26 December 2024, Thursday
KSFE Galaxy Chits Banner 2

ഉൾച്ചൂടിനും ഉടൽമരണത്തിനും മധ്യേ; ടി എ ശശിയെ ഓർക്കുമ്പോൾ

പി ശിവപ്രസാദ്
November 7, 2021 12:32 pm

പ്രിയപ്പെട്ട സൗഹൃദങ്ങളെയൊക്കെ ‘പഹയാ’ എന്ന് വിളിക്കാറുള്ള നീ എന്നെ പേര് മാത്രമേ വിളിച്ചിട്ടുള്ളൂ. എങ്കിലും നിന്റെ ഉള്ള് നിറയെ സ്നേഹത്തിന്റെ ലാവയുണ്ടായിരുന്നു. അതിസൗമ്യതയും മിതഭാഷണവും… പക്ഷെ, കവിതയിലെത്തുമ്പോൾ സൂര്യതീക്ഷ്ണതയും സമുദ്രഗ്രഹനതയുമായി മാറി. സൂക്ഷ്മദർശിനിയുടെ കണിശതയോടെ ഭാഷയെ ഉപയോഗിക്കുന്ന നിന്റെ നിശിതബുദ്ധി കണ്ട് ഞാനും കവിതയെ അനുഭവിക്കാൻ പഠിച്ചു.

അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സുഹൃത്തേ, സാമൂഹ്യബോധ്യങ്ങളുടെ കടുത്ത ഉൾച്ചൂടിൽ നിന്ന് നീ ലേപനക്രിയയുടെ സാങ്കേതികതയിലൂടെ ഒരു പെട്ടിക്കുള്ളിൽ നിശ്ചേതനായിക്കിടന്ന് കടല് താണ്ടി പൊയ്ക്കളഞ്ഞല്ലോ? നിന്റെ മൗനത്തിന് പോലും എത്രയെത്ര അർത്ഥാന്തരന്യാസങ്ങൾ!

വിശുദ്ധമനുഷ്യരുടെ ശബ്ദവിന്യാസം തുളുമ്പി നിന്ന നിന്റെ ഹൃദയവും, അടുത്തും അകലെയുമുള്ള ജീവിതങ്ങളുടെ തരംഗലീലകൾ ഏറിയും കുറഞ്ഞും ഇരമ്പിപ്പെയ്ത നിന്റെ കവിതകളും ഞങ്ങൾ ആർക്കും വിട്ടുകൊടുക്കില്ല.

അബുദാബിയിൽ പോകുമ്പോൾ, നിർബന്ധമായും കാണേണ്ടുന്നവരുടെ പേരുകൾ പരതുക എന്റെ പതിവായിരുന്നു.

ജോഷി, ഫൈസൽ, അസ്മോ, ശശി, നസീർ, അഷ്റഫ്.… എന്നിങ്ങനെ ആ പട്ടിക നീളും. അക്കൂട്ടത്തിൽ നിന്ന് അസ്മോയും ശശിയും ഭൂമിയെ ഉപേക്ഷിച്ചു പോയി. ജോഷി ഒമാനിലേക്കും ഫൈസൽ ബാവ, നസീർ കടിക്കാട്, അഷ്റഫ് ചമ്പാട് എന്നിവർ നാട്ടിലേക്കും പോയി. അബുദാബി എന്ന് കേൾക്കുമ്പോൾ ശിരസ് നഷ്ടപ്പെട്ട ഒരു ഗോപുരമാണ് ഇപ്പോൾ മനസിൽ തെളിയുന്നത്. ചിന്തിക്കുന്ന, ഭാവന ചെയ്യുന്ന കൂട്ടുകാരില്ലാത്ത ഒരു മരുമണൽനഗരം. കേരള സോഷ്യൽ സെന്ററിലെ തട്ടുകടയിൽ ചുക്കുകാപ്പി കഴിച്ച് ഗദ്ഗദം കലർന്ന ചില കവിതകൾ പതിഞ്ഞ ശബ്ദത്തിൽ പറയാൻ ഇനി നീയില്ല.

കവിതയിൽ രൂപഭാവങ്ങൾ കൊണ്ട് വ്യത്യസ്തനായിരുന്നു നീ. കാവ്യഭാഷയ്ക്ക് പുതിയ ചമൽക്കാരം സൃഷ്ടിക്കാൻ നിരന്തരം പരിശ്രമിച്ചത് ഏറ്റവും പ്രധാനമായിരുന്നു. ഇതരകവികളിൽ പലരോടും ചങ്ങാത്തം സൂക്ഷിച്ചിരുന്നത് അവർക്കൊക്കെ വ്യക്തിസന്ദേശങ്ങൾ അയച്ച് സംവദിച്ചുകൊണ്ടായിരുന്നു. അവയൊന്നും സുഖവിവരങ്ങൾ അന്വേഷിക്കുന്ന ഉപരിതലസ്പർശിയായ വാക്യങ്ങളാവില്ല. താൻ എഴുതിയ കവിതയുടെ വരികൾ വിഷയവുമായി യുക്തമായി ചേർന്നുപോകുന്നുണ്ടോ, എന്താണ് പോരായ്മ, എഴുത്ത് തുടരണമോ… എന്നിങ്ങനെയുള്ള ആശങ്കകൾ നിന്നെ നിരന്തരം അലട്ടുന്നുണ്ടായിരുന്നിരിക്കണം.

നിന്റെ വേർപാടിൽ മനസ്സ് മുറിഞ്ഞ കവി സിന്ധു മനോഹരൻ ഇങ്ങനെ എഴുതി:

“ടി എ ശശി മരിച്ചെന്നറിയുന്നു.

ശരിയാണോ എന്നറിയില്ല. മരിച്ചത് ആരാണെന്ന് ആർക്കറിയാം? ജീവിച്ചിരിക്കുന്നവരാണോ സത്യം, മരിച്ചവരാണോ സത്യം എന്ന് ആർക്കറിയാം.… ?

കുറച്ചു കാലം മുൻപ് തുടരെ ഇൻബോക്സിൽ കവിതകൾ അയക്കുമായിരുന്നു. കവിതയെ ക്കുറിച്ച് കാര്യമായി ബോധമുള്ള നല്ല ഒരു കവി ആയിരുന്നു അദ്ദേഹം. ഇതൊക്കെ ആളിന്റെ കവിതകൾ ആണ്. എനിക്കു പലപ്പോളായി അയച്ചു തന്നത്. വളരെ അധികം പാവമായ ഒരു നല്ല മനുഷ്യൻ ആയിരുന്നു അദ്ദേഹം. ”

കവിതയിൽ നീ വിതച്ചത് പിന്നാലെ വരുന്ന ആസ്വാദകർക്ക് കൊയ്തെടുക്കാനായിരിക്കാം. പരന്നതല്ലാത്ത ആഖ്യാനത്തിന്റെ സഫലത കവിതയ്ക്കുള്ളിൽ ചിന്താരേണുക്കളായി നീ നിറച്ചു

മേഘവും ജലവും ഇങ്ങനെയാവുമോ?

“വെറുതെ ഒരു മേഘത്തെ

നോക്കിയിരിക്കുകയാണ് ഞാൻ

സൂക്ഷ്മദർശനത്തിൽ

അതിൽ ജലത്തുള്ളി തെളിഞ്ഞു

എനിക്കപ്പോൾ ഒരു സംശയം

കെട്ടിക്കിടന്ന് അഴുകുന്നത് മടുത്ത്

ജലം അതിന്റെ അടരുകളിലേക്ക്

തിരിച്ചു പോയതാവുമൊ?”

കുരിശ്ശിന്റെ സാന്നിദ്ധ്യം, അതിന്റെ പരിണാമങ്ങൾ, കാർക്കശ്ശൃം.… ഇങ്ങനെയുമാണ്.

“മരങ്ങൾ കൂട്ടിച്ചേർത്തു മാത്രമല്ല

കുരിശു പണിയുക

പർവ്വതങ്ങൾ കൂട്ടിക്കെട്ടിയും

കുരിശുണ്ടാക്കാം.

കുരിശ്ശിൽ തറക്കപ്പെടുന്നത് മാത്രമല്ല

ജീവിതം, അതിന്നടിയിൽ പെട്ടുഴലുന്നതാണ്

നിലവിളിയും ജീവിതവും.

നെഞ്ചു വിരിച്ച് നിന്ന്

വെട്ടേൽക്കുക്ക മാത്രമല്ല കുരിശൂജീവിതം.

അതിനിടിയിൽപ്പെട്ട്

പുറത്ത് വരാത്ത നിലവിളിയും

ചോര വരാത്ത മുറിവുകൾ തന്നെയാണ് “.

കാറ്റും കടലും നമ്മൾ കാണുന്ന സാമാന്യവീക്ഷണത്തിനും അപ്പുറത്തേക്കാണ് വീശിവിടർന്ന് കിടക്കുന്നത്.

“കാറ്റ് കടലിനെ പകുക്കുന്നതു കണ്ടിട്ടുണ്ടോ?

കാണണം

കടലിന് പകുതിയിൽ കാറ്റുകൊണ്ടുതന്നെ

വരിയും വര കാണണം

അതിലൂടെ കടലിനടിയിലെത്തി കാറ്റ്

ബഹുദൂരം സഞ്ചരിക്കും

മുകളിലേക്ക് പൊന്തുമ്പോൾ

ഉയർത്തിയ കടലിനെ പിന്നെയും

കാറ്റു തള്ളി തള്ളി കരയിലേക്കാകും.

ഭൂമുഖം കുഴിക്കുമ്പോൾ

ഇത്തിളുകൾ കിട്ടുന്നത് വേർപെട്ടു പോയ

കടലിന്റെ ഓർമ്മകളാണ്. ”

മരണത്തെ നീ ഒറ്റവരിയിൽ ഇങ്ങനെ വരച്ചല്ലോ!

“ഉള്ളിൽ നിന്നാണ് ശവം തുടങ്ങുക. ”

കവി കുഴൂർ വിത്സൺ ഏറെ ആർദ്രമായ മനസോടെ പങ്കുവെച്ച സന്ദേശങ്ങൾ നിന്നിലെ കവിയെയും വ്യക്തിയെയും ഒന്നുപോലെ അടയാളപ്പെടുത്തുന്നതായി.

‘അദൃശ്യമായ പക്ഷികൾ’ എന്ന കവിത ഞങ്ങളെ ഇപ്പോൾ വല്ലാതെ സങ്കടപ്പെടുത്തുന്നു.

“അദൃശ്യമായ പക്ഷികൾ

മരിച്ചവനിലേക്ക്

നിന്നിലേക്ക്

നിന്റെ ശബ്ദത്തിൽ

ഞാനെന്റെ ശബ്ദമെത്തിക്കുന്നു;

നിശ്ശബ്ദതയാണെന്റേയും ഭാഷ.

ചില പക്ഷികൾ

അവരുടെ തന്നെ ശബ്ദങ്ങൾ കൊണ്ട്

മൗനമുണ്ടാക്കുന്നു;

അവരുടെ മൗനം

മരിച്ചവരെ ഉണർത്തുന്ന

സംഗീതവുമാണ്.

മരിച്ചവൻ ഉണർന്നിരിക്കുന്നിപ്പോൾ.

പക്ഷിയുടേയും

അവന്റേയും ശബ്ദങ്ങൾ

നിശ്ശബ്ദതകൊണ്ടൂ

കൊരുത്തിരിക്കുന്നു,

അദൃശ്യമായ മാന്ത്രികതയോടെ

പാട്ടു പാടുന്ന പക്ഷികളിലൂടെ

മരിച്ചവരെ അടുത്തു കാണുവാൻ

രാത്രിയുടെ അന്ത്യയാമം വരെ

ഉണർന്നിരിക്കയും വേണം.

അലക്കി വെളുപ്പിച്ച വസ്ത്രം

ഒരാൾക്ക് കൊടുത്ത മരണത്തെ

തിരിച്ചെടുക്കുക അസാദ്ധ്യവുമാണല്ലൊ. .

എങ്കിലും എല്ലാം അറിയിക്കുന്ന

ദൈവം ഇതു മാത്രം ഇന്നു വരെ

മനുഷ്യനെ അറിയിക്കാതെ

ഒരാൾക്കുള്ള മരണത്തെ മരണശേഷം

തിരിച്ചെടുക്കുവാനും

വസ്ത്രങ്ങൾ പോലെ

മരണത്തെ അലക്കി വെളുപ്പിച്ച്

വീണ്ടും വീണ്ടും

ഉപയോഗിക്കാനും തുടങ്ങി.

പലർക്കും മറ്റുള്ളവർക്കു

കൊടുത്ത മരണം തന്നെയാണ്

തനിക്കും കിട്ടിയതെന്ന അറിവില്ലാതായ്…

ദൈവം എനിക്കു തരുന്ന മരണം

പഴയതാണാവോ?​_

ദൈവത്തിനല്ലാതെ

ആർക്കറിയാം ഇത്?

ഇത്ര തീക്ഷ്ണമായി മരണം പലരുടെ കവിതകളിൽ പല കാലങ്ങളിൽ കടന്നുവന്നിട്ടുണ്ടാവാം. ഞങ്ങൾ വായിച്ചിട്ടുമുണ്ട്. പക്ഷെ, മരണാനന്തരം കവിയെ നോക്കുന്നവരുടെ ഉള്ളിൽ ഒരു മരണനോക്കിയന്ത്രം ഉണർന്നിരിപ്പുണ്ടെന്ന് പറയേണ്ടിവരുന്നു.

ജീവിതത്തെ ലളിതമായി ആവിഷ്കരിക്കുന്ന കിളികളെ കവി പി പി രാമചന്ദ്രൻ എഴുതി നിറച്ചിട്ടുണ്ട്. നീയാകട്ടെ, ജീവിതത്തെ ഗഹനമായി വരച്ച് വയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. അതിൽ ജീവിതത്തിന്റെ അനുഭവലോകത്തിലെ നിരവധി അസാധാരണത്വങ്ങൾക്കൊപ്പം മരണവും ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷമായി. അത് തികച്ചും സ്വാഭാവികമായിരിക്കാം. അകത്തും പുറത്തുമുള്ള ലോകത്തിലെ എത്രയെത്ര വിഷയങ്ങൾ കവിയെ ത്രസിപ്പിക്കാറുണ്ട്?

ജീവിതത്തെ നോക്കുന്ന കണ്ണുകളുടെ ആഴം മരണത്തെ നോക്കുമ്പോൾ പരപ്പായി മാറുന്നത് നമുക്ക് കാണുകതന്നെ വേണം.

വാങ്മയങ്ങളിൽ എത്ര അനന്യമായ രീതിയാണ് നിന്റെ കാവ്യഭാഷയെന്ന് ബോധ്യപ്പെടുക ഞങ്ങൾക്ക് സാധ്യമാണ്.

“മരുഭൂമിയുടെ

വിത്തെടുത്ത് മുളപ്പിച്ച

മരങ്ങൾ നിറഞ്ഞ കാട്;

വെയിൽനിറമുള്ള തണൽ.

മരങ്ങളായ് മാറുന്ന മരുഭൂമിയെ

സ്വപ്നം കണ്ടിരുന്നില്ല;

തിരിച്ചാണ് കണ്ടിരുന്നത്… ”

(മരുവിൽ നിന്നും)

“ഇപ്പോൾ അറ്റുവീണ നൂലിന്നിഴ

ഒരു ചുവപ്പുവസ്ത്രമായ് മാറുകയും

എന്റെ എന്റേതു മാത്രമായ

ലോകമായ് തീരുകയും ചെയ്തു. ”

(ഇഴ)

‘പാരമ്പര്യത്തിൽ നിന്നും നിലനിൽക്കുന്ന കാവ്യശീലങ്ങളിൽ നിന്നും വിടുതൽ തേടി അപരിചിതമായ സൗന്ദര്യ ഭൂമികകളിലേക്ക് സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന കവിതകളെന്ന് ’ പി ഐ നാസിമുദ്ദീൻ, നിന്റെ കാവ്യസമാഹാരമായ “ചിരിച്ചോടും മൽസ്യങ്ങളേ” എന്ന പുസ്തകത്തിന്റെ അവതാരികയിൽ വിലയിരുത്തിയിട്ടുള്ളത് ഞങ്ങളുടെ ബോധ്യമാണ്.

പ്രിയപ്പെട്ട കൂട്ടുകാരാ, ടി എ ശശി എന്ന പേരിലൂടെ സൗമ്യമധുരവും

തീക്ഷ്ണസ്വരവുമായ ഏകലോചനത്തിന്റെ മനോധർമ്മം നിർവ്വഹിച്ച കവിയായിരുന്നു നീ. സ്വന്തം കവിതകൾ ഞങ്ങളുടെ ഹൃദയത്തിലും ചരിത്രത്തിന്റെ ഫോസിലുകളിലും നിന്നെ മായാതെ അടയാളപ്പെടുത്തും. അത് കാണാതെ പോകുന്ന അന്ധരുടെ കാർണിവെലിൽ എന്തായാലും ഞങ്ങളുണ്ടാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.