതത്തെ അമിതമായി ബാധിയ്ക്കുന്ന മറ്റ് പ്രശ്നങ്ങൾ എന്നിവയും ബൈപോളാർ ഡിസോർഡറിന് കാരണമാകും. ആളുകള്‍ അവരുടെ അന്നന്നുള്ള സാഹചര്യം വച്ച് വ്യത്യസ്ഥമായ രീതിയില്‍ പെരുമാറിയേക്കാം. അതുകൊണ്ട് തന്നെ ബൈപോളാരിറ്റി പെട്ടന്ന് തിരിച്ചറിയാനാവില്ല. എന്നാല്‍ ബൈപോളാര്‍ അവസ്ഥ ഉള്ളവര്‍ക്ക് ബന്ധങ്ങള്‍ തന്നെ വഷളാക്കുന്ന രീതിയിലുള്ള കടുത്ത തരത്തിലുള്ള കലഹങ്ങള്‍ ഇടക്കിടെ നടത്തിയേക്കാം. മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരവസ്ഥയാണ് ഉന്മാദാവസ്ഥയില്‍ അനുഭവപ്പെടുന്ന ചിന്തകള്‍.

രോഗികള്‍‌ക്ക് തങ്ങളുടെ ചിന്തകളെ നിയന്ത്രിക്കാനാവാതെ വരികയും, മനസ് തോന്നുന്ന വഴിക്ക് പാഞ്ഞുകൊണ്ടിരിക്കുയും ചെയ്യും. ബൈപോളാർ ഡിസോർഡർ ബാധിച്ച ആളുകൾക്ക് ശരിയായ സമയത്ത് രോഗനിർണയം നടത്തുകയും ചികിത്സ ലഭിക്കുകയും ചെയ്‌താൽ പൂർണമായും മാറ്റിയെടുക്കാൻ കഴിയും. കൃത്യമായ പരിചരണം ലഭിക്കുന്നതോടെ ആരോഗ്യകരവുമായ ജീവിതം നയിക്കാനും കഴിയും. മരുന്നുകളോടൊപ്പം സൈക്കോതെറാപ്പിയും ഉൾപ്പെടുന്നതാണ് ഇതിനുള്ള ചികിത്സ. രോഗാവസ്ഥ ഏറെ കാലം നീണ്ടു നിൽക്കുന്നതിനാൽ ജീവിത ശൈലിയിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തുകയും, ഒരു ജീവിത ലക്ഷ്യം ഉണ്ടാക്കിയെടുക്കുന്നതും ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും. നിങ്ങൾക്കു രോഗമുണ്ട് എന്ന് സംശയിക്കുന്നുവെങ്കിൽ എത്രയും വേഗം ഡോക്ടറെ കണ്ട് ഉപദേശം തേടേണ്ടതുണ്ട്. ബൈപോളാർ ഡിസോർഡർ കണ്ടെത്താനായി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഒരു പരിശോധനയും നിലവിൽ ഇല്ല, എന്നാൽ ഇത് തിരിച്ചറിയാൻ ചില പ്രത്യേക ചോദ്യാവലികളാണ് ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.