കിരീടവും ചെങ്കോലും നൂറ്റാണ്ടുകളായി രാജാധികാരത്തിന്റെ അടയാളങ്ങളാണ്. പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്പീക്കറുടെ ഇരിപ്പിടത്തിനരികിൽ ചെങ്കോൽ സ്ഥാപിക്കും എന്ന വാർത്ത പതിവുപോലെ മാധ്യമങ്ങൾ പുളകം നിറച്ചുതന്നെ വിളമ്പി. അതങ്ങനെയാണല്ലോ. സംഘ്പരിവാറിന്റെ പുളകങ്ങളെല്ലാം ഏതാനും വർഷങ്ങളായി മാധ്യമങ്ങളുടെയും പുളകങ്ങളാണ്. പ്രതീകാത്മക അർത്ഥത്തിലാണെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിന്റെ കേന്ദ്രസ്ഥാനമായ പാർലമെന്റിൽ രാജാധികാരത്തിന്റെ ചിഹ്നമായ ചെങ്കോൽ ഒരു അശ്ലീലമല്ലേ എന്നു ചോദിക്കാൻ ഇന്നത്തെ മുഖ്യധാരാ മാധ്യമങ്ങൾക്ക് നാവു പൊങ്ങുമെന്ന് ആരും കരുതുന്നില്ല.
ചോള രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ചെങ്കോൽ ബ്രിട്ടീഷുകാർ കവർന്നെടുത്തെന്നും അത് 1947 ഓഗസ്റ്റ് 15ന് അധികാര കൈമാറ്റത്തിന്റെ ഭാഗമായി തിരികെ ഏല്പിച്ചുവെന്നും ഒരു കഥ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഏതായാലും മദ്രാസിലെ വുമ്മിഡി ബംഗാരു ചെട്ടി ആന്റ് സൺസ് എന്ന ജ്വല്ലറി സ്ഥാപനം, തിരുവാടുതുറൈ ആധീനം എന്ന ഹൈന്ദവ ആത്മീയ മഠത്തിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ചതാണ് എന്ന വാസ്തവം വൈകാതെ മുഖ്യധാരാ മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ചു. സ്വാതന്ത്ര്യ ലബ്ധിയുടെ നാളുകളിൽ, അധികാര കൈമാറ്റത്തിന്റെ പ്രതീകമായി എന്തു ചടങ്ങാണ് സംഘടിപ്പിക്കേണ്ടത് എന്ന് വൈസ്രോയി മൗണ്ട്ബാറ്റൺ നെഹ്രുവിനോട് ചോദിച്ചുവെന്നും അദ്ദേഹം ഈ വിഷയം സി രാജഗോപാലാചാരിയോട് ആരാഞ്ഞുവെന്നും അദ്ദേഹം ഒരു ചെങ്കോൽ കൈമാറുക എന്ന ആശയം മുന്നോട്ടുവയ്ക്കുകയും അതിനായി തിരുവാടുതുറൈ ആധീനക്കാരെ ഏല്പിക്കുകയും ചെയ്തു എന്നാണ് ചരിത്രം. വാസ്തവത്തിൽ ഈ ചെങ്കോൽ മൗണ്ട്ബാറ്റൺ ആണോ കൈമാറിയത്, അതോ തിരുവാടുതുറൈ ആധീനം അധികാരികൾ ആണോ എന്ന കാര്യം മാധ്യമ റിപ്പോർട്ടുകളിൽ വ്യക്തമല്ല.
നെഹ്രു ഇതിന് വലിയ പ്രാധാന്യം കല്പിച്ചിരുന്നില്ല എന്നത് വ്യക്തമാണ്. ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങളുടെ കൂട്ടത്തിൽ ഈ ചെങ്കോൽ ഇന്നുവരെ എണ്ണപ്പെട്ടിരുന്നില്ല. അലഹബാദിലെ മ്യൂസിയത്തിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. രാജഭരണത്തിന്റെ പ്രതീകവസ്തു മതേതര ജനാധിപത്യ ഇന്ത്യക്ക് പ്രാധാന്യമുള്ളതല്ല എന്ന് അദ്ദേഹം സ്വാഭാവികമായും കരുതിയിട്ടുണ്ടാവും. എന്നാൽ ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ കാഴ്ചപ്പാട് അതിൽനിന്ന് വിഭിന്നമാണ്. ജനാധിപത്യമല്ല, ഭൂരിപക്ഷ ഭരണമാണ് അവര്‍ നടത്തുന്നത്. ഭൂരിപക്ഷം ലഭിച്ചവരുടെ ഏകാധിപത്യം.
രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ, അദ്ദേഹം പാർലമെന്റിൽ പ്രവേശിക്കുമ്പോൾ പ്രതിപക്ഷം കൂവലോടെ വരവേറ്റ സംഭവം ഉണ്ടായിട്ടുണ്ടെന്നും, ഇപ്പോൾ പ്രധാനമന്ത്രി പാർലമെന്റിൽ പ്രവേശിക്കുന്നതു പോലും ഏതോ ചക്രവർത്തിയുടെ എഴുന്നെള്ളത്തിന്റെ പ്രതീതി സൃഷ്ടിച്ചുകൊണ്ടാണെന്നും ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടിയിരുന്നു. യാഥാസ്ഥിതിക മനോഭാവവും ഇല്ലാത്ത ഭൂതകാലക്കുളിരിൽ അഭിരമിക്കുന്ന സ്വഭാവവും രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രത്യേകതയാണ്. അതുകൊണ്ട് ചെങ്കോൽ അവർക്ക് വൈകാരിക സംതൃപ്തി പകരുക സ്വാഭാവികമാണ്. അധികാര കേന്ദ്രീകരണം, പല രൂപത്തിലും ഭാവത്തിലും രാജ്യത്ത് നടപ്പാക്കുന്ന തിരക്കിലാണവർ. നരേന്ദ്ര മോഡി അധികാരത്തിൽ വന്നയുടനെ ചെയ്ത കാര്യം ആസൂത്രണ കമ്മിഷൻ നിർത്തലാക്കുക എന്നതാണ്. ആസൂത്രണ കമ്മിഷൻ നിർത്തലാക്കിയതോടെ എല്ലാ ഫണ്ടുകളും സർക്കാരിൽ കേന്ദ്രീകരിച്ചു. ഫലത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ കേന്ദ്രീകരിച്ചു. റെയിൽവേ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കുന്നത് നിർത്തലാക്കിയതാണ് മറ്റൊരു നടപടി. ഇതോടെ റെയിൽവേയുടെ പ്രവർത്തനം, വരവുചെലവുകൾ, പുതിയ റൂട്ടുകൾ, ട്രെയിനുകൾ തുടങ്ങിയ എല്ലാ കാര്യങ്ങളിലും സുതാര്യത നഷ്ടപ്പെട്ടു. യുജിസിക്കുമേൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് തുടർന്ന് നടത്തിയത്. യുജിസി തന്നെ ഇല്ലാതാക്കി ഉന്നത വിദ്യാഭ്യാസ കമ്മിഷൻ എന്നൊരു പുതിയ സംവിധാനം കൊണ്ടുവരാനുള്ള ബില്ല് പാർലമെന്റിൽ വന്നിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും പാസാകാം. സര്‍വകലാശാലകളുടെ തലപ്പത്ത് ആർഎസ്എസ് ആഭിമുഖ്യമുള്ളവരെ പ്രതിഷ്ഠിക്കുന്ന രീതി 2014 മുതൽ തന്നെ അവർ പ്രയോഗത്തിൽ വരുത്തിയിട്ടുമുണ്ട്.
റിസർവ് ബാങ്കിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണല്ലോ 2016 ലെ നോട്ട് നിരോധനം കൊണ്ടുവന്നത്. ഈ നടപടി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏല്പിച്ച ആഘാതം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഫണ്ടിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ജിഎസ്‌ടി. രാഷ്ട്രത്തിന്റെ ഫെഡറൽ സത്തയെ അട്ടിമറിക്കുന്ന ഈ നടപടിയോടെ, സംസ്ഥാനങ്ങൾ നികുതി പിരിച്ച് കേന്ദ്രത്തിന് വിഹിതം അടയ്ക്കുക എന്ന രീതിതന്നെ മാറുകയും, കേന്ദ്രം നികുതി പിരിച്ച് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുക എന്ന രീതി നിലവിൽ വരികയും ചെയ്തു. ഇതിന്റെ പ്രത്യാഘാതങ്ങൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അനുഭവിച്ചുവരുന്നു. വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, വനം, പരിസ്ഥിതി, തീരദേശ പരിപാലനം, മത്സ്യബന്ധനം, സഹകരണം തുടങ്ങി സംസ്ഥാനപട്ടികയിലും കൺകറന്റ് പട്ടികയിലും ഉൾപ്പെട്ട നിരവധി വിഷയങ്ങളിൽ കേന്ദ്രം ഏകപക്ഷീയമായി തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നു, നിയമങ്ങൾ പാസാക്കുന്നു. ജഡ്ജിമാരെ നിയമിക്കുന്ന വിഷയത്തിൽ പോലും അധികാര വടംവലി നടക്കുന്നു.
പുതിയ പാർലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത് സംബന്ധിച്ച് തർക്കം ഉടലെടുത്തിരിക്കുന്നു. ഇരുസഭകളുടെയും ആസ്ഥാനമായ പാർലമെന്റ് കെട്ടിടം, ഒരു സഭയുടെ മാത്രം തലവനായ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൽ അനൗചിത്യമുണ്ട് എന്നും രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുകയാവും ഉചിതം എന്നുമാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. ഉദ്ഘാടനത്തിന് സവർക്കറുടെ ജന്മദിനമായ മേയ് 28 തിരഞ്ഞെടുത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് മാത്രമല്ല സവർക്കർ, ഭൂരിപക്ഷഭരണരീതിയുടെ വക്താവ് കൂടിയാണ്. പ്രധാനപ്പെട്ട പല നിയമങ്ങളും ചർച്ചകൂടാതെ പാസാക്കിയെടുക്കുകയും നയപരമായ പല തീരുമാനങ്ങളും പാർലമെന്റില്‍ കൊണ്ടുവരാതെതന്നെ നടപ്പാക്കുകയും ചെയ്യുന്ന മോഡിസർക്കാരിൽ നിന്ന് പാർലമെന്ററി ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്ന സമീപനം പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.