സൗമ്യനായ കമ്യൂണിസ്റ്റും വിപ്ലവകാരിയുമായിരുന്നു പികെവി. ജനനം 1926 മാർച്ച് രണ്ടിന്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി.
എഐവൈഎഫിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. പതിനാല് വർഷം സിപിഐ സംസ്ഥാന സെക്രട്ടറി. രണ്ട് തവണ നിയമസഭാംഗമായി. 1978–79 കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രി. നാല് തവണ ലോക്‌സഭാംഗം. സിപിഐയുടെ പാർലമെന്ററി പാർട്ടി നേതാവായും അക്കാലത്ത് പ്രവർത്തിച്ചു. ലോക്‌സഭാംഗമായിരുന്ന കാലത്ത് ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതി സാഹിത്യ‑സാംസ്കാരിക പ്രവർത്തകരുടെ താമസസ്ഥലമായി മാറി.
കെപിഎസിയുടെയും ജനയുഗത്തിന്റെയും നവയുഗത്തിന്റേയും ചുമതല വഹിച്ചു. പിളർപ്പിന് മുൻപും ശേഷവും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിൽ പ്രവർത്തിച്ച പികെവിയുടെ ആത്മകഥ കേരളത്തിലെ സവിശേഷമായ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.
പികെവിയുടെ ജന്മശതാബ്ദി വർഷത്തിൽ, അദ്ദേഹത്തിന്റെ ആത്മകഥ മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്ര ചിന്തകളും കമ്യൂണിസ്റ്റ് ചരിത്ര നിർമിതിയും വിലയിരുത്തലിന് പ്രസക്തിയുണ്ട്.
അപൂർണമാണ് എന്ന മുഖവുരയോടെയാണ് പ്രഭാത് ബുക്ക് ഹൗസ് പികെവിയുടെ ആത്മകഥ പുറത്തിറക്കിയത്. മുപ്പത്തിനാല് അധ്യായങ്ങൾ. കിടങ്ങൂരിൽ നിന്നും എന്ന ആദ്യ അധ്യായം ബാല്യകാലത്തെ കുറിച്ചുള്ള ഓർമയാണ്. അച്യുതമേനോൻ മന്ത്രിസഭ എന്ന ഒടുവിലത്തെ അധ്യായത്തിലേക്കെത്തുമ്പോൾ കാമ്പുള്ള രാഷ്ട്രീയ വിമർശകന്റെ സ്വരമുണ്ടതിൽ. ജീവിതസന്ദർഭങ്ങളെ കാലഗണനയ്ക്കനുസരിച്ചല്ല ആത്മകഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്തെ വിദ്യാർത്ഥി പ്രക്ഷോഭം മുതൽ 1970ലെ സി അച്യുതമേനോൻ സർക്കാരിന്റെ പ്രവർത്തനങ്ങൾ വരെ നീളുന്ന രാഷ്ട്രീയ ചരിത്രമുണ്ട് പികെവിയുടെ ആത്മകഥയിൽ. കുടുംബത്തിന്റെയും സമുദായത്തിന്റെയും ചട്ടക്കൂടിൽ ഒതുങ്ങി നിന്നിരുന്ന പികെവി സജീവ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത് ആലുവ യുസി കോളജിലെ പഠനകാലത്താണ്. വിദ്യാർത്ഥി-യുവജന രാഷ്ട്രീയം, പുന്നപ്ര‑വയലാർ, പാർലമെന്ററി ജീവിതം, പാർട്ടിയിലെ പിളർപ്പ്, കമ്യൂണിസ്റ്റ് മന്ത്രിസഭകൾ എന്നിങ്ങനെ കേരളത്തിന്റെ
സാമൂഹിക‑രാഷ്ട്രീയ മുന്നേറ്റത്തെയാണ് അദ്ദേഹത്തിന്റെ ആത്മകഥ അടയാളപ്പെടുത്തുന്നത്.
വ്യക്തിജീവിതവും ആഖ്യാനവും
********************************
കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് പികെവിയുടെ ജനനം. തുടക്കത്തിൽ കിടങ്ങൂരിനെ അടയാളപ്പെടുത്തുന്നത് മീനച്ചിലാറിനോട് ചേർത്തുവച്ചാണ്. എല്ലാവർഷവും രണ്ട് പ്രാവശ്യമെങ്കിലും കര കവിഞ്ഞൊഴുകുന്ന നദി, ചെറുപ്പക്കാർക്ക് വരുമാനമാർഗം നൽകുന്ന നദി എന്നീ വിശേഷണങ്ങളോടെയാണ് മീനച്ചിലാറിനെ പരിചയപ്പെടുത്തുന്നത്. തുടർന്നാകട്ടെ, കേരളത്തിലെ നദികളുടെ നിലവിലെ അവസ്ഥ ചർച്ചയാകുന്നു.
ഇവിടെ ചരിത്രവും വർത്തമാനവും ഒരുമിച്ച് ചേർക്കപ്പെടുകയാണ്. കുട്ടിക്കാലത്ത് വെള്ളപ്പൊക്കമുണ്ടായിരുന്ന നദിയാണ് മീനച്ചിലാർ എന്നതിൽ നിന്ന് നദികൾ മരിക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു എന്ന തിരിച്ചറിവ് ഇവിടെയുണ്ട്. അതായത്, കുട്ടിക്കാലത്തെ ഒരു ഓർമയിൽ നിന്ന് പുതിയ കാലത്തെ പരിസ്ഥിതി പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ചോദ്യമുന്നയിക്കുകയാണ് പികെവി ഇവിടെ.
മീനച്ചിലാറിപ്പോൾ കരവിഞ്ഞൊഴുകാറില്ല. വെള്ളപ്പൊക്കം ഇല്ലാതായിട്ട് വർഷങ്ങളായി. ഇപ്പോൾ പറമ്പുകളിലേയ്ക്കു പോലും വെള്ളം കടന്നുവരാറില്ല. യഥാർത്ഥത്തിൽ മീനച്ചിലാറുൾപ്പെടെ കേരളത്തിലെ മിക്കവാറും നദികൾ മരിച്ചുകൊണ്ടിരിക്കുകയാണ്.
(പികെവി, 2013: 11)
ബാല്യകാലത്തെ സാമൂഹിക ചുറ്റുപാടും കുടുംബസാഹചര്യവുമൊക്കെ ആദ്യ അധ്യായത്തിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. അമ്മയുടെയും അച്ഛന്റെയും കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന സാമ്പത്തിക അന്തരവും പ്രതിപാദ്യവിഷയമാകുന്നു. സ്വന്തം അധ്വാനം കൊണ്ടാണ് അച്ഛന്റ കുടുംബക്കാർ നല്ല സാമ്പത്തികനില കൈവരിച്ചതെന്നാണ് സൂചിപ്പിക്കുന്നത്. കുടുംബാംഗങ്ങളുടെ സമുദായ സ്നേഹവും പ്രവർത്തനവും ബാല്യകാലത്ത് പികെവിയെ സ്വാധീനിച്ചിരുന്നു. വീട്ടുകാരെപോലെ താനും മന്നം ഭക്തനായിരുന്നുവെന്ന് തുറന്നുപറയുന്നുമുണ്ട്. ദിവാൻ ഭരണത്തിന് എതിരായ സമരം പൂഞ്ഞാർ സ്കൂളിലും ശക്തമായിരുന്നു. സമരക്കാരെ തോൽപ്പിക്കാൻ അന്ന് കുട്ടികളെ സ്കൂളിലെത്തിച്ചിരുന്നത് കോമ്പൗണ്ട് മതിലിന് മുകളിലൂടെയായിരുന്നു. പികെവിയും ഒരുപാടുനാൾ സ്കൂളിലെത്തിയത് ആ വഴിയിലൂടെയാണ്. ഹൈസ്കൂൾ പഠനകാലത്ത് സമരവിരോധിയായിരുന്ന പികെവിയാണ് പിൽക്കാലത്ത് ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ചതും കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് വരെ ഉയർന്നതും
‘സമരം നടക്കുമ്പോൾ സ്കൂൾ ഗേറ്റിൽ പിക്കറ്റിംഗ് ഉണ്ടാകുമായിരുന്നു. സമരക്കാരെ തോൽപ്പിച്ച് കുട്ടികളെ ക്ലാസിൽ എത്തിക്കാൻ പ്യൂൺമാരും പുറത്തുള്ള ചിലയാളുകളും കുട്ടികളെ സ്കൂൾ മതിലിനു മുകളിലൂടെ എടുത്തു കയറ്റുമായിരുന്നു. പലദിവസങ്ങളിലും പ്രായമായവരുടെ തോളിൽ കയറിയാണ് ഞാൻ സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ചത്. അന്ന് പഠിക്കണമെന്ന
ലക്ഷ്യം മാത്രമായിരുന്നു. അതിന് വിഘാതം സൃഷ്ടിക്കുന്നവരെ അപകടകാരികളായിട്ടാണ് ഞാൻ കണ്ടത്. ഇത്തരത്തിൽ ഒരു വിദ്യാർത്ഥിയായിരുന്ന ഞാൻ പിന്നീട് വിദ്യാർത്ഥി നേതാവും കമ്മ്യൂണിസ്റ്റുകാരനുമായി തീർന്നത് വളരെ വേഗത്തിലായിരുന്നു.’
(പികെവി, 2013: 17)
കുടുംബത്തിലെ ജീവിതസാഹചര്യവും മറച്ചുവയ്ക്കുന്നില്ല പികെവി. അങ്ങയേറ്റം വ്യക്തിപരമായ കാര്യങ്ങൾ കൂടി സൂചിപ്പിച്ചുകൊണ്ടാണ് ആത്മകഥാരചന. കുടുംബത്തിലെ ദുരിതപൂർണമായ ജീവിതത്തെക്കുറിച്ച് ആത്മകഥയിൽ സൂചിപ്പിക്കുന്നുണ്ട്. അച്ഛന്റെ പുനർവിവാഹത്തെ എതിർത്തിട്ടില്ല പികെവി. രണ്ടാനമ്മ ശാരീരികബുദ്ധിമുട്ടുകൾ നേരിട്ട സമയത്തൊക്കെ അവരെ പരിചരിച്ച കാര്യവും ചൂണ്ടിക്കാണിക്കുന്നു. രണ്ടാനമ്മയുടെ സ്വഭാവഗുണങ്ങളെപ്പറ്റിയും വിശദീകരിക്കുന്നുണ്ട്. വീടകങ്ങളിൽ ഒതുങ്ങിനിൽക്കേണ്ടി വന്ന സ്ത്രീത്വമായിട്ടല്ല പികെവി രണ്ടാനമ്മയെ അവതരിപ്പിക്കുന്നത്. സാമൂഹിക ഇടപെടലിനെ മുൻനിർത്തിയാണ് അവരുടെ വ്യക്തിത്വം ഉയർത്തിക്കാണിക്കുന്നത്. അതിനൊപ്പം ബാല്യകാലത്ത് കുടുംബഘടനയിലൊതുങ്ങിയ ജീവിതമായിരുന്നു തന്റേതെന്ന് ഇത്തരം സന്ദർഭങ്ങളെ മുൻനിർത്തി പികെവി വ്യക്തമാക്കുന്നുണ്ട്.
ബാല്യകാലത്ത് മാത്രമല്ല, മുതിർന്നപ്പോഴും അച്ഛന് തന്നോടുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന സന്ദർഭങ്ങൾ ആത്മകഥയിൽ ആവിഷ്കരിക്കുന്നുണ്ട് പികെവി. അന്ന് കമ്യൂണിസ്റ്റുകാർക്ക് സമൂഹത്തിൽ കാര്യമായ സ്വീകാര്യത ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ആ വഴിയിൽ സഞ്ചരിക്കുന്നതിനെ അങ്കലാപ്പോടെയാണ് പലരും കണ്ടത്. അച്ഛന്റെ ചിന്താരീതിയും അങ്ങനെയായിരുന്നുവെന്നും തന്നെ കമ്യൂണിസത്തിൽ നിന്ന് പുറത്തുകടത്താൻ കാര്യമായി ശ്രമിച്ചെന്നും പികെവി വ്യക്തമാക്കുന്നുണ്ട്. അച്ഛന്റെ സമ്മർദം കൂടിയപ്പോഴും പികെവി കമ്യൂണിസം ഉപേക്ഷിച്ചില്ല.
‘ഞാൻ നിയമപഠനം പൂർത്തിയാക്കാതെ മുഴുവൻ സമയ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായി കഴിയുകയാണെന്ന വിവരം അച്ഛനെ വേദനിപ്പിച്ചു. എന്നെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് അച്ഛന് ഉണ്ടായിരുന്നത്.’ (പികെവി, 2013: 20)
‘അച്ഛൻ എന്നെപ്പറ്റിയുള്ള അന്വേഷണങ്ങൾ അവസാനിപ്പിച്ചു . മൂത്ത മകൻ നഷ്ടപ്പെട്ട മട്ടിലായിരുന്നു അദ്ദേഹത്തിന്റെ മാനസികാവസ്ഥ. എപ്പോഴും എല്ലാ കാര്യങ്ങളിലും അച്ഛനെ അനുസരിച്ചിരുന്ന എനിക്ക് ഉള്ളിന്റെയുള്ളിൽ തറഞ്ഞുകയറിയ വിപ്ലവാശയങ്ങളിൽ നിന്ന് പിന്മാറാൻ കഴിയുമായിരുന്നില്ല.’ (പികെവി, 2013: 24 )
വർഗസമരത്തിലധിഷ്ഠിതമാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയാടിത്തറ. എന്നാൽ, കേരളത്തിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തെ അപഗ്രഥിക്കുമ്പോൾ പ്രാമുഖ്യം ലഭിക്കുന്ന മറ്റ് ഘടകങ്ങളുമുണ്ട്. നവോത്ഥാന സംഘടനകളും ദേശീയപ്രസ്ഥാനവും അതിൽ പ്രധാനപ്പെട്ടവയാണ്. കേരളത്തിൽ നടന്ന ജാതിവിരുദ്ധ സമരങ്ങളും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ പോരാട്ടങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിപ്പെടലിന് കാരണമായിത്തീർന്നിട്ടുണ്ട്
(എം ആർ ചന്ദ്രശേഖരൻ, 2009: 7). പികെവിയുടെ ആത്മകഥയിലും ആഖ്യാനത്തിലെ ജാതി-കമ്മ്യൂണിസ്റ്റ് കർതൃത്വങ്ങൾ പ്രശ്നവൽക്കരിക്കപ്പെടുന്നുണ്ട്. സവർണ ഹിന്ദുത്വത്തിലാണ് ആഖ്യാനത്തിന്റെ ആദ്യഭാഗം നിലനിൽക്കുന്നത്. അവിടെ നിന്നാണ് കമ്മ്യൂണിസത്തിലേക്കുള്ള പരിണാമം. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ സമരങ്ങളാണ് ഇവിടെ ഉയർത്തിക്കാണിക്കുന്നത്.
വിദ്യാർത്ഥി സമരങ്ങൾ
***********************
ബാല്യകാലത്ത് പൂർണമായും കുടുംബ‑സമുദായ ഘടനയ്ക്കുള്ളിലായിരുന്നു പികെവിയുടെ ജീവിതം. പൂഞ്ഞാർ സ്കൂളിലെ പഠനകാലത്ത് ദിവാന് എതിരായ സമരം കണ്ടാണ് വളർന്നത്. ദിവാൻ വിരുദ്ധ പ്രക്ഷോഭത്തെ പരാജയപ്പെടുത്താനുള്ള നീക്കങ്ങളുടെ മുൻനിരയിലാണ് അന്നുണ്ടായിരുന്നത്. അന്നുവരെ സമരങ്ങളോട് മുഖം തിരിഞ്ഞ് നിന്നിരുന്ന പ്രകൃതമായിരുന്നു പികെവിയുടേത്. ഉന്നത വിദ്യാഭ്യാസത്തിനായി ആലുവ യുസി കോളജിൽ എത്തിയപ്പോൾ സ്ഥിതി മാറി. ക്വിറ്റിന്ത്യാസമരം ശക്തമായ കാലമായിരുന്നു അത്. കോളജിലെ മറ്റ് അനേകം വിദ്യാർത്ഥികളെപ്പോലെ സമരത്തിൽ ആകൃഷ്ടനായി. ഓൾ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എഐഎസ്എഫ്) എന്ന സംഘടനയാണ് അന്ന് വിദ്യാർത്ഥികൾക്കിടയിൽ പ്രബലമായിരുന്നത്. പിൽക്കാലത്ത് അതിന്റെ സജീവ പ്രവർത്തകനായി മാറി.
‘ആലുവ യുസി കോളേജിലെ ജീവിതം എന്റെ ഭാവി ജീവിതത്തെ നിർണ്ണായകമായി സ്വാധീനിക്കുകയുണ്ടായി. എന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടം ആരംഭിക്കുന്നത് ഇവിടെനിന്നാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠിത്തത്തിൽ മാത്രമായിരുന്നു ഞാൻ ശ്രദ്ധ
കേന്ദ്രീകരിച്ചിരുന്നത്. യുസി കോളേജിൽ എത്തിയപ്പോൾ രാജ്യത്തെ പിടിച്ചുകുലുക്കിയ ക്വിറ്റിന്ത്യാ സമരം നടക്കുന്ന കാലമായിരുന്നു. ആ സമരം വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ആകർഷിച്ചു. ഞാനും സമരത്തിൽ ആകൃഷ്ടനായി. ഞങ്ങളുടെ കോളജിൽ വിദ്യാർഥികൾ ക്വിറ്റിന്ത്യാ സമരത്തിൽ സജീവമായി പങ്കെടുത്തു. സമരത്തിന് നേതൃത്വം നൽകിയിരുന്നത് എഐഎസ്എഫ് ആയിരുന്നു. യുസി കോളേജിൽ എഐഎസ്എഫ് അല്ലാതെ മറ്റൊരു സംഘടനയുമുണ്ടായിരുന്നില്ല.’
(പികെവി, 2013: 30)
വായന, ചർച്ചകൾ, കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് അടുപ്പം കാണിച്ച അധ്യാപകരുടെ സാന്നിധ്യം എന്നിവയെല്ലാം ചേർന്നാണ് യുസി കോളജ് വിദ്യാർത്ഥികളെ സമരമുഖത്തേക്ക് ഇറക്കിയത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ പല തലങ്ങളിൽ ഒന്നായിരുന്നു ആശയപ്രചാരണം. നിരന്തര ചർച്ചകളിലൂടെയും സ്റ്റഡി ക്ലാസുകളിലൂടെയും സാധ്യമായ ആശയപ്രചാരണം വലിയൊരു വിഭാഗം വിദ്യാർത്ഥികളെ സമരത്തിൽ
ഉറപ്പിച്ചുനിർത്തി. കമ്യൂണിസ്റ്റ് ആശയത്തിലേക്ക് ആകൃഷ്ടനായതിന്റെ മൂന്ന് കാരണങ്ങൾ നിരത്തുന്നുണ്ട് പികെവി. ആദ്യത്തേത് കമ്യൂണിസത്തെക്കുറിച്ച് വായനയിലൂടെ/ചർച്ചകളിലൂടെ രൂപപ്പെട്ട പ്രത്യയശാസ്ത്ര അടിത്തറയാണ്. രണ്ടാമത്തേത് കെ സി മാത്യുവിനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റുകാരായ വിദ്യാർത്ഥികളുടെ സ്വാധീനമാണ്. കുറ്റിപ്പുഴ കൃഷ്ണപിള്ളയെപ്പോലുള്ള അധ്യാപകരും വിദ്യാർത്ഥികളിൽ സ്വാധീനം ചെലുത്തി.
‘ഞങ്ങളിൽ രാഷ്ട്രീയ പുസ്തകങ്ങൾ വായിക്കാനുള്ള പ്രേരണയുണ്ടാക്കിയത് കുറ്റിപ്പുഴ കൃഷ്ണപിള്ള സാറാണ്. അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നു. യുക്തിവാദിയായിരുന്നു. അദ്ദേഹം അധ്യാപകനായി ഞങ്ങളെ പഠിപ്പിക്കുക മാത്രമല്ല ചെയ്തത്. അദ്ദേഹത്തിന്റെ ക്ലാസുകളിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു. വിദ്യാർത്ഥികളെ തലമുറകളായി സ്വാധീനിച്ച അധ്യാപകനാണദ്ദേഹം. കുറ്റിപ്പുഴ കൃഷ്ണപിള്ള സാറിന്റെ സ്വാധീനം ആലുവ യുസി കോളേജിന്റെ മറ്റൊരു സവിശേഷതയാണ്. അതുപോലെയുള്ള അധ്യാപകർ അപൂർവമായിട്ടേയുള്ളൂ. ഇതെല്ലാം കൂടിച്ചേർന്നാണ് ഞാനൊരു കമ്മ്യൂണിസ്റ്റായി മാറാനിടയായത്’ (പികെവി, 2013: 38- 39)
കമ്മ്യൂണിസ്റ്റാശയ പ്രചാരണമാണ് ഇവിടെ ഉയർത്തിക്കാണിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരുടെയും സാന്നിധ്യമുണ്ടായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം സമരങ്ങളെ പികെവിയുടെ ആത്മകഥയിൽ അടയാളപ്പെടുത്തുന്നത്. പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് കമ്യൂണിസ്റ്റുകാരായ വിദ്യാർത്ഥികളായിരുന്നു എന്ന് ആവർത്തിക്കുന്നുമുണ്ട്.
പുന്നപ്ര‑വയലാർ സമരം
***********************
കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ ചാലകശക്തികളിൽ ഒന്നായിട്ടാണ് പുന്നപ്ര‑വയലാർ സമരത്തെ ആവിഷ്കരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പ് എന്നാണ് അധ്യായത്തിന് നൽകിയിരിക്കുന്ന പേര്. ദിവാൻ ഭരണത്തിന് എതിരായ ഐതിഹാസിക സമരമെന്ന് വിശേഷിപ്പിക്കുകയും അതിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ജനങ്ങളെ കേന്ദ്രസ്ഥാനത്ത് നിർത്തിയാണ് ആഖ്യാനം. ദിവാൻ ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടിയെന്നും അത് ജനകീയ പ്രക്ഷോഭത്തിലേക്ക് നയിച്ചെന്നുമാണ് വ്യക്തമാക്കുന്നത്.
പുന്നപ്ര‑വയലാറുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പാർട്ടിക്ക് നേരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സമരത്തിന്റെ കേന്ദ്രസ്ഥാനത്ത് ജനങ്ങളെ പ്രതിഷ്ഠിക്കുക വഴി അത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് പികെവി ആത്മകഥയിലൂടെ. ജനങ്ങൾക്ക് വേണ്ടി കമ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുത്ത് നടത്തിയ സമരം, അന്നത്തെ സാമൂഹിക സാഹചര്യത്തിൽ അനിവാര്യമായിരുന്ന സമരം എന്നിങ്ങനെയാണ് അത്തരം വിമർശസ്വരങ്ങളെ പികെവി നേരിടുന്നത്.
‘ഏകാധിപതിയായ സർ സിപിയുടെ ദിവാൻ ഭരണത്തിന്റെ ഉരുക്കുമുഷ്ടിക്കെതിരെ രൂക്ഷവും ശക്തവുമായ സമരങ്ങൾ അനിവാര്യമാണെന്ന അഭിപ്രായം ജനങ്ങൾക്കിടയിൽ നിന്നുയരാൻ തുടങ്ങി. അത്രമാത്രം ജനങ്ങൾ സിപിയുടെ ഭരണത്തിൽ പൊറുതിമുട്ടിയിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പുന്നപ്ര‑വയലാർ സമരം നടന്നത്. അമ്പലപ്പുഴ‑ചേർത്തല താലൂക്കുകളിലെ തൊഴിലാളികളും അവരുടെ സംഘടനകളും സമരത്തിൽ സജീവമായി പങ്കെടുത്തു. കയർ-കർഷക തൊഴിലാളികളായിരുന്നു സമരത്തിന്റെ മുൻപന്തിയിൽ.’ (പികെവി, 2013: 62)
ജന്മിത്വത്തിന്റെ ക്രൂരതയും സമരം ശക്തിപ്പെടാൻ കാരണമായെന്നാണ് നിരീക്ഷണം. ജന്മിത്വ‑ഭരണകൂട കൂട്ടുകെട്ട് കർഷക‑തൊഴിലാളി ജീവിതം അങ്ങേയറ്റം ദുസഹമാക്കിയെന്നും സമരത്തിന് നിർബന്ധിതരായെന്നുമാണ് വിശദീകരിക്കുന്നത്. ജന്മിമാരുടെ ഗുണ്ടകളും അവർക്കൊപ്പം നിലയുറപ്പിച്ച ദിവാനും കർഷകരെയും തൊഴിലാളികളെയും നേരിട്ടപ്പോഴാണ് സംഘടിക്കാൻ അവർ നിർബന്ധിതരായതെന്ന് പികെവി എഴുതുന്നു.
‘തൊഴിലാളികളുടെ സംഘടിത നിലപാടും ജന്മി-മുതലാളിമാരുടെ തൊഴിലാളി വിരുദ്ധ മനോഭാവവും പലവിധ അസ്വസ്ഥതകൾക്കുമിടയാക്കി. ജന്മിമാർക്കും മുതലാളിമാർക്കും പൊലീസിന്റെയും പട്ടാളക്കാരുടെയും സഹായങ്ങൾ ലഭിച്ചിരുന്നു. കൂടാതെ ജന്മി- മുതലാളിമാർക്ക് സ്വന്തമായി ഗുണ്ടാസംഘങ്ങളുമുണ്ടായിരുന്നു. തൊഴിലാളി സംഘടനകളെ അമർച്ച ചെയ്യാൻ ലഭിച്ച അവസരങ്ങളൊന്നും ദിവാൻ ഭരണം പാഴാക്കിയില്ല.’ (പികെവി, 2013: 63)
പുന്നപ്ര‑വയലാർ സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആദ്യം പരിഗണിച്ചിരുന്നില്ല. പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിഐ) നേതാവ് ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ആവശ്യം നടപ്പായത്. പുന്നപ്ര‑വയലാറിൽ പങ്കെടുത്തവർക്ക് സ്വാതന്ത്ര്യ സമരസേനാനികൾക്കുള്ള പെൻഷൻ അനുവദിക്കുകയും ചെയ്തു. പുന്നപ്ര‑വയലാറിനെ സ്വാതന്ത്ര്യ സമര ചരിത്രത്തോട് ചേർത്തുവച്ചാണ് ഇവിടെ വിലയിരുത്തുന്നത്. സമരകാരണമായി ചൂണ്ടിക്കാണിക്കുന്നത് രണ്ട് കാരണങ്ങളാണ്. അതിൽ ആദ്യത്തേത് തൊഴിലാളികളുടെ ആവശ്യങ്ങളും രണ്ടാമത്തേത് നാടിന്റെ സ്വാതന്ത്ര്യവുമാണ്. അതുവഴി സ്വാതന്ത്ര്യസമര പോരാട്ടത്തിലേക്ക്
പുന്നപ്ര‑വയലാറിനെ കണ്ണിചേർക്കുകയാണ് പികെവി.
ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നേരെ വിമർശനങ്ങൾ ഉയർന്ന കാലമായിരുന്നു അത്. അതിനെ മറികടക്കാനുള്ള രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചത് പുന്നപ്ര‑വയലാറാണെന്ന് പികെവിയുടെ ആത്മകഥയിൽ പറയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പുതിയ ഉണർവ് നൽകിയ സമരമെന്നും വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ ചരിത്രത്തിൽ പുന്നപ്ര‑വയലാർ സമരത്തിന് വലിയ പ്രധാന്യമുണ്ടെന്ന് ഈ അധ്യായത്തിൽ ആവർത്തിക്കുന്നുണ്ട്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലെ നിർണായക സന്ദർഭമായിട്ടാണ് പുന്നപ്ര‑വയലാറിനെ ഉയർത്തിക്കാണിക്കുന്നത്.
‘രാജവാഴ്ചയും ദിവാൻ ഭരണവും അവസാനിപ്പിക്കാൻ നടന്ന നിരവധി സമരങ്ങളിൽ അത്യുജ്ജ്വലമായ അധ്യായമാണ് പുന്നപ്ര‑വയലാർ സമരം. നൂറുകണക്കിന് തൊഴിലാളികൾ സ്വന്തം ജീവരക്തം ചൊരിഞ്ഞും ജീവൻ പണയപ്പെടുത്തിയും ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
ഈ സമരത്തിന് നേതൃത്വം നൽകിയത് കമ്യൂണിസ്റ്റ് പാർട്ടിയായതിന്റെ പേരിൽ സ്വാതന്ത്ര്യസമരമായി ഇതിനെ അംഗീകരിക്കാൻ കമ്മ്യൂണിസ്റ്റു പ്രതിയോഗികൾ തയ്യാറായില്ല (പികെവി, 2013: 68)
കൽക്കട്ട തീസിസ്
******************
1948ൽ കൽക്കട്ടയിൽ വച്ചാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം പാർട്ടി കോൺഗ്രസ് നടന്നത്. കേന്ദ്ര സർക്കാരിനെ സായുധ സമരത്തിലൂടെ പുറത്താക്കണമെന്ന പ്രമേയം പാർട്ടി കോൺഗ്രസ് പാസാക്കി. അതോടെ കേന്ദ്രസർക്കാർ കമ്യൂണിസ്റ്റ് പാർട്ടിയേയും ബഹുജന സംഘടനകളേയും നിരോധിച്ചു. ബി ടി രണദിവെ ആയിരുന്നു കൽക്കട്ട തീസിസ് പാസാക്കിയ രണ്ടാം പാർട്ടി കോൺഗ്രസിൽ വച്ച് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും അത് വലിയ മാറ്റങ്ങളുണ്ടാക്കി.
‘രണ്ടാം പാർട്ടി കോൺഗ്രസിനുശേഷം കമ്യൂണിസ്റ്റു് പാർട്ടി തീവ്രവാദ നിലപാടാണ് സ്വീകരിച്ചത്. പാർട്ടിയെ നിരോധിക്കുമെന്നും ശക്തമായി അടിച്ചമർത്തൽ നേരിടുമെന്നും മുൻകൂട്ടി അറിയാമായിരുന്നു. പാർട്ടി കോൺഗ്രസ് കഴിഞ്ഞയുടനെ നേതാക്കളെല്ലാം അണ്ടർ ഗ്രൗണ്ടിലേക്ക് പോകുകയാണുണ്ടായത്.അന്നൊന്നും സർക്കാരിന്റെ നിരോധനം വന്നിട്ടില്ലായിരുന്നു. ആറുമാസം കഴിഞ്ഞപ്പോഴാണ് പാർട്ടിയെയും ബഹുജന സംഘടനകളെയും നെഹ്റു സർക്കാർ നിരോധിച്ചത്. നേതാക്കളെ അറസ്റ്റുചെയ്യാൻ വാറണ്ട് പുറപ്പെടുവിച്ചു. പല നേതാക്കളും ജയിലിലായി.’ (പികെവി, 2013: 89)
കൽക്കട്ട തീസിസ് തുടക്കത്തിൽ പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ ആവേശമുണ്ടാക്കി. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞെന്നാണ് പികെവി വ്യക്തമാക്കുന്നത്. കൽക്കട്ട തീസിസിനെ പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി തന്നെ തള്ളിപ്പറഞ്ഞു. കൽക്കട്ട തീസിസിന്റെ വിമർശക സ്ഥാനത്താണ് ആത്മകഥ നിലയുറപ്പിക്കുന്നത്. സായുധ കലാപമെന്ന പാർട്ടി നയത്തിനെതിരെ രൂക്ഷ വിമർശനമാണ് പികെവി ഉന്നയിക്കുന്നത്.
‘കൽക്കത്ത തീസിസ് കാലത്ത് പ്രശ്നങ്ങൾ ബോധപൂർവം സൃഷ്ടിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തത്. ജയിലിൽ സമരം നടത്താൻ പോലും പാർട്ടി ആവശ്യപ്പെട്ടു. ജയിലിൽ സമരം നടത്തുക മാത്രമല്ല, അകാരണമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു. നിരാഹാരം കിടക്കുക, നിരാഹാരം അവസാനിപ്പിക്കാൻ വരുന്ന പൊലീസുമായി ഏറ്റുമുട്ടുക എന്നിവ ജയിലിൽ പതിവായി’
(പികെവി, 2013: 98)
കൽക്കട്ട തീസിസിന്റെ കാലത്ത് കേരളത്തിലുണ്ടായ രണ്ട് പ്രധാനപ്പെട്ട സംഭവങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇടപ്പള്ളി, ശൂരനാട് സംഭവങ്ങളാണ് ഉയർത്തിക്കാണിക്കുന്നത്. ഇടപ്പള്ളിയിലേത് പൊലീസ് സ്റ്റേഷൻ ആക്രമണമാണെന്ന് വ്യക്തമാക്കുമ്പോൾ ശൂരനാടിന്റെ കാര്യത്തിൽ ആ നിലപാടില്ല. ശൂരനാട് സംഭവമെന്ന് മാത്രമേ പികെവി എഴുതുന്നുള്ളൂ. രണ്ടിനേയും വീരസാഹസിക സമരങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്. കൽക്കട്ട തീസിസിനെ തള്ളിപ്പറയുന്ന പികെവി അതിന്റെ ഭാഗമായി തന്നെ കേരളത്തിലുണ്ടായ ഈ രണ്ട് സംഭവങ്ങളേയും നിരാകരിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.
‘കൽക്കട്ടാ തീസിസിന്റെ കാലത്ത് നിരവധി വീരസാഹസിക സമരങ്ങൾ നടക്കുകയുണ്ടായി. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണവും ശൂരനാട് സംഭവവും അതിൽ പ്രധാനപ്പെട്ടവയാണ്.’ (പികെവി, 2013: 96)
ഭരണകൂട‑പൊലീസ് ഭീകരതയാണ് ശൂരനാട് സംഭവത്തിലേക്ക് നയിച്ചതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ജന്മിമാർക്ക് അനുകൂലമായ പൊലീസ് നിലപാടിനോടുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് അതെന്നാണ് പികെവിയുടെ നിലപാട്. ഭീകരമർദനമാണ് പൊലീസ് അഴിച്ചുവിട്ടതെന്ന് പതിനഞ്ചാം അധ്യായത്തിൽ വിശദീകരിക്കുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ്
***********************************
1964‑ലാണ് ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി പിളരുന്നത്. പികെവി സിപിഐയിൽ തന്നെ ഉറച്ചുനിന്നു. പിളർപ്പിന് നേതൃത്വം നൽകുകയും പുതിയ പാർട്ടി രൂപീകരിക്കുകയും ചെയ്തവരെ നിശിതമായ ഭാഷയിൽ വിമർശിക്കുന്നുണ്ട് പികെവി. പിളർപ്പിന് മുൻപും ശേഷവുമുള്ള സാഹചര്യം ആത്മകഥയിൽ വിലയിരുത്തുന്നുണ്ട്. പിളർപ്പോടെ കമ്യൂണിസ്റ്റ് പാർട്ടികൾ ഇന്ത്യയിൽ ദുർബലമായെന്നാണ് വ്യക്തമാക്കുന്നത്.
‘ഇന്ത്യയിലെ കമ്യൂണിസ്റ്റു വിപ്ലവപ്രസ്ഥാനത്തെ ദുർബലമാക്കാനാണ് പിളർപ്പ് കാരണമായത്. കമ്യൂണിസ്റ്റുപാർട്ടിയുടെ ഐക്യത്തിലും കെട്ടുറപ്പിലും വിശ്വസിച്ചിരുന്നവർക്കെല്ലാം പിളർപ്പ് കനത്ത പ്രഹരമായി അനുഭവപ്പെട്ടു. അങ്ങനെ കനത്ത മാനസിക സംഘർഷത്തിന്റെ ഒരു കാലഘട്ടത്തിൽ കൂടിയാണ് ജീവിക്കേണ്ടി വന്നത്’ (പികെവി, 2013:163)
പിളർപ്പിന്റെ കാരണങ്ങളെക്കുറിച്ചുള്ള വിശദമായ ചർച്ചയ്ക്ക് പികെവി മുതിരുന്നില്ല. അടിസ്ഥാന തത്വങ്ങൾ കാറ്റിൽപ്പറത്തിയാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പുണ്ടാക്കിയതെന്നാണ് നിരീക്ഷണം. പാർട്ടിയുടെ സംഘടനാ തത്വങ്ങളിൽ ഉറച്ചുനിന്നാണ് വിമർശനം ഉന്നയിക്കുന്നത്.
‘പുതുതായി സിപിഐം രൂപീകരിച്ചവരുടെ രാഷ്ട്രീയ ചിന്താഗതിയുമായി പൊരുത്തപ്പെടാൻ എനിക്ക് കഴിയുമായിരുന്നില്ല. 1962ൽ ഇന്ത്യയുടെ നേർക്കുണ്ടായ ചൈനീസ് ആക്രമണം അഭിപ്രായ വ്യത്യാസങ്ങൾക്ക് ആക്കം കൂട്ടുകയാണുണ്ടായത്. ചൈനീസ് കമ്യൂണിസ്റ്റുപാർട്ടിയുടെ നിലപാടിനോട് ഞാൻ ശക്തിയായി വിയോജിച്ചിരുന്നു.
ആശയപരവും രാഷ്ട്രീയവുമായ അഭിപ്രായ വ്യത്യാസങ്ങളോടൊപ്പം പാർട്ടിയുടെ അച്ചടക്കം ലംഘിച്ചുകൊണ്ടുള്ള പിളർപ്പിന് പ്രവർത്തനങ്ങൾ ശക്തിയായി നടത്തിയപ്പോൾ സംഘടനയുടെ പ്രാഥമിക തത്വങ്ങൾ തന്നെ അവർ കാറ്റിൽപ്പറത്തി. ജനാധിപത്യ കേന്ദ്രീകരണം എന്ന സംഘടനാതത്വം ആഭ്യന്തര ജനാധിപത്യം ഉറപ്പുനൽകുന്നുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിക്കുള്ളിൽ പരിമിതപ്പെടുത്തണമെന്നും, ഭൂരിപക്ഷ തീരുമാനങ്ങൾ എല്ലാ പാർട്ടി മെമ്പർമാരും പ്രയോഗത്തിൽ നടപ്പിലാക്കണമെന്നും പഠിപ്പിച്ച
നേതാക്കൾ തന്നെയാണ് അത് കാറ്റിൽപ്പറത്തിയത്.’ (പികെവി, 2013: 162–163)
പിളർപ്പിന് ശേഷം കേരളത്തിൽ സിപിഐ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ജനങ്ങളോട് നിരന്തരം സംവദിച്ചും പാർട്ടി പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങിച്ചെന്നുമാണ് പ്രതിസന്ധിഘട്ടത്തെ ഒരുപരിധി വരെ മറികടക്കുന്നത്. അണികളെ പിടിച്ചുനിർത്തുക എന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു അക്കാലത്തെന്നാണ് വ്യക്തമാക്കുന്നത്.
‘എനിക്കും എന്നെപ്പോലെയുള്ള സഖാക്കൾക്കും പാർട്ടിയിലെ പിളർപ്പ് കടുത്ത പരീക്ഷണഘട്ടമായിരുന്നു. കേരളത്തിൽ ഇഎംഎസും എകെജിയും പാർട്ടി പിളർത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ സാഹചര്യത്തിൽ ഗണ്യമായ പങ്ക് അവരോടൊപ്പമായിരുന്നു. പാർട്ടിയുടെ നിലപാട് വിശദീകരിച്ചുകൊണ്ട് പരമാവധി സഖാക്കളെ ഉറപ്പിച്ചു നിർത്താൻ കഠിനാധ്വാനം ആവശ്യമില്ലായിരുന്നു.
(പികെവി. 2013: 162)
പിളർപ്പിന് തൊട്ടുപിന്നാലെയുണ്ടായ തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ മത്സരിക്കണമെന്ന നിർദേശം അന്നുയർന്ന് വന്നിരുന്നു. രണ്ട് പാർട്ടികളുടെയും നേതാക്കന്മാർ ചർച്ച നടത്തുകയും ചെയ്തു. എന്നാൽ പിളർപ്പിന് മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് മടങ്ങാനും യോജിക്കാനും കമ്യൂണിസ്റ്റുപാർട്ടികൾക്ക് കഴിഞ്ഞില്ല. ഐക്യമുണ്ടാകാതെ പോയ സാഹചര്യത്തെക്കുറിച്ച് പികെവി പരാമർശിക്കുന്നുണ്ട്.
ഒരു പ്രത്യേക പ്രശ്നത്തെക്കുറിച്ചുള്ള നയപരമായ അഭിപ്രായ വ്യത്യാസമെന്നാണ് പികെവി എഴുതുന്നത്. പിളർപ്പ് സിപിഐയേയും സിപിഐഎമ്മിനേയും ദുർബലമാക്കിയെന്നാണ് പികെവിയുടെ നിലപാട്.
പിളർപ്പിന് ശേഷം 1978ൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടികളുടെ ദേശീയ സമ്മേളനമാണ് (പാർട്ടി കോൺഗ്രസ് ) വീണ്ടും യോജിച്ചുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്തത്. പഞ്ചാബിൽ വച്ചായിരുന്നു രണ്ട് പാർട്ടി കോൺഗ്രസുകളും. ഇടതുഐക്യം ശക്തിപ്പെടുത്താൻ തീരുമാനിച്ചതോടെ കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായി പ്രവർത്തിക്കുകയായിരുന്ന പികെവി രാജിവച്ചു. പിൽക്കാലത്ത് ഇടതുമുന്നണിയുടെ രൂപീകരണത്തിലേക്ക് നയിച്ചത് സിപിഐഎമ്മിന്റെയും സിപിഐയുടെയും പഞ്ചാബ് പാർട്ടി കോൺഗ്രസിലെ തീരുമാനങ്ങളായിരുന്നു.
1978ൽ പഞ്ചാബിൽ രണ്ട് കമ്മ്യൂണിസ്റ്റുപാർട്ടികളുടെയും പാർട്ടി കോൺഗ്രസ് സമ്മേളനങ്ങൾ നടക്കുകയുണ്ടായി. സിപിഐയുടെ പാർട്ടി കോൺഗ്രസ് ഭട്ടിൻഡായിലും സിപിഐഎമ്മിന്റേത് ജലന്ധറിലുമായിരുന്നു. രണ്ടു പാർട്ടികളും അവരുടെ നയത്തിന് മാറ്റംവരുത്തിയത് ആ സമ്മേളനങ്ങളിൽ വച്ചായിരുന്നു. ആ തീരുമാനമാണ് ഇടതുപക്ഷ ഐക്യത്തിന് വീണ്ടും വഴി തുറന്നത്.’
(പികെവി,2013: 54)
‘ഇടതുപക്ഷ ഐക്യം സൃഷ്ടിക്കുകയാണ് പരമപ്രധാനമെന്ന് സിപിഐയും സിപിഎമ്മും പ്രഖ്യാപിച്ചു. തുടർന്നാണ് ഞാൻ മുഖ്യമന്ത്രി പദം രാജിവയ്ക്കാനിടയായത്. 1979 ഒക്ടോബറിലായിരുന്നു ഞാൻ രാജിവെച്ച് കോൺഗ്രസുമായുള്ള മുന്നണി ബന്ധം അവസാനിപ്പിച്ചത്.
(പികെവി, 2013: 55)
പാർലമെന്ററി ജീവിതം, മന്ത്രിസഭകൾ
***********************************
എംഎൽഎ, മന്ത്രി, മുഖ്യമന്ത്രി, എംപി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് പികെവി. പാർലമെന്ററി രാഷ്ട്രീയം വിശദീകരിക്കുന്നത് ഏഴ് അധ്യായങ്ങളിലായിട്ടാണ്. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന് വലിയ പ്രാമുഖ്യം നൽകുന്നില്ല. സി അച്യുതമേനോൻ സർക്കാരിനെക്കുറിച്ച് വിശദീകരിക്കാൻ ഒരു അധ്യായം തന്നെ മാറ്റി വയ്ക്കുന്നുണ്ട്. ആ ഭരണകാലത്തെ കേരളത്തിന്റെ സുവർണകാലമെന്നാണ് വിശേഷിപ്പിക്കുന്നത്.
നാല് തവണ ലോക്സഭയിലേക്ക് മത്സരിച്ചു. 1957, 1962, 1967, 2004 വർഷങ്ങളിൽ എംപിയായി. ആലപ്പുഴ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്കെത്തിയത്. 1982‑ൽ പരാജയപ്പെട്ടതോടെ പിന്നീട് പാർട്ടി സംഘടനാ രംഗത്തേക്ക് പൂർണമായും മാറി. സിപിഐ സംസ്ഥാന സെക്രട്ടറിയായി പതിനാല് വർഷം തുടർന്നു. എല്ലാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ആത്മകഥയിൽ വിശദീകരിക്കുന്നില്ല. ലോക്‌സഭയിലേക്ക് ആദ്യമായി മത്സരിച്ചത് തിരുവല്ലയിൽ നിന്നാണ്. വിജയകാരണം എന്താണെന്നും വ്യക്തമാക്കുന്നുണ്ട്.
‘ഞാൻ തിരുവല്ലയിൽ വിജയിക്കാൻ രണ്ട് കാരണങ്ങൾ സഹായകമായി. ഒന്ന് കോൺഗ്രസ് അണികളിലെ ആലസ്യം. മറ്റൊന്ന് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നേർക്ക് ജനങ്ങളിലുണ്ടായ വർധിച്ച ആഭിമുഖ്യം. അന്ന് മന്നത്ത് പത്മനാഭനും എൻഎസ്എസും കോൺഗ്രസിനോട് മുഖംതിരിഞ്ഞു നിൽക്കുകയായിരുന്നു. അതിന്റെ പ്രയോജനവും എനിക്ക് ലഭിക്കുകയുണ്ടായി’ (പികെവി, 2013: 130)
1967ൽ പീരുമേട്ടിൽ നിന്നാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ശക്തമായ ത്രികോണ മത്സരമാണ് വിജയം എളുപ്പമാക്കിയതെന്ന് പികെവി എഴുതുന്നു. 2004ൽ തിരുവനന്തപുരത്ത് മത്സരിച്ചപ്പോഴും ശക്തമായ ത്രികോണ മത്സരം നടന്നത് വിജയത്തിലേക്ക് നയിച്ചെന്ന് നിരീക്ഷിക്കുന്നുണ്ട്. 1977ൽ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളെ കുറിച്ച് ആത്മകഥയിൽ വിശദീകരിക്കുന്നുണ്ട്.
1970‑ൽ അധികാരമേറ്റ സി അച്യുതമേനോൻ മന്ത്രിസഭ കേരള വികസനത്തിൽ വഹിച്ച നിർണായക പങ്ക് പികെവി ഉയർത്തിക്കാണിക്കുന്നുണ്ട്.
അന്ന് കോൺഗ്രസ് പിന്തുണയോടെയായിരുന്നു ഭരണം. പിൽക്കാലത്താണ് ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സംവിധാനം രൂപപ്പെടുന്നത്. എൽഡിഎഫ് അധികാരത്തിൽ വരുമ്പോഴൊക്കെ വലിയ പാർട്ടിയെന്ന നിലയിൽ സിപിഐഎമ്മിനാണ് മുഖ്യമന്ത്രി സ്ഥാനം. സിപിഐയിൽ നിന്ന് ഒടുവിൽ മുഖ്യമന്ത്രിയായത് സി അച്യുതമേനോനാണ് എന്നതുകൊണ്ട് കൂടിയാണ് നേതാക്കൾ അതിന് പ്രാധാന്യം നൽകുന്നത്. പാർട്ടിയുടെ ആ രാഷ്ട്രീയലൈൻ തന്നെയാണ് ആത്മകഥയിൽ പികെവി പിന്തുടരുന്നതും.
‘അച്യുതമേനോൻ മന്ത്രിസഭയ്ക്ക് സുപ്രധാനമായ ധാരാളം നിയമനിർമാണങ്ങളും ഭരണ പരിഷ്കാരങ്ങൾക്കും നേതൃത്വം കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. 1970 ജനുവരി ഒന്നിനാണ് കാർഷിക പരിഷ്കാര നിയമം നടപ്പിലാക്കിയത്. 25 ലക്ഷത്തോളം പാട്ടം വാരം കൃഷിക്കാർ
കൃഷി ഭൂമിയുടെ ഉടമസ്ഥരാകുകയും ലക്ഷക്കണക്കിന് കുടികിടപ്പുകാർക്ക് സ്വന്തം ഭൂമിയും വീടും ഉണ്ടാകുകയും ചെയ്തു. സ്വകാര്യ വനങ്ങൾ യാതൊരു പ്രതിഫലവുമില്ലാതെ ദേശസാൽക്കരിക്കപ്പെട്ടു. മുരിക്കന്റെയും മറ്റും കുട്ടനാട്ടിലെ കായൽനിലങ്ങൾ സർക്കാർ
ഏറ്റെടുത്തു. കർഷകത്തൊഴിലാളികളെ മൂന്നു സഹകരണ സംഘങ്ങളിൽ അംഗങ്ങളാക്കുകയും ആ സംഘങ്ങൾക്ക് കായൽ നിലങ്ങൾ പതിച്ചുകൊടുക്കുകയും ചെയ്തു. ഇന്ത്യയിൽ തന്നെ ആദ്യമായി തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നിയമം ബാധകമാക്കിയത്
അച്യുതമേനോൻ സർക്കാരായിരുന്നു.’ (പികെവി, 2013:199)
ചുരുക്കത്തിൽ ക്വിറ്റിന്ത്യാ സമരകാലത്തെ വിദ്യാർത്ഥി പ്രക്ഷോഭം മുതൽ 2004ൽ എംപി സ്ഥാനത്ത് എത്തിയത് വരെയുള്ള രാഷ്ട്രീയചരിത്രമാണ് പികെവിയുടെ ആത്മകഥ. വ്യക്തിജീവിതത്തേക്കാൾ സാമൂഹിക ജീവിതത്തിനാണ് പ്രാമുഖ്യം. പാർട്ടിയുടെ മുന്നേറ്റകാലത്തെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും അതിൽ തിരുത്തൽ നിർദേശിക്കുകയും ചെയ്യുന്നിടത്ത് കൂടിയാണ് പികെവിയുടെ ആത്മകഥ പുതിയകാലത്തിന്റെ
രാഷ്ട്രീയ വായനയാകുന്നത്. ആദ്യകാലത്ത് സൈലന്റ് വാലി പദ്ധതിക്കായി വാദിക്കുകയും പിന്നീടത് തെറ്റായിരുന്നുവെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്ത പികെവി എല്ലാക്കാലത്തും കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ സംരക്ഷക സ്ഥാനത്തായിരുന്നു. അതുകൊണ്ട് കൂടിയാണ് പികെവി
ഇന്നും കമ്യൂണിസ്റ്റുകൾക്ക് പാഠപുസ്തകമായി നിലനിൽക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.