5 October 2024, Saturday
KSFE Galaxy Chits Banner 2

വിവാഹമോചന രജിസ്ട്രേഷൻ നിയമവും ചട്ടഭേദഗതിയും തയാറാക്കും

Janayugom Webdesk
തിരുവനന്തപുരം
March 17, 2022 9:06 pm

വിവാഹം രജിസ്റ്റർ ചെയ്യുന്നത് പോലെ വിവാഹമോചനവും രജിസ്റ്റർ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയാറാക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ. കേരള നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും ട്രാൻസ്ജെൻഡറുകളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ശുപാർശ പ്രകാരമാണ് നടപടിക്രമങ്ങളിലേക്ക് പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിവാഹമോചന രജിസ്ട്രേഷൻ സമയത്ത് കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരുടെ സംരക്ഷണത്തെ സംബന്ധിച്ചുള്ള വിവരങ്ങൾകൂടി രജിസ്ട്രേഷനിൽ ഉൾപ്പെടുത്തും.

പുനർവിവാഹിതരാവുമ്പോൾ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാവശ്യമായ നിയമ നിർമ്മാണവും ഇതിന്റെ ഭാഗമായി ഉണ്ടാവും. ഇന്ത്യൻ നിയമ കമ്മിഷന്റെ 2008ലെ റിപ്പോർട്ടിൽ വിവാഹവും വിവാഹമോചനവും രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. അതിന് മതമോ, വ്യക്തി നിയമമോ പരിഗണിക്കാതെ ഇന്ത്യയൊട്ടാകെ എല്ലാ പൗരൻമാർക്കും ബാധകമാക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിന്റെ അടിസ്ഥാനത്തിൽ നിയമ നിർമ്മാണങ്ങളൊന്നും നടന്നിട്ടില്ല.

ഇന്ത്യയിൽ വിവാഹമോചനം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം ഒരു സംസ്ഥാനത്തും നിലവിലില്ല. കേരളം ഈ കാര്യത്തിലും രാജ്യത്തിന് മാതൃകയാവുകയാണെന്ന് മന്ത്രി പറഞ്ഞു. വിവാഹവും വിവാഹമോചനവും ഇന്ത്യൻ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉള്‍പ്പെടുന്നതിനാൽ വിവാഹമോചന രജിസ്ട്രേഷനായി സംസ്ഥാനത്തിന് നിയമനിർമ്മാണം നടത്താനാകും. മതഭേദമന്യേയുള്ള വിവാഹ രജിസ്ട്രേഷന് ചട്ടങ്ങൾ മാത്രമാണുള്ളത് എന്ന വസ്തുത പരിഗണിച്ച് കേരള വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്യൽ ആക്ട് എന്ന പേരിലാണ് നിയമനിർമ്മാണം നടത്തുക. 2008ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളിൽ വിവാഹ മോചനങ്ങളുടെ രജിസ്ട്രേഷനുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

eng­lish sum­ma­ry; Divorce reg­is­tra­tion law and amend­ment will be prepared

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.