വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി രണ്ട് ടൗൺഷിപ്പുകളിലായി നിര്‍മ്മിക്കുന്നത് 733 വീടുകള്‍. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണച്ചുമതല. 632 കോടി രൂപയാണ് ആകെ ചെലവു പ്രതീക്ഷിക്കുന്നത്. കിഫ്ബിയെ പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി നേരത്തെ സർക്കാർ നിശ്ചയിച്ചിരുന്നു. ടൗൺഷിപ്പ് നിർമ്മാണത്തിനും ദുരന്തബാധിതരുടെ പുനരധിവാസത്തിനുമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കിഫ്ബിയുടെ കീഴിലുള്ള കിഫ്കോൺ സർക്കാരിനു സമർപ്പിച്ച വിശദമായ പ്രൊജക്ട് റിപ്പോർട്ട് പരിശോധിച്ചാണ് ഉത്തരവ്. ടൗണ്‍ഷിപ്പിന്റെ പ്രവൃത്തി വിലയിരുത്താൻ സ്വതന്ത്ര എൻജിനീയർ, ഓഡിറ്റർ എന്നിവരുൾപ്പെട്ട ഗുണമേന്മ ഉറപ്പിക്കൽ സംവിധാനം ഏർപ്പെടുത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ദുരന്തബാധിത പ്രദേശത്തെ ഗോത്ര കുടുംബങ്ങൾക്ക് അവരുടെ താല്പര്യപ്രകാരമാകും പുനരധിവാസം. ടൗൺഷിപ്പ് ആവശ്യമില്ലാത്തവർക്ക് 15 ലക്ഷം രൂപ അനുവദിക്കുകയോ വനാവകാശ നിയമപ്രകാരം ഭൂമി അനുവദിക്കുകയോ ചെയ്യാനും അനുമതിയായി. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് രണ്ടുഘട്ടമായാണെങ്കിലും പുനരധിവാസം ഒരുമിച്ചാകും. പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വയനാട് പുനർനിർമ്മാണ സമിതി, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും പ്രമുഖ സ്പോൺസർമാരും ഉൾക്കൊള്ളുന്ന ഉപദേശക സമിതി, ചീഫ് സെക്രട്ടറി ചെയർപേഴ്സൺ ആയ ഏകോപനസമിതി എന്നിങ്ങനെ മൂന്ന് സമിതികളും രൂപീകരിച്ച് ഉത്തരവായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.