23 November 2024, Saturday
KSFE Galaxy Chits Banner 2

ശെെഥില്യം നേരിടുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം

Janayugom Webdesk
July 12, 2022 5:00 am

കോൺഗ്രസ്‌മുക്ത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തെ അരക്കിട്ടുറപ്പിക്കുകയാണ് അതിന്റെ ഹൈക്കമാന്റടക്കം കോൺഗ്രസെന്ന് രാജ്യത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങളാണ് അനുദിനം അരങ്ങേറുന്നത്. അതിന്റെ ഏറ്റവും പുതിയ ഓർമ്മപ്പെടുത്തലാണ് ഗോവയിൽ അവർ നേരിടുന്ന വെല്ലുവിളികൾ. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച തങ്ങളുടെ സ്ഥാനാർത്ഥികളെ ക്ഷേത്രങ്ങളിലും പള്ളികളിലും എത്തിച്ചെടുപ്പിച്ച പ്രതിജ്ഞപോലും ലംഘിച്ചുനടക്കുന്ന കാലുമാറ്റരാഷ്ട്രീയം ദൈവങ്ങൾക്കുപോലും ആ പാർട്ടിയെ രക്ഷിക്കാനാവില്ലെന്നതിന്റെ തെളിവായി. ഭരണം കയ്യാളുന്ന, യാതൊരു തത്വദീക്ഷയുമില്ലാത്ത ബിജെപിയുടെ കുടില രാഷ്ട്രീയതന്ത്രങ്ങൾക്കെതിരെ കാഴ്ചക്കാരായി നോക്കിനിൽക്കുന്ന നേതൃത്വത്തെയാണ് അവിടെ കാണാനായത്. മഹാരാഷ്ട്രയിലെ നാടകീയ സംഭവങ്ങൾക്കുശേഷം സമാന നീക്കങ്ങൾ മറ്റുസംസ്ഥാനങ്ങളിലും അരങ്ങേറുമെന്ന മുന്നറിയിപ്പുകൾ വിവിധ കോണുകളിൽ നിന്നും ഉണ്ടായിട്ടും തികഞ്ഞ നിസംഗതയും അനാസ്ഥയും കുറ്റകരമായ പ്രവർത്തനരാഹിത്യവുമാണ് ഹൈക്കമാന്റിൽനിന്നും സംസ്ഥാന ചുമതലക്കാരിൽനിന്നും ഉണ്ടായത്. രാഷ്ട്രീയവും സംഘടനാപരവുമായ ആ ഉദാസീനതയ്ക്ക് യാതൊരു പുതുമയുമില്ലെന്ന് മഹാരാഷ്ട്രാ നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം സാക്ഷ്യപ്പെടുത്തുന്നു. അവിടെ വിശ്വാസവോട്ടിൽ പങ്കെടുക്കേണ്ട പതിനൊന്ന് എംഎൽഎമാർ സഭയിൽ ഹാജരായിരുന്നില്ല. കോൺഗ്രസിനെയും അവർ ഉൾപ്പെട്ട എംവിഎ സഖ്യത്തെയും സംബന്ധിച്ചിടത്തോളം നിർണായകമായ വോട്ടെടുപ്പിൽ ഗതാഗതക്കുരുക്കാണ് അതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. റിസോർട്ട് രാഷ്ട്രീയത്തിൽ മറ്റാരേക്കാളും തഴക്കവും പഴക്കവുമുള്ള കോൺഗ്രസിന്റെ ആ ന്യായീകരണം ആരും മുഖവിലയ്ക്ക് എടുക്കില്ല. മുന്നണിയുടെയും സ്വന്തം പാർട്ടിയുടെയും നിലനില്പിനെപ്പറ്റി ഉൽക്കണ്ഠയും കരുതലുമുള്ള ഒരുപാർട്ടിക്കും സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയാണ് അവിടെ സംഭവിച്ചത്. കുറ്റക്കാർക്കെതിരെ എന്തെങ്കിലും നടപടി ഉണ്ടായതായും അറിവില്ല. അതിന്റെ സ്വാധീനം തൊട്ടടുത്ത ഗോവയിൽ ഉണ്ടാവുക സ്വാഭാവികവുമാണ്.


ഇതുകൂടി വായിക്കൂ: യൂത്ത് കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ പീഡനം


ദീര്‍ഘകാലത്തെ അനുഭവസമ്പത്തും നേതൃപാടവവുമുള്ള, ജി 23 എന്നപേരിൽ അറിയപ്പെടുന്ന, മുതിർന്ന നേതാക്കൾ നൽകിയ മുന്നറിയിപ്പുകൾ ഹൈക്കമാന്റിന് എതിരായ കലാപശ്രമമായി കാണാനാണ് ഗാന്ധികുടുംബവും അനുചരവൃന്ദങ്ങളും ശ്രമിച്ചത്. അവരെ അപ്പാടെ അവഗണിച്ചുനിർത്തി പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നടത്തിയ ഇടപെടലുകൾ ആ സംസ്ഥാനത്തെ പാർട്ടിക്ക് വിനാശകരമായി മാറി. അവിടെ പാർട്ടിയുടെ സ്വാധീനം നിലനിർത്താൻ സഹായിച്ച നേതൃത്വം പുകച്ചുപുറത്താക്കപ്പെട്ടു. പാർട്ടി പിടിച്ചെടുക്കാൻ കലാപത്തിന് നായകത്വം വഹിച്ച ഒറ്റയാൻ നേതാവ് ഇപ്പോൾ അഴികൾക്കു പിന്നിലുമായി. ഒരു തിരിച്ചുവരവിന് യാതൊരു സാധ്യതകളും അവശേഷിപ്പിക്കാതെയാണ് പഞ്ചാബിലെ പാർട്ടിയുടെ ശൈഥില്യം. ഡിസംബറിൽ അസംബ്ലി തെരഞ്ഞെടുപ്പിനെ നേരിടേണ്ട രാജസ്ഥാനിൽ കോൺഗ്രസിന്റെ സാധ്യത ഒട്ടും ശുഭകരമാണെന്നു പറയാനാവില്ല. രൂക്ഷമായ ആഭ്യന്തരഭിന്നതകൾ നേരിടുന്ന രാജസ്ഥാൻ കോൺഗ്രസിന്റെ സാധ്യതകൾക്ക് അടുത്തുണ്ടായ ഉദയ്‌പുരിലെ വർഗീയകൊലപാതകം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. രാജസ്ഥാന് പുറമെ കോൺഗ്രസ് ഭരണം നിലനിൽക്കുന്ന ഛത്തീസ്ഗഢിലും സ്ഥിതിഗതികൾ അനുകൂലമല്ലെന്നാണ് വാർത്തകൾ. അവിടെയും വെല്ലുവിളി പുറത്തുനിന്നുള്ളതിനേക്കാൾ അപരിഹാര്യമായി തുടരുന്ന ആഭ്യന്തരഭിന്നതകൾ തന്നെയാണ്. കോൺഗ്രസ്, ആർജെഡി പിന്തുണയോടെ ഭരണംനടത്തുന്ന ഹേമന്ത് സോരേൻ സർക്കാർ കേന്ദ്ര ബിജെപി ഭരണകൂടത്തിൽനിന്നും കടുത്ത സമ്മർദ്ദത്തെയാണ് നേരിടുന്നത്. ഹേമന്ത് സോരേൻ കുറച്ചുകാലമായി ഇഡിയുടെ പാദമുദ്രയ്ക്കു കീഴിലാണ്. അവിടെ ഏതുസമയത്തും ഭരണമാറ്റം സാധ്യമാണെന്നതാണ് അവസ്ഥ. ഈ വെല്ലുവിളികളെ നേരിടാനുള്ള രാഷ്ട്രീയ നൈപുണ്യമോ സംഘടനാശേഷിയോ പ്രകടിപ്പിക്കാൻ കോൺഗ്രസിന്റെ ഏറെ ആഘോഷിക്കപ്പെട്ട ചിന്താശിബിരത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് തുടർ സംഭവപരമ്പരകൾ തെളിയിക്കുന്നത്.


ഇതുകൂടി വായിക്കൂ: റിസോര്‍ട്ട് രാഷ്ട്രീയമെന്ന നാണക്കേട്


അഭൂതപൂർവമായ സാമ്പത്തിക രാഷ്ട്രീയവെല്ലുവിളികളെ നേരിടുമ്പോഴും അടുത്ത പൊതുതെരഞ്ഞെടുപ്പിനെ വിജയകരമായി നേരിടാമെന്ന അതിരുകടന്ന ആത്മവിശ്വാസം മോഡി-ഷാപ്രഭൃതികൾ വച്ചുപുലർത്തുന്നത് രാജ്യത്തെ പ്രധാന പ്രതിപക്ഷം നേരിടുന്ന രാഷ്ട്രീയ അവ്യക്തതയുടെയും സംഘടനാപരമായ ശൈഥില്യത്തിന്റെയും നേതൃത്വപരമായ ബലഹീനതകളുടെയും പശ്ചാത്തലത്തിലാണ്. ബിജെപിയുടെ കടന്നുകയറ്റത്തെ ഫലപ്രദമായി ചെറുക്കാൻ കേരളം, തമിഴ്‌നാട്, തെലങ്കാന, പശ്ചിമബംഗാൾ, ഡൽഹി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞേക്കും. പക്ഷെ അവയെല്ലാംതന്നെ കരുത്തുറ്റവയെങ്കിലും പ്രാദേശിക രാഷ്ട്രീയപാർട്ടികളാണെന്ന പരിമിതിയുണ്ട്. രാഷ്ട്രവ്യാപകമായ ബിജെപിവിരുദ്ധ പ്രതിരോധമെന്ന വെല്ലുവിളി ഏറ്റെടുക്കാൻ രാജ്യത്തെ ഇടതുപക്ഷ ജനാധിപത്യ മതേതരശക്തികൾ മറ്റെല്ലാ പരിഗണനകളും മാറ്റിവച്ചു തയാറെടുക്കാൻ നിർബന്ധിതമാകുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.