27 April 2024, Saturday

Related news

April 3, 2024
March 5, 2024
March 4, 2024
March 3, 2024
February 28, 2024
February 16, 2024
February 1, 2024
September 18, 2023
September 18, 2023
September 12, 2023

ആറ് പേര്‍ക്ക് ജീവന്‍ പകുത്തുനല്‍കി മണ്ണോടുചേര്‍ന്ന സാരംഗിന് ഫുള്‍ എ പ്ലസ്; ഫലം പ്രഖ്യാപിച്ച് മന്ത്രിയും വിതുമ്പി

Janayugom Webdesk
തിരുവനന്തപുരം
May 19, 2023 7:38 pm

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ സന്തോഷവാര്‍ത്തയറിയാന്‍ സാരംഗില്ല. വിദ്യാഭ്യാസവകുപ്പ് വി ശിവന്‍കുട്ടിയാണ് സാരംഗിന്റെ ഫലം പ്രഖ്യാപിച്ചത്. ‘മഹത്തരമായ ഒരു കാര്യം ചെയ്താണ് സാരംഗ് നമ്മെ വിട്ടുപിരിഞ്ഞത്. ആറുപേര്‍ക്കാണ് സാരംഗ് അവയവദാനത്തിലൂടെ പുതുജീവന്‍ നല്‍കിയത്. സങ്കടക്കടലിലും അവയവദാനത്തിന് സന്നദ്ധത അറിയിച്ച കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കാം — വികാരാധീനനായി മന്ത്രി പറഞ്ഞു’. ഗ്രേസ് മാര്‍ക്കില്ലാതെയാണ് സാരംഗ് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് വാങ്ങിയത്

ആശുപത്രിയില്‍പ്പോയി മടങ്ങവേ ഓട്ടോറിക്ഷ മറിഞ്ഞ് സാരംഗ് മരണത്തിന് കീഴടങ്ങിയിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് അവനേറെ കാത്തിരുന്ന പരീക്ഷാഫലം വന്നത്. ആറ്റിങ്ങല്‍ ഗവ. ബിഎച്ച്എസ്എസിലായിരുന്നു സാരംഗ് പരീക്ഷയെഴുതിയത്. കല്ലമ്പലം-നഗരൂര്‍ റോഡില്‍ വടകോട്ട് കാവിന് സമീപം 13‑ന് വൈകീട്ട് 3.30 ഓടെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതത്തൂണിലിടിച്ച് റോഡില്‍ മറിയുകയായിരുന്നു. ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്ന് തെറിച്ച് റോഡില്‍വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാരംഗ് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സിയിലായിരുന്നു. ബുധനാഴ്ചയോടെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. ബുധനാഴ്ച മസ്തിഷ്‌കമരണം സ്ഥിരീകരിച്ച സാരംഗിന്റെ അവയവങ്ങള്‍ ബന്ധുക്കള്‍ മൃതസഞ്ജീവനി വഴി ദാനംചെയ്യുകയായിരുന്നു

ആലംകോട് വഞ്ചിയൂര്‍ നികുഞ്ജം വീട്ടില്‍ പി.ബിനേഷ്‌കുമാര്‍, ജി.ടി.രജനി ദമ്പതിമാരുടെ മകന്‍ ആണ് സാരംഗ്. അവയവദാനത്തിന്റെ സാധ്യത ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ മാതാപിതാക്കള്‍ സമ്മതം മൂളുകയായിരുന്നു. മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നതോടൊപ്പം മറ്റു കുടുംബങ്ങള്‍ക്ക് വെളിച്ചമേകിയ അവരുടെ സന്മനസിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. മരണദിവസം മന്ത്രി സാരംഗിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടിരുന്നു.

‘ഞങ്ങളുടെ കുഞ്ഞ് ഞങ്ങള്‍ക്കു നഷ്ടമായി. മറ്റുള്ളവര്‍ക്ക് അവന്റെ ശരീരം പുതുജീവിതം നല്‍കുമെങ്കില്‍ അതുതന്നെ പുണ്യം. ഞങ്ങളുടെ തീരുമാനത്തില്‍ മോനും സന്തോഷിക്കുന്നുണ്ടാകും’- ബിനേഷ്‌കുമാര്‍ പറഞ്ഞു.

ചിത്രകലാ അധ്യാപകനായ ബിനേഷ്‌കുമാറിന്റെയും രജനിയുടെയും രണ്ടു മക്കളില്‍ ഇളയവനാണ് സാരംഗ്. ഫുട്‌ബോള്‍ കളിക്കാരനാവുകയെന്നതായിരുന്നു സാരംഗിന്റെ സ്വപ്നം. രണ്ടാഴ്ച മുന്‍പ് നിലയ്ക്കാമുക്കില്‍ കൂട്ടുകാര്‍ സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുത്ത സാരംഗ് കളിക്കിടെ വീണ് കാലിനു പൊട്ടലുണ്ടായി. ആശുപത്രിയില്‍ കൊണ്ടുപോയി പ്ലാസ്റ്ററിട്ടു. 13‑ന് രാവിലെ അമ്മയോടൊപ്പം ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തി. തുടര്‍ന്ന് കല്ലമ്പലത്തിനു സമീപം പാവല്ലയിലുള്ള അമ്മയുടെ കുടുംബവീട്ടിലെത്തി. അവിടെനിന്നു വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി അണിയണമെന്ന് അവന് വലിയ ആഗ്രഹമുണ്ടായിരുന്നു. മാതാപിതാക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് സംഘാടകര്‍ അവനണിയാനുള്ള ജഴ്സി ആശുപത്രിയിലെത്തിച്ചിരുന്നു. ഇടയ്ക്ക് ബോധം വീണപ്പോള്‍ ആശുപത്രിയില്‍ വെച്ച് അമ്മാവനോട് തനിക്ക് ഫുട്‌ബോള്‍ കളിക്കാനൊരു ഷൂവേണമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം അതും വാങ്ങിയെത്തിച്ചു.

eng­lish sum­ma­ry; Full Apples with­out grace marks, new life giv­en to six; Sarang as tears

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.