1 May 2024, Wednesday

ഗവര്‍ണറുടെ നിലപാട് കേരള സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള സംഘപരിവാര്‍ നീക്കം: കാനം

Janayugom Webdesk
തിരുവനന്തപുരം
September 20, 2022 5:58 pm

ഭരണഘടന ഗവര്‍ണര്‍ പദവിക്ക് കല്പ്പിച്ചു കൊടുത്തിട്ടുള്ള അന്തസ് ഇല്ലാതാക്കുന്ന തരത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പ്രവര്‍ത്തിക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിര്‍ണായക തെളിവുകള്‍ പുറത്തുവിടുമെന്ന വാദത്തോടെ രാജ്ഭവനില്‍ വിളിച്ചു ചേര്‍ത്ത അസാധാരണ പത്ര സമ്മേളനം കേവലം രാഷ്ട്രീയ പ്രസംഗത്തിലൊതുങ്ങി. ഗവര്‍ണറുടെ വെളിപ്പെടുത്തലുകള്‍ക്ക്  കാതോര്‍ത്തു നിന്ന കേരള ജനത കണ്ടത് ഗവര്‍ണറുടെ മറ്റൊരു രാഷ്ട്രീയ അന്തര്‍നാടകം മാത്രമായിരുന്നു. സര്‍ക്കാരിനെതിരെ അദ്ദേഹം സംഘപരിവാറിന്റെ നാവായി പറയുന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതും അതോടൊപ്പം അബദ്ധജഢിലമായതുമായ കാര്യങ്ങളല്ലാതെ മറ്റൊന്നും ഈ കൊട്ടിഘോഷിച്ച രാജ്ഭവന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറയാന്‍ അദ്ദേഹത്തിനായില്ല.

മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നിരന്തരം ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തുന്ന ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയത് പച്ചയായ കീഴ്‌വഴക്ക ലംഘനമാണ്. കേരളത്തിലെന്നല്ല രാജ്യത്ത് തന്നെ ആദ്യമായിരിക്കാം ഒരു ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു സ്വന്തം സര്‍ക്കാരിനെ തന്നെ അപഹസിക്കുന്നത്. 2019 ല്‍ കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ നടത്തിയ ചില ചരിത്ര വിരുദ്ധമായ പരാമര്‍ശങ്ങള്‍ക്കെതിരായുള്ള സ്വാഭാവിക പ്രതിഷേധങ്ങളെ ആസൂത്രിത അക്രമമാക്കി മാറ്റാനുള്ള ഗൂഢ ശ്രമമാണ് ഗവര്‍ണറും സംഘപരിവാറും. വര്‍ഷങ്ങള്‍ കഴിഞ്ഞ് ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിനെതിരെ വിചിത്ര വാദങ്ങളുന്നയിച്ചു മാധ്യമങ്ങളെ കാണുന്നത് സംഘപരിവാറിന് ഗവര്‍ണര്‍ നല്‍കുന്ന രാഷ്ട്രീയ പ്രത്യുപകാരമാണ്. ആര്‍ എസ് എസ്  നു വേണ്ടി രാഷ്ട്രീയ ദാസ്യവേല ചെയ്യുന്ന പ്രവര്‍ത്തിയാണ് കഴിഞ്ഞ നാളുകളില്‍ ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത്. നിയമ നിര്‍മ്മാണ സഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടില്ലെന്ന് പരസ്യ പ്രസ്താവന നല്‍കുകയും ഭരണഘടന സ്ഥാപനങ്ങള്‍ തമ്മില്‍ കൈമാറിയ രഹസ്യ സ്വഭാവമുള്ള കത്തുകള്‍ പരസ്യപെടുത്തിയതും സ്വയം അധികാരം കല്പ്പിച്ചു പ്രവര്‍ത്തിക്കുന്നതുമെല്ലാം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.

നിയമനിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ ഒപ്പിടുക എന്നത് ഗവര്‍ണറുടെ ബാധ്യതയാണ് വിയോജിപ്പുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് തിരിച്ചയക്കാനുള്ള അധികാരമുണ്ടെങ്കിലും അതെ ബില്ല് തന്നെ വീണ്ടും നിയമസഭ പാസ്സാക്കുകയാണെങ്കില്‍ ഗവര്‍ണര്‍ക്ക് ഒപ്പിടുകയല്ലാതെ മറ്റുപാധികളില്ല. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം എങ്ങനെയാവണമെന്നും നിയമനിര്‍മ്മാണ സഭ പാസ്സാക്കുന്ന ബില്ലുകള്‍ എങ്ങനെയാവണം എന്നും രാഷ്ട്രീയ നേതൃത്വം എങ്ങനെ പെരുമാറണം എന്നൊക്കെ ഗവര്‍ണര്‍ തീരുമാനിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ജനാധിപത്യ വിശ്വാസികളില്‍ നിന്നും കനത്ത പ്രതിരോധം നേരിടും. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തി ഒരു സമാന്തര സര്‍ക്കാരിനെ പോലെ സംഘപരിവാരത്തിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ രാഷ്ട്രീയ വിവാദമോ രാഷ്ട്രീയ പ്രശ്‌നമോ മാത്രമല്ല മറിച്ച് അത് ഭരണഘടന പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ പ്രശ്‌നങ്ങളുടെ കാരണം ഗവര്‍ണര്‍മാരുടെ രാഷ്ട്രീയ പക്ഷപാതമാണെന്നുള്ളതിനു ഏറെ തെളിവുകളുണ്ട്. പക്ഷെ തന്റെ രാഷ്ട്രീയ പക്ഷപാതം ഭരണഘടനപരമായ ചുമതലകളും ഔദ്യോഗിക കൃത്യനിര്‍വഹണവുമായി സംയോജിപ്പിക്കുക വഴി ജനാധിപത്യ തത്വങ്ങളെയും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളെയും പ്രത്യക്ഷത്തില്‍ തന്നെ ലംഘിക്കുകയാണ് ഗവര്‍ണര്‍ ചെയ്തിരിക്കുന്നത്.

 

Eng­lish sam­mury: Gov­er­nor’s stand Sangh Pari­var move to weak­en Ker­ala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.