16 June 2024, Sunday

വക്കത്തെ മൂന്നു ‘ഖാദര്‍‘മാര്‍

ഡോ. കായംകുളം യൂനുസ്‌
February 6, 2022 3:30 am

തിരുവനന്തപുരം ജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത്‌ ചിറയിന്‍കീഴ്‌ താലൂക്കില്‍ കടയ്‌ക്കാവൂരിന്‌ വടക്ക്‌ അഞ്ചുതെങ്ങ്‌ കായലിനരികിട്ടു സ്ഥിതിചെയ്യുന്ന ഗ്രാമമാണ്‌ വക്കം. ഈ ഗ്രാമം വളരെ പ്രശസ്‌തരായ ഒട്ടേറെ വ്യക്തികള്‍ക്ക്‌ ജന്മം നല്‍കിയിട്ടുണ്ട്. വക്കത്തു ജനിച്ച ‘ഖാദര്‍’ എന്നു പേരുളള മൂന്നുപേര്‍ വക്കത്തിന്റെ ഖ്യാതി ലോകമാകെ വ്യാപിപ്പിച്ചു.

‘സ്വദേശാഭിമാനി’ എന്ന പത്രം 1905 ജനുവരി 19 ന്‌ അഞ്ചുതെങ്ങില്‍ നിന്നു പ്രസിദ്ധീകരിച്ചുകൊണ്ട്‌ മലയാളപത്രപ്രവര്‍ത്തന ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച വക്കം മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍ മൗലവിയാണ്‌ ഈ ഖാദര്‍മാരില്‍ മുമ്പന്‍. 1873–1932 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വക്കം അബ്‌ദുല്‍ ഖാദര്‍ മൗലവി തന്റെ ഭാരിച്ച സമ്പാദ്യവും വസ്‌തുക്കളും രാജ്യനന്മയ്‌ക്കായി സമര്‍പ്പിച്ച്‌ ജീവിതത്തില്‍ നിന്നു വിടവാങ്ങിയ മഹാത്മാവാണ്‌. വക്കം മൗലവി എന്ന ചുരുക്കപ്പേരില്‍ ഇന്ന്‌ അറിയപ്പെടുന്ന വക്കം മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍ മൗലവിയുടെ ഉടമസ്ഥതയില്‍ സ്ഥാപിതമായ ‘സ്വദേശാഭിമാനി’ യുടെ രണ്ടാമത്തെ പത്രാധിപരായി മൗലവി തെരഞ്ഞെടുത്ത വ്യക്തിയാണ്‌ സ്വദേശാഭിമാനി രാമകൃഷ്‌ണപിളള. ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി നിലകൊളളുകയും അഴിമതിയ്‌ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടുകയും ചെയ്‌തതിന്റെ പേരില്‍ ‘സ്വദേശാഭിമാനി’ പത്രം 1910 സെപ്‌തംബര്‍ 26 ന്‌ കണ്ടുകെട്ടുകയും പത്രാധിപര്‍ രാമകൃഷ്‌ണപിളളയെ നാടുകടത്തുകയും ചെയ്‌തുകൊണ്ട്‌ തിരുവിതാംകൂര്‍ സര്‍ക്കാര്‍ പക വീട്ടിയത്‌ ചരിത്രത്തിലെ സുപ്രധാനമായ ഒരു സംഭവമാണ്‌. തന്റെ പത്രം കുഴപ്പത്തിലേയ്‌ക്കാണ്‌ പോകുന്നതെന്ന്‌ മനസ്സിലാക്കിയിട്ടും പത്രാധിപര്‍ക്ക്‌ മൗലവി അനുവദിച്ചിരുന്ന സ്വതന്ത്യ്രം അവസാനം വരെ നിലനിര്‍ത്തുന്നതില്‍ അദ്ദേഹം കാണിച്ച ചങ്കൂറ്റം മാതൃകാപരമായിരുന്നു. വാട്ടര്‍ഗേറ്റ്‌ കേസില്‍ പ്രസിഡന്റ്‌ നിക്‌സനെതിരായ റിപ്പോര്‍ട്ടുകള്‍ വാഷിംഗ്‌ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്‌ പത്രാധിപര്‍ക്കുളള സ്വാതന്ത്യ്രത്തെമാനിച്ച പത്രമുടമയെ ഒരുപക്ഷേ നമുക്ക്‌ വക്കം മൗലവിയുടെ മാതൃക പിന്‍പറ്റിയ വ്യക്തിയായി വിശേഷിപ്പിക്കാം. ഒരു ഭാഗത്ത്‌ ഇന്ത്യയുടെ സ്വാതന്ത്യ്രസമരത്തിന്‌ കരുത്തുപകരാന്‍ സ്വദേശാഭിമാനി സ്ഥാപിച്ചതിനു പുറമേ ഒറ്റപ്പാലം കോണ്‍ഗ്രസില്‍ പങ്കെടുക്കുവാനും ഗാന്ധിജിയെ സന്ദര്‍ശിച്ചു പിന്തുണ ഉറപ്പു ചെയ്യാനും പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുവാനും മൗലവി ശ്രദ്ധവച്ചു. മുസ്ളിം സമുദായത്തെ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍ നിന്നും കരകയറ്റുവാനും സ്‌ത്രീകളെ മുഖ്യധാരയില്‍ കൊണ്ടിവരുന്നതിനും മുന്‍കൈയെടുത്ത മൗലവി ബഹുഭാഷാ പണ്‌ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്നു. നവോത്ഥാന നായകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്‌, ഗ്രന്ഥകാരന്‍, പത്രാധിപര്‍ എന്നീ നിലകളിലെല്ലാം ചരിത്രത്തില്‍ ഇടം പിടിച്ചയാളാണ്‌ വക്കം മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍ മൗലവി. 1873 ഡിസംബര്‍ 28 ന്‌ ജനിച്ച മൗലവി 1932 ഒക്‌ടോബര്‍ 31 ന്‌ അന്തരിച്ചു.

വക്കം മൗലവിയുടെ നാലാമത്തെ പുത്രനാണ്‌ മലയാള സാഹിത്യരംഗത്ത്‌ വൈജ്ഞാനിക ശാഖ പുഷ്‌ടിപ്പെടുത്തിയ പ്രമുഖ എഴുത്തുകാരനും പത്രാധിപരുമായിരുന്ന വക്കം അബ്‌ദുല്‍ ഖാദര്‍ (1912–1976). ഉപന്യാസകാരന്‍, ചെറുകഥാകൃത്ത്‌, കവി, നാടക രചയിതാവ്‌, ജീവചരിത്രകാരന്‍, വിവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ചിട്ടുളള അദ്ദേഹം കോഴിക്കോട്ടെ അല്‍ അമീന്‍ പത്രത്തിലൂടെയാണ്‌ പത്രപ്രവര്‍ത്തന രംഗത്തേയ്‌ക്ക്‌ കടന്നു വരുന്നത്‌. അവിടെനിന്നുതന്നെ പുറപ്പെട്ടിരുന്ന മാപ്പിള റിവ്യു, മാതൃഭൂമി, തിരുവല്ലായിലെ ഭാരത ചന്ദ്രിക, ഇരണിയലില്‍ നിന്നു പുറപ്പെട്ടിരുന്ന ദക്ഷിണ ഭാരതി, കൊച്ചിയിലെ പ്രകാശം വാരിക, കൊല്ലത്തു നിന്നുള പ്രഭാതം ദിനപത്രം എന്നിവയില്‍ അദ്ദേഹം പത്രാധിപരോ പത്രാധിപ സമിതി അംഗമോ ആയിരുന്നു. ഏതാണ്ട്‌ മുപ്പതോളം കൃതികള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്‌. ജിയും ഭാഷാകവികളും, വിമര്‍ശനവും വിമര്‍ശകന്മാരും , വിചാരവേദി, സാഹിതീ ദര്‍ശനം തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനമാണ്‌. മഹാകവി ഇക്‌ബാലിന്റെ ‘അസ്‌റാറേ ഖുദി’ എന്ന കൃതി ‘ആത്മരഹസ്യങ്ങള്‍’ എന്ന പേരില്‍ അദ്ദേഹം മലയാളത്തിലേയ്‌ക്കു വിവര്‍ത്തനം ചെയ്‌തു. തൂലികാ ചിത്രങ്ങള്‍ എന്ന സാഹിത്യ പ്രസ്ഥാനം മലയാളത്തില്‍ ആരംഭിയ്‌ക്കുന്നത്‌ അദ്ദേഹത്തിന്റെ രചനകളോടെയാണ്‌. ആയിരക്കണക്കിന്‌ പേജില്‍ കൈയ്യെഴുത്ത്‌ പൂര്‍ത്തിയാക്കിയ ‘മനുഷ്യന്‍’ എന്ന കൃതി ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ അപ്രകാശിത കൃതികളില്‍ ഉള്‍പ്പെടുന്നു. ചിന്തകന്‍ എന്ന നിലയിലും വിശ്വസാഹിത്യത്തെ മലയാളത്തിനു പരിചയപ്പെടുത്തിയ വ്യക്തി എന്ന നിലയിലും പേരെടുത്ത വക്കം അബ്‌ദുല്‍ ഖാദര്‍ ‘കേസരിയുടെ മാനസ പുത്രന്‍’ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.

മലയാളം പോപ്പുലര്‍ എന്‍സൈക്‌ളോപീഡിയ എഡിറ്റോറിയല്‍ ബോര്‍ഡിലും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഗവേണിംഗ്‌‌ ബോഡിയിലും കേരളസാഹിത്യ അക്കാദമിയിലും അംഗമായിരുന്ന വക്കം അബ്‌ദുല്‍ഖാദര്‍ സര്‍വ്വ വിജ്ഞാന കോശം വിസിറ്റിംഗ്‌ എഡിറ്ററുമായിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തിന്‌ കേരളം നല്‍കിയ മഹത്തായ സംഭാവനയാണ്‌ ഐഎന്‍എ സമരഭടന്‍ വക്കം ഖാദര്‍ (1917–1943). ഇതാണു വക്കത്തെ മൂന്നാമത്തെ ഖാദര്‍. 1917 മേയ്‌ 25 നു വക്കത്തു ജനിച്ച ഖാദര്‍ (അബ്‌ദുല്‍ഖാദര്‍ എന്ന്‌ ഇദ്ദേഹവും അറിയപ്പെടുന്നുണ്ട്‌) 1932 ല്‍ തന്റെ ഇരുപത്തി ഒന്നാം വയസ്സില്‍ തൊഴില്‍ തേടിയാണ്‌ മലേഷ്യയിലേക്കു പോയത്‌. പക്ഷേ, നാട്ടില്‍ നിന്നു പോകുന്നതിനു മുമ്പു തന്നെ സ്വാതന്ത്യ്ര സമരത്തില്‍ ആകൃഷ്‌ടനായിരുന്ന അദ്ദേഹം അവിടെ പൊതുമരാമത്തു വകുപ്പില്‍ ലഭിച്ച ജോലി ഉപേക്ഷിച്ച്‌ ഇന്‍ഡ്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌ എന്ന ഭാരതത്തിന്റെ സ്വാതന്ത്യ്ര സമര പ്രസ്ഥാനത്തില്‍ ചേര്‍ന്നു‌. പിന്നീട്‌ അദ്ദേഹം നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐഎന്‍എ) യില്‍ ചേരുകയും അതിന്റെ നേതൃനിരയിലേയ്‌ക്ക്‌ ഉയരുകയും ചെയ്‌തു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അന്തര്‍വാഹിനി മുഖേന മലയന്‍ തീരത്തു നിന്ന്‌ മലബാര്‍ തീരത്തെത്തി. കരയിലേക്കുള്ള ബോട്ടുയാത്രയില്‍ അവരെ ബ്രിട്ടീഷ്‌ ഭടന്മാര്‍ പിടികൂടി ജയിലിടച്ചു. അദ്ദേഹത്തിനുപുറമേ, സത്യന്‍ ബര്‍ദന്‍, ആനന്ദന്‍, ഫൗജാസിംഗ്‌ എന്നിവരെ 1943 സെപ്‌തംബര്‍ 10 ന്‌ മദ്രാസില്‍ വച്ച്‌ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. കേലവം ഇരുപത്തി ആറു വയസുമാത്രം പ്രായം ഉണ്ടായിരുന്ന ആ ധീരദേശാഭിമാനി ഭാരത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി ജീവത്യാഗം ചെയ്‌ത മഹാപുരുഷനാണ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.