തീര്‍ഥാടകർക്ക് ഭക്ഷ്യ പദാർഥങ്ങൾ ന്യായവിലയ്ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഭക്ഷ്യ വകുപ്പ് നടത്തിയ ഒരുക്കങ്ങള്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു ഭാഷകളിലായി വില വിവരപ്പട്ടിക പ്രദർശിപ്പിക്കും. മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഇടപെടലുകള്‍ ആണ് വകുപ്പ് നടത്തിയിരിക്കുന്നത്. പലതവണ ഓണ്‍ലൈന്‍ യോഗങ്ങള്‍ ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. മുന്‍ വര്‍ഷങ്ങളില്‍ വകുപ്പ് ഫലപ്രദമായ ഇടപെടലുകള്‍ ആണ് നടത്തിയത്. ഇത്തവണ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. നവംബര്‍ 16 മുതല്‍ ഹോട്ടലുകളില്‍ വില്‍ക്കുന്ന 40 ഇനങ്ങളുടെ വില നിശ്ചയിച്ചു. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ വേണ്ട നടപടികള്‍ ജില്ലാ കളക്ടരുടെ നേതൃത്വത്തില്‍ നടത്തി. ജ്യൂസ് ഉള്‍പ്പെടെ ഉള്ള 28 ബേക്കറി ഉത്പന്നങ്ങളുടെ വിലയും നിശ്ചയിച്ചിട്ടുണ്ട്.
അംഗീകരിച്ച വിലവിവര പട്ടിക എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നും അതേ വിലയ്ക്ക് തന്നെ ആണോ വില്‍പ്പന നടത്തുന്നത് എന്നും പരിശോധനകള്‍ നടത്തും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഭക്ഷണത്തിന്റെ അളവ്, ഗുണ നിലവാരം എന്നിവ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇതുവരെ 332 പരിശോധനകള്‍ നടത്തി. വില്പനയ്ക്ക് വച്ചിരിക്കുന്ന ഉത്പന്നങ്ങളുടെ എക്‌സ്പയറി ഡേറ്റ്, ഗുണനിലവാരം എന്നിവ ഉറപ്പാക്കും. തീര്‍ഥാടകര്‍ക്ക് വിശ്വസിച്ചു ഭക്ഷണം വാങ്ങി കഴിക്കാന്‍ കഴിയണം എന്നും കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി കൂടുതല്‍ സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷത വഹിച്ചു, അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ,
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ശബരിമല എഡിഎം ടി ജി ഗോപകുമാർ, പത്തനംതിട്ട ഡിഎസ്ഒ എം അനിൽ, ഇടുക്കി ഡിഎസ്ഒ അനിൽകുമാർ, കോട്ടയം ഡിഎസ്ഒ വി. ജയപ്രകാശ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
English Summary: will be ensured that food items are available at fair prices for pilgrims: Minister Adv. GR Anil
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.