30 April 2024, Tuesday

സുധാകരന്റെ ഉത്തേജക പാക്കേജും സതീശന്റെ പുതുപ്പള്ളി — ഹരിപ്പാട് യാത്രകളും

കെ ജെ റാഫി
September 7, 2021 4:45 am

“സ്ഥലത്തെ പ്രധാന പയ്യൻസ്’ എന്ന ചിത്രത്തിൽ കൃഷ്ണൻകുട്ടി നായർ അവതരിപ്പിച്ച അവശനായ മന്ത്രികഥാപാത്രത്തെ, ആരോഗ്യം വീണ്ടെടുക്കാൻ ഭാര്യയും അനുചരന്മാരും ചേർന്ന് നീന്തൽക്കുളത്തിലേക്ക് തള്ളിയിടുന്നതും മന്ത്രി മുങ്ങിമരിക്കുന്നതുമായ ഒരു രംഗമുണ്ട്. “സ്വതവേ ദുർബല പിന്നെയോ ഗർഭിണി” എന്ന അവസ്ഥയിലിരിക്കുന്ന കോൺഗ്രസിന് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ച ഉത്തേജക പാക്കേജിന് ഏതാണ്ടിതുപോലുള്ള അവസ്ഥയാണ് നിരീക്ഷകർ കാണുന്നത്.  കോൺഗ്രസിനെ പൊളിച്ചെഴുതാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണല്ലോ പുതുനേതൃത്വം. “പുത്തനച്ചി പുരപ്പുറവും തൂക്കും” എന്നമട്ടിലുള്ള പരിഷ്കാരങ്ങൾ തുരുതുരാ പ്രഖ്യാപിക്കുന്നതിൽ യാതൊരു പിശുക്കും ഇവർ കാണിക്കുന്നില്ല. ജംബോ കമ്മിറ്റി ഒഴിവാക്കൽ, അച്ചടക്കനടപടികളുടെ ശരവർഷം, ഹൈക്കമാന്‍ഡിനെക്കാട്ടി ഭീഷണിപ്പെടുത്തൽ തുടങ്ങി ഒട്ടനവധി തന്ത്രങ്ങൾ എടുത്ത് പയറ്റുന്നുണ്ടിവർ. പോരാതെയാണ് ഉത്തേജക പാക്കേജ്!. കുറ്റം പറയരുതല്ലോ, ഏറെ പഠനം നടത്തിയാണത്രേ ഇത്തരം ചികിത്സകളുമായി വേണുഗോപാല‑സുധാകര-സതീശൻ ത്രയം ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്.

കെപിസിസി പ്രസിഡന്റ് പദവിയിലെത്തിയ ഉടനെ താൻ മുൻകയ്യെടുത്ത് നടത്തിയ സർവേയിൽ കേരളത്തിലെ പകുതിയോളം വരുന്ന ബൂത്തുകളിൽ കോൺഗ്രസ് ശക്തിയല്ലെന്ന തിരിച്ചറിവുണ്ടായിയെന്നതാണ് ഏറെ പ്രധാനം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അങ്ങനെയൊന്നുമല്ല കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നതെന്നത് വേറെ കാര്യം. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തിക്ഷയിച്ചിട്ടില്ലെന്നും വോട്ടിൽ സിപിഐ(എം)മായി നേരിയ വ്യത്യാസം മാത്രമേയുള്ളുവെന്നുമൊക്കെ ആയിരുന്നു അന്ന് വീമ്പിളക്കിയത്.
ശക്തിയില്ലാത്ത പകുതിയോളം ബൂത്തുകളിൽ 2,500 മല്ലന്മാരായ കേഡർമാരെ നിയോഗിക്കുകയെന്നതാണ് ഉത്തേജക പാക്കേജിലെ ആദ്യ ഇനം.


ഇതുകൂടി വായിക്കു:‘കോണ്‍ഗ്രസ് മുക്ത് ഭാരത്’ ദൗത്യം ഏറ്റെടുത്ത് കോണ്‍ഗ്രസുകാര്‍


 

ഇതിനെ ഡെപ്യൂട്ടേഷനെന്നൊക്കെ പറഞ്ഞ് ആരും നിസാരവൽക്കരിക്കരുത്. സുധാകരന്റെ ഒരു രീതിവച്ച് ബിജെപിയിൽ നിന്ന് ആളുകളെ ഡെപ്യൂട്ടേഷനിൽ എടുക്കലാവുമോ എന്നും സംശയിച്ചുപോകാം. നല്ല ലക്ഷണമൊത്ത യൂത്തന്മാർ 1500 പേരും പിന്നെ ഐഎൻടിയുസിയിലെ ഒരായിരം പേരും. അവരെയാണ് കേഡർമാരായി നിയമിക്കാൻ പോകുന്നത്. ഇവർക്ക് നല്ല പരിശീലനം കൊടുക്കും (ആയുധമുറയുൾപ്പെടെയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ). കൂടാതെ അത്യാവശ്യം ചിക്കലും!. കുറഞ്ഞ തുക കൊണ്ടാക്കെ ഈ യൂത്തന്മാരെയും ഐഎൻടിയുസിക്കാരെയും തൃപ്തിപ്പെടുത്താനാകുമോയെന്നത് വേറെ കാര്യം. പ്രതിപക്ഷത്തായതിനാലും കൊറോണക്കാലമായതിനാലും മറ്റു മാർഗങ്ങളില്ലാത്തതിനാൽ അഷ്ടിക്ക്‌ വകയുണ്ടാക്കാനായി, യൂത്ത് കോൺഗ്രസുക്കാരും ഐഎൻടിയുസിക്കാരും റെഡിയാകുമെന്ന് തന്നെ കരുതണം.

എന്താണ് കോൺഗ്രസ് എന്ന് പത്തുമിനിറ്റ് പറയാൻ കഴിയുന്ന കോൺഗ്രസുകാർ ഇന്നില്ല എന്നതാണത്രേ സർവേയിലെ മറ്റൊരു കണ്ടെത്തൽ. ആയകാലത്ത് നാലക്ഷരം പഠിക്കാൻ കൂട്ടാക്കാത്തവരാണ് ഇക്കൂട്ടർ എന്നും കണ്ടെത്തിയോ എന്നറിയില്ല. അവർക്കുവേണ്ടി പഠനസ്കൂൾ ആരംഭിക്കുകയെന്നതാണ് മറ്റൊരു പാക്കേജ്. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന ഒരുതരം ഏർപ്പാട്!. തൃശൂരിലെ ഡിസിസി മൂന്ന് നാലുകൊല്ലം മുൻപ് ഇതുപോലൊരു പാർട്ടി സ്കൂൾ ആരംഭിച്ചിരുന്നു. അത് തുടങ്ങി അധികം വൈകാതെ അടച്ചുപൂട്ടി. ആലപ്പുഴക്കാരനായ പ്രൊഫസർ ജി ബാലചന്ദ്രൻ, മുൻപൊരിക്കൽ കെപിസിസിക്കുവേണ്ടി ഇതുപോലൊരു സ്കൂളോ, ഇൻസ്റ്റിറ്റ്യൂട്ടോ തുടങ്ങിയിരുന്നെന്ന് കേട്ടിരുന്നു. ആ സ്കൂൾ പുനരുജ്ജീവിപ്പിക്കലാണോ, അതോ പുതിയതൊന്ന് തുടങ്ങലാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

 


ഇതുകൂടി വായിക്കു: ഉമ്മൻചാണ്ടിയെ മെരുക്കാന്‍ സതീശന്‍ പുതുപ്പള്ളിയില്‍


 

കെപിസിസിയിലും പാർലമെന്ററി പാർട്ടിയിലും തലയും മുറയും മാറിയതോടെ, മുൻപൊന്നും കേൾക്കാത്ത അച്ചടക്കം എന്നത് ഇപ്പോൾ ഇടക്കിടെ കേൾക്കുന്നുണ്ട്. സഹിക്കാൻ വയ്യാത്തതിനാലാകണം അച്ചടക്കത്തിന് മുൻകാല പ്രാബല്യം വേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല ഇടയ്ക്കൊരിക്കൽ പറഞ്ഞുനോക്കിയത്. അതൊന്നും പുത്തൻകൂറ്റുകാരായ ത്രയത്തിന് സ്വീകാര്യമല്ല. അതുകൊണ്ടാണ് അച്ചടക്കം തീരെയില്ലെന്നും നടപടി വേണമെന്നും സർവേ പൊക്കിപിടിച്ചുകൊണ്ട് പറയുന്നത്. ഈ അച്ചടക്കരാഹിത്യത്തിനും സുധാകരൻ മരുന്നു കുറിപ്പടി എഴുതിവച്ചിട്ടുണ്ട്. പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കുന്നതിന് ജില്ലകൾതോറും അഞ്ചംഗ സമിതികളാണ് സുധാകരൻ പ്രഖ്യാപിക്കാൻ പോകുന്നത്. ഒരു അധ്യക്ഷനെ പ്രഖ്യാപിച്ചപ്പോഴുള്ള പുകില് ജനം കണ്ടതാണ്.

ഇനിയിപ്പോൾ അഞ്ചംഗ അച്ചടക്ക സമിതിയെക്കൂടി പ്രഖ്യാപിക്കുമ്പോൾ എന്തരാകുമോ എന്തോ!. സെമികേഡർ, കണ്‍ട്രോൾ കമ്മിഷൻ തുടങ്ങി കമ്മ്യൂണിസ്റ്റ് പദങ്ങൾ തന്നെ ഒരു അലങ്കാരത്തിന് ഇരിക്കട്ടെ എന്നും തീരുമാനിച്ചിട്ടുണ്ട്. ബിജെപിയുടെ വഴിയെയുള്ള മാർഗദർശകമണ്ഡലുകളായി ഈ അഞ്ചംഗ സമിതികൾ മാറാനാണ് സാധ്യത. അങ്ങനെയും അക്കോമഡേഷനാക്കാമല്ലോ!
സഹകരണ സ്ഥാപനങ്ങളെ പാർട്ടി നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള പദ്ധതിയും സുധാകരന്റെ കയ്യിലുണ്ടത്രേ! തൃശൂരിലെ കരുവന്നൂർ സഹകരണ സ്ഥാപനത്തിൽ കോൺഗ്രസ് നടത്തുന്നത് പ്രഹസന സമരമാണെന്ന് കോൺഗ്രസ് ജില്ലാഭാരവാഹി തന്നെ പരസ്യപ്രസ്താവന നടത്തിയതും അയാൾക്കെതിരെ അച്ചടക്ക നടപടിയെടുത്തതും ഈയടുത്ത കാലത്താണ്.

 


ഇതുകൂടി വായിക്കു: മുതിർന്ന നേതാക്കൾക്കെതിരായ പരാമർശം; രാജ്‌മോഹൻ ഉണ്ണിത്താനോട് വിശദീകരണം തേടി കെപിസിസി


 

സഹകരണസ്ഥാപനങ്ങളിൽ സിപിഐ(എം) അതിപ്രസരമെന്ന് കുറ്റപ്പെടുത്തുമ്പോഴാണ്, തങ്ങൾ ഭരിക്കുന്ന സഹകരണസ്ഥാപനങ്ങളിൽ തങ്ങളുടെ പാർട്ടിയുടെ നിയന്ത്രണം ഉറപ്പുവരുത്തുന്നതിന് ജില്ലാ തലത്തിൽ സമിതികൾ രൂപീകരിച്ച് ആ സമിതികൾക്ക് എക്സിക്യൂട്ടീവ് അധികാരം നൽകി സഹകരണ സ്ഥാപനങ്ങളിൽ പാർട്ടി ആധിപത്യം ഉറപ്പാക്കുന്നത്. അതായത് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ മേൽ എക്സിക്യൂട്ടീവ് അധികാരമുള്ള പാർട്ടി സമിതികൾ വരുമെന്നർത്ഥം. ഇങ്ങനെ രൂപീകരിക്കുന്ന പാർട്ടി സമിതികളാണത്രേ ഒഴിവുകളിൽ നിയമനം നടത്തുക! എത്ര സുന്ദരമായ ജനാധിപത്യം!

ഇങ്ങനെ പാർട്ടിയെ ഉത്തേജിപ്പിച്ച് ഉത്തേജിപ്പിച്ച് ആറു മാസത്തിനുള്ളിൽ കോൺഗ്രസിനെ പഴയ കോൺഗ്രസല്ലാതാക്കും എന്നാണ് സുധാകരൻ അവകാശപ്പെടുന്നത്. കോൺഗ്രസിൽ സുധാകരൻ അവകാശപ്പെടുന്ന ഈ പൊളിച്ചെഴുത്ത്, പൊളിച്ചടുക്കലാകുമോ ആവോ?.
ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരുടെ ലിസ്റ്റ് പുറത്തുവന്നത് മുതൽ മിനിസ്ക്രീനിൽ അന്തിചർച്ചക്ക് വിഷയ ദാരിദ്ര്യമില്ലാതായിരിക്കുകയാണ്. ഓരോ ദിവസത്തേക്കും വേണ്ടതായ കാര്യങ്ങൾ ഉമ്മൻചാണ്ടിയും ചെന്നിത്തലയും കെ സുധാകരനും സതീശനും കെ മുരളീധരനുമൊക്കെ നൽകിക്കൊണ്ടിരിക്കുന്നു. ഈ അന്തിചർച്ചയിൽ കോൺഗ്രസ് വക്താക്കളാരും പങ്കെടുക്കരുതെന്ന് ഫത്വ പുറപ്പെടുവിച്ചിട്ടുള്ളതിനാൽ ഇപ്പോൾ കോൺഗ്രസുകാരായ മാധ്യമപ്രവർത്തകരാണ് ചേരിതിരിഞ്ഞ് ഓസി-ആർസി ഗ്രൂപ്പിനും കെ സി-കെ എസ്-വി ഡി ത്രയത്തിനുംവേണ്ടി വാദിക്കുന്നത്.

ലിസ്റ്റ് പുറത്തുവന്ന ആദ്യദിനങ്ങളിലേത് പോലെയല്ല ഇപ്പോൾ കാര്യങ്ങൾ. ത്രയഗ്രൂപ്പ് ഒന്നടങ്ങിയ മട്ടുണ്ട്. സാമ‑ദാന‑ഭേദ‑ദണ്ഡങ്ങളെന്ന നാലുമുനയുള്ള നയതന്ത്രത്തിന്റെ റിവേഴ്സ് ആപ്ലിക്കേഷനാണ് ഇപ്പോൾ നടക്കുന്നത്. ആദ്യദിനത്തിൽ തന്നെ കെ പി അനിൽകുമാറിനെയും കെ ശിവദാസൻ നായരെയും സസ്പെൻഡ് ചെയ്തുകൊണ്ടും പിറ്റേന്ന് പി എസ് പ്രശാന്തിനെ പുറത്താക്കികൊണ്ടും ദണ്ഡ നടപടികളായിരുന്നു. പുത്തന്‍കൂറ്റുകാരായ ത്രിത്വത്തിന്റെ ഹരമായിരുന്നു അത്. പിന്നെ ഹൈക്കമാന്‍ഡ് പരസ്യപ്രസ്താവന നടത്തുന്നവരുടെ ലിസ്റ്റ് ചോദിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടുകൊണ്ടുള്ള വിരട്ടലായിരുന്നു.

ഞങ്ങളുടെയൊക്കെ പ്രൈമറി വിദ്യാഭ്യാസകാലത്ത് ക്ലാസിൽ അച്ചടക്കത്തിനായി ടീച്ചർ, ക്ലാസ് ലീഡർക്ക് നിർദ്ദേശം കൊടുക്കും. അത് കിട്ടിയാലുടൻ ലീഡർ പ്രഖ്യാപിക്കും “വർത്തമാനം പറഞ്ഞവരുടെ പേരെഴുതും”. പിന്നെ ഇഷ്ടക്കാർ വർത്തമാനം പറഞ്ഞാലും ലീഡർ പേരെഴുതില്ല. ഇഷ്ടമില്ലാത്തവർ ഒന്നനങ്ങിയാൽ മതി പേരെഴുതി അടി വാങ്ങിക്കൊടുക്കും. ഇതുപോലാണ് സതീശനും സുധാകരനും പെരുമാറിയത്. വെളിച്ചപ്പാടിനൊപ്പം കോമരങ്ങളും തുള്ളിയിട്ടും ഒരു നടപടിയുമില്ല എന്ന് വന്നപ്പോൾ പുതു ത്രയഗ്രൂപ്പിനെതിരെ രണ്ടും കല്പിച്ചാണ് ഓസി-ആർസി ദ്വന്ദം രംഗത്തിറങ്ങിയത്. ഈ കൂട്ടുകെട്ടിലെ അപകടം പെട്ടെന്ന് തന്നെ ഹൈക്കമാന്റുകാർക്ക് പിടികിട്ടി. പോരാത്തതിന് ഓസിക്കും ആർസിക്കും വേണ്ടി വടക്കേ ഇന്ത്യയിലെ നേതാക്കളായ കമൽനാഥ്, ഹരീഷ് റാവത്ത് തുടങ്ങിയവർ വക്കാലത്ത് ഏറ്റെടുത്തതും ഹൈക്കമാൻഡിന് തലവേദന സൃഷ്ടിച്ചു. അതോടെയാണ് എല്ലാം ‘കോംപ്ലിമെന്റ്സ്’ ആക്കാൻ മുകളിൽനിന്ന് സതീശനും സുധാകരനും നിർദ്ദേശം വന്നത്.

ആവശ്യക്കാർ തങ്ങളെ വീട്ടിൽവന്ന് കാണട്ടെ, അങ്ങോട്ടുപോയി ഒരു ചർച്ചയുമില്ലെന്ന് ഓസി പറഞ്ഞതിനാലാണ് ഭവനസന്ദർശനമെന്ന സാമ തന്ത്രവുമായി ഇറങ്ങാൻ തീരുമാനമായത്. ഞായറാഴ്ച ദിവസം പുതുപ്പള്ളി വിട്ടൊരു കളിയും ഉമ്മൻ ചാണ്ടിക്കില്ലെന്നതിനാലാണ് ഞായറാഴ്ച ദിവസം നോക്കി സതീശൻ പുതുപ്പള്ളിയിലെത്തിയത്. രണ്ടുപേരും കുറേനേരം രഹസ്യചർച്ച നടത്തി പുറത്തുവന്ന് മാധ്യമങ്ങളെ കണ്ടു. മാധ്യമങ്ങള്‍ സതീശന്റെ ശരീരഭാഷ എല്ലാം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ആദ്യമൊക്കെ ഉരുളക്കുപ്പേരിപോലെ ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കും മറുപടി പറഞ്ഞിരുന്ന സതീശൻ, ഇനി മുഖ്യമന്ത്രിക്കും ബിജെപിക്കാർക്കും മാത്രമേ ഉരുളക്കുപ്പേരി കൊടുക്കൂവെന്നാണ് പ്രതികരിച്ചത്.

പുതുപ്പള്ളിയിലെ കാരോട്ട് വള്ളക്കാലിൽ വീടിന്റെ തിണ്ണയിൽ സതീശനെ എത്തിച്ചതിന്റെ ആഹ്ലാദമായിരുന്നു ഉമ്മൻ ചാണ്ടിയുടെ മുഖത്ത്. തന്റെ മുൻഗണനാക്രമം ഒന്നു മാറ്റി, “കോൺഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്‍ഡ്” പ്രഖ്യാപിക്കുകയുംചെയ്തു. ഉമ്മൻ ചാണ്ടിക്ക് തലേന്നുവരെ അങ്ങനെയായിരുന്നില്ല എന്നത് വേറെ കാര്യം. സതീശൻ പിന്നീട് പോയത് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടേക്കായിരുന്നു. ആ കൂടിക്കാഴ്ചയും കഴിഞ്ഞതോടെ കോൺഗ്രസ് ഇനി പഴയ കോൺഗ്രസ് തന്നെയാകും. ആവർത്തിക്കാൻ യാദവകുലത്തിന്റെ ചരിത്രമുണ്ടല്ലോ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.