21 November 2024, Thursday
KSFE Galaxy Chits Banner 2

ഇന്ത്യൻ പാരിസ്ഥിതിക നിയമത്തിലെ ഇരുണ്ട ഏട്

രമേശ് ബാബു
മാറ്റൊലി
August 10, 2023 4:37 am

ജീവിതത്തിന്റെ സമസ്ത മേഖലകളെയും വ്യാപാര വാണിജ്യ തന്ത്രങ്ങളാൽ സ്വാധീനിച്ചും ധനമേൽക്കോയ്മയുടെ അദൃശ്യകരങ്ങളാൽ കീഴ്പെടുത്തിയും സാമാന്യജനങ്ങളെ ഭൗമോപരിതലത്തിൽ വെറും നോക്കുകുത്തികളാക്കി മാറ്റിയെടുത്ത കോർപറേറ്റുകൾ പരിസ്ഥിതിയുടെ വ്യാവസായിക സാധ്യതകളിൽ കണ്ണുവച്ചിട്ട് നാളേറെയായി. കാലാവസ്ഥാവ്യതിയാനങ്ങളുടെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ ഇനി ആകെ ശേഷിക്കുന്നത് അല്പമാത്രമായ വനഭൂമിയാണ്. അവിടേക്ക് കടന്നുകയറുവാൻ തക്കം പാർത്തുനിൽക്കുന്ന കോർപറേറ്റ് കഴുകൻമാർക്ക് വഴിതെളിച്ചുകൊടുക്കുകയാണ് ‘വൻ സംരക്ഷൺ ഏവം സംവർധൻ’ ബില്ലിലൂടെ കേന്ദ്രഭരണകൂടം. 2023 ജൂലൈ 20ന് ലോക്‌സഭയിലും ഓഗസ്റ്റ് രണ്ടിന് രാജ്യസഭയിലും അവതരിപ്പിക്കപ്പെട്ട ബിൽ പറയത്തക്ക വിയോജിപ്പുകളോ തടസവാദങ്ങളോ ഇല്ലാതെ പാസാക്കിയെടുത്തിരിക്കുകയാണ്. ഈ വനസംരക്ഷണ ഭേദഗതി ബിൽ വരുത്തിവയ്ക്കാൻ പോകുന്ന പരിസ്ഥിതിനാശത്തെക്കുറിച്ചോ വനശോഷണത്തെക്കുറിച്ചോ രാജ്യത്തെ മാധ്യമങ്ങളും പ്രതിപക്ഷവും ഇനിയും വേണ്ടത്ര ബോധമുള്ളവരായിട്ടില്ലായെന്നുവേണം ശുഷ്കമായ പ്രതികരണങ്ങളിൽ നിന്ന് അനുമാനിക്കാൻ. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ബിൽ സഭയിൽ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുമ്പോൾ പ്രതിപക്ഷനിര ഏതാണ്ട് ശൂന്യമായിരുന്നു. മണിപ്പൂർ അക്രമസംഭവങ്ങളുടെ പേരിലും പ്രധാനമന്ത്രി നരേന്ദ്രമോഡി തുടരുന്ന മൗനത്തെച്ചൊല്ലി സഭ ബഹിഷ്കരിച്ചും മറ്റും പ്രതിഷേധിക്കുകയായിരുന്നു ഈ സമയം പ്രതിപക്ഷം. അതുകൊണ്ടുതന്നെ നിയമനിർമ്മാണ പ്രക്രിയകൾക്കിടെ ബില്ലിനെതിരെ വിയോജിപ്പുകൾ ഒന്നും അവതരിപ്പിക്കപ്പെട്ടില്ല.

 


ഇതുകൂടി വായിക്കൂ;നിശ്ചയദാർഢ്യത്തോടെ തദ്ദേശീയ യുവത


 

“1980ലെ വനസംരക്ഷണ നിയമം ഭേദഗതി ചെയ്ത് വൻസംരക്ഷൺ ഏവം സംവർധൻ എന്ന് പുനർനാമകരണം ചെയ്യുന്നു. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പുരോഗതി സന്തുലിതമാക്കുന്നതിനൊപ്പം ഹരിതാഭ എങ്ങനെ വർധിപ്പിക്കാം തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടാണ് വനസംരക്ഷണ ഭേദഗതി ബിൽ അവതരിപ്പിക്കുന്നത്. പുതുക്കിയ നിയമം ആദിവാസി അവകാശനിയമങ്ങൾക്ക് വിരുദ്ധമാകില്ല. പകരം ആദിവാസി സമൂഹങ്ങളെ ശക്തിപ്പെടുത്തും. ആദിവാസി മേഖലകളിലെ ജനങ്ങൾക്ക് സർക്കാർ ഒരുക്കുന്ന സൗകര്യങ്ങൾക്ക് വേണ്ടി ഭൂമി ആവശ്യമുണ്ടെങ്കിൽ അത് ചോദിച്ച് ഇനി ഡൽഹിക്ക് വരേണ്ടതില്ല. വികസനം അവരുടെ വീടുകളിലെത്തും. ഇന്ത്യയുടെ സുരക്ഷ കൂടി പരിഗണിച്ചാണ് ബിൽ.” എന്നാണ് സഭയിൽ മന്ത്രി പറഞ്ഞത്.  വനനശീകരണം തടയുന്നതിന് ലക്ഷ്യമിട്ട് സുപ്രീം കോടതി 1996ൽ പുറപ്പെടുവിച്ച ചരിത്രപരമായ വിധിക്കും 2006ൽ ഒന്നാം യുപിഎ സർക്കാർ നടപ്പിലാക്കിയ വനസംരക്ഷണ നിയമത്തിനും കടകവിരുദ്ധമായ വ്യവസ്ഥകളാണ് ബില്ലിലെ ഉള്ളടക്കം. അന്താരാഷ്ട്ര അതിർത്തി, നിയന്ത്രണരേഖകൾ എന്നിവിടങ്ങളിൽ നിന്ന് 100 കിലോമീറ്റർ വരെ മാറിയുള്ള വനപ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ആഘാതപഠനം പോലുള്ള ഒരു മുൻകൂർ അനുമതിയും പുതിയ നിയമപ്രകാരം ആവശ്യമില്ല. രാജ്യസുരക്ഷയ്ക്കായി അതിർത്തിയിൽ കൂടുതൽ പ്രതിരോധവിന്യാസങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് ഈ ഭേദഗതിയെന്ന് ബിൽ വാദിക്കുന്നു.

പുതിയ നിയമപ്രകാരം രാജ്യാന്തര അതിർത്തികളുടെ 100 കിലോമീറ്റർ പരിധിയിൽ വനഭൂമി രാജ്യസുരക്ഷാപദ്ധതി, ഗതാഗത സൗകര്യം തുടങ്ങിയവയ്ക്ക് യഥേഷ്ടം ഉപയോഗിക്കാം. അതുപോലെ വനഭൂമി ഏറ്റെടുക്കുന്നതിന് ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ സമ്മതം നിർബന്ധമാക്കുന്ന 2006ലെ വ്യവസ്ഥ പൂർണമായി ഒഴിവായി. വനേതര പ്രവർത്തനങ്ങളുടെ പരിധിയിൽ മൃഗശാലകളും സഫാരി പാർക്കുകളും അനുവദിച്ചുകൊണ്ടുള്ള ഇളവുകൾ വനത്തെ ആശ്രയിച്ചു ജീവിക്കുന്നവരുടെ അവകാശങ്ങൾ, വന്യജീവികൾ, ആവാസവ്യവസ്ഥ എന്നിവയെ കീഴ്മേൽ മറിക്കും. വനങ്ങൾക്കുള്ളിൽ പ്രവേശനപാതകൾ, കെട്ടിടങ്ങൾ, വാഹനസഞ്ചാരം, വൈദ്യുതി പ്രസരണ ലൈനുകൾ എന്നിവ വരുന്നത് ജീവികളുടെ നിലനില്പുതന്നെ അസാധ്യമാക്കും. പരിസ്ഥിതി വിദഗ്ധർ, ആക്ടിവിസ്റ്റുകൾ, പ്രകൃതിസ്നേഹികൾ, വനസംരക്ഷകർ, വിരമിച്ച ഉന്നത വനം ഉദ്യോഗസ്ഥർ തുടങ്ങിയവർ നിയമ ഭേദഗതിക്കെതിരെ സംയുക്ത പാർലമെന്ററി സമിതിക്ക് മുമ്പാകെ തങ്ങളുടെ ആശങ്കകൾ പങ്കുവച്ചുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടുകളിൽ ഒന്നുപോലും ബിൽ അവതരണത്തിൽ പരാമർശിക്കപ്പെട്ടിട്ടില്ല. ഈ ദിശയിൽ 1,300 ലധികം അപേക്ഷകളാണ് പാർലമെന്ററി സമിതിക്ക് മുന്നിൽ വന്നതെങ്കിലും അതെല്ലാം അവഗണിച്ചാണ് ബിൽ പാസായതെന്ന് പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
1927ലെ ഇന്ത്യൻ വനനിയമപ്രകാരമോ 1980ലെ നിയമം വന്നശേഷമുള്ള സർക്കാർ രേഖകൾ പ്രകാരമോ വനം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടവയ്ക്ക് മാത്രമായിരിക്കും വനസംരക്ഷണ നിയമം ബാധകമായിരിക്കുന്നത് എന്ന നിബന്ധനയും നിയമത്തിൽ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് വനമെന്ന് രേഖപ്പെടുത്താത്ത വനപ്രദേശമായ ബഫർസോൺ എന്ന പരിസ്ഥിതിലോല മേഖലയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധിക്ക് എതിരാകും. ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റിലും സംരക്ഷിത കവചമായി ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ നിർബന്ധമായും ഉണ്ടായിരിക്കണമെന്നായിരുന്നു സുപ്രീം കോടതി വിധി. രാജ്യത്തെ വനഭൂമി പരിസരത്തെ ബഫർസോൺ മൊത്തം വനവിസ്തൃതിയുടെ 28 ശതമാനം വരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രേഖകളിൽ വനമല്ലാത്ത 2,00,000 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി സംരക്ഷണ മേഖല നഷ്ടപ്പെടാനും അവിടെ ഖനനം, നിർമ്മാണ സംരംഭങ്ങൾ, ക്വാറികൾ എന്നിവ നിയന്ത്രണങ്ങളില്ലാതെ തുടങ്ങുവാനും പുതുക്കിയ നിയമങ്ങൾ സൗകര്യം നൽകും.

 


ഇതുകൂടി വായിക്കൂ; ‘മഹാപടവ്’ തൊഴിലാളി പ്രക്ഷോഭം


കേരളത്തിൽ പട്ടികവർഗ നിയമപ്രകാരം ഭൂമി കൈമാറ്റം, പുനഃസ്ഥാപിക്കൽ എന്നിവ സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്ന (1999) സന്ദർഭത്തിൽ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടതും മറ്റും മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വിവിധ പ്രലോഭനങ്ങളാൽ കാനനവാസികളുടെ ഭൂമി കൈവശപ്പെടുത്തിയവരുടെ ആധാരത്തിൽ പേരുകൾ ചേർത്തിരുന്നത് ചിത്രദത്തൻ കാണി, അഹമ്മദ് ഖാൻ കാണി, ജോസഫ് ജേക്കബ് കാണി എന്നൊക്കെയായിരുന്നു. ഭൂമി കൈവശപ്പെടുത്തിയ കുടിയേറ്റക്കാർ തങ്ങളും ആദിവാസികൾ തന്നെയാണെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ആധാരങ്ങളിൽ ‘കാണി’ പ്രത്യയം ചേർക്കൽ കൗശലം കാട്ടിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അരക്ഷിതാവസ്ഥയിൽ കഴിയുന്ന ആദിവാസികൾ പുതുക്കിയ വനനിയമത്തിലൂടെ എന്തൊക്കെ ചൂഷണങ്ങൾക്ക് വിധേയരാകുമെന്ന് കണ്ടറിയുകയേ നിവൃത്തിയുള്ളു. യുക്തിയില്ലാ നിയമങ്ങളാൽ ചണ്ടിയാക്കപ്പെടുന്ന ഭൂമിയിൽ ആര്, എങ്ങനെ വാഴും അതിജീവിക്കും എന്നത് നിഗമനങ്ങൾക്കും അപ്പുറമാണ്. ഭാവിയാകട്ടെ പ്രവചനാതീതവും.

മാറ്റൊലി
“എല്ലാ മൂല്യങ്ങളുടെയും ഉറവിടം പ്രകൃതിയാണ്. പ്രകൃതിയെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകളുടെ അടിസ്ഥാനത്തിൽ മനുഷ്യസമൂഹം പുനഃസംഘടിപ്പിക്കപ്പെടണം. ജൈവശൃംഖലയിലെ ഒരു കണ്ണിമാത്രമാണ് മനുഷ്യൻ.”- ഏണസ്റ്റ് ഹേക്കൽ (ജർമ്മൻ ജന്തുശാസ്ത്രജ്ഞൻ)

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.