26 December 2024, Thursday
KSFE Galaxy Chits Banner 2

കോർപറേറ്റുകൾക്കായി കേന്ദ്രം ജനങ്ങളെ ശിക്ഷിക്കുന്നു

കെ പി ശങ്കരദാസ്
November 2, 2021 4:19 am

അഭൂതപൂർവമായ ദുരിതങ്ങളിലും ദുരന്തങ്ങളിലും പെട്ടു കഴിയുന്ന ഇന്ത്യൻ ജനതയ്ക്ക് മറ്റൊരു ഇരുട്ടടി കൂടിയായി മാറുമോ “കേന്ദ്ര വൈദ്യുതി (ഭേദഗതി) നിയമം” എന്ന ആശങ്കയിലാണ്. സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ള പാവപ്പെട്ടവരും സാധാരണക്കാരും പ്രതിസന്ധിയുടെ ഒഴിയാബാധയിൽ കുടുങ്ങിയ കർഷകരും തൊഴിലാളികളും ദരിദ്രരുമടക്കം വൻപിച്ചൊരു ജനവിഭാഗം അന്ധകാരത്തിൽ അകപ്പെടുന്ന അവസ്ഥയിലാണ്. കോർപറേറ്റുകൾക്കും സ്വകാര്യ മൂലധന ശക്തികൾക്കും രാജ്യത്തെ കൊള്ളയടിക്കാൻ ഏതറ്റംവരെ പോകാനും വഴിയൊരുക്കുന്ന മോഡി സർക്കാർ അതിലേക്കായി ഏറ്റവും ഒടുവിലായി കൊണ്ടുവന്നതിൽ ഒന്നാണ് “കേന്ദ്രവൈദ്യുതി നിയമ (ഭേദഗതി) ബിൽ 2021.

2014 ൽ നരേന്ദ്രമോഡി അധികാരത്തിൽ വന്നതിനു ശേഷം നാലാമത്തെ തവണയാണ് 2003 ലെ കേന്ദ്ര വൈദ്യുതി നിയമത്തിന് ഭേദഗതി കൊണ്ടുവരുന്നത്. പുതിയ ഭേദഗതി അനുസരിച്ച് വ്യക്തിക്കോ കമ്പനിക്കോ രാജ്യത്ത് എവിടെയും വൈദ്യുതിവിതരണം ഏറ്റെടുക്കാനാവും. ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന് ഒരു അപേക്ഷ കൊടുക്കണം അത്രമാത്രം മതി. നിയമഭേദഗതി ബിൽ അടുത്തുചേരുന്ന ലോകസഭയിൽ അവതരിപ്പിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. നിയമം പ്രബല്യത്തിൽ വരുന്നതേടെ സംസ്ഥാനസർക്കാർ ഉടമയിലുള്ള വൈദ്യുതി ബോർഡുകൾ ഇല്ലാതാകുകയും പകരം മൂന്ന് കമ്പനികൾ വീതം ഒരോ സംസ്ഥാനത്തും നിലവിൽ വരികയും ചെയ്യും. ജെൻകോസ് അഥവാ വൈദ്യുതോല്പാദന കമ്പനികൾ, ട്രാൻകോസ് എന്ന പ്രസരണ കമ്പനികൾ, ഡിസ്കോസ് എന്ന വൈദ്യുതോല്പാദനകമ്പനികൾ, എന്നിവയ്ക്കു പുറമേ സംസ്ഥാനങ്ങളിൽ ഓരോ പ്രദേശത്തും ഒന്നിലേറെ സ്വകാര്യ വൈദ്യുതികമ്പനികൾക്കും പ്രവർത്താനുമതി നൽകും.

സേവനാധിഷ്ഠിതമായും ജനോപകാരപ്രദമായും പ്രവർത്തിച്ചുവരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വൈദ്യുതി മേഖലയിൽ നിന്നും പടിപടിയായി പുറത്താക്കി രംഗം അപ്പാടെ സ്വകാര്യമുതലാളിമാരുടെ കാല്‍ക്കീഴിൽ എത്തിക്കുന്നതാണ് നിർദിഷ്ട കേന്ദ്ര വൈദ്യുതി ഭേദഗതി നിയമം.
ലാഭേച്ഛയോടെ വൈദ്യുതി മേഖലയിലേക്ക് കടന്നുവരുന്ന സ്വകാര്യ മുതലാളിമാർക്കും സ്വകാര്യ കമ്പനികൾക്കും യാതൊരു നിയന്ത്രണങ്ങൾക്കും വിധേയമാകാതെ വൈദ്യുതി ഉല്പാദിപ്പിക്കാനും പ്രസരണം നടത്താനും വില്പന നടത്താനും പരമാവധി കൊള്ളലാഭം കൈക്കലാക്കാനും കഴിയുന്ന തരത്തിൽ സ്വാതന്ത്യ്രം നൽകുകയാണ്. ഒരു പ്രദേശത്തുതന്നെ നിരവധി സ്വകാര്യ കമ്പനികൾക്ക് ഒരേസമയം പ്രവർത്തിക്കാം. ഇതിലൊന്നിനും സംസ്ഥാന സർക്കാരിന്റെ ലൈസൻസ് വേണ്ട. കേന്ദ്രസർക്കാർ പുതുതായി രൂപീകരിക്കുന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷന് മുൻപാകെ പേരിനൊരു അപേക്ഷ കൊടുത്താൽ മാത്രം മതിയാകും. ഒരു സംസ്ഥാനത്ത് ഏതൊക്കെ പ്രദേശങ്ങളിൽ ഏതൊക്കെ സ്വകാര്യകമ്പനികൾ പ്രവർത്തിക്കുന്നു എന്ന വിവരം സംസ്ഥാനസർക്കാർ അറിയുക പോലുമില്ല എന്ന അവസ്ഥയാണ് വരാൻപോകുന്നത്.
ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽപ്പെട്ടതാണ് വൈദ്യുതി. ഇതുപ്രകാരം വൈദ്യുതിമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ നിയമനിർമ്മാണം നടത്താൻകേന്ദ്ര സർക്കാരിനും അതതു സംസ്ഥാന സർക്കാരുകൾക്കും കഴിയും. പുതുതായി കൊണ്ടുവന്നിട്ടുള്ള നിയമഭേദഗതി, സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ കവർന്നെടുക്കാനും വൈദ്യുതി മേഖലയുടെ സമ്പൂർണ നിയന്ത്രണം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കാനും വഴിയൊരുക്കുന്നു. ഭരണഘടനാപരമായി ഉറപ്പുചെയ്യപ്പെട്ട ഫെഡറൽ സംവിധാനത്തെയും അട്ടിമറിക്കുന്ന പാതകളാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നത്.

 


ഇതുംകൂടി വായിക്കാം; തൊഴിലില്ലായ്മ വർധിക്കുമ്പോൾ


 

കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഭേദഗതി നിയമ ബില്ലിന്റെ കരട് പുറത്തു വന്നതോടെ നിരവധി സംസ്ഥാനങ്ങൾ ബില്ലിലെ വ്യവസ്ഥകളെ കഠിനമായി എതിർക്കുകയും ഈ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കേരളം തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമബംഗാൾ, ഝാർഖണ്ഡ്, ബിഹാർ, മഹാരാഷ്ട ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ശക്തമായ പ്രതിഷേധം കേട്ടതായിപ്പോലും ഭാവിക്കാതെ ദരിദ്രജനവിഭാഗങ്ങളെയും കർഷകരെയും ദ്രോഹിക്കുന്ന വ്യവസ്ഥകൾ കുത്തിനിറച്ച് ബില്ലിന് അന്തിമരൂപം നല്‍കുകയാണ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലെ സംസ്ഥാന വൈദ്യുതബോർഡ് പതിനായിരക്കണക്കിന് കോടി രൂപ ചെലവാക്കി അനേകവർഷങ്ങൾകൊണ്ട് സ്ഥാപിച്ച വൈദ്യുതിനിലയങ്ങളും വൈദ്യുതിലൈനുകളും യാതൊരു പ്രതിഫലവും നൽകാതെ സർവതന്ത്ര സ്വതന്ത്രമായി യഥേഷ്ടം ഉപയോഗിക്കാൻ സ്വകാര്യ കമ്പനികൾക്ക് അവസരം ഒരുക്കിക്കൊടുക്കും. കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങൾ ഇവർക്ക് വാരിക്കോരികൊടുക്കുന്നതിന് നിയമത്തിന്റെ പിൻബലം നൽകുന്നതിന് വേണ്ടിയാണ് ദേശീയതാല്പര്യവും ജനതാല്പര്യവും ബലികഴിക്കുന്നത്.

വൈദ്യുതി വിതരണ വില്പനരംഗത്ത് കോർപറേറ്റ് രാജാക്കൻമാർ അടക്കമുള്ള സ്വകാര്യമുതലാളിമാരുടെ തേർവാഴ്ചയാണ് വരാൻ പോകുന്നത്. വൈദ്യുതിബോർഡുകൾ സ്വകാര്യവൽക്കരിക്കാതെ തന്നെ ബോർഡുകളുടെ കോടികൾ വിലയുള്ള ആസ്തികൾ സ്വകാര്യ മുതലാളിമാർക്ക് യഥേഷ്ടം കൈകാര്യം ചെയ്യാൻ അവസരം ഉറപ്പാണ്. സംസ്ഥാനവൈദ്യുതി ബോർഡുകളുടെ നിലയങ്ങളും ലൈനുകളും ഭൂമിയും കെട്ടിടങ്ങളുമൊക്കെ ദേശീയ സമ്പത്താണ്. അവ വാടകയോ പാട്ടത്തുകയോ നല്കാതെ യഥേഷ്ടം വിനിയോഗിക്കാൻ സ്വകാര്യ മുതലാളിമാർക്ക് ഒത്താശ ചെയ്യുകയാണ് കേന്ദ്രസർക്കാർ. ഈയിനത്തിൽ ഓരോ വർഷവും വൈദ്യുതി ബോർഡുകൾക്കുണ്ടാകുന്ന നഷ്ടം വളരെ വലുതായിരിക്കും. തങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കാൻ പൊതുമേഖലാ കമ്പനി വേണോ, സ്വകാര്യകമ്പനി വേണോയെന്ന് തീരുമാനിക്കാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കുമെന്നത് ഒറ്റ നോട്ടത്തിൽ ആകർഷകമായി തോന്നാമെങ്കിലും ഗാർഹിക ഉപഭോക്താക്കളെയും ചെറുകിട വ്യാപാര വ്യവസായ ഉപഭോക്താക്കളെയും കർഷകരെയും സംബന്ധിച്ചിടത്തോളം ഇതൊരു ചതിക്കെണിയാണ്. നിയമഭേദഗതി ബില്ലിലെ കടുത്ത ജനദ്രോഹം മറനീക്കി പുറത്തുവരുന്നതും ഇവിടെയാണ്.

വൈദ്യുതി വിതരണരംഗത്ത് കടന്നുവരുന്ന സ്വകാര്യ കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകുന്ന വൈദ്യുതിയുടെ നിരക്ക് നിശ്ചയിക്കുന്നത് അവർതന്നെയായിരിക്കും. വൈദ്യുതിക്കായി തങ്ങളെ സമീപിക്കുന്നവരിൽ ആർക്കൊക്കെ കൊടുക്കണം, കൊടുക്കേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരവും സ്വകാര്യ മുതലാളിമാർക്ക് നല്കിയിരിക്കുകയാണ്. ഓരോ കമ്പനിയും തങ്ങൾ വിൽക്കുന്ന വൈദ്യുതിക്ക് നിശ്ചയിക്കുന്നത് വ്യത്യസ്ത നിരക്കുകളാകാനാണ് സാധ്യത. പൊതുമേഖലാ കമ്പനികൾ നിശ്ചയിക്കുന്ന വിലയെക്കാൾ വളരെ ഉയർന്ന നിരക്കാകും സ്വകാര്യ കമ്പനികൾ ഈടാക്കുക. ഒരു പ്രദേശത്തെ സ്വകാര്യകമ്പനികൾ തന്നെയും ഒരേ വിഭാഗം ഉപഭോക്താക്കളിൽ നിന്നും വ്യത്യസ്തനിരക്കുകൾ ഈടാക്കുവാനും സാധ്യതയേറെയാണ്. വൈദ്യുതി വിതരണകമ്പനികൾക്ക് ഉണ്ടാകുന്ന ചെലവിനനുസൃതമായ തുക വൈദ്യുതി നിരക്കായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാമെന്ന് ഭേദഗതി ബില്ലിൽ പറയുന്നുണ്ട്. കർഷകർക്ക് ജലസേചനാവശ്യത്തിന് കൃഷിയിടങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനാണ് ഏറ്റവും കൂടുതൽ ചെലവു വരുന്നത്.

 


ഇതുംകൂടി വായിക്കാം; സുപ്രീം കോടതി വിധി: ചാരന്മാരുടെ കരണത്തിലേറ്റ പ്രഹരം


 

ഈ ചെലവിന് ആനുപാതികമായ തുകയും കമ്പനികൾ ആഗ്രഹിക്കുന്ന ലാഭവും ചേർന്നുള്ള തുകയാകും നിരക്കായി നിശ്ചയിക്കുക. തന്മൂലം വരും കാലങ്ങളിൽ ഏറ്റവും ഉയർന്ന വൈദ്യുതി നിരക്ക് നൽകേണ്ടി വരുന്നത് ഗ്രാമീണ കർഷകരും ദരിദ്ര വിഭാഗങ്ങളും പാവപ്പെട്ടവരും തൊഴിലാളികളും ഇടത്തരക്കാരുമായിരിക്കും ലാഭക്കൊതിയൻമാരായ മുതലാളിമാർ ഓരോ മാസവും നിരക്ക് കൂട്ടാനും മടിക്കില്ല, ആവശ്യവസ്തുവിന്റെ ഗണത്തിൽപ്പെടുന്ന വൈദ്യുതിക്ക് അഭൂതപൂർവമായ വിലകൊടുക്കേണ്ടി വരുന്നത് രാജ്യത്ത് ജനജീവിതം താറുമാറാകും. കൃഷിച്ചെലവ് ഭീമമായി ഉയരുന്നതോടെ കർഷകർ കടുത്ത ദാരിദ്യ്രത്തിലാഴ്ത്തപ്പെടുമെന്നാണ് വിമർശനം കർഷകരോട് കാണിക്കുന്ന ക്രൂരതയുടെ മറ്റൊരു ഭാഗമായാണ് ഇതിനെ ജനങ്ങൾ വിലയിരുത്തുന്നത്. കർഷകരെ സഹായിക്കുന്നതിനായി ജലസേചനാവശ്യത്തിനുള്ള വൈദ്യുതി കർഷകർക്ക് സൗജന്യമായി നൽകുന്ന സംസ്ഥാന സർക്കാരുകളെ ആശ്വാസ നടപടി തുടരുന്നതിൽ നിന്നും വിലക്കിയിരിക്കുകയാണ്. പഞ്ചാബ്, തമിഴ്‌നാട്, ആന്ധപ്രദേശ്, തെലങ്കാന സംസ്ഥാന സർക്കാരുകൾ ലക്ഷക്കണക്കിന് കർഷകർക്കാണ് വൈദ്യുതി സൗജന്യമായി നൽകിവരുന്നത്.

വൈദ്യുതി മേഖലയിലെ ലാഭത്തെ സ്വകാര്യവൽക്കരിക്കുകയും നഷ്ടത്തെ ദേശസാൽക്കരിക്കുകയുമാണ് പുതിയ നിയമനിർമ്മാണത്തിലൂടെ കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. “ലാഭം സ്വകാര്യമേഖലയ്ക്കും, നഷ്ടം പൊതുമേഖലയ്ക്കും”. ഈ അവസഥ പൊതുമേഖലയെ തകർച്ചയിലേക്ക് നയിക്കും.
സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വൈദ്യുതിവില ദുരിതം സൃഷ്ടിക്കാനിടയാകാതിരിക്കാൻ നല്കിവന്നിരുന്ന സബ്സിഡി എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുന്ന നരേന്ദ്രമോഡി ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ പ്രവൃത്തി കോടിക്കണക്കിനാളുകൾക്കാണ് കനത്ത ആഘാതമേൽക്കുന്നത്. സബ്സിഡി നിഷേധിക്കപ്പെടുന്നതോടെ ഗാർഹിക ഉപഭോക്താക്കളും കർഷകരും ചെറുകിട വ്യാപാരികളും തൊഴിലാളികളും നല്കേണ്ടിവരുന്ന വൈദ്യുതിവില അതിഭീമമായിരിക്കും. വൈദ്യുതി സബ്സിഡിക്ക് പകരമായി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രമാണ്. വൈദ്യുതിക്ക് വില കൊടുക്കേണ്ടിവരുന്നതുമൂലമുള്ള ആഘാതം ലഘൂകരിക്കുന്നതിനായി സബ്സിഡിക്ക് പകരം തുക ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേയ്ക്ക് മാറ്റും എന്നാണ് വാഗ്ദാനം.
പാചക വാതക സബ്സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയിരുന്നത് അവസാനിപ്പിച്ച് എൽപിജി സബ്സിഡിയുടെ അന്ത്യം കുറിച്ച മോഡി സർക്കാരാണ് വൈദ്യുതി ഉപഭോക്താക്കൾക്ക് ഡിബിടിയായി പണം കൈമാറുമെന്നു പറയുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് കഴിഞ്ഞ വർഷം മെയ് മാസത്തിൽ എൽപിജി സബ്സിഡി എടുത്തുകളഞ്ഞ് ജനങ്ങൾക്കു മേൽ വൻപിച്ച സാമ്പത്തികഭാരം അടിച്ചേൽപ്പിച്ചത്. ഈ ദുരനുഭവം ജനമനസുകളിൽ ഇന്നും തളം കെട്ടിനിൽക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.