22 January 2025, Wednesday
KSFE Galaxy Chits Banner 2

ഇന്ത്യൻ കുടുംബങ്ങൾ സംഭാവനയായി നല്കിയത് 23,700 കോടി

Janayugom Webdesk
ന്യൂഡൽഹി
September 20, 2022 10:56 pm

കഴിഞ്ഞ ഒരു വര്‍ഷം ഇന്ത്യൻ കുടുംബങ്ങൾ 23,700 കോടി രൂപ സംഭാവന നൽകിയതായി അശോക സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു. ഇതില്‍ ഭൂരിഭാഗവും നല്കിയത് മതസംഘടനകള്‍ക്കാണെന്നും സർവകലാശാലയിലെ സെന്റർ ഫോർ സോഷ്യൽ ഇംപാക്ട് ആന്റ് ഫിലാന്ത്രോപ്പി (സിഎസ്ഐപി)യും കാന്തറിലെ വേൾഡ് പാനൽ ഡിവിഷനും ചേർന്ന് നടത്തിയ ഹൗ ഇന്ത്യ ഗിവ്സ് 2020–21 എന്ന റിപ്പോർട്ടിൽ പറയുന്നു.
18 സംസ്ഥാനങ്ങളിലായി 81,000 വീടുകളിലാണ് സർവേ നടന്നത്.

മതപരമായ വിശ്വാസങ്ങൾക്കാണ് സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങളെ സഹായിക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്കുന്നത്. മത സംഘടനകൾക്ക് മൊത്തം സംഭാവനയുടെ 70 ശതമാനമാണ് നല്കിയത്. മതേതര സംഘടനകൾക്കാകട്ടെ അഞ്ച് ശതമാനവും. ദക്ഷിണേന്ത്യയാണ് ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്യുന്നത്. പടിഞ്ഞാറൻ ഇന്ത്യയും വടക്കുകിഴക്കന്‍ മേഖലയും തൊട്ടു പിന്നിലുണ്ട്. 

2021–22 വര്‍ഷത്തില്‍ വീടുകളില്‍ നിന്ന് മത സംഘടനകൾ പിരിച്ചെടുത്ത സംഭാവന 16,600 കോടി രൂപയാണ്. ഇത് മൊത്തം സംഭാവനയുടെ 70 ശതമാനം വരും. ഭിക്ഷാടകർക്ക് 12 ശതമാനം (2,900 കോടി), കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കൾക്കും ഒമ്പത് ശതമാനം (2,000 കോടി), മതേതര സംഘടനകൾക്ക് അഞ്ച് ശതമാനം (1,100 കോടി), വീട്ടു ജോലിക്കാര്‍ നാല് ശതമാനം (1000 കോടി രൂപ) എന്നിങ്ങനെയാണ് മറ്റു സംഭാവനകള്‍. 64 ശതമാനം കുടുംബങ്ങൾ മതസംഘടനകൾക്ക് സംഭാവന ചെയ്യുമ്പോള്‍ ഭിക്ഷാടകരെ സഹായിക്കുന്നത് 61 ശതമാനമാണ്. 10,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ പ്രധാനമായും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വീട്ടുജോലിക്കാർക്കുമാണ് നൽകിയതെന്നാണ് സര്‍വേയിലുള്ളത്. ഭിക്ഷാടകര്‍ക്കാണ് 100 രൂപയില്‍ താഴെയുള്ള സംഭാവന. 100 മുതല്‍ 500 രൂപ വരെയാണ് മത സംഘടനകൾക്കും മതേതര സംഘടനകൾക്കും നൽകിയത്.

Eng­lish Summary:23,700 crores con­tributed by Indi­an families
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.