27 April 2024, Saturday

ഓണക്കാലം… സിനിമാക്കാലം…

രാജഗോപാൽ രാമചന്ദ്രൻ
September 4, 2022 7:55 am

കോവിഡിന്റെ അടച്ചിടലിൽ നിന്നും മുക്തമായ ശേഷം മലയാള സിനിമ കാത്തിരിക്കുന്ന ഏറ്റവും വലിയ കാശുവാരിയ സീസണാണ് ഈ ഓണക്കാലം. കഴിഞ്ഞ ഓണക്കാലവും തിയേറ്ററുകളുടെ അടച്ചിടൽകാലമായിരുന്നു. 2021 നവംബറിൽ റിലാസായ കുറുപ്പിന് ശേഷം മലയാള സിനിമ ശക്തമായ ഒരു തിരിച്ചുവരവിലാണ്. മാസങ്ങൾക്കുള്ളിൽ ഒടിടിയിലൂടെ കാണാമെന്ന ‘ഭീഷണി‘യുണ്ടായിട്ടും കുറുപ്പും പിന്നാലെ വന്ന ഭീഷ്മ, ഹൃദയം, കുഞ്ഞാലിമരയ്ക്കാർ, ജാൻ എ മാൻ, കടുവ എന്നീ ചിത്രങ്ങളുമെല്ലാം തിയേറ്ററിൽ ആളുകളെ കയറ്റിയിരുത്തി കയ്യടിപ്പിച്ചു. ഇപ്പോഴും പ്രദർശനം തുടരുന്ന പാപ്പൻ, ന്നാ താൻ കേസുകൊട്, തല്ലുമാല തുടങ്ങിയ ചിത്രങ്ങളൊക്കെയും ഓണച്ചിത്രങ്ങൾക്ക് തിയേറ്ററിൽ ആളെക്കൂട്ടാനാകുമെന്ന പ്രതീക്ഷയ്ക്ക് പിന്തുണ നൽകുന്നുണ്ട്. 

മെഗാസ്റ്റാറുകളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെയൊന്നും സാന്നിധ്യം ഇത്തവണ ഓണത്തിനില്ല. പ്രേക്ഷകരിൽ ആവേശമുണർത്തുന്ന ചില ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നുണ്ട്. ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് ബേസിൽ ജോസഫ് നായകനാവുന്ന പാൽതു ജാൻവർ രണ്ടാം തീയതി പ്രദർശനത്തിനെത്തിക്കഴിഞ്ഞു. വിനയന്റെ ബിഗ് ബജറ്റ് പിരീഡ് ഡ്രാമ പത്തൊമ്പതാം നൂറ്റാണ്ട്, അൽഫോൻസ് പുത്രന്റെ പൃഥ്വിരാജ്- നയൻതാര ചിത്രം ഗോൾഡ്, ബിജു മേനോനെ നായകനാക്കി ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ല് കേസ് എന്നിവയാണ് അവ.
പത്തൊമ്പതാം നൂറ്റാണ്ടും തെക്കൻ തല്ല് കേസും സെപ്റ്റംബർ എട്ടിന് എത്തും. ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 

നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത പാൽതു ജാൻവർ തിയേറ്റിൽ ചിരിയുണർത്തുന്നുണ്ട്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവർ ചേർന്ന് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‍കരൻ, ഫഹദ് ഫാസിൽ എന്നിവരാണ്. ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി വരുന്നു. രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് കിരൺ ദാസ്.
വിനയൻ ഇതുവരെ സംവിധാനം ചെയ്‍തവയിൽ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണവുമായെത്തുന്ന പത്തൊമ്പതാം നൂറ്റാണ്ട് പിരീഡ് ആക്ഷൻ ഡ്രാമയാണ്. സിജു വിൽസണാണ് നായകൻ. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ചിത്രത്തിൽ,സിജു അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

ജി ആർ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കി ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു തെക്കൻ തല്ല് കേസ്. ഇ ഫോർ എന്റർടെയ്‍ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ്. പത്മപ്രിയ നായികയാവുന്ന ചിത്രത്തിൽ യുവതാരങ്ങളായ റോഷൻ മാത്യുവും നിമിഷ സജയനും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഖിൽ കവലയൂർ, അശ്വത് ലാൽ, റെജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. 

പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിക്കുന്ന ഗോൾഡ്, പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. നയൻതാരയാണ് നായിക. അൽഫോൻസ് പുത്രൻ ചിത്രത്തിൽ പൃഥ്വിരാജ് ആദ്യമായാണ് അഭിനയിക്കുന്നത്. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരനാണ്. ഷമ്മി തിലകൻ, ലാലു അലക്സ്, ശാന്തി കൃഷ്ണ, വിനയ് ഫോർട്ട്, ബാബുരാജ്, അജ്മൽ അമീർ തുടങ്ങി വലിയൊരു നിരതന്നെയുണ്ട് ഗോൾഡിൽ.
ഓഗസ്റ്റ് മൂന്നാം വാരം എത്തിയ ധനുഷ് ചിത്രം തിരുച്ചിദ്രമ്പലം, ഈ വാരം എത്തിയ വിക്രം ചിത്രം കോബ്ര, പാ രഞ്ജിത്ത് ചിത്രം നക്ഷത്തിരം നകർകിരത് എന്നീ തമിഴ് ചിത്രങ്ങളും മലയാളിയുടെ തിയേറ്റർ സദ്യയ്ക്ക് ഒഴിവാക്കാനാവാത്ത വിഭവങ്ങളായി വെള്ളിത്തിരയിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.