September 30, 2022 Friday

വിഭജനത്തിന്റെ മുറിവുകള്‍

പി സുനിൽകുമാർ
June 5, 2022 7:55 am

വീന്ദ്രനാഥടാഗോർ രചിച്ച ഗീതാഞ്ജലി നോബൽ പ്രൈസിന് അർഹമായത് ആ കൃതിയിൽ പ്രയോഗിച്ചിരിക്കുന്ന സാർവ്വലൗകികമായ സ്നേഹത്തിന്റെ അംശങ്ങളും പാരമ്പര്യവും ആധുനികതയും കോർത്തിണക്കുന്ന വൈഭവവും, സംഗീതാത്മകതയും കാരണമെങ്കിൽ ടാഗോറിന് നോബൽ കിട്ടി 45 വർഷങ്ങൾക്ക് ശേഷം ജനിച്ച ഗീതാഞ്ജലി ശ്രീ എന്ന 64 വയസ്സുള്ള ഉത്തർപ്രദേശ്കാരിക്ക് പോയവാരം അന്താരാഷ്ട്ര ബുക്കർ പ്രൈസ് അവാർഡ് കിട്ടിയത് ചില കലാ സങ്കല്പങ്ങൾക്കും അപ്പുറമാണ് അവരുടെ കൃതി വരുന്നത് എന്നത് കൊണ്ടാണ്. സാംസ്കാരിക പശ്ചാത്തലത്തിനും ഉപരിയായി കാണുന്ന സാർവലൗകികമായ മനുഷ്യബന്ധങ്ങളുടെ കഥകൾ എന്ന് തന്റെ 725 പേജോളം വരുന്ന നോവലായ ‘ടോംബ് ഓഫ് സാൻഡ്’ എന്ന കൃതിയിലൂടെ വായനാലോകത്തിനോട് സർഗാത്മകമായി അവർ സംവദിച്ചതിനാണ്. ആദ്യമായാണ് ഹിന്ദിയിൽ രചിച്ച ഒരു പുസ്തകം അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്.

ഒരു കുടുംബപുരണമെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവൽ ഇൻഡ്യാ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്. ഭർത്താവിന്റെ മരണശേഷം ഒരു സ്ത്രീക്ക് നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങൾ കൊണ്ട് നോവൽ പ്രതിപാദ്യം അവസാനിക്കുന്നില്ല. ബുക്കർ പ്രൈസ് ജൂറി ചെയർമാൻ ഫ്രാങ്ക് വെയിൻ പറയും പോലെ ഇൻഡ്യയെക്കുറിച്ചും വിഭജനത്തിന്റെ പിന്നാമ്പുറത്ത് അനേക നാളുകൾക്ക് ശേഷവും ജീവിതങ്ങൾ ആടിയുലയുന്നവരുടെ തേജോമയമായ ചിത്രങ്ങൾ വരച്ചിടുകയാണ് വായനക്കാരന്റെ മനസ്സിൽ എഴുത്തുകാരി. ഫ്രാങ്ക് വെയിൻ തുടരുന്നു, “ഈ നോവൽ അതിന്റെ കാന്തിക ശക്തിയാൽ ഹൃദയങ്ങളിലേക്ക് ഒരു പ്രവാഹമായി ഒഴുകിയെത്തുന്നു; ഇത് പോലെ ഹൃദയസ്പൃക്കായ രചന ഇതിന് മുൻപ് വായിച്ചിട്ടില്ല.” ഹൃദയത്തെ കീഴടക്കുന്ന ശക്തിമത്തായ വികാരങ്ങളാൽ സമൃദ്ധമാണ് ശ്രീയുടെ നോവൽ. ഇന്റർനാഷണൽ ബുക്കർ പ്രൈസ് എല്ലാ വർഷവും ഇംഗ്ളീഷ് ഭാഷയിലേക്ക് തർജമ ചെയ്യപ്പെടുന്ന ഒരു നോവലിന് നൽകാറുണ്ട്. മാൻ ബുക്കർ പ്രൈസ് അവാർഡ് അവാർഡ് ഇംഗ്ളീഷിൽ തന്നെ എഴുതപ്പെടുന്ന പുസ്തകങ്ങൾക്കാണ് ലഭിക്കുക. ഹിന്ദിയിൽ എഴുതപ്പെട്ട ഇംഗ്ളീഷിൽ വിവർത്തനം ചെയ്ത ഒരു പുസ്തകത്തിന് ആദ്യമായാണ് ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിക്കുന്നത്. അവാർഡ് ലഭിച്ചപ്പോൾ ശ്രീ പറഞ്ഞത്, “മറ്റ് പല കഥകളും നോവലിൽ ഉണ്ടെങ്കിലും മരണക്കിടക്കയിൽ നിന്നും സ്വയം ഉയിർത്തെഴുന്നേറ്റ ഒരു സ്ത്രീയുടെ പുനർജനിയാണ് നോവലിന്റെ പ്രമേയം” എന്നാണ്. കഥയിലെ മുഖ്യകഥാപാത്രം തകർന്നുപോയ ജീവിത സാഹചര്യങ്ങളിൽ നിന്ന് അവളുടെ ശക്തികൾ സ്വയം തിരിച്ചറിയുകയും മന്ത്രശക്തി കൊണ്ടെന്ന പോലെ ജീവിതത്തിന്റെ മുഖരിതമായ പുനർയൗവനങ്ങളിലേക്ക് ആമോദത്തോടെ പ്രവേശിക്കുകയും ചെയ്യുകയാണ്. ശ്രീയുടെ കാഴ്ചകളിൽ സ്ത്രീ തന്നെ ഒരു കഥയാണ്. അവളുടെ ഉള്ളകങ്ങൾ നിറയെ കഥകളുണ്ട്, അവയിലെ ക്ഷോഭങ്ങളും കുശുകുശുക്കലുകളും കഥകളുടെ മായാസാഗരങ്ങൾ കാഴ്ചവെക്കുന്നു.

2018 ലാണ് ‘രഥ് സമാധി’ എന്ന പുസ്തകം ഹിന്ദിയിൽ ശ്രീ എഴുതിയത്. ഇതാണ് പിന്നീട് ടോംബ് ഓഫ് സാൻഡ് എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടത്. ആദ്യകഥയായ ‘ബേൽ പത്ര’ ഗീതാഞ്ജലി ശ്രീയെ ശ്രദ്ധേയയായാക്കിയിരുന്നു. പിന്നാലെ വന്ന ‘മായ്’ എന്ന നോവൽ അവർക്ക് പ്രശസ്തി നേടിക്കൊടുത്തു. നിരവധി ഭാഷകളിലേക്ക് അത് വിവർത്തനം ചെയ്യപ്പെടുകയുമുണ്ടായി.
‘മാ’ എന്ന സ്ത്രീയുടെ പരിവർത്താനാത്മകമായ യാത്രയാണ് നോവൽ അനാവരണം ചെയ്യുന്നത്. ഭർത്താവിന്റെ മരണത്തോടെ മൊത്തമായി തകർന്നു പോയ ജീവിതത്തെ വീണ്ടെടുക്കാൻ അവൾ യാത്ര തുടരുന്നു. പാകിസ്താനിലേക്കുള്ള അവളുടെ യാത്ര തന്റെ ബാല്യകാല അനുഭവങ്ങളുടെ മുറിപ്പെടുത്തുന്ന ഓർമ്മപ്പെടുത്തലുകളാകുന്നു. അവൾ വിഭജനത്തിന്റെ മുറിവുകളാൽ നിരന്തരം വേട്ടയാടപ്പെടുകയാണ്. കൗമാരത്തിൽ അവളുടെ മനസ്സിലേറ്റ മുറിവുകൾ
കാലത്തിനോ അനുഭവങ്ങൾക്കോ ഉണക്കാൻ കഴിയാതെ വന്ന് തന്റെ ജീവിതത്തെ താറുമാറാക്കുന്ന ലോകത്ത് നിന്നും പുൽക്കൊടികളുടെ ഇലകൾ ഉതിർക്കുന്ന സംഗീതം പോലെ ഉയർന്നു വരുന്ന പ്രത്യാശ, നോവൽ സൃഷ്ടിക്കുന്നു. ഭാഷയുടെ ഉപയോഗം, അടിച്ചുകയറുന്ന സങ്കൽപ്പനങ്ങൾ, കലർപ്പില്ലാത്ത ഭാഷ പകരുന്ന ശക്തമായ അടിത്തറ എല്ലാം നോവലിന്റെ സവിശേഷതകളായി വിലയിരുത്തപ്പെടുന്നു.

ഡെയ്സി റോക് വെൽ എന്ന എഴുത്തുകാരി അത് ഇംഗ്ളീഷിൽ വിവർത്തനം ചെയ്തു. പരീക്ഷണാത്മകമായ സ്വഭാവം കൊണ്ട് ഈ കഥയുടെ വിവർത്തനം വളരെ ദുഷ്കരമായിരുന്നു എന്നാണ് വിവർത്തക പറയുന്നത്. ഭാഷയുടെ സമാനതയില്ലാത്ത പ്രയോഗവും, വാക്കുകൾ കൊണ്ടുള്ള കളികളും ശ്രീയുടെ രചനാവൈഭവമാണ്. വലിയ അനുഭവം തന്നെയാണ് വിവർത്തന കാലയളവ് തനിക്ക് സമ്മാനിച്ചത് എന്നും അവർ അഭിപ്രായപ്പെടുന്നു.
50, 000 സ്റ്റെർലിങ് ആണ് സമ്മാനത്തുകയായി ലഭിക്കുന്നത്. ഇത് എഴുത്തുകാരിക്കും വിവർത്തകയ്ക്കും തുല്യമായി ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.