21 January 2025, Tuesday
KSFE Galaxy Chits Banner 2

ശക്തമാകണം സാംസ്കാരിക രാഷ്ട്രീയം

അജിത് കൊളാടി
വാക്ക്
December 30, 2023 4:30 am

വാണിജ്യവൽക്കരിക്കപ്പെട്ട സമൂഹത്തിൽ സാഹിത്യവും സാംസ്കാരിക പ്രവർത്തനവുമൊക്കെ അവഗണിക്കപ്പെടുന്നു. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വമില്ലാതെ പല പ്രക്ഷോഭങ്ങളും അടുത്തകാലത്ത് ഇന്ത്യ കണ്ടു. ജനാധിപത്യത്തിൽ പല പാർട്ടികൾക്കും ഒന്നിച്ചു നിൽക്കാവുന്ന അടിസ്ഥാന പ്രശ്നങ്ങൾ ഇവിടെയുണ്ട്. അതിന് സാധിക്കുന്ന പ്ലാറ്റ്ഫോമുകൾ ഉണ്ടാവുകയെന്നത് പ്രധാന കാര്യമാണ്. ഇടതുപക്ഷമാണ് ഈ കാര്യങ്ങളിൽ മുൻകൈയെടുക്കേണ്ടത്. എഴുത്തുകാരും കലാകാരന്മാരും എന്തെഴുതണം, വരയ്ക്കണം, പാടണം, അഭിനയിക്കണം, കല എങ്ങനെ സൃഷ്ടിക്കണമെന്ന് പാർട്ടി പ്രവർത്തകരും, മതമൗലിക വാദികളും, ഭരണകൂടങ്ങളും നിർദേശിക്കുന്ന കാലം ജനാധിപത്യത്തിന്റെ ദുഷ്കരകാലമാണ്. സർക്കാരുകൾ പ്രത്യേക വിഭാഗത്തിന്റെ മാത്രം സമ്മർദങ്ങൾക്കു വഴങ്ങുമ്പോൾ ഇത് സംഭവിക്കുന്നു. മതമൗലികവാദികൾ സ്വസമുദായത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവച്ചുകൊണ്ട് മതവിശ്വാസവും അന്ധവിശ്വാസവും മുതലെടുത്ത് നേതൃത്വം പിടിച്ചെടുക്കുന്നു.
കേരളത്തിൽ ‘ഭഗവാൻ കാലുമാറുന്നു’ എന്ന നാടകത്തിനെതിരെ വിശ്വഹിന്ദു പരിഷത്തിന്റെ ആക്രമണം പി എം ആന്റണിയുടെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകത്തിനെതിരെ ക്രിസ്തുമത മേധാവികൾ നയിച്ച പ്രക്ഷോഭം, ശിവപ്രകാശിന്റെ ബസവണ്ണയെക്കുറിച്ചുള്ള നാടകത്തിനെതിരെ ബസവ സേന കർണാടകയിൽ നടത്തിയ ആക്രമണം, ദീപാ മേത്തയുടെ ‘വാട്ടർ’ എന്ന സിനിമയുടെ ഷൂട്ടിങ് ഹിന്ദുത്വവാദികൾ തടഞ്ഞത്, എം എഫ് ഹുസൈൻ എന്ന ആ മഹാകലാകാരന് ഹിന്ദു ദേവതകളെ നഗ്നരായി ചിത്രീകരിച്ചതിന്റെ പേരിൽ സ്വദേശം വിട്ട് വിദേശത്ത് മരിക്കേണ്ടി വന്ന തരത്തിൽ ഹിന്ദുത്വവാദികൾ നടത്തിയ ആക്രമണങ്ങൾ, മല്ലികാ സാരാഭായ്, മേധാ പട്കർ, ആനന്ദ് പട്‌വർധൻ, നസ്റുദീൻ ഷാ, സൽമാൻ റുഷ്ദി, തസ്ലീമ നസ്രിൻ തുടങ്ങിയവർക്കെതിരെ ഹിന്ദു മുസ്ലീം തീവ്രവാദികളുടെ ആക്രമണങ്ങളും നിരോധനങ്ങളും, എം കെ രാമാനുജന്റെ മുന്നൂറു രാമായണങ്ങൾ എന്ന പ്രബന്ധം ഡൽഹി സർവകലാശാലയിൽ നിന്നും പിൻവലിച്ചത് കെ സി ജയന്റെ പാപ്പിലിയോ ബുദ്ധയ്ക്കു നേരിടേണ്ടിവന്ന സെൻസർഷിപ്പും അക്രമങ്ങളും സഫ്ദർ ഹാഷ്മി, ഗൗരി ലങ്കേഷ്, ഖൽ ബുർഗി, ഗോവിന്ദ് പൻസാരെ എന്നിവരുടെ വധം, ദീപിക പദുകോൺ, ഷാരുഖ് ഖാൻ എന്നിവരുടെ സിനിമകൾക്കു നേരെയുള്ള പ്രതിഷേധം, സ്റ്റാൻ സ്വാമിയുടെ മരണം, സുധാ ഭരദ്വാജ്, സഞ്ജീവ് ഭട്ട്, ടീസ്റ്റ സെതല്‍വാദ് തുടങ്ങിയവരുടെ അറസ്റ്റുകൾ, ജയിൽ പീഡനങ്ങൾ ഇവയെല്ലാം ഉദാഹരണങ്ങളാണ്.

 


ഇതുകൂടി വായിക്കൂ; പ്രതിപക്ഷരഹിത പാര്‍ലമെന്റില്‍ ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍


പുസ്തക നിരോധനത്തിലൂടെ വായിക്കാനും, നാടക‑സിനിമാ നിരോധനത്തിലൂടെ അവ കാണാനുമുള്ള പ്രാഥമിക അവകാശം പൗരന് നിഷേധിക്കപ്പെടുന്നു. ഇവിടെ സത്താനിക് വേഴ്‌സസിനെയോ, ലജ്ജയെയോ, മുന്നൂറു രാമായണങ്ങളെയോ വായിക്കാത്തവർ നടത്തിയ വാഗ്വാദങ്ങൾ ഏതു ജനാധിപത്യ തത്വമാണ് പിന്തുടരുക. ഗാന്ധിയെ വായിക്കാതെ, പഠിക്കാതെ, മാർക്സിനെ പഠിക്കാതെ വായിക്കാതെ വിമർശിക്കുന്നതാണ് ഇവിടുത്തെ രീതി. പ്രതികരിച്ച കാലങ്ങൾ പ്രതികരിക്കാത്ത കാലങ്ങൾ എന്നൊരു വേർതിരിവ് നാധ്യമല്ല. വ്യത്യാസമുള്ളത് പ്രതികരണ രീതിക്കാണ്. എഴുത്തുകാർക്കും കലാകാരന്മാർക്കും യജമാനർ ഉണ്ടാവരുത്. ഏതു രീതിയിൽ പ്രതികരിക്കാനുമുള്ള പൂർണ സ്വാതന്ത്ര്യം അവർക്കുണ്ട്. എഴുത്തുകാർ അത് ഉത്തരവാദിത്തത്തോടെ നിർവഹിക്കണം. അങ്ങനെയാണ് ജനാധിപത്യ സമൂഹം വളരുക. അനീതിയെ അവർ ന്യായീകരിക്കരുത്. അവർ കലയുടെ അഥവാ ജീവിതത്തിന്റെ പക്ഷത്തായിരിക്കണം. ജനതയെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നത് ഉയർന്ന സാംസ്കാരിക ബോധമാണ്. മാറ്റത്തിന്റെ ചിന്തകളാണ്. താനും തലയുയർത്തിപ്പിടിച്ച് ജീവിക്കേണ്ട മനുഷ്യനാണ് എന്ന ബോധമാണ്. ആ ബോധമുണ്ടാക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കാണ് മറ്റാരെക്കാൾ ഉത്തരവാദിത്തം. സാഹചര്യം പാകമാകുന്നതും കാത്ത് നിഷ്ക്രിയരായിരിക്കുന്ന ജനത ഒരിക്കലും പരിവർത്തനം കൊണ്ടുവരില്ല. സ്വന്തം അധികാരം പ്രാവർത്തികമാക്കുന്ന ജനതയാണ് സ്വാതന്ത്രൃത്തിന്റെ ആവിഷ്കാരവും ജനാധിപത്യത്തിന്റെ ഉറപ്പും; തങ്ങളാണ് ജനത എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ‑സാമൂഹ്യ പ്രസ്ഥാനങ്ങളോ, താനാണ് പ്രസ്ഥാനം എന്നവകാശപ്പെടുന്ന നേതാവോ അല്ല. അത്തരത്തിലുള്ള ചിന്ത വളർത്താൻ സാംസ്കാരിക രാഷ്ട്രീയത്തിനേ കഴിയൂ.

ആശയങ്ങളാണ് ഏറ്റവും ശക്തമായ ആയുധം. അധികാരം ഉപയോഗിച്ചുകൊണ്ടുള്ള അടിച്ചമർത്തലുകൾക്ക് ജനങ്ങളുടെ ആശയത്തെയോ വിശ്വാസത്തെയോ മാറ്റാൻ സാധിക്കില്ല. മഹത്തായ ആശയങ്ങൾ പ്രവഹിക്കുന്നത് അക്ഷരങ്ങളിൽ നിന്നാണ്. അസാമാന്യമായ ധീരപ്രവർത്തനങ്ങളിൽ നിന്നാണ്. ചിന്തകളിൽ നിന്നാണ്. ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ ജനങ്ങളോട് സംസാരിച്ചത് എഴുത്തിലൂടെ, പ്രസംഗത്തിലൂടെയാണ്. അതിലൂടെ അവർ ദേശീയതയും ഐക്യവും വളർത്തി. ഗാന്ധിജി തന്നെ രണ്ടു പത്രങ്ങളുടെ പത്രാധിപരായി. സ്വാതന്ത്ര്യസമരത്തിന്റെ വിജയം അക്ഷരങ്ങളുടെ വിജയമാണ്. തൂലികയിലൂടെ ഒഴുകുന്ന വാക്കുകൾ ശക്തമാകണം. അത് സാംസ്കാരിക ഔന്നത്യവും ജീവിതത്തിന്റെ സർഗാത്മകതയും പ്രതിഫലിപ്പിക്കും. ഫാസിസ്റ്റ് ആശയങ്ങളെ അത്തരം അക്ഷരങ്ങൾക്ക് ഉന്മൂലനം ചെയ്യാൻ സാധിക്കും. എഴുത്തും വായനയും ഉറ്റ ചങ്ങാതിമാരാണ്. അത് ഉയർന്ന സംസ്കാരം സൃഷ്ടിക്കും. പക്ഷെ നിർഭാഗ്യമെന്ന് പറയാം, ഇന്ന് രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളിൽ ഗഹനമായ വായന വിരളം. പലരും അട്ടഹാസങ്ങൾക്കും ആക്രോശങ്ങൾക്കും പ്രാമുഖ്യം നൽകുന്നു. അക്ഷരവിരോധികളുടെ എണ്ണം വർധിക്കുന്നു.

 


ഇതുകൂടി വായിക്കൂ;  ഇന്ത്യ മുന്നണിയും കോൺഗ്രസിന്റെ ഭാവിയും


 

നവോത്ഥാനത്തിന്റെ സൂര്യവെളിച്ചം എഴുത്തിനെയും വായനയെയും സ്വാധീനിച്ചത് നാം കണ്ടതാണ്. ഫാസിസ്റ്റുകൾക്കും ഏകാധിപതികൾക്കും തങ്ങളാണ് ജനത, താനാണ് നേതാവ് എന്ന് കരുതുന്നവർക്കും വായന ഇഷ്ടമല്ല. അക്ഷരങ്ങളുടെ ശക്തി ഫാസിസ്റ്റുകൾക്ക് നന്നായി അറിയാം. 1933 മേയ് 10ന് നാസികൾ നടത്തിയ ഗ്രന്ഥദഹനം തന്നെ അതിനുള്ള തെളിവ്. ബെർലിനില്‍ പതിനായിരക്കണക്കിനു പുസ്തകങ്ങൾ വെണ്ണീറായി. എന്നിട്ടും ലോകത്ത് വീണ്ടും ആശയങ്ങൾ ജ്വലിച്ചുയർന്നു. രാജ്യത്ത് അതിതീവ്രമായ ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കപ്പെടുമ്പോൾ നമ്മളിലെ ചിന്ത ഉണരാനും നമ്മെ പോലെയാണ് മറ്റു മനുഷ്യരും എന്നു മനസിലാക്കാനും പുസ്തകങ്ങൾ സഹായിക്കും. അധികാരത്തിന്റെ പിന്നാലെ പോകൽ മാത്രമല്ല ജനാധിപത്യം എന്ന് അത് നമ്മെ പഠിപ്പിക്കും.

വൈവിധ്യങ്ങളും, മതവിശ്വാസവും നിറഞ്ഞുനിൽക്കുന്ന രാജ്യത്ത്, ജനങ്ങളോട് സംസാരിക്കാനുള ഭാഷ വികസിപ്പിച്ചത് ഗാന്ധി ആയിരുന്നു. മറ്റെന്നത്തെക്കാളും ജനങ്ങളുടെ ഭാഷ സംസാരിക്കാൻ ഇന്ന് ഇടതുപക്ഷം തയ്യാറായേ മതിയാകൂ. അല്ലെങ്കിൽ ഫാസിസ്റ്റ് ഭാഷ ആധിപത്യം ചെലുത്തും. ഭാവനയെ ജ്വലിപ്പിക്കാന്‍ അക്ഷരങ്ങൾക്കു കഴിയും. അത് സാമ്പ്രദായിക സമര രീതികളിൽ നിന്ന് മാറാൻ സഹായിക്കും. ചിന്തയെ ജ്വലിപ്പിച്ചുകൊണ്ട് മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും സാംസ്കാരികമായ വിശപ്പ് ശമിപ്പിക്കാനും വായന സഹായിക്കും. ഫാസിസത്തിന്റെ ലക്ഷണം ചിന്തകളുടെ തിരസ്കാരമാണ്. അന്ധമായ പാരമ്പര്യാരാധനയും. ‘സംസ്കാരം എന്ന വാക്കു കേൾക്കുമ്പോൾ തന്നെ തോക്കെടുക്കാൻ തോന്നുന്നു’ എന്നാണ് ഗീബൽസ് പറഞ്ഞത്. അവർ ചോദ്യങ്ങളെ, അഭിപ്രായ വ്യത്യാസത്തെ, പ്രതിപക്ഷത്തെ ഭയപ്പെടുന്നു. ജീവിതത്തിന്റെ സർഗാത്മകതയെ നശിപ്പിക്കുന്ന ദുഷ്ടശക്തിയാണ് ഫാസിസം. അവയെ നേരിടാൻ ജ്ഞാനത്തെ ഉപയോഗിക്കണം. സാംസ്കാരികരാഷ്ട്രീയം ഉയർത്തിക്കൊണ്ടു വരണം. സംവാദങ്ങൾ വേണം. അഭിപ്രായ സ്വാതന്ത്ര്യം വേണം. അവ നിലനിർത്താനുള്ള പോരാട്ടമാണ് പ്രഥമ കടമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.