27 April 2024, Saturday

Related news

December 22, 2023
December 21, 2023
November 1, 2023
August 1, 2023
April 22, 2023
April 1, 2023
December 9, 2022
November 9, 2022
February 21, 2022
December 1, 2021

കൊച്ചി തുറമുഖത്തെ ആഴം കൂട്ടൽ: പോര്‍ട്ട് ട്രസ്റ്റിന് ഇരട്ട പ്രഹരം

ബേബി ആലുവ
കൊച്ചി
December 9, 2022 10:25 pm

കൊച്ചി തുറമുഖത്തെ കപ്പൽച്ചാലിന്റെ ആഴം കൂട്ടുന്നതിനുള്ള ചെലവുകൾ കൂടി പോർട്ട് ട്രസ്റ്റിന്റെ തലയിൽ കെട്ടിവയ്ക്കാൻ കേന്ദ്ര നീക്കം. നിലവിൽ തുറമുഖത്തെ ഇത്തരം ചെലവുകൾ മുഴുവനായി വഹിക്കുന്ന പോർട്ട് ട്രസ്റ്റിന് പുതിയ നീക്കം ഇരട്ട പ്രഹരമാകും.
സാഗർമാല പദ്ധതിയിലുൾപ്പെടുത്തി കൊച്ചി തുറമുഖത്തെ കപ്പൽച്ചാലിന്റെ ആഴം 14.5 മീറ്ററിൽ നിന്ന് 16 മീറ്ററായി വർധിപ്പിക്കാൻ 380 കോടി നിക്ഷേപിക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. എന്നാൽ, ഇതിന്റെ പകുതി തുക തുറമുഖ ട്രസ്റ്റ് സ്വയം കണ്ടെത്തേണ്ടി വരുമെന്ന, പദ്ധതി പ്രഖ്യാപിച്ച തുറമുഖ- ഷിപ്പിങ് മന്ത്രി നൽകിയ സൂചനകളാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുള്ളത്. 

വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്ക് കപ്പലുകൾ അടുക്കുന്നതിനു വേണ്ടിയുള്ള ഡ്രഡ്ജിങ്ങിന്റെ മുഴുവൻ ചെലവുകളും വഹിക്കുന്നത് നിലവിൽ തുറമുഖ ട്രസ്റ്റാണ്. കഴിഞ്ഞ വർഷം 140 കോടി രൂപയായിരുന്നു ഈ ഇനത്തിലെ ചെലവ്. പുറമെ, അറ്റകുറ്റപ്പണികളുമുണ്ട്. ട്രസ്റ്റിന്റെ വരുമാനത്തിൽ നിന്നാണ് ഈ ചെലവുകൾക്കുള്ള പണവും കണ്ടെത്തേണ്ടത്. അതേസമയം, കൊൽക്കത്ത തുറമുഖം അടക്കമുള്ള ചിലയിടങ്ങളിൽ ഡ്രഡ്ജിങ് ചെലവുകൾക്ക് കേന്ദ്ര സർക്കാരിന്റെ വലിയ തോതിലുളള ധനസഹായമുണ്ട്. കൊച്ചി തുറമുഖത്തിന്റെ ചെലവും കേന്ദ്രം ഏറ്റെടുക്കണമെന്ന് പോർട്ട് ട്രസ്റ്റിന്റെയും വിവിധ സംഘടനകളുടെയും ഭാഗത്തു നിന്ന് നിരന്തരം ആവശ്യമുയരുന്നുണ്ടെങ്കിലും പരിഗണിച്ചിട്ടില്ല. 

ദുബായ് പോർട്ട് വേൾഡിനാണ് വല്ലാർപാടം അന്താരാഷ്ട്ര ട്രാൻസ്ഷിപ്മെന്റിന്റെ നടത്തിപ്പ് ചുമതല. കരാറിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി, കപ്പൽച്ചാലിന്റെ ആഴം വർധിപ്പിക്കുന്നതിനുള്ള ചെലവുകളിൽ പോർട്ട് ട്രസ്റ്റിനോട് സഹകരിക്കാൻ പോലും ഡി പി വേൾഡ് തയാറല്ല. തുറമുഖ ട്രസ്റ്റിനെ ദുരിതത്തിലേക്കു തള്ളിവിട്ട കരാർ റദ്ദാക്കണമെന്ന് തുറമുഖത്തെ തൊഴിലാളി സംഘടനകൾ വർഷങ്ങളായി ആവശ്യപ്പെട്ടു പോരുകയാണ്. 

കൊളംബോ തുറമുഖത്തിന്റെ ആഴം നിലവിൽ 18 മീറ്ററാണ്. അതിനോടടുത്തെത്താൻ കഴിഞ്ഞാൽ, ഇപ്പോൾ കൊളംബോയെ ആശ്രയിക്കുന്ന വൻകിട അന്താരാഷ്ട്ര ചരക്കുകപ്പലുകൾ കൊച്ചിയിലേക്കെത്തുമെന്നും, വല്ലാർപാടം ടെർമിനലിന്റെ കൈകാര്യശേഷി ഇപ്പോഴത്തെ 10 ലക്ഷം ടി ഇ യു കണ്ടെയ്നറുകളിൽ നിന്ന് 20 ലക്ഷമായി ഉയരുമെന്നും ഒക്കെയാണ് അധികൃത ഭാഷ്യം. എന്നാൽ, വല്ലാർപാടം ടെർമിനലിന്റെ തുടക്കത്തിലും ഇത്തരം ഊതി വീർപ്പിച്ച കണക്കുകളുണ്ടായിരുന്നെന്നും ടെർമിനലിന്റെ വരവോടെ പ്രവർത്തനം നിലച്ച ഐലന്റിലെ രാജീവ് ഗാന്ധി ടെർമിനലിൽ എത്തിയിരുന്ന ചരക്കിന്റെ ചെറിയ ശതമാനം പോലും വല്ലാർപാടത്തക്ക് എത്തുന്നില്ലെന്നും ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. വല്ലാർപാടത്തേക്കുള്ള കണ്ടെയ്നറുകളുടെ വരവ് സുഗമമാക്കാൻ കോടികൾ മുടക്കി നിർമ്മിച്ച വല്ലാർപാടം — ഇടപ്പള്ളി റയിൽപ്പാത കാടുകയറിയതും മിച്ചം. വല്ലാർപാടത്തെ നിരക്കുകൾ കൊളംബോയെക്കാൾ ഉയർന്നു നിൽക്കുന്നതാണ് കപ്പലുകളെ ഇവിടെ നിന്ന് അകറ്റുന്നതെന്ന ആക്ഷേപവുമുണ്ട്. 

Eng­lish Sum­ma­ry: Deep­en­ing of Kochi Port: Dou­ble blow for Port Trust

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.