26 April 2024, Friday

രാജ്യത്തെ ഇരുട്ടിലേക്ക് തള്ളരുത്

കെ പി ശങ്കരദാസ്
May 2, 2022 6:00 am

ഭരണാധികാരവുമായുള്ള അവിശുദ്ധ ബാന്ധവമാണ് രാജ്യത്തെ സമസ്ത മേഖലയിലും ആധിപത്യമുറപ്പിക്കാൻ വൻകിട കുത്തകകൾക്ക് അവസരം ഒരുക്കിയത്. ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന പ്രശ്നങ്ങൾക്ക് ചെവികൊടുക്കാതെ, വൻകിട കുത്തകകളെ കൊഴുപ്പിക്കാനുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രകൃതി വാതകത്തിന്റെ ഉല്പാദനവും വിലനിർണയാധികാരവും കയ്യടക്കാനുള്ള റിലയൻസ് അടക്കമുള്ള വമ്പന്മാരുടെ ശ്രമങ്ങൾക്കടക്കം വിജയം നല്‍കിയിരിക്കുകയാണ് മോഡി ഭരണകൂടത്തിന്റെ പ്രീണനനയം.
കൽക്കരി ഖനനവും താപവൈദ്യുത നിലയങ്ങളും കുത്തകകൾ കയ്യടക്കിയതിന്റെ ദുരന്തഫലം രാജ്യം ഇന്ന് അനുഭവിക്കുന്നതിനപ്പുറമായിരിക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. വളം മുതൽ വൈദ്യുതി വരെ ഉല്പാദിപ്പിക്കാൻ പ്രകൃതിവാതകം വേണം. കൽക്കരിക്ഷാമം രൂക്ഷമായാൽ താപവൈദ്യുത നിലയങ്ങൾ അടച്ചുപൂട്ടേണ്ടിവരും. വ്യാവസായിക കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കും. രാജ്യത്തെ കൽക്കരി ഖനനമേഖലയിലെ മൊത്തം സംഭരണ ശേഷി അറിയുന്നവരാണ് ഭരണാധികാരികൾ. അതിനു കുറവുവന്നാൽ പരിശോധിച്ച് പരിഹാരം കണ്ടെത്താനുള്ള ബാധ്യതയുള്ള ഭരണകൂടം മൗനം അവലംബിക്കുകയാണ്.
ലോകത്ത് ഏറ്റവും കൂടുതൽ കൽക്കരി ഉല്പാദിക്കുന്നത് കോൾ ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനമാണ്. ബംഗാൾ, ഝാർഖണ്ഡ് മുതലായ സംസ്ഥാനങ്ങളാണ് കൽക്കരി ഉല്പാദനത്തില്‍ മുന്നിൽ നിൽക്കുന്നത്. രാജ്യത്ത് 70 ശതമാനം വൈദ്യുതി ഉല്പാദിപ്പിക്കുന്നതും കൽക്കരി ഉപയോഗിച്ചാണ്. കൽക്കരി ഖനനവും താപവൈദ്യുത മേഖലയും സ്വകാര്യ സ്ഥാപനങ്ങൾ കയ്യടക്കിയതാണ് വൈദ്യുതി ഉല്പാദന മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കാൻ ഇടയാക്കിയത്. മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപുവരെ ഈ മേഖല പൂർണമായി പൊതുമേഖലയുടെ നിയന്ത്രണത്തിലായിരുന്നു.

 


ഇതുകൂടി വായിക്കൂ: നെഞ്ചളവും വൈദ്യുതി പ്രതിസന്ധിയും തമ്മിലെന്ത്?


താപവൈദ്യുത നിലയങ്ങള്‍ക്ക് ഉല്പാദനത്തിനാവശ്യമായ കൽക്കരി ഖനനം നടക്കുന്നുണ്ടെന്നു ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ല. ഇത് പ്രതിസന്ധിയുടെ ആക്കംക്കൂട്ടി. ബോധപൂർവം ഉല്പാദനം കുറച്ചും കൃത്രിമ ക്ഷാമം സൃഷ്ടിച്ചും അഡാനി എന്റര്‍പ്രെെസസ് ഉൾപ്പെടെയുള്ള സ്വകാര്യ കുത്തകകൾക്ക് അമിത ലാഭം കൊയ്യാൻ അവസരം ഒരുക്കുകയാണ് കേന്ദ്ര സർക്കാർ.
പൊതുമേഖലയിലുള്ള കൽക്കരിപ്പാടങ്ങളിൽ 73 എണ്ണം 143 സ്വകാര്യ കമ്പനികള്‍ക്ക് പതിച്ചു നൽകിയത് ഡോ. മൻമോഹൻ സിങ്ങിന്റെ കാലത്താണ്. തുടർന്ന് അധികാരത്തിൽ വന്ന നരേന്ദ്രമോഡി സർക്കാരും ഒഡിഷ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ 41 കൽക്കരിപ്പാടങ്ങളിലെ ഖനനം അഡാനി, ജിൻഡാല്‍ ഗ്രൂപ്പുകള്‍ക്ക് കൈമാറി. കൽക്കരി ഖനനം, വിതരണം, കയറ്റുമതിയെല്ലാം നിയന്ത്രിച്ചിരുന്ന കോൾ ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. പ്രതിദിനം ലക്ഷക്കണക്കിന് ടൺ കല്‍ക്കരി സംഭരിക്കുന്നതിന് ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്താകെ 135 താപവൈദ്യുത നിലയങ്ങളാണ് ഉള്ളത്. ഇവിടെ മൂന്ന് മാസത്തേക്കുള്ള കൽക്കരി കരുതിവയ്ക്കണമെന്നാണ്. എന്നാൽ സാധാരണ 15 മുതൽ 30 ദിവസത്തേക്കുള്ള കൽക്കരി മാത്രമേ കരുതാറുള്ളു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവയിൽ 147 ഖനന നിലയങ്ങളിൽ അവശേഷിക്കുന്നത് 1.47 കോടി ടൺ കൽക്കരി മാത്രമാണ്. ഊർജ്ജസുരക്ഷ ഉറപ്പാക്കാൻ 5.7 കോടി ടൺ കൽക്കരി വേണമെന്നാണ് മാനദണ്ഡം. കൽക്കരി ക്ഷാമം സൃഷ്ടിച്ച് താപവൈദ്യുത നിലയങ്ങളുടെ പ്രതിസന്ധിയുടെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെമേൽ കെട്ടിവയ്ക്കുകയാണ്.

സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം മൊത്തം വൈദ്യുത നിലയങ്ങളുടെ സ്ഥാപിതശേഷി 3,88,134 മെഗാവാട്ടാണ്. ഇതിൽ 70 ശതമാനവും കൽക്കരിയിൽ നിന്നാണ്. വൈദ്യുതി ഉല്പാദനം വർധിപ്പിക്കാനും കൽക്കരി ലിഗ്നൈറ്റ് ഗ്യാസ്, ഡീസൽ എന്നീ ജൈവ ഇന്ധനങ്ങളുടെ മേലുള്ള ആശ്രയം കുറയ്ക്കാനെന്ന് പറഞ്ഞ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ആണവ കരാറിൽ ഒപ്പിട്ടെങ്കിലും ആണവനിലയങ്ങളുടെ സ്ഥാപിതശേഷി 6,780 മെഗാവാട്ട്സ് മാത്രം. അതായത് മൊത്തം ശേഷിയുടെ 1.7 ശതമാനം. ഇന്ത്യയുടെ സൈനിക മേഖല അമേരിക്കയുടെ മുന്നിൽ തുറന്നിട്ടുകൊണ്ടാണ് 2008ൽ ആണവ കരാർ ഒപ്പുവച്ചത്. 13 വർഷം കഴിഞ്ഞിട്ടും പുതിയ ആണവനിലയം സജ്ജമായില്ല. ഫ്രാൻസ്, ജപ്പാൻ സഹകരണ കരാറും യാഥാർത്ഥ്യമായില്ല. റഷ്യൻ സഹായമുള്ള കൂടംകുളം നിലയത്തിൽ നിന്നാണ് മൊത്തം ആണവ വൈദ്യുതിയുടെ പകുതിയും ഉല്പാദിപ്പിക്കുന്നതെന്നാണ് ഗവേഷണ റിപ്പോർട്ട് പറയുന്നത്. ഫലത്തിൽ വൈദ്യുതി ഉല്പാദനത്തിൽ 70 ശതമാനവും കൽക്കരി നിലയങ്ങളിൽ നിന്നാണ്.  കോൺഗ്രസ് തുടങ്ങിവച്ചതും ബിജെപി നിർബന്ധിത വീര്യത്തോടെ നടപ്പാക്കുന്നതുമായ നയമാണ് കടിഞ്ഞാണില്ലാത്ത സ്വകാര്യവല്ക്കരണവും വിദേശവല്ക്കരണവും. രാജ്യത്തിന്റെ നിലനില്പിനും പുരോഗതിക്കും ബലം പകരുന്ന പൊതുമേഖലാ സാമ്പത്തിക, വ്യവസായ സ്ഥാപനങ്ങൾ വൻകിട കുത്തകകൾക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്. നഷ്ടത്തിൽ നടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് വിൽക്കാൻ പോകുന്നതെന്ന് തുടക്കത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീടതു ലാഭവും നഷ്ടവും നോക്കാതെ സമസ്തമേഖലയും സ്വകാര്യവല്ക്കരിക്കുകയെന്ന കച്ചവടത്തിലേക്കുമാറി.


ഇതുകൂടി വായിക്കൂ: പൊതുമുതല്‍ വിറ്റു തുലയ്ക്കുമ്പോള്‍


 

രാജ്യത്തെ ജനജീവിതമാകെ ദുരിതത്തിലാഴ്ത്താൻ ഇടയാക്കുന്ന ഏറ്റവും വലിയ സ്വകാര്യവല്ക്കരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണിപ്പോള്‍. അസംസ്കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഉല്പാദന മേഖലയിൽ ആധിപത്യം സ്ഥാപിച്ചിട്ടുള്ള ഒഎന്‍ജിസി, ഐഒസി തുടങ്ങിയ അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളാണ് സ്വകാര്യവല്ക്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോടികളുടെ ലാഭത്തിൽ നടന്നുകൊണ്ടിരിക്കുന്ന രാജ്യത്തെ നവരത്ന — മഹാരത്ന വ്യവസായ പട്ടികയിൽപ്പെട്ടിട്ടുള്ളവയാണിവ. 2020–21ൽ 50,000 കോടി രൂപ ലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളാണിവ. നടപ്പു സാമ്പത്തികവർഷം ഇതിലേറെ ലാഭം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് കോർപറേഷൻ കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷന് ഈ കാലയളവിൽ 150 കോടിയുടെ ലാഭം ഉണ്ടായിട്ടുണ്ട്.  1985 കാലഘട്ടത്തിൽ ഇന്ത്യ‍ പെട്രോളിയം ഉല്പന്നങ്ങളിൽ 80 ശതമാനം വരെ നേട്ടം കൈവരിച്ചിരുന്നു. അത് വർധിപ്പിച്ച് സ്വയം പര്യാപ്തത നേടാനാവുമായിരുന്നു. ഇന്ത്യയിൽ ആദ്യമായി എണ്ണ വാതകനിക്ഷേപം കണ്ടെത്തിയത് 1960ലാണ്. ഗുജറാത്തിലെ അലങ്കേശ്വറിൽ നർമ്മദാ നദിയുടെ തീരത്താണത്. 1956ൽ രൂപീകരിച്ച ഓയില്‍ ആന്റ് നാച്യുറൽ ഗ്യാസ് കോർപറേഷനും ഓയിൽ ഇന്ത്യ ലിമിറ്റഡിനുമായിരുന്നു ഈ മേഖലയുടെ നിയന്ത്രണം.

ഇന്ത്യക്കാവശ്യമായ ഇന്ധനം സമാഹരിക്കുന്നതിനുള്ള സ്രോതസ് ഇന്ത്യയിലുണ്ടെന്ന് പരീക്ഷണത്തിലൂടെ കണ്ടെത്തിയ ഒഎൻജിസി, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് ഒഴിയുകയും വൻകിട കുത്തകകൾക്ക് ഈ മേഖലയും കയ്യടക്കാൻ അവസരം ഒരുക്കുകയായിരുന്നു. രാജ്യത്ത് ആവശ്യത്തിലധികം അസംസ്കൃത എണ്ണയും പ്രകൃതിവാതകവുമുണ്ടെന്നാണ് സാങ്കേതിക വിദഗ്‌ധരുടെ വിലയിരുത്തൽ. എന്നാൽ ഖനനം ചെയ്യുന്നില്ല. ഇന്ത്യയുടെ ഭാവി വ്യവസായ‑സാമ്പത്തിക വളർച്ചയുടെ ഇന്ധനമാണ് പ്രകൃതി വാതകം. കൃഷ്ണാ-ഗോദാവരി നദീതടാകത്തിൽ നിന്ന് പ്രകൃതിവാതകം ഉല്പാദിപ്പിക്കുന്നതിനായി വിട്ടുകൊടുത്തിട്ടുള്ളത് റിലയൻസിനാണ്. അവിടെ ഉല്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില നിശ്ചയിക്കുന്നതിനുള്ള അധികാരവും റിലയൻസിനു തന്നെ.
പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർക്കാര്‍ സ്ഥാപനങ്ങളുടെയും മിച്ചഭൂമിയും ആസ്തികളും വിറ്റഴിച്ച് ധനശേഖരണം നടത്തുന്നതിനായി ഒരു പ്രത്യേക ഏജൻസിയെ നിയമിക്കുവാൻ കേന്ദ്രം അംഗീകാരം നൽകിയിരിക്കുകയാണ്. നാഷണൽ ലാന്റ് മോണിറ്ററൈസേഷൻ കോർപറേഷൻ എന്ന പേരിലായിരിക്കും ഈ സ്ഥാപനമെന്നാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.