27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 21, 2025
March 15, 2025
February 28, 2025
February 21, 2025
January 31, 2025
November 29, 2024
September 18, 2024
September 14, 2024
September 11, 2024

കർഷകർക്ക് ഇനി സർക്കാരിന്റെ ഔദ്യോഗിക തിരിച്ചറിയൽ രേഖ

വിഷ്ണു എസ് പി
ഫാം ഇൻഫർമേഷൻ ബ്യൂറോ
September 18, 2024 10:06 pm

മറ്റേതൊരു തൊഴിൽ മേഖലയിലേതുമെന്നപോലെ തന്നെ കാർഷിക മേഖലയിലുള്ള ഉദ്യോഗസ്ഥരായ കർഷകർക്കും ഒരു തിരിച്ചറിയൽ രേഖ എന്നത് അവരുടെ അവകാശമാണ്. അത്തരത്തിൽ സർക്കാരിന്റെ ഔദ്യോഗിക അംഗീകാരമാണ് കർഷക ഐഡി കാർഡ്. ഇത്തരത്തിൽ സംസ്ഥാനത്തെ എല്ലാ കർഷകർക്കും ഒരു തിരിച്ചറിയൽ കാർഡ് നൽകുന്നതിന് ആരംഭം കുറിച്ചിരിക്കുകയാണ് കൃഷിവകുപ്പ്. സ്വന്തമായും, പാട്ടത്തിനും കൃഷിചെയ്യുന്ന സംസ്ഥാനത്തെ കർഷകർക്ക് കൃഷി വകുപ്പിന്റെ കതിർ ആപ്പ് മുഖേന രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൃഷി ഭവൻ തലത്തിലെ സൂക്ഷ്മപരിശോധന പൂർത്തീകരിച്ച് അംഗീകാരം നേടിയെടുത്താൽ കാർഡ് സ്വന്തമാക്കാവുന്നതാണ്. കർഷകർ അവർക്ക് ലഭിക്കുന്ന സേവനങ്ങൾക്കായി വ്യത്യസ്ത കാർഡുകൾ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ സേവനങ്ങളെ മന്ദഗതിയിലാക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കർഷക സേവനങ്ങൾക്കായി കൃഷി വകുപ്പ് ഡിജിറ്റൽ ഐഡന്റിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്. കർഷകന് സമയബന്ധിതമായി സേവനങ്ങൾ നൽകുവാനും, ലഭിക്കുന്ന സേവനങ്ങൾ കർഷകർക്ക് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു. കാർഷിക മേഖലയിലെ സേവനങ്ങൾ കമ്പ്യൂട്ടർ അധിഷ്ഠിതമാകുന്നതോടൊപ്പം ഏതൊരു കർഷകനും കൃഷി വകുപ്പ് തന്നെ നൽകുന്ന ഒരു ആധികാരിക രേഖയുടെ അടിസ്ഥാനത്തിൽ സേവനങ്ങൾ ദ്രുതഗതിയിൽ ലഭ്യമാക്കാനും സാധിക്കും. അതോടൊപ്പം കാർഷിക സേവനങ്ങൾക്ക് നിരവധിയായ ഭൗതിക രേഖകൾ സമർപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇതുവഴി കുറയ്ക്കാനാകും. കൃഷി വകുപ്പിന്റെ പദ്ധതി നിർവഹണത്തിൽ ഗുണഭോക്താക്കളെ സുതാര്യമായി കണ്ടെത്തുന്നതിനും സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കാനും കാർഡ് നിലവിൽ വരുന്നതിലൂടെ വഴിയൊരുങ്ങും. 

വിവിധങ്ങളായ ഉല്പാദനോപാധികൾ സബ്സിഡി നിരക്കിൽ സ്വന്തമാക്കാനും കാർഡ് കൈവശമുള്ള കർഷകർക്ക് അവസരമുണ്ടാകും. ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും കാർഡ് കൈവശമുള്ള കർഷകർക്ക് വിവിധ സാമ്പത്തിക സഹായങ്ങൾ/ കാർഷിക വായ്പകൾ തുടങ്ങിയ സഹായങ്ങൾ ലഭ്യമാക്കാൻ കഴിയും. കൃഷി വകുപ്പിന്റെ വിള ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ നഷ്ടപരിഹാരം തുടങ്ങിയ പദ്ധതികളിൽ അനായാസം ഗുണഭോക്താക്കളാവാൻ ഇത് കർഷകരെ സഹായിക്കും. സ്മാർട്ട് ഐഡി കാർഡ് മുഖേനെ ഇടനിലക്കാരില്ലാതെ ഉല്പന്നങ്ങളുടെ നേരിട്ടുള്ള വിപണനത്തിനും വരുംദിവസങ്ങളിൽ വഴിയൊരുങ്ങും. ഭാവിയിൽ സർക്കാരിന്റെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ആധികാരിക രേഖയായും കർഷക തിരിച്ചറിയൽ കാർഡ് മാറും. അഞ്ചു വർഷ കാലാവധിയോടെയാണ് കാർഡുകൾ നല്കുന്നതെങ്കിലും, കാലാവധിക്ക് ശേഷം കാർഡ് പുതുക്കാൻ കർഷകർക്ക് കഴിയും. കർഷക സേവനങ്ങൾ സുതാര്യവും അനായാസവും ആക്കുക, കൃത്യതയാർന്ന കാർഷിക വിവരശേഖരണം സാധ്യമാക്കുക, കർഷകർക്ക് അവരുടെ സമഗ്ര മേഖലയിലെയും കാർഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് അവതരിപ്പിച്ച സമ്പൂർണ ഡിജിറ്റൽ പ്ലാറ്റ്ഫോമായ കതിർ ആപ്പിന്റെ സഹായത്തോടെയാണ് തിരിച്ചറിയൽ കാർഡ് പ്രവർത്തിക്കുക. കതിർ ആപ്പിന്റെ പ്രാരംഭ പദ്ധതിയായി കേരളത്തിലെ മുഴുവൻ കർഷകർക്കും തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള തയ്യാറെടുപ്പിലാണ് കൃഷി വകുപ്പ്. കർഷക തിരിച്ചറിയൽ കാർഡ് സ്വന്തമാക്കുന്നതിനുള്ള പ്രാരംഭ നടപടി, കതിർ ആപ്പ് ഉപയോഗിച്ച് കർഷക രജിസ്ട്രേഷൻ പൂർത്തിയാക്കുക എന്നുള്ളതാണ്. കർഷക ഐഡി കാർഡ് ലഭിക്കുന്നതിനുള്ള നടപടിക്രമം. 1. കർഷക ഐ ഡി കാർഡിനായി കർഷകർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ‘കതിർ’ ആപ്പ് ഡൗൺലോഡ് ചെയ്യണം. 2. ANDROID ഫോണുകളിൽ ANDROID പതിപ്പ് ഒമ്പതിനു മുകളിലും ഐഫോണിൽ ഐ ഓ എസ് പതിപ്പ് 14നു മുകളിൽ ആണെന്നും ഉറപ്പ് വരുത്തുക. 3. കതിർ ആപ്പ് ഫോണിൽ ‘INSTALL’ ചെയ്തു ലൊക്കേഷൻ, ഗാലറി, കാമറ മുതലായവയുടെ അനുമതികൾ നല്കുക. 4. കർഷകർ തങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ/ ലോഗിൻ എന്ന ഭാഗത്ത് നൽകി ‘OTP’ എടുക്കുക. ഫോണിൽ മെസേജ് ആയി ലഭിക്കുന്ന 4 അക്ക ‘OTP’ നമ്പർ നൽകി രജിസ്റ്റർ/ ലോഗിൻ ചെയ്യുക. 5. തുടർന്ന് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഒരു ഫോറത്തിൽ എത്തും. കർഷകന്റെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ, കൃഷിഭവൻ, വാർഡ് എന്നിവയും നല്കി വ്യക്തിഗത രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. 6.തുടർന്ന് കർഷകന്റെ കൃഷി സ്ഥലം രജിസ്റ്റർ ചെയ്യണം. ആയതിന് കർഷകൻ തിരഞ്ഞെടുത്ത കൃഷിഭവന്റെ സാറ്റലൈറ്റ് മാപ്പ് വരുന്നതായിരിക്കും. മാപ്പിൽ നിന്നും കർഷകർ തങ്ങളുടെ കൃഷിസ്ഥലം കണ്ടെത്തി ഈ സ്ഥലത്തിന് മുകളിൽ തൊടുക. തുടർന്ന് കൃഷി സ്ഥലത്തിന്റെ വിവരങ്ങൾ നല്കുന്നതിനുള്ള ഫോം വരും. അതിൽ കൃത്യമായ വിവരങ്ങൾ നല്കിയ ശേഷം സ്ഥലത്തിന്റെ ഒരു ഫോട്ടോ കൂടി നല്കി സ്ഥല രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. (ലൊക്കേഷൻ കൃത്യമായി ലഭിക്കുന്നതിന് കർഷകൻ സ്വന്തം സ്ഥലത്ത് നിന്നും ചെയ്യുന്നതാവും ഉചിതം). പാട്ട കർഷകർക്കും അപേക്ഷിക്കാവുന്നതാണ്. 7. തുടർന്ന് കർഷന്റെ കൃഷി ഏതാണെന്ന് രജിസ്റ്റർ ചെയ്യണം. നെല്ല് രജിസ്റ്റർ ചെയ്യുന്നതിനായി ‘‘AGRICULTURE’ എന്ന വിഭാഗത്തിലും മറ്റുള്ളവിളകൾക്കായി ‘HORTI CULTURE’ എന്ന വിഭാഗത്തിലും തിരയുക. കൃത്യമായ വിവരങ്ങളും നല്കി വിളയുടെ ഫോട്ടോയും നല്കി രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. 8. കർഷകർക്ക് ഒന്നിൽ കൂടുതൽ കൃഷി സ്ഥലവും കൃഷികളും നൽകാവുന്നതാണ്. കേരളത്തിലെ ഏത് പഞ്ചായത്തിലെ സ്ഥലവും വിളകളും രജിസ്റ്റർ ചെയ്യാവുന്നതാണ്. 9. തുടർന്ന് കതിർ ആപ്പിലെ പ്രധാന പേജിൽ കാണുന്ന കർഷക ഐഡി കാർഡിന് അപേക്ഷിക്കുക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. 10. കർഷകൻ രജിസ്ട്രേഷൻ സമയത്ത് നൽകിയ വിവരങ്ങൾ അടങ്ങിയ പേജിലേക്ക് പ്രവേശിക്കാം. 11.ഈ പേജിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കുക. തിരുത്തൽ വേണമെങ്കിൽ കതിർ ആപ്പിൽ മുമ്പ് നല്കിയ വിവരങ്ങളിൽ മാറ്റം വരുത്തി സേവ് ചെയ്തശേഷം വീണ്ടും അപേക്ഷിക്കുക. 12. കർഷകന്റെ പ്രധാനപ്പെട്ട ബാങ്ക് വിവരങ്ങൾ നല്കുക. ബാങ്ക് പാസ്ബുക്കിന്റെ ഫോട്ടോ നല്കേണ്ടതാണ്. തുടർന്ന് കർഷകന്റെ ഫോട്ടോയും നല്കുക. ഇവ രണ്ടും കാമറ വഴി നേരിട്ടോ ഗാലറിയിൽ നിന്നോ നൽകാവുന്നതാണ്. 13. എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പ് വരുത്തുക. ഒരു പ്രധാനപ്പെട്ട തിരിച്ചറിയൽ കാർഡിനോടൊപ്പം ഭാവിയിൽ വരുന്ന എല്ലാ കാർഷിക സംബന്ധിയായ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. 14. എല്ലാ വിവരങ്ങളും പരിശോധിച്ച് സാക്ഷ്യപത്രം നല്കിയ ശേഷം ‘Apply’ ചെയ്യുക. തുടർന്ന് ‘Appli­ca­tion for ID card sub­mit­ted successfully’എന്ന മെസേജ് ലഭിക്കും. കർഷകർക്ക് തങ്ങൾ സമർപ്പിച്ച അപേക്ഷയുടെ വിവരം ‘ഐഡി കാർഡ് സ്റ്റാറ്റസ് പരിശോധിക്കുക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു മനസിലാക്കാവുന്നതാണ്. കൃഷിഭവനുകളിൽ നിന്നും അംഗീകാരം നൽകുന്ന മുറയ്ക്ക് കർഷകർക്ക് ഐഡി കാർഡിന്റെ കോപ്പി സ്വന്തമാക്കാവുന്നതാണ്. 

ഇപ്രകാരം അപ്രൂവ് ചെയ്ത ഐഡി കാർഡുകൾ കർഷകർക്ക് അവരവരുടെ കതിർ പേജിൽ കാണുന്ന കതിർ ഐഡി കാർഡ് ഡൗൺലോഡ് ബട്ടണിൽ അമർത്തി ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പിവിസി കാർഡ് മാതൃകയിലോ മറ്റോ പ്രിന്റ് ചെയ്തു ഉപയോഗിക്കാവുന്നതാണ്. കർഷക ഐഡി കാർഡിന്റെ പ്രത്യേകതകൾ 1.5 വർഷമാണ് കാർഡിന്റെ കാലാവധി. കാലാവധി കഴിയുന്ന മുറയ്ക്ക് പുതുക്കാവുന്നതാണ്. 2. കാർഡിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘ക്യൂ ആർ കോഡ്’ സംവിധാനമാണ്. ഇത് വിവിധ ആനുകൂല്യങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും മറ്റും ഉപയോഗിക്കാവുന്നതാണ്. 3. ക്യൂ ആർ കോഡ്’വഴി സ്കാൻ ചെയ്യുന്ന വിവരങ്ങൾ കതിർ ആപ്പിൽ വരുത്തുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് മാറ്റം വരുന്നതാണ്. അതായത് ഓരോ സമയത്തും സ്ഥല വിവരങ്ങളിലും വിള വിവരങ്ങളും വരുത്തുന്ന മാറ്റങ്ങൾ ഇതിലൂടെ അറിയാൻ സാധിക്കും. 4. ക്യൂ ആർ കോഡ്’ വഴി സ്കാൻ ചെയ്യുന്ന വിവരങ്ങളിൽ കർഷകനുമായി ബന്ധപ്പെടുന്ന പ്രധാന വിവരങ്ങൾ ഉണ്ടാകുമെന്നതിനാൽ കർഷകന് മാത്രം അറിയാവുന്ന ഒരു പാസ്‌വേഡ് മുഖേന ഈ വിവരങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. ഫോണിലെ ക്യൂ ആർ കോഡ്’ സ്കാനർ വഴി സ്കാൻ ചെയ്തു കർഷകൻ നല്കുന്ന പാസ്‌വേഡ് നല്കി മാത്രമേ ഇതിലെ വിവരങ്ങൾ ആർക്കും അറിയാൻ സാധിക്കുകയുള്ളൂ.
കർഷക ഐഡി കാർഡിന്റെ ഗുണങ്ങൾ .…കർഷകർക്കുള്ള പ്രയോജനം 1. എളുപ്പത്തിലും വേഗത്തിലും വിവിധ സേവനങ്ങൾ ലഭ്യമാകും 2. കൃത്യ സമയത്തുള്ള വിവര ശേഖരണം. 3. കൃത്യതയുള്ളതും സമയബന്ധിതവുമായ സഹായങ്ങളും വിഭവങ്ങളുടെ ലഭ്യതയും. 4. കാര്യക്ഷമമായ ഡോക്യുമെന്റേഷനും പേപ്പർ രഹിത സേവനങ്ങളും .… വകുപ്പിനുള്ള പ്രയോജനം 1. കൃത്യമായ വിവര ശേഖരണം 2. കൃത്യതയാർന്ന വിഭവ വിതരണം 3. മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ സാധിക്കും. 4. സുതാര്യവും ഉത്തരവാദിത്തപൂർണവും കാര്യക്ഷമവുമായ ഇടപെടൽ. 5. കാര്യക്ഷമമായ ഡോക്യുമെന്റേഷനും പേപ്പർ രഹിത സേവനങ്ങളും കർഷകർക്ക് ഒരു പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി ഭാവിയിൽവരുന്ന എല്ലാ കാർഷിക സംബന്ധിയായ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.