22 December 2024, Sunday
KSFE Galaxy Chits Banner 2

ഇന്ന് കേരളപ്പിറവിദിനം; നവകേരളം: ആധുനിക സമൂഹത്തെക്കുറിച്ചുള്ള സങ്കല്പം

പിണറായി വിജയന്‍
മുഖ്യമന്ത്രി
November 1, 2021 4:15 am

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനർനിർണയം സാധ്യമാക്കുകയും തിരു-കൊച്ചി-മലബാർ പ്രവശ്യകൾ സംയോജിപ്പിച്ച് ഐക്യകേരളം യാഥാർത്ഥ്യമാക്കുകയും ചെയ്തപ്പോൾ അതിനു വേണ്ടി പൊരുതിയ ജനലക്ഷങ്ങളുടെ മനസിൽ ഭാവികേരളത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. അതൊക്കെ യാഥാർത്ഥ്യമാക്കാൻ പുനരർപ്പണം ചെയ്യേണ്ട ദിനമാണിത്.  ഓരോ കേരളപ്പിറവി ദിനവും കേരളത്തെ പുതുക്കാനും കൂടുതൽ മെച്ചപ്പെടുത്താനും ഉള്ള ചുമതല നമുക്ക് ഓരോരുത്തർക്കും ഉണ്ടെന്ന ഓർമ്മപ്പെടുത്തലാണ്.  ഐക്യകേരള പിറവിക്കുശേഷം അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിന്റെ ഭാവി ഭാഗധേയം നിർണയിക്കുന്ന വിധത്തിൽ സാമൂഹിക ബന്ധങ്ങളെ അഴിച്ചു പണിയുംവിധം അടിസ്ഥാനപരമായ ഇടപെടലുകളാണ് നടത്തിയത്. ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആ സർക്കാർ ഭൂപരിഷ്കരണത്തിലൂടെയടക്കം കാർഷിക ബന്ധങ്ങൾ പൊളിച്ചെഴുതുന്ന വിവിധങ്ങളായ നടപടികളിലൂടെ കേരളത്തെ പുരോഗമനപരമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. വിദ്യാഭ്യാസം സാർവത്രികമാക്കാൻ ആ സർക്കാർ നടത്തിയ ഇടപെടൽ വിദ്യയിലധിഷ്ഠിതമായ ഒരു ആധുനിക സമൂഹത്തെ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.

തുടർന്നുള്ള ഘട്ടങ്ങളിൽ കേരളത്തിൽ അധികാരത്തിൽ വന്ന പുരോഗമന സർക്കാരുകൾ കേരളത്തെ പുരോഗമന പാതയിൽ തന്നെ നിലനിർത്താനുള്ള ഇടപെടലുകളാണ് നടത്തിയത്. സാമൂഹ്യ സുരക്ഷ, സാക്ഷരത, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം തുടങ്ങിയ മേഖലകളിലെല്ലാം കേരളം എടുത്ത മുൻകൈകൾ അപ്രകാരമുള്ളവയായിരുന്നു. അവയുടെ തുടർച്ചയെന്നോണമാണ് വികസന‑ക്ഷേമ പ്രവർത്തനങ്ങളിലും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിലും കഴിഞ്ഞ എൽഡിഎഫ് സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ നടത്തിയത്.  2021 ൽ അധികാരത്തിൽ വീണ്ടുമെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാകട്ടെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പുതിയ ഉയരങ്ങളിലേക്ക് കേരളത്തെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനു സഹായകമായ രണ്ടു സവിശേഷ മുൻകൈകൾ ഈ കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്. ഒന്നാമത്തേത്, വിദ്യാലയങ്ങൾ തുറന്നുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളെ വീണ്ടും ക്ലാസ് മുറികളിലൂടെയുള്ള വിദ്യാഭ്യാസ പ്രകിയയുടെ ഭാഗമാക്കുന്ന പ്രവർത്തനമാണ്. രണ്ടാമത്തേത്, കെഎഎസ് നടപ്പാക്കിക്കൊണ്ട് കേരളത്തിലെ പൊതുസേവന മേഖലയെ ആകെ നവീകരിക്കുന്ന പ്രവർത്തനമാണ്.

കോവിഡ് മഹാമാരി പൂർണമായി ഒഴിഞ്ഞു എന്നു പറയാവുന്ന ഘട്ടത്തിലല്ല വിദ്യാലയങ്ങൾ പുനഃരാരംഭിക്കുന്നത്. എന്നാൽ ശതമാന കണക്കിൽ, ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പേർക്ക് രണ്ടു ഡോസ് വാക്സിനും നൽകിയ സംസ്ഥാനമെന്ന നിലയിലും കേന്ദ്ര ആയുഷ് മന്ത്രാലയം നിഷ്കർഷിക്കുന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റർ ഡോസുകൾ കുട്ടികൾക്കു ലഭ്യമാക്കാൻ കൃത്യമായ സംവിധാനമുള്ള സംസ്ഥാനമെന്ന നിലയിലും നാം പരമാവധി സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. വിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി ക്ലാസുകൾ വൃത്തിയാക്കാനും അണുനശീകരണം നടത്താനുമൊക്കെ ഒരു മാസം മുമ്പു മുതൽക്കേ കൃത്യമായ പദ്ധതി നാം ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ രീതിയിൽ വിദ്യാഭ്യാസം നടത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിച്ച് നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യം കൂടി ഉറപ്പുവരുത്തുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. അതാകട്ടെ കുഞ്ഞുങ്ങളുടെയും നാടിന്റെയും ഭാവിയെ കരുതിയുള്ള ഇടപെടലാണ്.

 


ഇതുംകൂടി വായിക്കാം; വനസംരക്ഷണ നിയമഭേദഗതി: ആശങ്കയകറ്റാൻ ചട്ടങ്ങൾ വേണം


60 വർഷത്തിലധികം നീണ്ട കാത്തിരിപ്പിനുശേഷമാണ് കെഎഎസ് യാഥാർത്ഥ്യമാവുന്നത്. ഇന്ന് കെഎഎസിന്റെ ആദ്യത്തെ ബാച്ചിനു നിയമനശുപാർശ നൽകുകയാണ്. ഇതു കേരളത്തെ സംബന്ധിച്ചിടത്തോളം ഒരഭിമാന നിമിഷമാണ്. സർക്കാർ സർവീസിലേക്ക് ഉയർന്ന യോഗ്യതയും മിടുക്കും ഉള്ളവരെ ആകർഷിച്ചുകൊണ്ട് സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കാനാണു നാം ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായി ഡിജിറ്റൽ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടു പൊതുസേവനങ്ങൾ ജനങ്ങളുടെ വീടുകളിലേക്കും കരങ്ങളിലേക്കും എത്തിക്കുന്ന സംവിധാനത്തിനു കൂടി നാം തുടക്കമിട്ടിട്ടുണ്ട്. പൊതുജനങ്ങൾക്ക് ആവശ്യമായി വരുന്ന സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കാനും ആവർത്തന സ്വഭാവമുള്ള രേഖകൾ ഏകോപിപ്പിച്ച് ഒരൊറ്റ രേഖയാക്കാനുമുള്ള ഇടപെടൽ കൂടി സർക്കാർ കഴിഞ്ഞ മാസം നടത്തിയിരുന്നു. സർക്കാർ സർവീസുകളിലെ മാനവ വിഭവശേഷി ഉയർത്തിയും സർക്കാർ സേവനങ്ങളെ ജനസൗഹൃദപരമാക്കിയും ജനകേന്ദ്രീകൃത ഭരണനിർവഹണത്തിലേക്കുള്ള വലിയ ചുവടുവെയ്പാണ് നടത്തിയിട്ടുള്ളത്. അതിലൂടെ ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് പരമപ്രധാനം എന്ന കാഴ്ചപ്പാടിന് അടിവരയിട്ടിരിക്കുകയാണ് ഈ സർക്കാർ.

വിദ്യാലയങ്ങൾ തുറന്നുകൊടുത്ത് നമ്മുടെ ഭാവി തലമുറയെ കരുതുകയും സർക്കാർ സംവിധാനങ്ങളെ മെച്ചപ്പെടുത്തി പൊതുജനങ്ങളുടെ ജീവിതം സുഗമമാക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ വികസന‑ക്ഷേമ പ്രവർത്തനങ്ങൾ കൂടി അവിരാമം തുടർന്നുകൊണ്ടു പോവുകയാണ് ഈ സർക്കാർ. വികസനത്തിന് ഉല്പാദന മേഖലയിൽ വളർച്ച ഉണ്ടാവണം എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കരുതുന്നത്. അതിനായി കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താനുള്ള നിരവധി ഇടപെടലുകളാണ് ഇക്കാലയളവിൽ നടത്തിയിട്ടുള്ളത്. നിക്ഷേപകരുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള സംസ്ഥാന‑ജില്ലാതല സ്റ്റാറ്റ്യൂട്ടറി സമിതികൾ രൂപീകരിക്കുന്ന നിയമം നടപ്പിലാക്കിയത്, വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനക്ക് കേന്ദ്രീകൃത പരിശോധനാ സംവിധാനം ഏർപ്പെടുത്തിയ നടപടി, ചെറുകിട — ഇടത്തരം വ്യവസായങ്ങൾക്കുള്ള അനുമതി അതിവേഗം ലഭ്യമാക്കുന്നതിനുള്ള നിയമം നടപ്പിലാക്കിയത് എന്നിവയാണവ. ഇക്കഴിഞ്ഞ ദിവസമാകട്ടെ 50 കോടിയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ആവശ്യമായ രേഖകളടങ്ങിയ അപേക്ഷകൾ സമർപ്പിച്ചാൽ ഏഴു ദിവസത്തിനകം കോംപൊസിറ്റ് ലൈസൻസ് ലഭ്യമാക്കാൻ വേണ്ട നിയമഭേദഗതിയും നടത്തി.

ഇവയുടെയൊക്കെ ഫലമായി ഈ സർക്കാരിന്റെ കാലയളവിൽ വ്യവസായ മേഖലകളിൽ വലിയ വളർച്ച ഉണ്ടായിട്ടുണ്ട്. ഈ സർക്കാർ അധികാരമേറ്റ ശേഷം 3,220 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്കാണ് ധാരണയായിട്ടുള്ളത്. ലോകത്തെ മുൻനിര ഐടി — ഡിസൈൻ സേവനദാതാക്കളായ ടാറ്റ എലെക്സി, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങി പ്രമുഖ കമ്പനികളടക്കം ധാരാളം മുൻനിര സംരംഭകർ കേരളത്തിൽ പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. 4,299 പുതിയ എംഎസ്എംഇ യൂണിറ്റുകളാണ് ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ ആരംഭിച്ചിട്ടുള്ളത്. അതുവഴി 17,448 തൊഴിലവസരങ്ങളും ഈ മേഖലയിൽ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
വികസനം സാമൂഹ്യ നീതിയിലധിഷ്ഠിതമായിരിക്കണമെന്ന കാഴ്ചപ്പാടാണ് ഈ സർക്കാരിനെ നയിക്കുന്നത്. അതിനു വിഭവങ്ങളുടെ നീതിയുക്തമായ വിതരണം ഉണ്ടാവണം. അതുറപ്പുവരുത്തുന്ന ഇടപെടലുകൾ കെഎഎസിലുൾപ്പെടെ സർക്കാർ നടത്തിയിട്ടുണ്ട്. ലൈഫ് വീടുകൾ പൂർത്തീകരണത്തിന് ഈ ഘട്ടത്തിൽ മുൻഗണന നൽകിയവയിലും നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കിയ പദ്ധതികളിലും പ്രവൃത്തികളിലും സാമൂഹ്യനീതിക്കു സർക്കാർ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതു പ്രകടമായിരുന്നു. വികസനത്തിന്റെ ഗുണങ്ങൾ എല്ലാവരിലേക്കുമെത്താൻ അഭ്യസ്തവിദ്യരും ശേഷീ സമ്പന്നരുമായ നമ്മുടെ ചെറുപ്പക്കാർക്ക് ഇന്നാട്ടിൽ തന്നെ അവരുടെ കഴിവുകൾക്കും അഭിരുചികൾക്കും അനുസൃതമായ തൊഴിലുകൾ ഉറപ്പുവരുത്തുക എന്നതും പ്രധാനമാണ്. അതിനുതകുന്ന വിധത്തിൽ 20 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കാനും, അവ കരസ്ഥമാക്കാൻ കഴിയുന്ന ശേഷി വികസനം നമ്മുടെ യുവജനങ്ങൾക്ക് ഉറപ്പുവരുത്താനുമുള്ള പദ്ധതി കെ-ഡിസ്കിലൂടെ ആവിഷ്കരിക്കുന്നതിന്റെ അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ്.

ബദൽ നയങ്ങൾ നടപ്പാക്കിയാണ്, കേരളം വിവിധ വികസന സൂചികകളിൽ ആഗോള നിലവാരത്തിലേക്ക് ഉയർന്നത്. ആ ബദൽനയങ്ങൾ പിന്തുടർന്നുകൊണ്ടാണ് കേരളം സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ കാര്യത്തിൽ രാജ്യത്തിനു തന്നെ മാതൃക ആയത്. ഇന്നിപ്പോൾ വർധിച്ച നിരക്കിൽ കൂടുതൽ ആളുകൾക്ക് അവ മാസംതോറും ലഭ്യമാക്കി സാമൂഹ്യ സുരക്ഷാ പെൻഷനുകളെ പൗരാവകാശം എന്ന നിലയിൽ ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. ജനക്ഷേമം മുൻനിർത്തിയുള്ള ഈ ബദൽ വികസന കാഴ്ചപ്പാട് ലൈഫ്, ആർദ്രം എന്നീ മിഷനുകളുടെ പ്രവർത്തനത്തിലും ദുരിതാശ്വാസനിധിയിലൂടെ നൽകുന്ന സഹായങ്ങളിലും വ്യക്തമാണ്.
പ്രവചനാതീതമായ പ്രകൃതിക്ഷോഭങ്ങളുടെ മധ്യത്തിലും ഇത്തരം പ്രവർത്തനങ്ങളുമായി മാതൃകാപരമായി മുന്നോട്ടു പോകുമ്പോൾ തന്നെ നാടിന്റെ പൊതുവായ വികസന മുന്നേറ്റത്തിനു തടസങ്ങളൊന്നുമുണ്ടാവുന്നില്ല എന്നുറപ്പുവരുത്തുന്നുമുണ്ട് സർക്കാർ.

ഈ അഞ്ചു വർഷം കൊണ്ട് 60,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണു നാം ലക്ഷ്യമിടുന്നത്. കെ-റയിൽ പോലെ ഭാവിക്കുതകുന്ന ഗതാഗത സൗകര്യങ്ങൾ കൂടി ഉറപ്പുവരുത്തി കേരളത്തെ വികസിത രാജ്യങ്ങൾക്കു സമാനമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതാകട്ടെ സേവനം, വിനോദ സഞ്ചാരം എന്നിങ്ങനെ കേരളത്തിനു തനതു സാധ്യതകളുള്ള മേഖലകളുടെ വികസനത്തിനു വഴിയൊരുക്കുകയും ചെയ്യും. അതൊക്കെ വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയായി മാറുന്നതിനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ഉത്തേജനം പകരും. അങ്ങനെ നവകേരളസൃഷ്ടിയുടെ അടിസ്ഥാനം ഒരുങ്ങുകയും ചെയ്യും.  നവകേരളം എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതും ദുരന്തങ്ങൾക്കോ ദുഷ്‌പ്രചരണങ്ങൾക്കോ തകർക്കാൻ കഴിയാത്തതുമായ ഒരു ആധുനിക സമൂഹത്തെക്കുറിച്ചുള്ള സങ്കല്പമാണ്. അതിന്റെ കേന്ദ്രത്തിലുള്ളത് ഓരോ കേരളീയനുമാണ്. അതുകൊണ്ടു തന്നെ, കേരളത്തെ ലോകത്തിന്റെ മുന്നിൽ ഒരു മാതൃകയായി ഉയർത്തിക്കാട്ടാവുന്ന സുസ്ഥിര വികസനത്തിലടിസ്ഥാനപ്പെട്ട സമൂഹമായി പരിവർത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കു പൂർണ പിന്തുണയേകും എന്ന പ്രതിജ്ഞ എടുത്തുകൊണ്ട്, നമുക്കെല്ലാവർക്കും ഈ കേരളപ്പിറവി ദിനം അർത്ഥവത്താക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.