22 January 2025, Wednesday
KSFE Galaxy Chits Banner 2

ചൂട് കൂടുന്നു; മരണവും: ഇന്ത്യയില്‍ 17 വര്‍ഷത്തിനിടെ 55 ശതമാനം വര്‍ധന

Janayugom Webdesk
ന്യൂഡല്‍ഹി
October 26, 2022 10:26 pm

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ആശങ്കാജനകമായ റിപ്പോര്‍ട്ട് പുറത്തവിട്ട് ലാന്‍സെറ്റ്. അന്തരീക്ഷ താപനിലയിലുള്ള വര്‍ധന മൂലം കഴിഞ്ഞ 17 വര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം 55 ശതമാനം വര്‍ധിച്ചുവെന്നാണ് ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ചുള്ള ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദ്രുതഗതിയില്‍ വര്‍ധിച്ചുവരുന്ന താപനില മൂലം ദുര്‍ബലരായ ജനവിഭാഗം (65 വയസിന് മുകളില്‍ പ്രായമുള്ളവരും ഒരു വയസില്‍ താഴെയുള്ള കുട്ടികളും) 2021ല്‍ 1986 ‑2005 വര്‍ഷങ്ങളെ അപേക്ഷിച്ച് 37 ലക്ഷം ഉഷ്ണതരംഗ ദിനങ്ങള്‍ കൂടുതല്‍ അനുഭവിച്ചിട്ടുണ്ട്. 2000-04, 2017–21 വര്‍ഷങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന ചൂടുമൂലം മരിച്ചവരുടെ എണ്ണത്തിലാണ് 55 ശതമാനം വര്‍ധനവുണ്ടായത്.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് 30 ഇരട്ടി ഉഷ്ണതരംഗത്തിനാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ സാക്ഷ്യം വഹിച്ചത്. ജനങ്ങളുടെ ജീവനെയും ജീവനോപാധികളെയും കാലാവസ്ഥാ വ്യതിയാനം പാടേ മാറ്റിമറിക്കുകയാണ്.
കനത്ത ചൂടിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം മാത്രം 16,720 കോടി തൊഴില്‍ മണിക്കൂറുകളാണ് നഷ്ടപ്പെട്ടത്. ദേശീയ ജിഡിപിയുടെ 5.4 ശതമാനത്തിന് തുല്യമായ വരുമാന നഷ്ടവും ഇതിലൂടെയുണ്ടായി. 1951–60, 2012–21 വര്‍ഷങ്ങള്‍ക്കിടയില്‍ ഡെങ്കി രോഗബാധയില്‍ 1.69 ശതമാനം വര്‍ധനവുണ്ടായി. 1981–2010ല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ചോളം വിളവെടുപ്പ് സീസണിന്റെ ദൈര്‍ഘ്യത്തില്‍ രണ്ട് ശതമാനവും അരി, ഗോതമ്പ് എന്നിവ വിളവെടുക്കുന്നതില്‍ ഒരോ ശതമാനം ഇടിവും രേഖപ്പെടുത്തി.
103 രാജ്യങ്ങളില്‍ നടത്തിയ വിശകലനത്തില്‍ 1981–2010നെ അപേക്ഷിച്ച് 2020 ആയപ്പോള്‍ 980 ലക്ഷം ആളുകള്‍ ഗുരുതരമായ ഭക്ഷ്യപ്രതിസന്ധി അനുഭവിക്കുന്നതായും റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. ആഗോളതലത്തിലെ ഉപരിതല താപനിലയില്‍ 1.1 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനയും ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. ചൂട് സംബന്ധിയായ രോഗങ്ങള്‍ വര്‍ധിക്കുക, സാംക്രമിക രോഗങ്ങളുടെ പകര്‍ച്ചാ രീതികളില്‍ വ്യത്യാസം വരുക, ആരോഗ്യനില ഗുരുതരമാകുക, ഭക്ഷ്യ‑ജല സുരക്ഷയെ ഗുരുതരമായി ബാധിക്കുക തുടങ്ങിയ പ്രത്യാഘാതങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കാലവസ്ഥാ വ്യതിയാനം സംബന്ധിച്ച് സര്‍ക്കാരുകളും ബന്ധപ്പെട്ട കമ്പനികളും തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വൈകിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇപ്പോഴുള്ള തലമുറയ്ക്കും ഭാവി തലമുറയ്ക്കുമായി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലൂടെ ലാന്‍സെറ്റ് മുന്നറിയിപ്പ് നല്‍കുന്നു.

Eng­lish Sum­ma­ry: The heat ris­es; Death too: 55 per­cent rise in 17 years in India

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.