നരേന്ദ്രമോഡി സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി 2019ല്‍ എടുത്ത് കളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും ചെയ്ത ശേഷം സാമ്പത്തിക സ്ഥിതി മോശമായെന്ന് റിപ്പോര്‍ട്ട്. ദ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ ജമ്മു ആന്‍ഡ് കശ്മീര്‍ (ടിഎഫ്എച്ച്ആര്‍ജെകെ) എന്ന സംഘടനയാണ് സംസ്ഥാന ആഭ്യന്തര മൊത്ത ഉല്പാദനം (എസ്ഡിപി) സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2015 ഏപ്രിലിനും 2019 മാര്‍ച്ചിനും ഇടയില്‍ 13.28 ശതമാനമായിരുന്ന എസ്ഡിപി 2019നും 2024നും ഇടയില്‍ 8.73 ശതമാനമായി താഴ‍്ന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. ജമ്മുകശ്മീരിന്റെ പൊതുകടം 2022–23ല്‍ 1,12,797 കോടിയായി ഉയര്‍ന്നെന്നും മോഡി 2014ല്‍ അധികാരമേറ്റ ശേഷം ബാധ്യത മൂന്നിരട്ടിയായെന്നും ധനമന്ത്രി ഇക്കൊല്ലത്തെ ബജറ്റ് അവതരണത്തില്‍ പാര്‍ലമെന്റിനെ അറിയിച്ചതിന് പിന്നാലെയാണ് ടിഎഫ്എച്ച്ആര്‍ജെകെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍ പിള്ള, കശ്മീര്‍ വിഷയത്തില്‍ ഇടപെട്ടിരുന്ന രാധാ കുമാര്‍ എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
2019ല്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി കേന്ദ്രം പിന്‍വലിച്ചതിന് പിന്നാലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിരീക്ഷിക്കാനാണ് ടിഎഫ്എച്ച്ആര്‍ജെകെ സ്ഥാപിച്ചത്. 2019ന് മുമ്പ് ജമ്മുകശ്മീരിലെ സാമ്പത്തിക സ്ഥിതി മെച്ചമായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. 2016–17 കാലത്ത് ബുര്‍ഹാന്‍ വാനി പ്രക്ഷോഭത്തിന് ശേഷവും സാമ്പത്തികാവസ്ഥ മോശമായിരുന്നു. 2019ന് മുമ്പ് എസ്ഡിപി 15.61 ശതമാനമായിരുന്നു, ഇന്നത് 13.79 ശതമാനമായി. ആളോഹരി വളര്‍ച്ചാ നിരക്ക് 14.63 ശതമാനത്തില്‍ നിന്ന് 12.97 ശതമാനമായി കുറഞ്ഞെന്നും റിപ്പോര്‍ട്ട് പറയുന്നു.
സെപ്തംബര്‍ 30ന് മുമ്പ് ജമ്മുകശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി കേന്ദ്രത്തിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ നടക്കുന്ന തീവ്രവാദി ആക്രമണങ്ങള്‍ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകുന്നതിന് എന്‍ഡിഎ സര്‍ക്കാര്‍ ഉപയോഗിക്കുമോ എന്ന് ഭയമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം നീക്കങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് കരുത്തുപകരുമെന്നും അവര്‍ പലരീതിയിലും ഇതിനെ ദുരുപയോഗം ചെയ്യുമെന്നും ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഉടനടി നടത്താനായി സ്വതന്ത്ര തെരഞ്ഞെടുപ്പ് നിരീക്ഷകരെ ചുമതലപ്പെടുത്തണമെന്ന് ടിഎഫ്എച്ച്ആര്‍ജെകെ ശുപാര്‍ശ ചെയ്തു.
അടിസ്ഥാനസൗകര്യവികനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ആയിരക്കണക്കിന് കോടി രൂപ ജമ്മുകശ്മീരിന് നല്‍കിയതായി 2018ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. ബിജെപി അധികാരത്തില്‍ തുടരുന്നിടത്തോളം ജമ്മുകശ്മീരിന് ഫണ്ട് തടസമാകില്ലെന്നും പ്രധാനമന്ത്രി ഉറപ്പ് കൊടുത്തിരുന്നു. നിലവില്‍ ഈ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ 10.7 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 18.3 ശതമാനമാണ്. ആത്മഹത്യാനിരക്ക് 2020ലെ 2.10 ശതമാനത്തില്‍ നിന്ന് 2023–24ല്‍ 2.40 ആയി ഉയര്‍ന്നു.
യുഎപിഎ, ജമ്മുകശ്മീര്‍ പൊതുജന സുരക്ഷാ നിയമം തുടങ്ങിയ തീവ്രവാദ വിരുദ്ധനിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കണം. കുറ്റവാളികളെ ശിക്ഷിക്കുകയും തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഈ നിയമങ്ങള്‍ പറയുന്നു. കഴിഞ്ഞ കൊല്ലം മൂന്ന് പൂഞ്ച് സ്വദേശികള്‍ സൈനിക കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ഇത്തരം സംഭവങ്ങളില്‍ ശിക്ഷിക്കപ്പെട്ട പൊലീസ്, സായുധ സേന, അര്‍ദ്ധസൈനിക സേന അംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ നടപടികള്‍ വേണം. 2019 ആഗസ്റ്റ് നാല് മുതല്‍ തടവിലുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്നും അവരുടെ അതിവേഗ വിചാരണ, പൊതുസുരക്ഷാ നിയമം, മറ്റ് തടങ്കല്‍ നിയമങ്ങള്‍ എന്നിവ റദ്ദാക്കണമെന്നും തീവ്രവാദ വിരുദ്ധ നിയമത്തിന് കീഴിലുള്ള തെളിവില്ലാത്ത കുറ്റങ്ങള്‍ ഒഴിവാക്കണമെന്നും വിദ്യാര്‍ത്ഥികള്‍, അഭിഭാഷകര്‍, രാഷ്ട്രീയ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരായ തടങ്കല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ടിഎഫ്എച്ച്ആര്‍ജെകെ ആവശ്യപ്പെട്ടു.
English Summary: Jammu-Kashmir-Ladakh partition has slowed economic growth, study finds
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.