15 November 2024, Friday
KSFE Galaxy Chits Banner 2

ഗാന്ധി — ദർശനവും പ്രയോഗവും

കെ സച്ചിദാനന്ദൻ
February 4, 2022 6:00 am

മഹാത്മാ ഗാന്ധിയെ സ്മരിക്കുമ്പോള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടർന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഒരു കാർട്ടൂൺ ഞാൻ ഓർമ്മിക്കുന്നു. അതിൽ ചോരയൊഴുകുന്ന ആ പത്രപ്രവർത്തയുടെ ജഡം നോക്കി ഗാന്ധി പറയുന്നു: “ഇതു ചെയ്തത് ആരാണ് എന്ന് എനിക്കറിയാം. ” അത് ഒരുപക്ഷെ ഗൗരിയുടെ മാത്രമല്ല ഒട്ടനവധി ജഡങ്ങളെ നോക്കി പലകുറി വധശ്രമത്തിന് വിധേയനാക്കപ്പെട്ട ഗാന്ധിയുടെ ആത്മാവ് ഇതുപോലെ തന്നെ മന്ത്രിക്കുന്നുണ്ടാവും, “അതേ… എനിക്ക് അറിയാം”. ജർമ്മനിയിലെ നാസി പാർട്ടിയെ മാതൃക ആക്കി ഹിന്ദു മഹാസഭ പിറവി എടുത്ത ആ ദിവസം തന്നെ അദ്ദേഹത്തിന് അറിയാമായിരുന്നു ഇവർ ഇന്ത്യയുടെ ശവക്കുഴി തോണ്ടും എന്ന്. അന്നുതന്നെ അത് അദ്ദേഹം പറയുകയും, ഹിന്ദു മഹാസഭയുടെ ആശയങ്ങളുമായി തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ ഭരണകൂടം മഹാത്മാഗാന്ധിയെ സ്വച്ഛഭാരത പ്രചാരണ പരിപാടിയുടെ പ്രതീകമായി ഇന്ത്യയുടെ തൂപ്പുകാരനായി വെട്ടിച്ചുരുക്കിയിരിക്കുന്നു. അദ്ദേഹത്തെ വധിച്ച നാഥുറാം ഗോഡ്സേ തൂക്കികൊല്ലപ്പെട്ട ദിവസത്തെ ബലിദാന ദിവസമായി അവർ ആചരിക്കുന്നു. ഗാന്ധിയുടെ രൂപമുണ്ടാക്കി അതിനെ വീണ്ടും വീണ്ടും വെടിവച്ച് ആസ്വദിക്കുന്നു. അദ്ദേഹത്തിനെ അതിന് വളരെമുൻപേ തന്നെ വധിക്കേണ്ടതായിരുന്നു എന്ന് പരസ്യമായി അഭിപ്രായപ്പെടുന്ന രാഷ്ട്രീയ നേതാക്കളുള്ള ആ പ്രസ്ഥാനം അധീശത്വം നേടിയ കാലത്തിരുന്നുകൊണ്ടാണ് നാം ഇപ്പോൾ ഗാന്ധിയുടെ വർത്തമാന പ്രസക്തി ചർച്ച ചെയ്യുന്നത്.

ഇത്തരം ഒരു കാലം ഒരു പക്ഷേ ഇന്ത്യയെ സ്നേഹിക്കുന്നവരുടെ ഏറ്റവും ഭീകരമായ ദുഃസ്വപ്നങ്ങളിൽ പോലും അടുത്ത കാലം വരെ ഉണ്ടായിരുന്നില്ല എന്ന് ഞാൻ വിചാരിക്കുന്നു. എന്നാൽ ഹിംസ നിയമമാകുന്ന കാലത്തെ ഗാന്ധിയുടെ ഈ തിരസ്കാരം തന്നെയാണ് ഒരുപക്ഷെ അദ്ദേഹത്തെ ഇന്ന് വീണ്ടും ചർച്ചാവിഷയം ആക്കിയിരിക്കുന്നത്. കാരണം അഹിംസാത്മകമായ പ്രതിരോധത്തിന്റെയും, പരിസ്ഥിതി നാശം വരുത്താത്ത വിവേകമുള്ള വികസനത്തിന്റെയും, അടിസ്ഥാന തലത്തിലുള്ള ജനാധിപത്യത്തിന്റെയും സർവമത സഹഭാവത്തിൽ അടിയുറച്ച മതേതരത്വത്തിന്റെയും, ലോകം വിഴുങ്ങാനുള്ള മൂലധനത്തിന്റെ ആർത്തികളെ പ്രതിരോധിക്കുന്ന തൃഷ്ണാദമനത്തിന്റെയും, വർഗീയതയുടെ സകല അവതാരങ്ങളെയും നിരാകരിക്കുന്ന ആത്മീയതയുടെയും എല്ലാതരം ശ്രേണീകരണങ്ങളെയും സ്വത്വവിനാശകമായ അധിനിവേശങ്ങളെയും അധികാരഗർവിനെയും ചെറുക്കുന്ന മാനവസമത്വത്തിന്റെയും തിളക്കമുറ്റ പ്രതിനിധിയായി ഗാന്ധി ഇന്ന് ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നു. ഗാന്ധിയെ കുറിച്ചുള്ള കവിതകളിലൂടെ, ലേഖനങ്ങളിലൂടെ, പ്രഭാഷണങ്ങളിലൂടെ എല്ലാം. ഗാന്ധിയുടെ മുഖ്യമായ സന്ദേശം എന്താണ് എന്ന് വളരെ സംക്ഷിപ്തമായി പറയാൻ ശ്രമിക്കുക മാത്രമാണ് ഇപ്പോൾ ഞാൻ ഇവിടെ ചെയ്യുന്നത്. നമുക്കറിയാം നമ്മുടെ മതേതരത്വത്തിനുള്ള പ്രധാന വെല്ലുവിളി വരുന്നത് വർഗീയതകളിൽ നിന്നാണ്. അതിൽ തന്നെയും കൂടുതലും ഭൂരിപക്ഷ വർഗീയതയിൽ നിന്നാണ്. കാരണം ന്യൂനപക്ഷ മതമൗലിക വാദം അതിനുള്ള ഒരു ഇന്ധനം ആയി മാറുകയാണ് ചെയ്യുന്നത്. ജനാധിപത്യത്തിൽ ജനങ്ങളാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. താഴെ നിന്നും മുകളിലേക്കാണ് തീരുമാനങ്ങൾ പോകേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ ഇന്ന് ജനാധിപത്യം എന്നത് ഭൂരിപക്ഷത്തിന്റെ സമഗ്രാധിപത്യമായി മാറിയിരിക്കുന്നു. ജനങ്ങളുടെ ശബ്ദത്തെ കേൾക്കാതിരിക്കാനുള്ള ശ്രമങ്ങളായി ജനാധിപത്യം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.
തങ്ങളുടെ വിഭവങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്ന് അതാത് പ്രദേശത്തെ ജനങ്ങൾ തീരുമാനിക്കുകയും ഇല്ലാത്ത വിഭവങ്ങൾ അന്യോന്യം കൈമാറുകയും ചെയ്യുന്ന ഒരു സമ്പ്രദായമാണ് ഗാന്ധി സ്വപ്നം കണ്ട ജനങ്ങളുടെ പരമാധികാരം അല്ലെങ്കിൽ അദ്ദേഹത്തിന്റെ തന്നെ വാക്ക് ഉപയോഗിക്കുകയാണെങ്കിൽ സ്വരാജ്. സമ്പൂർണമായും ജനങ്ങൾ സ്വന്തം കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു കാലത്തെ കുറിച്ചാണ് അദ്ദേഹം മാർക്സിനെപ്പോലെ തന്നെ സ്വപ്നം കണ്ടത്. മാർക്സ് ഭരണകൂടം കൊഴിഞ്ഞുപോകുന്ന ഒരു കാലത്തെ കുറിച്ച് സംസാരിച്ചു എങ്കിൽ ഗാന്ധി ഭരണകൂടം തന്നെ അനാവശ്യമാകുന്ന ഒരു വ്യവസ്ഥയെ കുറിച്ചാണ് വിഭാവനം ചെയ്യുകയും സംസാരിക്കുകയും ചെയ്തത്. അതുകൊണ്ടുതന്നെ അദ്ദേഹം ശക്തമായ ഒരു ദേശരാഷ്ട്രത്തിൽ ഒരിക്കലും വിശ്വസിച്ചിരുന്നില്ല.


ഇതുകൂടി വായിക്കാം;ഗാന്ധിസ്മരണയില്‍ നടന്ന ചവിട്ടുനാടകങ്ങള്‍


അതുപോലെതന്നെയാണ് മതേതരത്വത്തിന്റെ കാര്യം. ഗാന്ധി മതാടിസ്ഥാനത്തിലുള്ള രാഷ്ട്രത്തിലോ പൗരത്വത്തിലോ അല്പം പോലും വിശ്വസിച്ചിരുന്നില്ല. പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്ന ഒരു ഭരണകൂടത്തിനെതിരെ അദേഹം നിസംശയമായും ഒരു നിസഹകരണ പ്രസ്ഥാനം നയിക്കുമായിരുന്നു. ന്യൂനപക്ഷ സംരക്ഷണത്തിനുവേണ്ടി ഒരുപക്ഷെ ഒരിക്കൽ കൂടി ആത്മത്യാഗം ചെയ്യാൻ അദ്ദേഹം ഒരിക്കലും മടിക്കുമായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ അടിസ്ഥാന പ്രമാണം തന്നെ സർവധർമ്മ സമഭാവമായിരുന്നു. അദ്ദേഹം ആദ്യകാലത്ത് അയിത്തത്തെ മാത്രമേ എതിർത്തുള്ളൂ എന്നുള്ളത് ശരിയാണ്, എന്നാൽ പിന്നീട് വർണാശ്രമ ധർമ്മത്തിന്റെ അപകടങ്ങൾ മനസിലാക്കിയതോടുകൂടി അദ്ദേഹം ജാതിയെയും വർണ സമ്പ്രദായത്തെയും പൂർണമായി തള്ളിപ്പറഞ്ഞുകൊണ്ട് ശ്യാംലാലിനെ പോലുള്ള തന്റെ സുഹൃത്തുക്കൾക്ക് കത്തയക്കുകയും അത് സ്വയം പറയുകയും ചെയ്തു. അല്പം കൂടി ജീവിച്ചിരുന്നെങ്കിൽ നമുക്ക് ജാതിയും മതവും ഇല്ല എന്ന് ശ്രീ നാരായണ ഗുരുവിനെപ്പോലെ ഗാന്ധിയും പറയുമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. കാരണം വർണങ്ങൾ നിലനിൽക്കുന്നിടത്തോളം തൊഴിലും വർണവും ബന്ധപ്പെട്ടു കിടക്കുമെന്നും അപ്പോൾ ജാതിയും നിലനിൽക്കും എന്നും ഗാന്ധി തന്നെ വിശദീകരിച്ചിട്ടുണ്ട്, അങ്ങനെ മനുവാദത്തെ പൂർണമായും തിരസ്കരിച്ചിട്ടുണ്ട്. ജാതി ലിംഗ വിവേചനങ്ങൾ നിയമനിർമ്മാണത്തിലൂടെ മാത്രം പരിഹരിക്കാൻ ആവില്ല എന്ന് ഗാന്ധി ഒരുപക്ഷെ അംബേദ്കർക്ക് മുൻപേ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഗാന്ധി എന്നും വിശ്വാസം അർപ്പിച്ചത് സംവാദങ്ങളിലാണ്. സംവാദത്തിന്റെ ആദ്യ വ്യവസ്ഥ തന്നെ തുല്യതയാണ്. കോൺഗ്രസിനെ വരേണ്യരുടെ ഒരു ക്ലബ്ബ് എന്ന അവസ്ഥയിൽ നിന്ന് ജനകീയമായ ഒരു സംഘടനയായി പരിവർത്തിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് നിരന്തരമായി അദ്ദേഹം നടത്തിയ സംഭാഷണങ്ങളിലൂടെയാണ്. നേതാക്കളുമായുള്ള സംഭാഷണങ്ങൾ മാത്രമല്ല ജനങ്ങളുമായുള്ള സംഭാഷണങ്ങളിലൂടെയാണ്. കോൺഗ്രസ് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ അധികാരത്തിനുവേണ്ടി മത്സരിക്കുന്നത് കണ്ടപ്പോൾ കോൺഗ്രസ് പിരിച്ചുവിടണം എന്ന് പറയാൻ അദ്ദേഹത്തിന് കഴിഞ്ഞതും അതുകൊണ്ടു തന്നെയാണ്.

അവിശുദ്ധമായ മാർഗങ്ങളിലൂടെ ശുദ്ധമായ ലക്ഷ്യങ്ങളിൽ എത്താൻ കഴിയുകയില്ല എന്ന് അദ്ദേഹം വിശ്വസിച്ചു. ഇത് മാർക്സിന്റെ തത്വങ്ങളുമായി ഒത്തു പോകുന്നതാണ്. കാരണം മാർക്സിന്റെ ഏറ്റവും പ്രശസ്തമായ പ്രസ്താവങ്ങളിൽ ഒന്ന്, ഇതാണ് സത്യം ഇവിടെ മുട്ടുകുത്തുവിൻ എന്ന് നാം പറയുന്നില്ല എന്നതാണ്. ഗാന്ധിയും വാസ്തവത്തിൽ ഇത് തന്നെയാണ് പറഞ്ഞത്. ഇതാണ് സത്യം ഇവിടെ മുട്ടുകുത്തുവിൻ എന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞില്ല. താൻ സത്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് അവസാനം വരെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്.
ഭരണകൂടം ഹിംസയുടെ സാന്ദ്രവും സംഘടിതവുമായ രൂപമാണെന്നും അത് ആത്മാവില്ലാത്ത ഒരു യന്ത്രം ആണെന്നും അതിനു ജന്മം നൽകിയ ഹിംസയിൽ നിന്ന് അതിന് ഒരിക്കലും മോചനം നേടാൻ ആവില്ലെന്നും ഗാന്ധി ആ കാലത്തുതന്നെ ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതിയ ഒരു ലേഖനത്തിൽ പറയുന്നുണ്ട്. അതുകൊണ്ട് ഭരണകൂടം ഇല്ലാത്ത അഥവാ ഭരണകൂടം ദുർബലമാകുന്ന ഒരു അവസ്ഥയിലായിരുന്നു ഗാന്ധി എല്ലാകാലത്തും വിശ്വസിച്ചു പോന്നിട്ടുള്ളത്. തിന്മയും ക്രൂരതയും മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളാണ് എന്ന് ഗാന്ധി ഒരിക്കലും കരുതിയില്ല. മറിച്ച് അവ പരിതഃസ്ഥിതികളുടെ സൃഷ്ടികളാണ് എന്നാണ് അദ്ദേഹം വിശ്വസിച്ചത്. കൂട്ടക്കൊലയുടെ ആയുധങ്ങൾ നിറഞ്ഞ ഒരു ലോകത്തിൽ അഹിംസ ഒരു മൂല്യം മാത്രമല്ല, അതിജീവനത്തിന് അനിവാര്യമായ ഒരു കാര്യം കൂടി ആണ് എന്ന് അദ്ദേഹം കരുതി. ഹിംസയുടെ പ്രകീർത്തനം മിഥ്യയാണ് എന്ന് ഗാന്ധി സകാരണം പ്രസ്താവിച്ചു. ജനങ്ങൾ അവരുടെ സാഹസികതയെ ദൂരെ മാറി നിന്ന് ആസ്വദിച്ചേക്കാം, ഈ ഹിംസയിൽ വിശ്വസിക്കുന്ന വീര നായകരുടെ കാര്യമാണ് പറയുന്നത്. എന്നാൽ ജനങ്ങൾ ഒരിക്കലും അതിന്റെ ഭാഗം ആകുകയില്ല, അതിന് പകരം അവർ കർതൃരഹിതരായ കാണികൾ മാത്രമായിരിക്കും. അതുകൊണ്ടാണ് ജന സംഘാടനം എന്ന കഠിനമായ കർത്തവ്യം ആണ് നാം നിർവഹിക്കേണ്ടത് എന്ന് ഗാന്ധി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. അപ്പോൾ ജനങ്ങളെ ഒന്നിപ്പിക്കണമെങ്കിൽ അവരെ ബോധവൽക്കരിക്കണം, പ്രവർത്തനസജ്ജരാക്കണം. സത്യം, ധർമ്മം, പൊതുവായ ധാർമികത എന്നിവയെ മുറുകെ പിടിക്കണം. ഇവയൊക്കെ ഒഴിവാക്കാനുള്ള എളുപ്പവഴിയാണ് ഹിംസാത്മകമായ സമരമെന്ന് ഗാന്ധി തിരിച്ചറിഞ്ഞു. ഹിംസയിലൂടെ നേടുന്ന സ്വാതന്ത്ര്യത്തിന് ഒരു സാധ്യതകളും ഇല്ല. അത് ഒരിക്കലും നിലനിൽക്കുകയും ഇല്ല. ഹിംസ മനസിനെ കുഴക്കുന്നു, പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്നു എന്ന് ഗാന്ധി മനസിലാക്കി. അതുകൊണ്ട് തന്റെ സത്യാന്വേഷണം, തന്റെ അജ്ഞാനം തനിക്കുതന്നെ വെളിവാക്കി എന്ന് ഗാന്ധി പറഞ്ഞു. അത് തന്നെ വിനയാന്വിതൻ ആക്കി എന്നദ്ദേഹം പറഞ്ഞു. അതിന്റെ കൂടെ അടിസ്ഥാനത്തിലാണ് വാക്കിലും ചിന്തയിലും പ്രവൃത്തിയിലും ഉള്ള ഹിംസ തെറ്റാണ് എന്ന നിഗമനത്തിൽ ഗാന്ധി എത്തിച്ചേരുന്നത്.


ഇതുകൂടി വായിക്കാം;ഗാന്ധിജിയെ ഭയക്കുന്നതാരാണ് ?


അതുപോലെതന്നെ ഗാന്ധി ഗുഹകളിലോ മലകളിലോ ഏകാന്തതയിലോ വനങ്ങളിലോ പോയി മോക്ഷത്തിനുവേണ്ടി തപസിരുന്ന ഒരാളല്ല. ജനങ്ങൾക്കിടയിൽ ആണ് തന്റെ തപസ്, ജനങ്ങൾക്കിടയിൽ ആണ് തന്റെ പ്രവർത്തനം എന്ന് അദ്ദേഹം ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു. മറ്റുള്ളവരോട് നിങ്ങൾ ചെയ്യുന്നത് നിങ്ങളോട് തന്നെയാണ് നിങ്ങൾ ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. അല്ലാതെ മറ്റുള്ളവർ നിങ്ങളോട് എന്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവോ അത് മറ്റുള്ളവരോട് ചെയ്യൂ എന്നുള്ളത് ആയിരുന്നില്ല. മറ്റുള്ളവരോട് നിങ്ങൾ ചെയ്യുന്നത് നിങ്ങളോട് തന്നെയാണ് നിങ്ങൾ ചെയ്യുന്നത് എന്നുള്ളതായിരുന്നു. അതായത് മറ്റുള്ളവരെ ദ്രോഹിക്കുകയാണെങ്കിൽ നിങ്ങൾ നിങ്ങളെ തന്നെയാണ് ദ്രോഹിക്കുന്നത്, മറ്റുള്ളവരെ സ്നേഹിക്കുകയാണെങ്കിൽ അതിലൂടെയാണ് നിങ്ങളുടെ സ്നേഹം നിങ്ങൾ പ്രകടിപ്പിക്കുന്നത് എന്നതായിരുന്നു ഗാന്ധിജിയുടെ സിദ്ധാന്തം. ഇതിനർത്ഥം ഗാന്ധി കാര്യങ്ങളെയൊക്കെ കറുപ്പും വെളുപ്പുമായി മാത്രം കണ്ടു എന്നല്ല. ചില പ്രത്യേക സന്ദർഭങ്ങളിൽ അദ്ദേഹം ഹിംസയെ പോലും ന്യായീകരിച്ചിട്ടുണ്ട്. ഒരു കൂട്ടം സ്ത്രീകൾ തങ്ങൾ ബലാൽസംഗം ചെയ്യപ്പെടുന്ന അവസ്ഥയിൽ പല്ലും നഖവും ഉപയോഗിക്കാമോ എന്ന് ചോദിച്ചപ്പോൾ ഗാന്ധി പറഞ്ഞത് ‘നിശ്ചയമായും അത് ചെയ്യാം’ എന്നാണ്. അതുപോലെതന്നെ ഒരു രോഗിയെ രക്ഷിക്കാൻ വേണ്ടി ഒരു സർജൻ ഒരു ഡോക്ടർ ഉപയോഗിക്കുന്ന ഹിംസ അത് ഹിംസയല്ല അഹിംസയാണ് എന്ന് അദ്ദേഹം പറഞ്ഞു. കാരണം ആത്യന്തികമായി ഒരു ഹിംസയെ ഒഴിവാക്കുവാൻ വേണ്ടി നടത്തുന്ന ഹിംസയെ അഹിംസയായി തന്നെയാണ് അദ്ദേഹം കരുതിയത്. ചുരുക്കം പറഞ്ഞാൽ ഗാന്ധിയുടെ സ്വാഭാവികമായ തത്വം അഹിംസയാണ്. ഹിംസ വേണമെങ്കിൽ അതിന് കൃത്യമായ ന്യായീകരണം ഉണ്ടാകണം. അതിന്റെ ധാർമികമായ ഉത്തരവാദിത്വം ഹിംസ ചെയ്യുന്നയാൾ ഏറ്റെടുക്കുകയും വേണം. അപ്പോൾ ഇന്നത്തെ ഇന്ത്യയിൽ ഗാന്ധി പ്രസക്തനാകുന്നത് അദ്ദേഹം തുടങ്ങിവച്ച അനേകം സംവാദങ്ങളിലൂടെയാണ് വർഗീയതയ്ക്കെതിരെ മതാഹന്തയ്ക്കെതിരെ, പരമതനിന്ദയ്ക്കെതിരെ, ഭൂരിപക്ഷ ദുരാധിപത്യത്തിനെതിരെ, വംശഹത്യക്കെതിരെ, അവകാശ നിഷേധങ്ങൾക്കെതിരെ, ജാതിക്കും അയിത്തത്തിനും ദുരാചാരങ്ങൾക്കുമെതിരെ, അസമത്വത്തിനും അഴിമതിക്കും രാഷ്ട്രീയ അധികാരഗർവിനുമെതിരെ, സത്യം തങ്ങളുടെ കയ്യിൽ ആണെന്നും അത് മുഴുവനായി വെളിപ്പെട്ടു കഴിഞ്ഞു എന്നും അത് നടപ്പാക്കാൻ തങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നും ഉള്ള നിലപാടുകൾക്കെതിരെ അദ്ദേഹം ആരംഭിച്ച സംഭാഷണങ്ങളും പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടു പോകാതെ നമുക്ക് അദ്ദേഹത്തിന്റെ കൊലപാതകികളുടെ പ്രത്യയശാസ്ത്രത്തെ സഫലമായി ചെറുക്കാൻ ആവില്ല. അവരുടെ തന്നെ പ്രത്യയശാസ്ത്രം കൊണ്ട് നമുക്കവരെ ചെറുക്കാൻ ആവില്ല എന്നർത്ഥം. ഇത് മറ്റ് വിചിന്തനവിശകലന രീതികളുടെ നിഷേധമല്ല. വാസ്തവത്തിൽ ഗാന്ധിയുടെ സക്രിയമായ സന്ദേശം എന്തായിരുന്നു എന്ന് അദ്ദേഹം നിർദേശിച്ച സത്യഗ്രഹത്തിന്റെയും നിസഹകരണത്തിന്റെയും മറ്റും അർത്ഥം എന്തായിരുന്നു എന്ന് അദ്ദേഹത്തിന്റെ അഹിംസാ തത്വത്തിന്റെ യഥാർത്ഥമായ ദാർശനികവും പ്രായോഗികവുമായ അടിസ്ഥാനങ്ങൾ എന്തായിരുന്നു എന്ന് അന്വേഷിക്കുകയും വേണം. അതിലൂടെ മാത്രമേ ഹിംസയിൽ അടിയുറച്ച ഇന്നത്തെ ഭരണകൂടത്തെ വെല്ലുവിളിക്കാനും അവരുടെ ഹിംസാത്മകമായ പദ്ധതികളെ തോൽപ്പിക്കാനും നമുക്ക് കഴിയൂ. അതാണ് ഗാന്ധിയുടെ സന്ദേശം. ( യുവകലാസാഹിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച “ഗാന്ധി-ജീവിക്കുന്ന രക്തസാക്ഷി” പ്രഭാഷണപരമ്പരയിൽ ജനുവരി 30 ന് കെ സച്ചിദാനന്ദൻ നടത്തിയ സമാപന പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം. Yuvakalasahithy Ker­alam ഫേസ്ബുക്ക് പേജിൽ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം നേരിട്ട് കേൾക്കാവുന്നതാണ്. )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.