27 April 2024, Saturday

Related news

March 20, 2024
March 17, 2024
March 17, 2024
March 15, 2024
March 14, 2024
March 13, 2024
March 4, 2024
February 17, 2024
February 17, 2024
February 16, 2024

ഇക്കോ പോയിന്റിൽ തമ്പടിച്ച് പടയപ്പ

Janayugom Webdesk
മൂന്നാർ
January 24, 2024 4:05 pm

തോട്ടംതൊഴിലാളികളുടെ ഉറക്കം കെടുത്തി പടയപ്പയെന്ന കാട്ടാന ഇക്കോ പോയന്റിൽ വിലസാൻ തുടങ്ങിയിട്ട് രണ്ടു ദിവസം പിന്നിടുകയാണ്.

ഇന്നലെ രാവിലെ ഇക്കോപോയിന്റിൽ എത്തിയ പടയപ്പ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ഷട്ടർ തകർത്ത് അകത്ത് കയറി. തുടർന്ന് സമീപത്തുള്ള ഒരു പെട്ടിക്കടയും തകർത്തു.

ഉപജീവനത്തിനായി വഴിയോരങ്ങളിൽ സ്ഥാപിച്ച മൂന്നോളം പെട്ടികടകളാണ് രണ്ടു ദിവസത്തിനിടെ കാട്ടാന തകർത്തത്. കോൺക്രീറ്റ് കെട്ടിടങ്ങൾ പോലും അടിച്ചുതർക്കുന്ന പ്രവണ കാട്ടാന പുലർത്തുമ്പോഴും ആനയെ ജനവാസ മേഖലയിൽ നിന്നും വിദൂര കാട്ടിലേക്ക് മാറ്റുന്നതിന് വനപാലകർ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

കോവിഡിന്റ മറവിൽ മൂന്നാർ ടൗണിൽ എത്തിയ പടയപ്പയെന്ന കാട്ടാനയെ ആദ്യകാലങ്ങളിൽ മൂന്നാറിലെ കച്ചവടക്കാരും വ്യാപാരികളും കൗതുകത്തോടെയാണ് കണ്ടിരുന്നത്. മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളിൽ രാത്രി പകലെന്ന വ്യത്യാസമില്ലാതെ പടയപ്പയെത്തും. നാളിതുവരെ ആരെയും ഉപദ്രവിക്കാതെ ഭയപ്പെടുത്തി ജനങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന കാട്ടാന ഇപ്പോൾ ചെറിയതോതിൽ അക്രമണം ആരംഭിച്ചതാണ് തൊഴിലാളികൾക്കിടയിൽ ഭീതി പടരാൻ കാരണം. ചെറുവാഹനങ്ങളും റേഷൻ കടകളും തകർക്കുന്നത് സ്ഥിരമായതോടെ പടയപ്പ ഇപ്പോൾഒരു ശല്യക്കാരനായി തീർന്നിരിക്കുകയാണ്.

ഭക്ഷണം തേടിയെത്തുന്ന കാട്ടാന തൊഴിലാളികളുടെ കൃഷിത്തോട്ടങ്ങൾ വ്യാപകമായി നശിപ്പിക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതും പതിവാക്കിയിരിക്കുകയാണ്. മൂന്നാർ — ഉടുമൽപ്പെട്ട അന്തർസംസ്ഥാന പാത, കൊച്ചി — ധനുഷ്കോടി ദേശീയപാത എന്നിവിടങ്ങളിൽ ഇറങ്ങി മണിക്കൂറുകൾ വാഹന തടസ്സം സൃഷ്ടിക്കുന്നതും ഇപ്പോൾ പതിവാണ്.

ഇത്തരം സംഭവങ്ങൾക്ക് പുറമെ കഴിഞ്ഞ രണ്ടു ദിവസമായി ഇക്കോ പോയിന്റിൽ നിലയുറപ്പിച്ച കാട്ടാന തൊഴിലാളികൾ വഴിയോരങ്ങളിൽ സ്ഥാപിച്ചിരുന്ന പെട്ടികൾ തകർത്ത് കിട്ടുന്നത് ഭക്ഷിക്കുകയാണ്. ഭക്ഷണം തേടിയെത്തുന്ന പടയപ്പയെ ജനവാസ മേഖലയിൽ നിന്നും അകറ്റി നിർത്താൻ കഴിയില്ലെങ്കിലും ജനങ്ങൾക്ക് ഉപദ്രവമില്ലാത്ത ഭാഗത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.