4 December 2024, Wednesday
KSFE Galaxy Chits Banner 2

തണൽ വിരിക്കാൻ കുട നിവർത്തും സൗവർണവസന്തം

ഡോ. എം ഡി മനോജ്
May 2, 2022 7:34 am

ലോകത്ത് ഓരോ വ്യക്തിയും അനുഭവിക്കുന്ന ശൂന്യത ഓരോ തരത്തിലാണ്. നിസഹായതയുടെ പദാവലികൾ ആത്മഭാഷണത്തിൽ ദുഃഖനിർഭരമാകുന്ന ഗാനങ്ങൾ കേൾക്കുമ്പോൾ അവിടെ നെടുവീർപ്പുകൾ പോലും ഈണങ്ങളായി മാറുന്നത് കാണാം. ജീവിതത്തിൽ, പ്രത്യേകിച്ച് ദാമ്പത്യത്തിലെ നിസഹായതയുടെ ഋതുവിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ വേദനകൾ എത്രയോ സിനിമകളിൽ പാട്ടുകളായി നാം തിരിച്ചറിഞ്ഞിട്ടുണ്ട്. ജീവിതസാഫല്യങ്ങൾക്കും ശ്രുതിപൂർണതകൾക്കുമിടയിൽ വിരഹതരളതകൾ, വിഷാദച്ചുഴികൾ എന്നിങ്ങനെ ഒരുതരം നഷ്ടമാകലിന്റെ കല എന്ന് വിളിക്കാവുന്ന ഒന്ന് പല പാട്ടുകളിലും എങ്ങനെയോ വന്നുഭവിക്കുന്നു. സ്ത്രീയുടെ ആന്തരികജീവിതത്തെ പകർത്തുന്ന പാട്ടിനായിരുന്നു എല്ലാ അർത്ഥത്തിലും വെല്ലുവിളി, അതിന്റെ നിർമ്മിതിയിലും ചിത്രീകരണത്തിലുമൊക്കെ. നിരാലംബതയുടെ നിസ്തുലമായ ദൃശ്യാഖ്യാനത്തെ സാന്ദ്രമായി സംക്ഷേപിച്ച പാട്ടുകൾ എക്കാലത്തും സിനിമയിൽ നമ്മുടെ ശ്രദ്ധയുണർത്തിയിരുന്നു. അഭയവും ശരണവും ആയിത്തീരേണ്ട സത്തകളും സ്ഥലികളും ഒരേസമയം വിജനവും വിഷാദനിർഭരവുമായിത്തീരുന്ന ദാമ്പത്യത്തളർച്ചകൾ കൊണ്ടുവരുന്ന ഭാവാന്തരങ്ങളെക്കുറിച്ചാലോചിച്ചപ്പോൾ നോവിന്റെയും നിനവിന്റെയും സങ്കല്പങ്ങൾ കൊണ്ടുണ്ടാക്കിയ ഒരു പാട്ട് മുന്നിലേക്ക് വരുന്നു. സ്നേഹത്തിന്റെ സ്വരജനികളിൽ അനുഭവസ്ഥമാകേണ്ട പാട്ടുകളെക്കാൾ പ്രാധാന്യമുണ്ട്, ദാമ്പത്യത്തിലെ അപസ്വരങ്ങളിൽ അടയാളപ്പെടുന്ന ഒരു പാട്ടിനെ സമീപിക്കുമ്പോൾ. അമൂർത്തമായ വേദനയുടെ കണ്ണീർക്കണമൊലിച്ചിറങ്ങുന്ന അത്തരമൊരു ഗാനമാണ് ‘ആലോലം’ എന്ന മോഹൻ സിനിമയിൽ കാവാലം-ഇളയരാജ സംഗമത്തിൽ ഉണ്ടായ ‘തണൽവിരിക്കാൻ കുട നിവർത്തും’ എന്നത്. ജാനകിയുടെ ശോകാർദ്രമായ സ്വരത്തിന്റെ ആന്ദോളനം. ദാമ്പത്യത്തിലെ പ്രശാന്തമായ ഒരു കരുതലായി സ്നേഹത്തെ കണ്ട ഒരു സ്ത്രീയുടെ ആത്മഗതം പോലെയാണ് ഈ ഗാനം. ജീവിതത്തിലെ എല്ലാ താളഭംഗങ്ങളെയും അതിവർത്തിക്കുന്ന ഒരു സാന്ദ്രലയം പ്രാപിക്കുന്നുണ്ട്, ഈ പാട്ട്. അതിന്റെ കേൾവിയിൽ. ആകസ്മികതകളിൽ തളർന്നുപോകുന്ന ഒരു സ്ത്രീയുടെ ജീവിതനേരങ്ങൾ ഈ പാട്ടിൽ അടയാളപ്പെട്ടിട്ടുള്ളത് ഘനവിഷാദരാഗങ്ങളായ ചക്രവാകത്തിന്റെയും ആഹിർഭെെരവിന്റെയും സംഗീതാത്മകതകളിലാണ്.

‘തണൽ വിരിക്കാൻ കുട നിവർത്തും
സൗപർണ വസന്തം…
എൻ മഞ്ചാടി മോഹങ്ങൾ
വിതറിവീഴും വസന്തം. ’

എന്ന പല്ലവിയിൽത്തന്നെ അത്രമാത്രം വിഷാദച്ഛായയുണ്ട്. നിശബ്ദമായ വിഷാദത്തിന്റെ ഈണം. വസന്തമെന്ന ഋതുപ്പകർച്ചയുടെ ശ്രുതിസുഭഗതകൾ ദാമ്പത്യമെന്ന സവിശേഷമായ വാഴ്വിന്റെ പൊരുളായിത്തീരുന്നു. ദാമ്പത്യബന്ധത്തിലെ ഇടർച്ചകളെ ഊയലാടലുകളെ, ആലോലങ്ങളെ നിർണയിക്കുന്നത് പലപ്പോഴും വെെഷയികതയാണ്. വസന്തമെന്നത് വിഷാദത്തിന്റെ ശ്രുതിയുണർത്തുന്ന ഋതുവായിത്തിരുന്നു ഈ പാട്ടിൽ. വസന്തം വിഷാദത്തിന്റേതായ ഒരു ഘനീഭവനം നിർവഹിക്കുന്നുണ്ട് ഇവിടെ. ഈ പാട്ട് കേൾക്കെ ഒരു അല്ലൽ മനസിൽ വന്നുനിറയുന്നു. ‘വിതറി വീഴും വസന്ത’ എന്ന കമനീയ ഋതു കാവാലം തന്റെ പാട്ടിൽ നിത്യമെന്നോണം വ്യാപരിക്കുന്നതിനെ കൂടിയാണ്. ഈ പ്രകൃതിയിലെ വസന്തന്തിലും ശിശിരത്തിലും ഞാൻ നെയ്യപ്പെട്ടിരിക്കുന്നു എന്ന് സിൽവിയാ പ്ലാത്ത് എഴുതിവച്ചത് ശരിയെന്നു തോന്നും ഈ പാട്ട് കേൾക്കുമ്പോൾ. സ്ത്രീയെന്നാൽ ഹേമന്തമെന്നെഴുതിയതും സിൽവിയാപ്ലാത്തായിരുന്നു. ദാമ്പത്യത്തിലെ ലൗകികവും അലൗകികവും ആയ സത്തകൾ അന്തർവഹിക്കുന്ന ഗാനമായി മാറുകയാണിത്. കുടുംബത്തിനകത്ത് പുലരേണ്ട വിശ്വാസത്തിന്റെ സാരാംശവുമായി ഈ ഗാനം അത്രമേൽ ഇഴുകിച്ചേരുന്നു. സ്നേഹവിശ്വാസം എന്നത് സൂക്ഷ്മമായ ഒരു അഭിജ്ഞാനമായിത്തീരുകയാണ്. ദാമ്പത്യത്തിലെ പ്രണയത്തുടർച്ചകളെ പാട്ടിൽ ആക്ഷേപിക്കുകയായിരുന്നു കവി. വികാരലയം, അർത്ഥോദ്ദീപകമായ ഭാവാന്തരം, നിർണയാതീത സംവേദനം, പ്രകൃതിയുടെ ഇന്ദ്രിയനിഷ്ഠമായ അനുഭവലോകം എന്നിവയെല്ലാം ദാമ്പത്യജീവിതവുമായി സമന്വയിപ്പിക്കുകയായിരുന്നു കാവാലം.

 

kavalam

പൂവിൻ ദളങ്ങൾക്ക് വിരിയാതെ വയ്യ;
കാറ്റിൻ താളത്തിൽ തളിരിന് കുണുങ്ങാതെ വയ്യ;
അല്ലിതൊന്ന് നിറം പൊട്ടി പുലരാതെ വയ്യ;
അല്ലലിൻ തന്തികൾക്ക് ആടാതെ വയ്യ”

എന്നിങ്ങനെ ഒഴിച്ചുകൂടായ്മകളുടെ മഞ്ജരിയായിത്തീരുകയാണ് പാട്ടിന്റെ അനുപല്ലവി. ജീവിതത്തിലെ നിരന്തരമായ ചലനാത്മകതയുടെ അടയാളങ്ങൾ ആണിവിടെ കാണാനാവുന്നത്. ‘വയ്യ’ എന്ന വാക്കുണ്ടാക്കുന്ന നാദതാളക്രമമാണ് പാട്ടിനെ മറ്റൊരു ആത്മീയതലത്തിലേക്കുയർത്തുന്നത്.

“നിൻ കെെതൊടും നേരം കുളിരാതെ വയ്യ
എന്തേ പൂന്തേനും ലഹരിയും പകരാതെ വയ്യ
ഉള്ളിനുള്ളിൽ എനിക്കെന്നെ തിരിയാതെ വയ്യ
ഉൺമതൻ മുന്നിൽ വിങ്ങി മാഴ്കാതെ വയ്യ”

കുളിരണിയുന്ന സാന്ത്വന സ്പർശവും പൂന്തേനും ലഹരിയുമൊന്നുമില്ലാതെ ജീവിതമെന്ന യാഥാർത്ഥ്യമില്ല. ആ കുളിരും പൂന്തേനും ലഹരിയുമൊക്കെ അനുഭവവേദ്യമാകുന്നത് പ്രണയത്തിന്റെ കരസ്പർശത്തിലാണ്. “ഉള്ളിനുള്ളിൽ ഞാൻ” എന്ന യാഥാർത്ഥ്യത്തെ തിരയുന്ന ആത്മീയലാവണ്യത്തെ നിരസിക്കുവാൻ ആർക്കും കഴിയില്ല. ഈ ആത്മീയശോഭയാണ് അനന്തതേജസുള്ള ഉൺമയായി നമ്മിൽ പരിലസിക്കുന്നത്. അതിന് മുന്നിൽ വ്യഥിത സന്ദേഹത്തോടെ നിൽക്കുന്നതാണ് ജീവിത നിയോഗമെന്ന് പാടുകയാണ് നായിക.
ദമ്പതികളായ മേനോനും (ഭരത്ഗോപി) ഭാര്യ സാവിത്രിക്കും (കെ ആർ വിജയ) കുട്ടികളില്ലാത്തതിനാൽ കഠിനമായ ഏകാന്തത അനുഭവിക്കുന്നവരാണ്. ഒറ്റപ്പെട്ട ജീവിതത്തിലേക്ക് കുട്ടൻതമ്പുരാൻ (നെടുമുടിവേണു) കടന്നുവന്നതോടെ ജീവിതത്തിലെ ദാമ്പത്യ വിശ്വസച്ചോർച്ചക്ക് കാരണമാവുകയും ആ ബന്ധത്തിന് വലിയ ഉലച്ചിൽ തട്ടുകയും ചെയ്യുന്നു. ദുഃഖത്താൽ സ്വയം നഷ്ടപ്പെട്ട് ഒരാലംബവുമില്ലെന്നപോൽ തന്റെ പ്രാണനായ വീണയെ മടിയിൽവച്ച് അതിൽ കമിഴ്ന്ന് കിടന്ന് വിതുമ്പിപ്പാടുകയാണ് നായിക. നായികയുടെ മനസാകുന്ന വീണ പാടുന്ന സംഗീതമായാണ് ഈ പാട്ട് നാം കേൾക്കുന്നത് വീണയൊരു സാന്ത്വനസ്പർശമാകുന്നുണ്ട്, അവൾക്ക്. ദ്രുതഗതിയിലുള്ള വീണാവാദനവും ഞൊടിനേരമുള്ള അതിന്റെ മൗനവും എല്ലാം കൂട്ടിച്ചേർന്ന് പാട്ടിനവസാനം അവൾ പൊട്ടിക്കരച്ചിലിൽ ചിതറിവീഴുന്നു. ‘മനസ് വേദനിക്കുന്നത് കണ്ടാൽ എനിക്ക് മനസിലാകും മോളേ’ എന്ന അമ്മയുടെ ചോദ്യത്തെ പാട്ടിൽ നിന്ന് തിരികൊളുത്തുകയായിരുന്നു തിരക്കഥാകൃത്തായ ജോൺപോൾ. ജോൺ പോളിന്റെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നായിരുന്നു ‘ആലോലം. ’

 

Elayaraja
പാട്ടിലൊരു ഗിത്താർവസന്തം തന്നെയുണ്ടാക്കുന്നുണ്ട്, ഇളയരാജ മൃദുവായ റിഥം പാറ്റേൺ, പല അടരുകളിലുള്ള വയലിൻ നാദം, ഫ്ലൂട്ടിന്റെ മന്ദ്രമധുരമായ ഇന്ദ്രജാലം… അങ്ങനെ സംഗീതസാന്ദ്രമാകുകയാണ് ഈ ഗാനം. ഒരു ജീവിതമുഹൂർത്തത്തിന്റെ ഉൺമ മുഴുവൻ സാന്ദ്രമായി സംഗ്രഹിച്ചതിനാലാവണം ഈ ഗാനം എപ്പോൾ കേൾക്കുമ്പോഴും വിഷാദനിർഭരനേരങ്ങളിലേക്ക് നാം വീണ്ടും വീണ്ടും ആനയിക്കപ്പെടുന്നത്…

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.