27 April 2024, Saturday

എല്‍ ക്ലാസികോ; ഏഷ്യാകപ്പില്‍ ഇന്ത്യ‑പാക് പോരാട്ടം ഇന്ന്

web desk
കാന്‍ഡി
September 2, 2023 7:00 am

ക്രിക്കറ്റിലെ എല്‍ ക്ലാസികോ. ഏഷ്യാ കപ്പില്‍ പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഇറങ്ങുന്നു. ശ്രീലങ്കയിലെ കാന്‍ഡിയിലെ പല്ലേകലെ സ്റ്റേഡിയമാണ് ലോകക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരത്തിന് വേദിയാകുന്നത്. ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കളത്തില്‍ തീപാറുമെന്നുറപ്പ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മല്‍സരമാണിത്. എന്നാല്‍ പാക് പട ഉദ്ഘാടന മല്‍സരത്തില്‍ നേപ്പാളിനെ 200ലധികം റണ്‍സ് മാര്‍ജിനില്‍ തകര്‍ത്തുകളഞ്ഞിരുന്നു. ഇന്ത്യയെയും മലര്‍ത്തിയടിക്കാനായാല്‍ സൂപ്പര്‍ ഫോറിലെത്തുന്ന ആദ്യത്തെ ടീമായി ബാബര്‍ അസവും സംഘവും മാറും.

ചിരവൈരികളായ പാകിസ്ഥാനെ ആദ്യ കളിയില്‍ തന്നെ വീഴ്ത്താനായാല്‍ ഇതിനേക്കാള്‍ നല്ലൊരു തുടക്കം ഇന്ത്യക്കു ലഭിക്കാനുമില്ല. നേപ്പാളിനെതിരായ വന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാവും പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ഇറങ്ങുക. നേപ്പാളിനെതിരേ 151 റണ്‍സുമായി നായകന്‍ ബാബര്‍ അസം തിളങ്ങി. വേഗത്തില്‍ 19 ഏകദിന സെഞ്ച്വറി തുടങ്ങിയ വമ്പന്‍ റെക്കോഡുകളും അദ്ദേഹം നേപ്പാളിനെതിരേ കുറിച്ചു. ഏഷ്യാകപ്പിനുള്ള തയ്യാറെടുപ്പായി അഫ്ഗാന്‍ പരമ്പരയും പാകിസ്ഥാന്‍ കളിച്ചിരുന്നു. മധ്യനിരയില്‍ ഇഫ്തിഖര്‍ അഹമ്മദും സെഞ്ചുറി കുറിച്ചു. ഇന്ത്യന്‍ താരങ്ങള്‍ ഇടവേളക്ക് ശേഷമാണ് ഇറങ്ങുന്നതെന്ന പ്രശ്നം നേരിടുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും കളിച്ചിരുന്നില്ല.

പാകിസ്ഥാന്റെ ബൗളിങ് കരുത്തിനെ എങ്ങനെ ഇന്ത്യയുടെ ബാറ്റര്‍മാര്‍ മറികടക്കുമെന്നത് കണ്ടറിയണം. വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാവും. ഏകദിനത്തിലും ടി20 ക്രിക്കറ്റിലും അടക്കം പാകിസ്ഥാനെതിരെ ഏറ്റവും മികച്ച പ്രകടനമാണ് കോലി കാഴ്ചവെച്ചിട്ടുള്ളത്. അവസാനമായി ഐസിസി ടി20 ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതും കോലിയുടെ ഗംഭീര പ്രകടനം തന്നെയായിരുന്നു. അവസാന അഞ്ച് ഏകദിന മത്സരങ്ങളില്‍ ഇന്ത്യ 4–1 ന് മുന്നിലാണ്. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ മാത്രമാണ് ഇന്ത്യയുടെ ഏക തോല്‍വി. ഏകദിനത്തിലെ നമ്പര്‍ വണ്‍ ടീം കൂടിയായ പാകിസ്ഥാനെ വീഴ്ത്താന്‍ ഇന്ത്യക്കു തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ കെട്ടഴിക്കേണ്ടതായി വരും. നസീം ഷാ, ഹാരിസ് റഊഫ് എന്നിവരുടെ അതിവേഗ പേസ് ഇന്ത്യക്ക് ഭീഷണിയായി മാറും. നേപ്പാള്‍ ടീമിനെതിരെ വളരെ മികച്ച ബോളിങ് പ്രകടനമായിരുന്നു പാകിസ്ഥാന്റെ ഫാസ്റ്റ് ബോളര്‍മാര്‍ കാഴ്ചവച്ചത്.

അതേസമയം ടീം സെലക്ഷനിലടക്കം ഇന്ത്യക്ക് ആശയക്കുഴപ്പം നിലനില്‍ക്കുന്നുമുണ്ട്. കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെ ഇഷാന്‍ കിഷന് ടീമിലേക്ക് വഴി തെളിഞ്ഞിട്ടുണ്ട്. ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയുമായിരിക്കും അണിനിരക്കുക. മൂന്നാമനായി വിരാട് കോലിയും വരും. നാലാം നമ്പറിലാണ് ഇന്ത്യയുടെ ആശങ്ക. ശ്രേയസ് അയ്യര്‍ പരിക്കിന്റെ പിടിയില്‍ നിന്നും മോചിതനായി എത്തിയതാണ്. സൂര്യകുമാര്‍ യാദവോ ഇഷാന്‍ കിഷനോ ആയിരിക്കും നാലാം നമ്പറില്‍ കളിക്കുക. എന്നാല്‍ ഏകദിനത്തില്‍ ഇതുവരെ താളം കണ്ടെത്താന്‍ സൂര്യകുമാറിന് സാധിച്ചിട്ടില്ല. പക്ഷേ രാഹുലില്ലാത്ത പക്ഷം സൂര്യകുമാറിനെ നാലാം സ്ഥാനത്തും ഇഷാനെ അഞ്ചാമനാക്കിയും ഇറക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ടീമില്‍ റിസര്‍വ് താരമായി ഉള്‍പ്പെട്ട മലയാളിതാരം സഞ്ജു സാംസണ്‍ കളിച്ചേക്കില്ല.

Eng­lish Sam­mury: El Cla­si­co; India-Pak fight in Asia Cup today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.