വായ്പാവിതരണത്തിൽ 50,000 കോടി രൂപ കടന്നും വായ്പാ-നിക്ഷേപ അനുപാതം 75 ശതമാനം കൈവരിച്ചും കേരള ബാങ്കിന്റെ കുതിച്ചുചാട്ടം. ഇതോടെ കേരളത്തിലെ 45 ബാങ്കുകളിൽ വായ്പാ ബാക്കിനിൽപ്പ് 50,000 കോടിക്ക് മുകളിൽ എത്തിയ അഞ്ച് ബാങ്കുകളിൽ ഒന്നായി കേരള ബാങ്ക്.
സംസ്ഥാനം ആസ്ഥാനമായ ബാങ്കുകളിൽ വായ്പാ ബാക്കിനിൽപ്പിൽ രണ്ടാം സ്ഥാനവും കേരള ബാങ്കിനാണ്. സംസ്ഥാനത്തെ മൊത്തം ബാങ്ക് വായ്പയുടെ 8.42 ശതമാനവും കേരള ബാങ്ക് വഴി നൽകുന്ന വായ്പകളാണെന്ന് വാർത്താസമ്മേളനത്തിൽ സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. 2019 നവംബർ 29ന് നിലവിൽ വന്ന കേരള ബാങ്കിന്റെ വായ്പാ ബാക്കിനിൽപ്പ് ഇതാദ്യമായാണ് 50,000 കോടി പിന്നിട്ടതെന്നും മന്ത്രി പറഞ്ഞു.
രൂപീകരണ സമയത്ത് മൊത്തം വായ്പ 37,766 കോടിയായിരുന്നു. വ്യക്തികളും പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ഉൾപ്പെട്ട ഉപഭോക്താക്കൾക്കാണ് 50,000 കോടിയുടെ വായ്പ വിതരണം ചെയ്തിരിക്കുന്നത്. മറ്റ് ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ നിന്നും സ്വരൂപിക്കുന്ന നിക്ഷേപം ഇവിടെത്തന്നെ വായ്പയായി വിതരണം ചെയ്ത് സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകുന്നു എന്നതാണ് ഈ വായ്പയുടെ പ്രത്യേകത. നിലവിൽ കേരള ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം 75 ശതമാനം ആണ്. ഇത് സംസ്ഥാനത്തെ മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന വായ്പാ-നിക്ഷേപ അനുപാതമാണ്. മൊത്തം വായ്പയിൽ 25 ശതമാനം കാർഷിക മേഖലയിലും 25 ശതമാനം പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കുമാണ് വിതരണം ചെയ്തിട്ടുള്ളത്. കേരളത്തിന്റെ ഗ്രാമീണ സാമ്പത്തിക മേഖലയുടെയും കാർഷിക, ചെറുകിട സംരംഭകമേഖലയുടെയും വളർച്ചയ്ക്കും പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വായ്പകളിലൂടെ കഴിഞ്ഞിട്ടുണ്ട്. ചെറുകിട സംരംഭക മേഖലയ്ക്ക് മാത്രം മൊത്തം വായ്പയുടെ 12.30 ശതമാനം വായ്പ നൽകിയിട്ടുണ്ട്. 2024 ഡിസംബർ 31 വരെ 1,45,099 വായ്പകളിലായി 6203 കോടി രൂപയാണ് ചെറുകിട സംരംഭക മേഖലയ്ക്ക് നൽകിയിട്ടുള്ളത്.
രാജ്യത്തെ 33 സംസ്ഥാന സഹകരണ ബാങ്കുകളിൽ 50,000 കോടി വായ്പ ബാക്കി നിൽപ്പ് പിന്നിട്ട ആദ്യ ബാങ്ക് കേരള ബാങ്കാണ്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിന്റെ 2024 മാർച്ച് 31 വരെയുള്ള വായ്പ 33682 കോടി രൂപയാണ്.
രാജ്യത്തെ സംസ്ഥാന സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ 30 ശതമാനവും മൊത്തം വായ്പയുടെ 19 ശതമാനവും കേരള ബാങ്കിന്റെ സംഭാവനയാണ്. ഈ സാമ്പത്തിക വർഷം പുതിയതായി അനുവദിച്ച 16,000 കോടിയുടെ വായ്പയിൽ 3000 കോടി പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കാണ് അനുവദിച്ചത്. ബാങ്ക് അനുവദിച്ച സ്വർണപണയ വായ്പായിനത്തിൽ 6024 കോടിയാണ് ബാക്കിനിൽപ്പ്. ഇതിൽ 2577 കോടി യും കാർഷിക സ്വർണപ്പണയ വായ്പ ഇനത്തിലാണ്. നബാർഡിന്റെ ക്ലാസിഫിക്കേഷനിൽ വന്ന കുറവ് കേരള ബാങ്കിനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രചരണം തെറ്റിച്ചുകൊണ്ട് വായ്പാ വിതരണത്തിൽ 1833 കോടിയുടെ വർധനവാണ് തൻവർഷം രേഖപ്പെടുത്തിയത്. ഇതുമൂലം പ്രമുഖ വാണിജ്യ ബാങ്കുകൾക്ക് മാത്രം അവകാശപ്പെടാവുന്ന 50,000 കോടി യുടെ വായ്പാ ബാക്കിനിൽപ്പ് എന്ന ചരിത്ര നേട്ടം കൈവരിക്കാൻ കേരള ബാങ്കിന് കഴിഞ്ഞു. കേരള ബാങ്കിൽ കേരള സമൂഹത്തിനുള്ള വിശ്വാസ്യത വെളിപ്പെടുത്തുന്ന തരത്തിൽ നിക്ഷേപത്തിലും വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിക്ഷേപത്തിൽ ഈ സാമ്പത്തിക വർഷം 1600 കോടി വർധനവുണ്ടെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, മാനേജ്‌മെന്റ് ബോർഡ് ചെയർമാൻ വി രവീന്ദ്രൻ, ഡയറക്ടർ അഡ്വ. എസ് ഷാജഹാൻ, മാനേജ്‌മെന്റ് ബോർഡ് അംഗം ബി പി പിള്ള, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജോർട്ടി എം ചാക്കോ, ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാം, എ ആർ രാജേഷ് എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.