26 December 2024, Thursday
KSFE Galaxy Chits Banner 2

ജനാധിപത്യം കാത്തുരക്ഷിക്കാൻ പോരാടാം

കാനം രാജേന്ദ്രന്‍
November 1, 2021 4:16 am

കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് 65 വർഷം പൂർത്തിയാകുന്നു. 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ കേരളീയരുടെ ഒരു ചിരകാലാഭിലാഷം സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു. കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ആ സുദിനത്തെ സാഹ്ലാദം സ്വാഗതം ചെയ്യുകയുണ്ടായി. അന്ന് ഐശ്വര്യപൂർണമായ ഒരു പുതിയ കേരളം പടുത്തുയർത്തുന്നതിനുള്ള മൂർത്തവും സമഗ്രവുമായ ഒരു പരിപാടി ജനങ്ങളുടെ മുന്നിൽ വെച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ്.  മുഖ്യമായും ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കപ്പെട്ടത് നമ്മുടെ ദേശീയ വിമോചനം മുന്നോട്ടു കൊണ്ടുപോകുന്നതിനു വേണ്ടി 1947 ആഗസ്റ്റ് 15-ാം തീയതിയിലെ അധികാരകൈമാറ്റത്തിന് ശേഷവും ജനാധിപത്യ ശക്തികൾ തുടർന്ന് നടത്തിയ ധീരോദാത്തമായ സമരത്തിന്റെ ഫലമായിട്ടാണ്. നാട്ടുരാജ്യങ്ങളുടെ പ്രത്യേക പദവി അവസാനിപ്പിക്കുകയും രാജവാഴ്ച നിർത്തുകയും നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുകയും ചെയ്തതോടെ ആ സമരത്തിൽ ആദ്യ വിജയം നേടി. രണ്ടാമത്തെ സുപ്രധാന വിജയമായിരുന്നു ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണം.

‘കേരള സംസ്ഥാനം-പ്രശ്നങ്ങളും സാദ്ധ്യതകളും’ എന്ന ലഘു ഗ്രന്ഥത്തിൽ സി അച്യുതമേനോൻ എഴുതി: ”കേരളത്തെപ്പറ്റി പറയുമ്പോഴും, ഓർക്കുമ്പോഴുമൊക്കെ ‘മാനുഷരെല്ലാമൊന്നുപോലെ’ ആയിരുന്ന ‘മാവേലി നാടുവാണീടും കാല’ത്തെ മധുരസ്മരണകളാണ് എല്ലാ മലയാളികളിലും സാധാരണ ഉണ്ടാകാറുള്ളത്. കേരളം ഒരു പ്രത്യേക സംസ്ഥാനമായി വേർതിരിഞ്ഞതുകൊണ്ടു മാത്രം കവികൾ പാടിപുകഴ്ത്തിയ ആ സുവർണകാലം ഇങ്ങിനി വന്നുചേരുമെന്ന് ആരും കരുതുന്നില്ല. എന്നിരുന്നാലും ഒന്നര നൂറ്റാണ്ടുകാലത്തെ വിദേശ ഭരണത്തിന്റേയും നാടുവാഴി മേധാവിത്വത്തിന്റേയും ഫലമായി, ജനിച്ച നാട്ടിലെ പഞ്ഞവും പട്ടിണിയും പകർച്ചവ്യാധികളും സഹിച്ചും വിശാലമായ ലോകത്തിന്റെ നാനാഭാഗങ്ങളിലും ചെന്ന് എച്ചിൽ പെറുക്കിയും ഗ്ലാസ് കഴുകിയും പേനയുന്തിയും കഴിച്ചുകൂട്ടേണ്ടി വന്നിട്ടുള്ള മലയാളത്തിന്റെ അഭിമാനികളായ സന്താനങ്ങൾക്കു കേരളപ്പിറവിയിൽ അളവറ്റ ആശയും അനേകം പ്രതീക്ഷകളുമുണ്ടെന്നതിനു സംശയമില്ല. ഈ പ്രതീക്ഷകൾ സഫലമാകാൻ പോകുന്നുണ്ടോ അതോ അവ തകർന്നു കൂടുതൽ കടുത്ത നൈരാശ്യത്തിലേക്ക് നാം നീങ്ങാൻ പോവുകയാണോ? ഈ ചോദ്യത്തിനുത്തരം പറയേണ്ടത് നാം തന്നെയാണ്. കേരളീയർ ഒറ്റയ്ക്കു നിന്നല്ല, ഇന്ത്യയിലെ ഇതര ജനവിഭാഗങ്ങളോടൊപ്പം കൈകോർത്തു പിടിച്ചു പരിശ്രമിക്കുകയാണെങ്കിൽ നമ്മുടെ ആശയ്ക്കൊത്ത വിധം ക്ഷേമവും സുഭിക്ഷതയും വിളയാടുന്ന ഒരു സൗഭാഗ്യ ഭൂമിയായി ഈ നാടിനെ മാറ്റാൻ കഴിയും എന്നതിൽ സംശയമില്ല. അതിനുവേണ്ടിയുള്ള മാർഗങ്ങളാരായുന്നതിലാണ് ഇന്ന് സർവ കേരളീയരുടെയും ശ്രദ്ധ അടിയന്തരമായി പതിയേണ്ടത്.”
ഐക്യകേരളത്തിനു മുന്നിലുള്ള പ്രശ്നങ്ങൾ വലുതാണെന്നും, നമ്മുടെ മുന്നിലുള്ള പ്രശ്നങ്ങൾ അസംഖ്യമാണെന്നും, ഇവയെപ്പറ്റി ശരിയായ ഒരു ബോധമില്ലാതെ അവയ്ക്ക് പോംവഴി കണ്ടുപിടിക്കാനേ സാദ്ധ്യമല്ലെന്നും അച്യുതമേനോൻ ഓർമപ്പെടുത്തി.

കേരള സംസ്ഥാനത്തിന്റെ കഴിഞ്ഞ 65 വർഷക്കാലത്തെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ, 1956 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടു വച്ച ഐശ്വര്യപൂർണമായ ഒരു പുതിയ കേരളം പടുത്തുയർത്താനുള്ള പരിപാടികളുടെ പാതയിലൂടെയാണ് നമ്മുടെ സംസ്ഥാനം മുന്നോട്ടു പോയിട്ടുള്ളതെന്ന് കാണാൻ കഴിയും.
1956 ജൂൺ 22 മുതൽ 24 വരെ തൃശൂരിൽ ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഒരു മിനിമം പരിപാടി അംഗീകരിച്ചു. ആ പരിപാടിയിൽ പറഞ്ഞു: ”നാം ആവിഷ്കരിച്ചു നടപ്പിലാക്കാനുദ്ദേശിക്കുന്ന അഭിവൃദ്ധി പദ്ധതികളുടെ വിജയം വാസ്തവത്തിൽ ആശ്രയിച്ചിരിക്കുന്നത് അവ നടപ്പിലാക്കുന്നതിൽ ജനങ്ങൾ എത്രത്തോളം സജീവമായും ഹൃദയംഗമമായും മുൻകൈ എടുത്തും സഹകരിച്ചും പ്രവർത്തിക്കുന്നുവെന്നതിനെയാണ്. നിയമ സമാധാനപാലനത്തിന്റെ പേരിൽ ജനങ്ങളെ അടിച്ചമർത്തി നിർത്താനുള്ള പഴയ ഭരണകൂടത്തെ നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട്, വികസന പദ്ധതികളുടെ നടത്തിപ്പിന്റെ ചുമതലയെല്ലാം കുറേ ഉദ്യോഗസ്ഥ മേധാവികളെ എൽപ്പിച്ചുകൊണ്ട്, ജാതി, അയിത്തം മുതലായ ദുരാചാരങ്ങളും മറ്റും സൃഷ്ടിച്ചിട്ടുള്ള അസമത്വങ്ങൾ നീക്കാൻ ഫലപ്രദമായ നടപടികളെടുക്കാതെ കണ്ട്, ജനങ്ങളുടെ നിർമാണാത്മകമായ കഴിവുകളെയാകെ അഴിച്ചുവിടാനോ അവരുടെ സഹകരണം നേടാനോ സാധ്യമല്ല.”

കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സമ്മേളനം 1956 ജൂണിൽ അംഗീകരിച്ച മിനിമം പരിപാടി നടപ്പിലാക്കാനാണ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ശ്രമിച്ചത്. പിന്നീട് കേരളത്തിൽ നിലവിൽ വന്ന ഇടതുപക്ഷ‑ജനാധിപത്യ ഐക്യ മുന്നണികളും അവയുടെ സര്‍ക്കാരുകളുമെല്ലാം ആ പരിപാടിയെ ഉചിതമായ ഭേദഗതികളോടുകൂടി പിൻപറ്റുകയും നടപ്പിൽ വരുത്താൻ ശ്രമിക്കുകയുമാണ് ചെയ്തിട്ടുള്ളത്. അനിഷേധ്യമായ ഒരു ചരിത്ര വസ്തുതയാണിത്. ആ പാതയിൽ ഗണ്യവും ശാശ്വതവുമായ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നിസ്സംശയം പറയാനും കഴിയും.  ഇന്ന് കേരള സംസ്ഥാനം 65-ാം വയസ്സിലേക്ക് പ്രവേശിക്കുമ്പോൾ നമ്മുടെ ജനാധിപത്യത്തിനും ജനാധിപത്യപരമായ പുരോഗതിക്കും എതിരായ ഒരു ഭയങ്കര ഗൂഢാലോചന കേന്ദ്ര ഭരണാധികാരികൾ നടത്തിവരികയാണ്. ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്നു. ആപത്ക്കരവും ഗുരുതരവുമായ നീക്കമാണ് നടക്കുന്നത്.  കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്, യഥാർത്ഥ ജനാധിപത്യവാദികളും ഇടതുപക്ഷ പാർട്ടികളും തമ്മിലുള്ള ഐക്യത്തിന് പുതിയ ഭീഷണികളും വെല്ലുവിളികളും ഉയർന്നു വന്നിരിക്കുകയാണ്. ഇടതുപക്ഷ പാർട്ടികളും ഇടതുപക്ഷ പാർട്ടികൾക്ക് പുറത്തുള്ള ജനാധിപത്യ പാർട്ടികളും തമ്മിലുള്ള ഐക്യം കേരളത്തിലെ തൊഴിലാളികളുടേയും കർഷക തൊഴിലാളികളുടേയും ബഹുഭൂരിപക്ഷം കൃഷിക്കാരുടേയും ഇടത്തരക്കാരുടേയും താല്പര്യങ്ങളും ജനാധിപത്യവും കാത്തുരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഐക്യമാണ്.

ആ ഐക്യമാണ് കേരളത്തിൽ ജനാധിപത്യത്തിന്റെ പതാക ഉയർത്തിപ്പിടിച്ചിട്ടുള്ളത്. ആ ഐക്യമാണ് കേരളത്തിന്റെ ജനാധിപത്യമായ പുരോഗതിക്ക് ഉറപ്പായി പ്രവർത്തിച്ചിട്ടുള്ളത്. ആ ഐക്യത്തെ പൊളിക്കാൻ കഴിഞ്ഞുവെന്ന് വീമ്പിളക്കിയിട്ടുള്ളവർക്കെല്ലാം കേരളത്തിലെ ജനങ്ങൾ എല്ലായ്പ്പോഴും നല്ല പാഠം പഠിപ്പിച്ചിട്ടുണ്ട്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അത് തെളിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ അപവാദ പ്രചാരണങ്ങളിലൂടെ തകർക്കാനാവില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റേയും ജനങ്ങളുടേയും താല്പര്യങ്ങൾ സർവപ്രധാനമായി കരുതുന്ന എല്ലാ ശക്തികളേയും ഏകോപിച്ച്, കേരളത്തിന്റെ സമഗ്ര പുരോഗതിക്കായി സ്വയം സമർപ്പിതരാവുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ജനാധിപത്യ സംരക്ഷണത്തിനായി പോരാട്ടം തുടരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.