25 December 2024, Wednesday
KSFE Galaxy Chits Banner 2

അസമത്വ ഭാരതം

Janayugom Webdesk
ന്യൂഡല്‍ഹി
December 7, 2021 10:57 pm

കോവിഡ് 19 മഹാമാരിയുടെ കാലത്ത് ലോകത്തുള്ള അതിസമ്പന്നരുടെ സമ്പത്തില്‍ റെക്കോഡ് വര്‍ധനയുണ്ടായെന്ന് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്നും ഗ്ലോബല്‍ ഇന്‍ഇക്വാലിറ്റി ലാബ് പ്രസിദ്ധീകരിച്ച ലോക അസമത്വ റിപ്പോര്‍ട്ട് 2022 വ്യക്തമാക്കുന്നു.

1995ല്‍ 2750ഓളം വരുന്ന ശതകോടീശ്വരന്മാരുടെ കയ്യിലുണ്ടായിരുന്നത് ലോകത്തെ ആകെ സമ്പത്തിന്റെ ഒരു ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 3.5 ശതമാനമായി വര്‍ധിച്ചു. അതേസമയം, പാവപ്പെട്ടവര്‍ കൈവശം വയ്ക്കുന്നത് ലോകത്തെ ആകെ സമ്പത്തിന്റെ രണ്ട് ശതമാനം മാത്രമാണ്.

ഇന്ത്യയില്‍ ആകെ സമ്പത്തിന്റെ അഞ്ചിലൊന്നില്‍ കൂടുതല്‍ കൈവശം വച്ചിരിക്കുന്നത് അതിസമ്പന്നരിലെ ഒരു ശതമാനം പേരാണ്. രാജ്യത്ത് ജനസംഖ്യയിലെ പകുതി പേര്‍ക്ക് ആകെയുള്ളത് സമ്പത്തിന്റെ 13 ശതമാനം മാത്രമാണ്. പാവപ്പെട്ട ജനങ്ങളുടെ ഈ വിഹിതം പോലും കഴിഞ്ഞ കുറേ ദശകങ്ങളായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയിലെ സമ്പന്നരില്‍ പത്ത് ശതമാനം പേരുടെ കയ്യിലാണ് ആകെ സ്വത്തിന്റെ 57 ശതമാനവും ഉള്ളത്. സാമ്പത്തികമായി താഴെക്കിടയിലുള്ള അമ്പത് ശതമാനം പേരുടെ ആളോഹരി വാര്‍ഷിക വരുമാനം വെറും 53,610 രൂപയായിരിക്കുമ്പോള്‍ സമ്പന്നരിലെ പത്ത് ശതമാനം പേരുടെ ആളോഹരി വരുമാനം 11,66,520 രൂപയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങളുടെ കൃത്യതയില്ലായ്മ കാരണം, സമീപകാല അസമത്വ മാറ്റങ്ങളുടെ വിലയിരുത്തലിന് ബുദ്ധിമുട്ടുണ്ടാക്കിയെന്നും വേള്‍ഡ് ഇന്‍ഇക്വാലിറ്റി ലാബ് വ്യക്തമാക്കുന്നു.

ലോകത്തുടനീളമുള്ള നൂറിലധികം ഗവേഷകരുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ലോക അസമത്വ റിപ്പോര്‍ട്ട് 2022 തയാറാക്കിയിരിക്കുന്നത്. പാരീസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, കാലിഫോര്‍ണിയ, ബെര്‍കീലീ സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ സാമ്പത്തിക ശാസ്ത്രജ്ഞരാണ് റിപ്പോര്‍ട്ടിന് നേതൃത്വം നല്‍കിയത്.

കോവിഡാനന്തരം 10 കോടി പുതിയ ദരിദ്രര്‍

 

പത്ത് കോടിയിലധികം ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് പതിച്ച കാലഘട്ടത്തില്‍ ലോകത്തെ ശതകോടീശ്വരന്മാര്‍ സമാഹരിച്ച തുക 3.6 ട്രില്ല്യണ്‍ യൂറോ (ഏകദേശം 310 ലക്ഷം കോടി രൂപ)യാണെന്ന ഞെട്ടിക്കുന്ന കണക്കാണ് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പികെറ്റിയുടെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

കോവിഡ് രോഗവ്യാപനത്തിന് മുമ്പുതന്നെ വലിയ തോതിലുള്ള അസമത്വം ലോകത്ത് നിലനിന്നിരുന്നുവെങ്കിലും അതിസമ്പന്നരും ലോകത്തെ മറ്റുള്ളവരും തമ്മിലുള്ള അന്തരം മഹാമാരിക്കുശേഷം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൂടുതല്‍ സമത്വം യൂറോപ്പില്‍

കൂടുതല്‍ സമത്വമുള്ളത് യൂറോപ്പിലാണെന്ന് ലോക അസമത്വ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചില സമ്പന്ന രാഷ്ട്രങ്ങളില്‍ ദാരിദ്ര്യം വലിയ രീതിയില്‍ വര്‍ധിക്കുന്നത് തടയാന്‍ ഭരണകൂടത്തിന്റെ ഇടപെടലിലൂടെ സാധിച്ചുവെങ്കിലും അവികസിത രാജ്യങ്ങളിലെ സ്ഥിതി അതായിരുന്നില്ല. ഭരണകൂടത്തിന്റെ പിന്തുണയില്ലായ്മയും ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കിയതുമെല്ലാം അസമത്വം വര്‍ധിപ്പിക്കുന്നതിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും അസമത്വം വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: Inequal­i­ty India

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.