22 December 2024, Sunday
KSFE Galaxy Chits Banner 2

ബുധിനി മെജാന്‍: വിലക്കുകള്‍ക്ക് തിരശീല വീഴുമ്പോള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
November 21, 2023 4:30 am

1959 ഡിസംബര്‍ ആറാം തീയതി ഇന്നത്തെ ഝാര്‍ഖണ്ഡിലെ പഞ്ചേത് ഗ്രാമത്തില്‍ ദാമോദര്‍ നദിയില്‍ നിര്‍മ്മിച്ച അണക്കെട്ടും വൈദ്യുതി നിലയവും ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു എത്തിച്ചേര്‍ന്നു. ജനങ്ങള്‍ക്കിടയില്‍, അവരോട് ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നതില്‍ സന്തോഷിച്ചിരുന്ന നെഹ്രുവിനെ സ്വീകരിക്കാന്‍ ദാമോദര്‍വാലി കോര്‍പ്പറേഷന്‍ അധികൃതര്‍ ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്തിരുന്ന ബുധിനി എന്ന 15 വയസുള്ള പെണ്‍കുട്ടിയെയാണ് ഏര്‍പ്പെടുത്തിയിരുന്നത്. പ്രധാനമന്ത്രിയെ മാലയിട്ട് സ്വീകരിക്കുക എന്നതായിരുന്നു ചുമതല. ബുധിനി പ്രധാനമന്ത്രിയെ മാലയിട്ടു സീകരിച്ചു. ജനങ്ങളോട് അയിത്തമില്ലാതിരുന്ന നെഹ്രു ആ മാല ബുധിനിയെത്തന്നെ തിരിച്ചണിയിച്ചു. കൂടാതെ വൈദ്യുതി ഉല്പാദനത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ബുധിനിയെക്കൊണ്ടുതന്നെ നടത്തിക്കുകയും ചെയ്തു. ലോകത്തില്‍ത്തന്നെ ഒരുപക്ഷെ, അണക്കെട്ടിനായി കല്ലും മണ്ണും ചുമന്ന ഒരു തൊഴിലാളിതന്നെ ആ അണക്കെട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങ്. അണക്കെട്ടുകളിലും പര്‍വതങ്ങളിലും ഉദ്യാനങ്ങളിലുമെല്ലാം പലവിധ വേഷങ്ങളില്‍ പല പോസുകളില്‍ പ്രജകളെയെല്ലാം നൂറു തീണ്ടാപ്പാടകലെ നിര്‍ത്തി ചിത്രങ്ങളെടുത്ത് ആത്മരതി അനുഭവിക്കുന്ന ഭരണാധികാരികളില്‍ നിന്ന് ഏറെ വ്യത്യസ്തനായ പണ്ഡിറ്റ് നെഹ്രു ഈ ഉദ്ഘാടന ചടങ്ങിലൂടെ തൊഴിലിന്റെ മഹത്വവും ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള തന്റെ നിലപാടും വെളിവാക്കുകയാണ് ചെയ്തത്. ഇന്ത്യയുടെ സാമൂഹ്യ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട മുഹൂര്‍ത്തം. ഉദ്ഘാടനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചുപോയി. ഒരു മാത്രനേരത്തേക്ക് അംഗീകാരത്തിന്റെ നെറുകയില്‍ നിന്ന ബുധിനി എന്ന കൊച്ചു പെണ്‍കുട്ടിക്ക് അതോടെ തിരിച്ചുപോകാനുള്ള വീട് എന്നന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു.
1959 ഡിസംബര്‍ ആറിന് വൈകുന്നേരം ബുധിനി ഉള്‍പ്പെടുന്ന സാന്താള്‍ ഗോത്രവര്‍ഗക്കാരുടെ ഗ്രാമപഞ്ചായത്ത് യോഗം ചേര്‍ന്നു. വീട്ടില്‍ തിരിച്ചെത്തിയ ബുധിനി യോഗ തീരുമാനമറിഞ്ഞ് ഞെട്ടിപ്പോയി. സന്താള്‍ ഗോത്രത്തിന്റെ ആചാരമനുസരിച്ച് മാലചാര്‍ത്തിയ പുരുഷന്‍ ഭര്‍ത്താവാണ്. നെഹ്രുവിനെ മാലചാര്‍ത്തിയ ബുധിനി അദ്ദേഹത്തിന്റെ ഭാര്യയായിക്കഴിഞ്ഞു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു സാന്താള്‍ ഗോത്രക്കാരനല്ലാത്തതിനാല്‍ ബുധിനിയെ ഗോത്രത്തില്‍ നിന്നും പുറത്താക്കുന്നു. രാവിലെ ലോകത്തിന്റെ നെറുകയില്‍ നിന്ന ആ ബാലിക അതേദിവസം വൈകുന്നേരം നാടും വീടും നഷ്ടപ്പെട്ട് അനാഥയായി മാറിയ അവസ്ഥ. ഇന്ത്യന്‍ സമൂഹത്തില്‍ ജാതി എന്ന വൈകൃതം സൃഷ്ടിക്കുന്ന ക്രൂരതയുടെ മകുടോദാഹരണം.


ഇതുകൂടി വായിക്കൂ: നെഹ്രു-ഒരു പുനര്‍വായന


പഞ്ചേത് ഗ്രാമത്തിലെ സുധീര്‍ ദത്ത എന്നയാള്‍ സ്വന്തം വീട്ടില്‍ അവര്‍ക്ക് അഭയം നല്‍കുന്നു. അയാളില്‍ അവര്‍ക്ക് ഒരു മകള്‍ പിറക്കുന്നു. സാന്താള്‍ ഗോത്രം രണ്ടുപേരെയും ബഹിഷ്കരിക്കുന്നു. 1962ല്‍ ദാമോദര്‍ വാലി കോര്‍പറേഷന്‍ അവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നു. വീട്ടുജോലികളും മറ്റും ചെയ്ത് വര്‍ഷങ്ങളോളം അവര്‍ ജീവിച്ചു. ഒടുവില്‍ 1980ല്‍ ആരുടെയൊക്കെയോ സഹായത്തോടെ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കണ്ട് തന്റെ അവസ്ഥ ധരിപ്പിക്കുന്നു. അദ്ദേഹം ഇടപെട്ട് ജോലിയില്‍ തിരിച്ചെടുപ്പിക്കുന്നു. 2006വരെ ജോലി ചെയ്ത് വിരമിക്കുന്നു.

ഒരു ജീവിതം മുഴുവന്‍ യാതനകളിലൂടെയും സാമൂഹ്യ ബഹിഷ്കരണത്തിലൂടെയും കടന്നുപോയ, ദാമോദര്‍വാലിയിലെ നാലാമത്തെ വലിയ അണക്കെട്ട് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഉദ്ഘാടനം ചെയ്തു എന്ന കുറ്റത്തിന് ജീവിതകാലം മുഴുവന്‍ സമൂഹത്തില്‍ നിന്നും തിരസ്കൃതയായ ആ പെണ്‍കുട്ടിയെ കണ്ടെടുക്കുന്നത് മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റ് സാറാ ജോസഫ് ആണ്. അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരായ സമരകാലത്ത് യാദൃച്ഛികമായി ഒരു പ്രസംഗത്തില്‍ ബുധിനിയെപ്പറ്റി കേട്ടറിഞ്ഞ് അവര്‍ നടത്തിയ നിരന്തരമായ അന്വേഷണത്തിനൊടുവില്‍ 2010ല്‍ ബുധിനി മരിച്ചുപോയി എന്ന വാര്‍ത്തയാണ് ലഭിച്ചത്. അവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി വളരെ വിഷമിച്ച് സംഘടിപ്പിച്ച ദാമോദര്‍ വാലി കോര്‍പറേഷന്‍ പിആര്‍ഒയുടെ നമ്പറില്‍ നിന്ന് ‘കൂടുതല്‍ വിവരങ്ങള്‍ അവരോടുതന്നെ അന്വേഷിക്കൂ’ എന്ന മറുപടിയില്‍ നിന്നാണ് സാറാജോസഫ് ബുധിനി ജീവിച്ചിരിക്കുന്നു എന്ന് മനസിലാക്കുന്നത്. പിന്നീട് അവരെ സന്ദര്‍ശിക്കുന്നു. അന്ന് എഴുപതുകള്‍ പിന്നിട്ട ബുധിനി പഴയ ഗ്രാമത്തിലേക്ക് തിരിച്ചുപോക്കില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകഴിഞ്ഞിരുന്നു. പഴയതൊന്നും ഓര്‍ക്കാനാഗ്രഹിക്കുന്നില്ല എന്നാണ് അവര്‍ സാറാ ടീച്ചറോട് പറഞ്ഞത്. ‘ബുധിനി’ എന്ന നോവലിലൂടെ ഗ്രാമീണ ഇന്ത്യയിലെ ജാതി എന്ന യഥാര്‍ത്ഥ്യവും ഗ്രാമീണ ജനത അനുഭവിക്കുന്ന ദാരിദ്ര്യവും പലായനങ്ങളും പ്രതിപാദ്യ വിഷയങ്ങളായി.
ജാതിവെറിയുടെ ഇതേ കഥതന്നെ രാജ്യത്ത് പലയിടങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. ബുധിനിയുടെ കഥതന്നെയാണ് മലയാളത്തിലെ ആദ്യ സിനിമയിലെ നായികയായ പി കെ റോസിയുടെയും. തിരുവനന്തപുരത്ത് നന്തന്‍കോട്ടെ ഒരു ദളിത് ക്രിസ്ത്യന്‍ കുടുംബത്തില്‍ 1903ല്‍ ജനിച്ച റോസി, അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന കാക്കരശി നാടകങ്ങളില്‍ അഭിനയിച്ചിരുന്നത് കണ്ടാണ് ജെ സി ഡാനിയേല്‍ മലയാളത്തിലെ ആദ്യ ചിത്രമായ വിഗതകുമാരനില്‍ അഭിനയിക്കുവാന്‍ ക്ഷണിച്ചത്. 1930ല്‍ വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്ത് സ്റ്റാച്യുവിലുണ്ടായിരുന്ന ക്യാപിറ്റോള്‍ തിയേറ്ററില്‍ നടന്നു. തിരുവനന്തപുരത്തെ അന്നത്തെ പ്രശസ്ത അഭിഭാഷകന്‍ മള്ളൂര്‍ ഗോവിന്ദപിള്ളയായിരുന്നു ഉദ്ഘാടനം. മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രമായിരുന്നിട്ടും ജാതിക്കോമരങ്ങള്‍ ആ ചിത്രത്തിന്റെ പ്രദര്‍ശനം തുടരുവാനനുവദിച്ചില്ല. നായിക റോസിയെ തിയേറ്ററിനകത്ത് പ്രവേശിക്കാനും അനുവദിച്ചില്ല. തിയേറ്റര്‍ തീവയ്ക്കുകയും ചെയ്തു. അങ്ങനെ മലയാളത്തിലെ ആദ്യ ചലച്ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങി. ഇതുകൊണ്ട് കലിതീരാത്ത ജാതി പ്രമാണിമാര്‍ നന്തന്‍കോട്ടെ റോസിയുടെ കുടില്‍ തീവച്ചു.


ഇതുകൂടി വായിക്കൂ: നെഹ്രുവില്‍ നിന്ന് മോഡിയിലെത്തുമ്പോള്‍


ബുധനിയെപ്പോലെതന്നെ ജീവരക്ഷാര്‍ത്ഥം നാടുവിട്ട റോസിയുടെ പില്‍ക്കാല ജീവിതത്തെക്കുറിച്ച് വളരെക്കാലം കഴിഞ്ഞാണ് അന്വേഷണങ്ങളുണ്ടാവുന്നത്. കേശവപിള്ള എന്ന ഒരു ലോറി ഡ്രൈവറാണ് റോസിയുടെ രക്ഷകനായതെന്നും അവരുടെ മക്കള്‍ തമിഴ്‌നാട്ടില്‍ കഴിയുന്നുവെന്നും. ഒരു നായര്‍ യുവതിയുടെ റോളില്‍ സിനിമയിലഭിനയിച്ചു എന്ന കാരണം കൊണ്ട് മാത്രം വീടും നാടും വിട്ട് കാണാമറയത്ത് ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവന്ന റോസിയും ജീവിതത്തില്‍ ലഭിച്ച വലിയ ബഹുമതി അതേദിവസം തന്നെ സ്വന്തം ജീവിതം തകര്‍ത്ത ബുധിനിയും ഇന്ത്യന്‍ സമൂഹത്തിലെ ജാതീയത എന്ന ദുരന്തത്തിന്റെ ഉദാഹരണങ്ങളാണ്. ഇക്കഴിഞ്ഞ‍ 17ന് ബുധിനി മെജാന്‍ 85-ാം വയസില്‍ അവരുടെ അഭയാര്‍ത്ഥി ജീവിതത്തില്‍ നിന്നും വിടപറഞ്ഞു. പി കെ റോസിയുടെ ജീവിതത്തിലെ കാണാപ്പുറങ്ങള്‍ ഇന്നും നമുക്ക് പൂര്‍ണമായി അറിയില്ല.
ജാതീയതയും വംശവെറിയും രാജ്യത്തെയും ലോകത്തെയും കൂടുതല്‍ കൂടുതല്‍ നാശോന്മുഖമാക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എണ്ണമറ്റ ബുധിനിമാരും റോസിമാരും ദിനവും നമ്മളെ കൂടുതല്‍ ആശങ്കാകുലരും ദുഃഖിതരുമാക്കിക്കൊണ്ട് കടന്നുവരുന്നു. ഇന്ത്യയിലായാലും അഫ്ഗാനിസ്ഥാനിലായാലും ഇറാനിലായാലും വെന്തെരിയുന്ന ഗാസയിലെ തെരുവുകളില്‍ നിന്നായാലും പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും നീതിരഹിതമായി, നിര്‍ഭയമായി കശാപ്പുചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നിറയുന്ന ലോകം ആര്‍ത്തലച്ചു പായുന്നത് മാനവരാശിയുടെ വലിയ ദുരന്തത്തിലേക്കാവാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.