30 December 2024, Monday
KSFE Galaxy Chits Banner 2

നായാടികളുടെ വിമോചന നായകൻ

ഇ എം സതീശന്‍ 
November 5, 2024 4:45 am

കേരളത്തിൽ അധഃസ്ഥിത ജനതയുടെ വിമോചന മുന്നേറ്റങ്ങളിൽ രേഖപ്പെടുത്തപ്പെടാതെ പോയ ഒരു ചരിത്രാധ്യായമാണ് വെളിയങ്കോട് നടന്ന നായാടികളുടെ അയിത്തവിരുദ്ധ ജാഥ. ജാതിശ്രേണിയിൽ ഏറ്റവും പിന്നണിയിൽ നില്‍ക്കുന്ന നായാടികൾക്ക് ഒരു കാലത്ത് കേരളത്തിൽ പകൽ സമയങ്ങളിൽ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടാൻ പോലും അവകാശമുണ്ടായിരുന്നില്ല. ഇന്നും മുഖ്യധാരയിലേക്ക് അവരെ ഉയർത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ആ അവസ്ഥയിൽ വെളിയങ്കോട് നടന്ന നായാടികളുടെ അയിത്തവിരുദ്ധ ജാഥയ്ക്ക് വളരെയേറെ ചരിത്ര പ്രസക്തിയുണ്ട്. ആ സമരത്തിന്റെ നായകൻ കൊളാടി ബാലകൃഷ്ണൻ എന്ന കൊളാടി ഉണ്ണിയാണ്.

ബാലകൃഷ്ണന് പതിനൊന്ന് വയസുള്ളപ്പോഴാണ് ഗുരുവായൂർ ക്ഷേത്രപ്രവേശന സമരം നടക്കുന്നത്. അമ്മയോടൊപ്പം ക്ഷേത്രദർശനത്തിന് പോയിരുന്നപ്പോഴൊക്കെ ക്ഷേത്രപ്രവേശന സമര പ്രചരണവും സത്യഗ്രഹ പരിപാടികളും കണ്ടിട്ടുണ്ട്. അതിന്റെ സ്വാധീനം ചെറുപ്പത്തിൽ തന്നെ മനസിലുണ്ടായിരുന്നു. അതുകൊണ്ടാണ് നൂറ്റാണ്ടുകളായി നായാടികൾ നേരിട്ടു കൊണ്ടിരുന്ന മനുഷ്യത്വരഹിതമായ അവജ്ഞയും അവഹേളനവും കൊളാടി ഉണ്ണിയുടെ മനസലിയിച്ചത്. വെളിയങ്കോട് വഴി കടന്നുപോകുന്ന കനോലി കനാലിന്റെ പടിഞ്ഞാറു ഭാഗത്ത് ഒരു കടവുണ്ട്. അതിനിപ്പുറം കിഴക്കുഭാഗത്തേക്ക് നായാടികൾക്ക് പ്രവേശനമില്ല. ബ്രാഹ്മണ — സവർണ ജന്മി കുടുംബങ്ങളാണ് കിഴക്കുഭാഗത്തധികമുള്ളത്.

ചില വിശേഷദിവസങ്ങളിലെ പ്രഭാതത്തിൽ കൂട്ടമായിവന്ന് ജന്മിഗൃഹങ്ങളിൽ നിന്ന് ഭിക്ഷയായി എറിഞ്ഞുകൊടുക്കുന്ന ഭക്ഷണത്തിന് യാചിച്ചുകേഴുന്ന നായാടി കുടുംബങ്ങളെ കാണാറുണ്ട്. ഉണ്ണിക്ക് അവരോട് വല്ലാത്ത സഹാനുഭൂതിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി നായാടികളായ ആ പാവം മനുഷ്യരെയും സംഘടിപ്പിച്ചു. ഒരു ഓണക്കാലത്ത് കനാലിന്റെ പടിഞ്ഞാറുഭാഗത്ത് ഭക്ഷണത്തിനായി തമ്പടിച്ച നായാടി കുടുംബങ്ങളെ കടത്തുകടത്തി. അന്നേവരെ വിലക്കപ്പെട്ട വഴിയിടങ്ങളിലൂടെ അവരെ ജാഥയായി നടത്തിക്കൊണ്ടുവന്ന് നായാടി ചരിത്രത്തിലാദ്യമായി അയിത്ത നിയമം ലംഘിച്ചു. നായാടി ജാഥ വരുന്നതുകണ്ട് ബ്രാഹ്മണ — സവർണ ജന്മി തമ്പുരാക്കന്മാർ കലിതുള്ളി. യജമാനന്മാരുടെ കല്പനകേട്ട് കാര്യസ്ഥന്മാരും ഗുണ്ടകളും ജാഥാംഗങ്ങളെ അടിച്ചോടിക്കാൻ പാഞ്ഞടുത്തു. ജാഥയ്ക്കുമുന്നിൽ നെഞ്ചുവിരിച്ചു നടക്കുന്ന കൊളാടി ഉണ്ണിയും പിന്നാലെ കലപില ശബ്ദമുണ്ടാക്കി ഭയചകിതരായി നടക്കുന്ന നായാടികളും. ആക്രമിക്കാൻ ചെന്ന ഗുണ്ടകൾ വന്ന വേഗത്തിൽ തന്നെ പിൻതിരിഞ്ഞു.

ഇളിഭ്യരായി തിരിച്ചുവരുന്ന കാര്യസ്ഥന്മാരെ കണ്ട് തമ്പുരാക്കന്മാർ ഉത്കണ്ഠാകുലരായി. കൊളാടി ഉണ്ണിയാണ് ജാഥ നയിക്കുന്നതെന്നറിഞ്ഞപ്പോൾ അവർ ഇതികർത്തവ്യതാമൂഢരായി നിന്നു. എല്ലാ പ്രകോപനങ്ങളും അതിജീവിച്ച് നായാടി ജാഥ കൊളാടി തറവാട്ടിലെത്തി (വാലാടത്തേൽ) ഭക്ഷണം കഴിച്ച് സമാധാനമായി പിരഞ്ഞുപോയി. വിവരമറിഞ്ഞ് നാടാകെ സവർണര്‍ കലിതുള്ളിയെങ്കിലും ജനങ്ങൾ കൊളാടി ഉണ്ണിയെ വാഴ്ത്തുന്നതറിഞ്ഞ് എല്ലാവരും അടങ്ങി. നൂറ്റാണ്ടുകളായി നിലനിന്ന അയിത്ത നിയമം ലംഘിച്ച്, നായാടികൾ അവർക്കുകൂടി അർഹതപ്പെട്ട ഭൂമിയിൽ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ അങ്ങനെ അർഹത നേടി.

1918ൽ പഴയ മലബാറിന്റെ ഭാഗമായ വന്നേരി നാട്ടിലെ ഏറ്റവും വലിയ ജന്മി കുടുംബമായ കൊളാടി തറവാട്ടിലെ മൂത്ത ആൺതരിയായി ജനിച്ചയാളാണ് കൊളാടി ബാലകൃഷ്ണൻ. ബോംബെയിൽ നിയമം പഠിക്കാൻ ചേർന്ന ബാലകൃഷ്ണൻ, ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും കമ്മ്യൂണിസത്തിലും ആകൃഷ്ടനായി നിയമപഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിൽ മടങ്ങിയെത്തി. അദ്ദേഹത്തിന്റെ ലക്ഷ്യം ജന്മനാടിന്റെ സ്വാതന്ത്ര്യവും ദുരിതമനുഭവിക്കുന്ന മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ വിമോചനവുമായിരുന്നു. പഠനമുപേക്ഷിച്ച് തിരിച്ചെത്തിയ ബാലകൃഷ്ണൻ വെളിയങ്കോട് ഗ്രാമത്തിൽ വന്നേരി നാട്ടിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകം രൂപീകരിച്ചു. വീടുവിട്ടിറങ്ങിയ സിദ്ധാർത്ഥ രാജകുമാരനെപ്പോലെ ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്ക് ഇറങ്ങിയ അദ്ദേഹത്തില്‍ സാധാരണക്കാർ സ്വന്തം വിമോചകനെ കണ്ടെത്തി.

തികഞ്ഞ യാഥാസ്ഥിതികരായ വീട്ടുകാരിൽ നിന്ന് വലിയ എതിർപ്പുകളുണ്ടായെങ്കിലും അതൊന്നും വകവയ്ക്കാതെ രാപ്പകലെന്നില്ലാതെ നാടുമുഴുവൻ നടന്ന് സ്വാതന്ത്ര്യ സമരപരിപാടികളും കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകങ്ങളും സംഘടിപ്പിച്ചു. പാവപ്പെട്ടവരെ വഴിയാധാരമാക്കുന്ന കുടിയൊഴിപ്പിക്കലിനെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിതരായി. അനധികൃത പാട്ടത്തിനെതിരെ കൃഷിക്കാരെയും പാട്ടക്കുടിയാന്മാരെയും സംഘടിപ്പിച്ചു. ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും കൊടികുത്തിവാണ നാട്ടിൽ, കൊളാടി തറവാട്ടിലെ ഇളമുറ തമ്പുരാനായ ബാലകൃഷ്ണൻ താഴ്ന്ന ജാതിക്കാരുടെ കുടിലുകളിൽ അന്തിയുറങ്ങിയും അവരുണ്ടാക്കിയ ഭക്ഷണം കഴിച്ചും ജാതിനിയമങ്ങൾ ലംഘിച്ചു. ജനങ്ങളെ ചൂഷണം ചെയ്തുണ്ടാക്കിയ സമ്പന്നതയുടെ നടുവിൽ സുഖലോലുപരായി കഴിഞ്ഞുകൂടിയിരുന്ന ജന്മിമാരുടെയും കിങ്കരന്മാരുടെയും പേടിസ്വപ്നമായി. ആജാനുബാഹുവും സുമുഖനുമായ കൊളാടി ബാലകൃഷ്ണൻ നാട്ടിലെ ചെറുപ്പക്കാരുടെ മുഴുവൻ ആവേശമായി, ക്രമേണ നാട്ടുകാരുടെ ഉണ്ണ്യേട്ടനായി മാറി.

നാട്ടിലെ ബഹുമുഖ പ്രശ്നങ്ങളിൽ ഇടപെടാൻ കാൽനടയായി കഴിയാതായപ്പോൾ മനസിൽ ഒരു സൈക്കിൾ കിട്ടിയാൽ കാര്യങ്ങൾ എളുപ്പമാക്കാമെന്ന ആശയമുദിച്ചു. കുടുംബത്തിൽ ധാരാളം സമ്പത്തുണ്ടെങ്കിലും തീണ്ടലും തൊടീലും നോക്കാതെ കമ്മ്യൂണിസ്റ്റായി തെണ്ടിത്തിരിഞ്ഞു നടക്കുന്ന മരുമകന് ഉഗ്രപ്രതാപിയായ അമ്മാവൻ സൈക്കിൾ വാങ്ങിക്കൊടുക്കാൻ തയ്യാറായില്ല. കാരണവരായ അപ്പുമേനോൻ ഗുരുവായൂരപ്പന്റെ പരമഭക്തനാണ്. ഏകാദശി ഉത്സവത്തിന്റെ ഭാഗമായ നവമി വിളക്ക് നടത്തുവാൻ ജന്മിയായ കൊളാടി അപ്പുമേനോനെയാണ് സാമൂതിരി ചുമതലപ്പെടുത്തിയിരുന്നത്.

ഒരുദിവസം അപ്പുമേനോന് തപാലിൽ ഒരു കത്തു കിട്ടി. മരുമകൻ കൊളാടി ഉണ്ണിക്ക് ഒരു സൈക്കിൾ വേണമെന്ന ആഗ്രഹമുണ്ടെന്നും ഉണ്ണി അക്കാര്യം മുട്ടിപ്പായി തന്റെ മുന്നിൽവന്ന് പ്രാർത്ഥിക്കാറുണ്ടെന്നും ഈ കത്തു കിട്ടിയാലുടൻ ഉണ്ണിയുടെ ആഗ്രഹം സാധിച്ചു കൊടുക്കണമെന്നും കത്തിലെഴുതിയിരിക്കുന്നു. “എന്ന് സ്വന്തം ഗുരുവായൂരപ്പൻ” എന്നാണ് കത്തിന്റെ താഴെ പേരെഴുതി ഒപ്പിട്ടിരുന്നത്. ഗുരുവായൂരപ്പന്റെ കത്ത് കിട്ടിയപാടെ ഭക്തശിരോമണിയായ കൊളാടി അപ്പുമേനോൻ പരിചാരകരെ ശട്ടം കെട്ടി ഒരാഴ്ചയ്ക്കകം ഉണ്ണിക്ക് സ്വന്തമായ ഒരു സൈക്കിൾ എന്ന ആഗ്രഹം സാധിപ്പിച്ചു കൊടുത്തു. നേരാംവഴിക്ക് പലവട്ടം ആവശ്യപ്പെട്ടിട്ടും കിട്ടാത്ത സെെക്കിള്‍ അങ്ങനെ ഉണ്ണി നേടിയെടുത്തു.

പിന്നീട് ഉണ്ണിയുടെ യാത്ര സൈക്കിളിലായി. വീട്ടിൽ നിന്ന് സൈക്കിളെടുത്തിറങ്ങിയാൽ ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞാണ് പലപ്പോഴും തിരിച്ചെത്തുക. യാത്രയ്ക്കിടയിൽ കിട്ടിയവരെയൊക്കെ സൈക്കിളിന്റെ മുന്നിലും പിന്നിലും കയറ്റിയിരുത്തിയാണ് നാടുചുറ്റൽ. നാട്ടിൽ എവിടെ, എന്ത് പ്രശ്നങ്ങളുണ്ടായാലും ഉണ്ണി സൈക്കിളിൽ പറന്നെത്തും. ഉണ്ണി നിലകൊള്ളുന്ന പക്ഷം വിജയിക്കും. നാട്ടിലെ പൊലീസ് സ്റ്റേഷനും കോടതിയുമൊക്കെ കൊളാടി ഉണ്ണിയായി മാറി. വന്നേരി നാടിന്റെ സ്നേഹഭാജനമായി മാറിയ കൊളാടി ഉണ്ണി ആദ്യത്തെ തെരഞ്ഞെടുപ്പിൽത്തന്നെ വെളിയങ്കോട് പഞ്ചായത്തിന്റെ എതിരില്ലാത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അധികം കാലം സജീവമായി പൊതുരംഗത്ത് തുടരാൻ ആരോഗ്യം അദ്ദേഹത്തെ അനുവദിച്ചില്ല. വിശ്രമമില്ലാത്ത പൊതുപ്രവർത്തനം 32-ാം വയസിൽത്തന്നെ കടുത്ത ഹൃദ്രോഗിയാക്കി മാറ്റി. തീർത്തും ശയ്യാവലംബിയായി മാറിയ ഉണ്യേട്ടൻ 1955 നവംബർ അഞ്ചിന് നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ലോകത്തോട് വിട പറഞ്ഞു. പത്മം ആയിരുന്നു സഹധർമ്മിണി. അവർക്ക് മക്കളില്ല.

സഹോദരൻ കൊളാടി ഗോവിന്ദൻകുട്ടി ഉണ്യേട്ടന്റെ രാഷ്ട്രീയ പിൻഗാമിയായി പിന്നീട് കമ്മ്യൂണിസ്റ്റ് നേതാവായി ജ്വലിച്ചുയർന്നു. ഉണ്യേട്ടൻ മരിച്ച് രണ്ടു വർഷത്തിനകം 1957ൽ നടന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ അണ്ടത്തോട് അസംബ്ലി മണ്ഡലത്തിൽ കൊളാടി ഗോവിന്ദൻകുട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചു. വാശിയേറിയ ആ തെരഞ്ഞെടുപ്പിൽ കൊളാടി ഉണ്ണിയോടുള്ള ജനങ്ങളുടെ അദമ്യമായ സ്നേഹം കൊളാടി ഗോവിന്ദൻകുട്ടിക്കനുകൂലമായ വോട്ടായി കോരിച്ചൊരിഞ്ഞു. കോൺഗ്രസിന് കുത്തക സ്വാധീനമുള്ള മണ്ഡലത്തിൽ കൊളാടി ഗോവിന്ദൻകുട്ടി 2,400 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കേരളം ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം തികച്ച 64-ാമത്തെ വിജയമണ്ഡലമായി അണ്ടത്തോട് കേരളചരിത്രത്തിലിടം നേടി. അന്ന് കേരളമാകെ മുഴങ്ങിക്കേട്ട മുദ്രാവാക്യമാണ് “അറുപത്തിനാലിന് മകുടം ചാർത്തിയ അണ്ടത്തോടിന് സിന്ദാബാദ്” എന്നത്.

കേരളത്തെ ചുവപ്പിച്ച അണ്ടത്തോടിന്റെ മണ്ണിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിത്തുപാകിയ കൊളാടി ബാലകൃഷ്ണന്റെ കൂടി സംഭാവനയാണ് ഐക്യകേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് സർക്കാർ. ഇതിഹാസ സമര നായകൻ വിടവാങ്ങി അടുത്തവർഷം തന്നെ വെട്ടിയങ്കോട് കോതമുക്കിൽ ആരംഭിച്ച കൊളാടി ഉണ്ണി സ്മാരക വായനശാല ഇന്ന് പൊന്നാനി താലൂക്കിലെ മികച്ച ഗ്രന്ഥാലയങ്ങളിലൊന്നാണ്. നായാടി ജനതയുടെ വിമോചന സമരനായകനായ കൊളാടി ഉണ്ണിയുടെ 69-ാം ചരമവാർഷിക ദിനമാണ് ഇന്ന്.

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.