28 April 2024, Sunday

Related news

March 10, 2024
November 11, 2023
September 19, 2023
July 25, 2023
June 24, 2023
June 23, 2023
February 10, 2023
December 11, 2022
December 3, 2022
November 30, 2022

ലോക തൊഴിലാളി പ്രസ്ഥാനം

കെ പി ശങ്കരദാസ്
March 10, 2024 4:30 am

ഇന്ത്യയിൽ മാത്രമല്ല സമസ്ത ഭൂഖണ്ഡങ്ങളിലെയും മർദിത ജനവിഭാഗങ്ങളിൽ അളവറ്റ ആവേശമുണർത്തിയ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ചെറുതും വലുതുമായ പോരാട്ടങ്ങളുടെയും, അവയുടെ ഫലമായി ജന്മംകൊണ്ട തൊഴിൽനിയമങ്ങളുടെയും കൗതുകകരവും വിജ്ഞാനപ്രദവുമായ ഒട്ടേറെ സംഭവങ്ങൾ പല അധ്യായങ്ങളായി നീണ്ടുനിവർന്നു കിടക്കുന്നു. ട്രേഡ് യൂണിയൻ സംവിധാനത്തെ നിർവചിക്കാൻ ശ്രമം നടത്തിയത് റിച്ചാർഡ് ലെസ്റ്റർ എന്ന തത്വചിന്തകനാണ്. എന്നാൽ ഇതിന് സുവ്യക്തമായ നിർവചനം നല്‍കിയത് കാള്‍മാർക്സും. ബിയാഡ്രിസ്ബ് ഇൻഡസ്ട്രിയൽ ഡെമോക്രസി അഥവാ വ്യാവസായിക ജനാധിപത്യം എന്ന സിദ്ധാന്തം അവതരിപ്പിച്ചു. സീഗ് പേൾമാൻ, റോബർട്ട് ഹോക്സി, ഫ്രാങ്ക് ടാനൻബോം എന്നിവരും തൊഴിലാളി സംഘടനയ്ക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകിയവരിൽപ്പെടുന്നു. ട്രേഡ് യൂണിയൻ സംവിധാനത്തിന് വിവിധ രാജ്യങ്ങളിൽ വിവിധങ്ങളായ അർത്ഥവും വ്യാഖ്യാനങ്ങളും സങ്കല്പങ്ങളുമാണുള്ളത്. കാലാകാലങ്ങളിൽ മേൽക്കൈനേടുന്ന ആശയഗതികൾക്കനുസരിച്ച് ഇവ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. തൊഴിലാളിവർഗ പ്രസ്ഥാനത്തിന് വളക്കൂറുണ്ടാകാൻ സഹായിച്ച വ്യാവസായിക വിപ്ലവം ആദ്യമായി അരങ്ങേറിയത് ഇംഗ്ലണ്ടില്‍, 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ്. എന്നാൽ കർക്കശമായ നിയമങ്ങളും അടിച്ചമർത്തലുകളും മൂലം 1871–76 കാലയളവുവരെയും തൊഴിലാളികൾ സംഘടിക്കുക എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടില്ല.

ട്രേഡ് യൂണിയനുകളുടെ ഏറ്റവും ലക്ഷണമൊത്ത സിദ്ധാന്തം കരുപ്പിടിപ്പിക്കാൻ സഹായിച്ചത് മാർക്സിയൻ സിദ്ധാന്തങ്ങളാണ്. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ഘടകം ട്രേഡ് യൂണിയനാണെന്ന് സ്ഥാപിക്കാൻ ഈ സിദ്ധാന്തങ്ങൾക്ക് കഴിഞ്ഞു. ട്രേഡ് യൂണിയനുകളില്ലാതെ തൊഴിലാളിവർഗത്തിന് നിലനില്പില്ലെന്ന് സാർവത്രികമായി അംഗീകരിക്കപ്പെടുകയും ചെയ്തു. തൊഴിലാളികൾ ഐക്യദാർഢ്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രാഥമിക അറിവ് നേടുന്ന പ്രധാന പാഠശാലയാണ് ട്രേഡ് യൂണിയൻ എന്ന തത്വവും പ്രാബല്യത്തിൽ വന്നു. ലോകത്ത് ആദ്യമായി ട്രേഡ് യൂണിയനുകളുടെ ഒരു ഫെഡറേഷന് രൂപം നൽകിയത് 1881ല്‍ അമേരിക്കയിലാണ്. അമേരിക്കൻ ഫെഡറേഷൻ ഓഫ് ലേബർ എന്ന പേരിൽ സാമുവൽ ഗോംബേഴ്സ് എന്ന തൊഴിലാളി നേതാവാണ് ഇത് സ്ഥാപിച്ചത്. 25 ട്രേഡ് യൂണിയനുകൾ ചേർന്നുണ്ടാക്കിയ ഫെഡറേഷനില്‍ കേവലം 48,000 തൊഴിലാളികൾ മാത്രമേ അന്ന് അംഗങ്ങളായി ഉണ്ടായിരുന്നുള്ളുവെങ്കിലും 1914 ഓടെ അംഗബലം 20 ലക്ഷമായി വർധിച്ചു.


ഇതുകൂടി വായിക്കൂ:നീക്കം ഏകാധിപത്യത്തിലേക്ക്


സാര്‍വദേശീയാടിസ്ഥാനത്തിൽ ട്രേഡ് യൂണിയനുകൾ ആദ്യമായി ഒരു കുടക്കീഴിൽ വന്നത് 1892ലാണ്. അമേരിക്കൻ സോഷ്യലിസ്റ്റായ യുജിൻ വി ഡെബ്സ് സ്ഥാപിച്ച ഇൻഡസ്ട്രിയൽ വർക്കേഴ്സ് ഓഫ് ദി വേൾഡില്‍ തുടക്കത്തിൽ ഏഴു ലക്ഷം അംഗങ്ങളാണുണ്ടായിരുന്നത്. സർക്കാർ ജീവനക്കാരുടെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്താൻ അമേരിക്കൻ ഭരണകൂടം തയ്യാറായത് 1914 ലാണ്. ചരിത്രപ്രധാനമായ ക്ലേറ്റൻ ആക്ടിന്റെ പിൻബലത്തിൽ, തൊഴിലാളികൾ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജോലി ബഹിഷ്കരിക്കുന്നതും പിക്കറ്റിങ് നടത്തുന്നതും നിയമവിധേയമാക്കിയത് ആ വർഷമായിരുന്നു. അതോടൊപ്പം കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നത് നിരോധിക്കുകയും ചെയ്തു. ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ് പ്രസിഡന്റായിരുന്നപ്പോഴാണ് അമേരിക്കയിലെ തൊഴിലാളി സംഘടനകൾക്ക് നിയമപരമായ അംഗീകാരം നൽകിയത്. അമേരിക്കയിൽ 186 നാഷണൽ ട്രേഡ് യൂണിയനുകളും, ഇവയിലെല്ലാം കൂടി 239 ലക്ഷം അംഗങ്ങളുമാണുണ്ടായിരുന്നത്. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായുള്ള നിയമനിർമ്മാണത്തിന് പ്രാരംഭം കുറിച്ചത് ഇംഗ്ലണ്ടിലും നെതർലൻഡ്സിലുമാണെന്ന് ചരിത്രം പറയുന്നു. സാമ്പത്തിക കാര്യങ്ങളിൽ പുതുതായി ഏത് നിയമനിർമ്മാണവും ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിച്ച ശേഷമേ നടത്താവൂ എന്ന് ഈ രാജ്യങ്ങൾ വ്യവസ്ഥ ചെയ്തിരുന്നു. ആസൂത്രണ പ്രക്രിയയിലും, ആസൂത്രണ കമ്മിഷനിലും ട്രേഡ് യൂണിയനുകൾക്ക് പങ്കാളിത്തം നൽകിക്കൊണ്ട് സ്വീഡൻ ഈ രംഗത്ത് ഒരു ചുവടു കൂടി മുന്നോട്ടുപോയി.

തൊഴിൽ സംബന്ധമായും സാമൂഹ്യ സുരക്ഷാപരമായുമുള്ള നിയമനിർമ്മാണങ്ങളിൽ ട്രേഡ് യൂണിയനുകൾക്ക് ചില ഉത്തരവാദിത്തങ്ങൾ അവിടെ നൽകുകയുണ്ടായി. ജർമ്മനിയിൽ ട്രേഡ് യൂണിയനുകൾക്ക് കുറേക്കൂടി വിപുലമായ അവകാശങ്ങളും ചുമതലകളും നൽകിയപ്പോൾ ഡെൻമാർക്കിലെ ഭരണകൂടം സുപ്രധാനമായ സാമ്പത്തികകാര്യ കൗൺസിലിൽ ട്രേഡ് യൂണിയൻ പങ്കാളിത്തം ഉറപ്പുവരുത്തി. എന്നാൽ ഇക്കാലയളവിൽ അമേരിക്കയിൽ സര്‍ക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. തൊഴിലാളി സംഘടനകളും, തൊഴിലുടമാ പ്രതിനിധികളും സർക്കാരും ഉൾപ്പെട്ട സ്ഥിരം ത്രികക്ഷി കൂടിയാലോചനാ സംവിധാനം ആദ്യമായി പ്രാബല്യത്തിൽ വന്നത് ബ്രിട്ടനിലാണ്. ഇതിന്റെ ഭാഗമായി റോയൽ കമ്മിഷൻ ഓൺ ട്രേഡ് യൂണിയൻസ് ആന്റ് എംപ്ലോയീസ് അസോസിയേഷൻ 1867ൽ നിലവിൽ വന്നു. തുടർന്ന് 1871ൽ ട്രേഡ് യൂണിയൻ ആക്ട് പ്രാബല്യത്തിൽ കൊണ്ടുവന്നു. ഈ പശ്ചാത്തലത്തിലാണ് തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് രൂപം നൽകാനും തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാനുമുള്ള ശ്രങ്ങൾ ഇന്ത്യയിലും അരങ്ങേറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.