14 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 13, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025

കേരളത്തിന് കേന്ദ്രത്തിന്റെ പ്രത്യേക പരിഗണന അനിവാര്യം: പി. പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
May 22, 2022 8:27 pm

കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖലയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രത്തിൽ നിന്നും പ്രത്യേക പരിഗണന ലഭിക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. നിരവധി ചെറുകിട കർഷകർ കാർഷികവൃത്തിയിൽ ഏർപ്പെടുന്ന കേരളത്തിന് തുടർച്ചയായുണ്ടാകുന്ന കൃഷിനാശം താങ്ങാനാവുന്ന ഒന്നല്ല. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടനാട്ടിലും ചേർന്നുള്ള പ്രദേശങ്ങളിലുമാണ്. കാലംതെറ്റി പെയ്യുന്ന മഴ മറ്റു പ്രദേശങ്ങളിലെ നെൽകൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഓരോ തവണയും ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളുടെയും തുടർന്നുണ്ടാകുന്ന കൃഷിനാശങ്ങളുടെയും ആഘാതത്തിൽ നിന്ന് കരകയറുന്ന കർഷകന് അല്പമെങ്കിലും ആശ്വാസമാവുന്നത് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമാശ്വാസ പദ്ധതികളാണെന്നും മന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 

അത്യുല്പാദന ശേഷിയുളള വിത്തുൾപ്പെടെയുളള ഉല്പാദനോപാധികളുടെ വിതരണത്തിനായി സുസ്ഥിര നെൽകൃഷി വികസന പദ്ധതി പ്രകാരം ഹെക്ടറിന് 5500 രൂപയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. മണ്ണിന്റെയും വേരിന്റെയും ആരോഗ്യ പരിപാലനത്തിനായി ഹെക്ടറിന് 5400 രൂപയും ഉല്പാദന ബോണസ് ഇനത്തിൽ ഹെക്ടറിന് 1000 രൂപയും വയൽ ഉടമകൾക്ക് റോയൽറ്റി ഇനത്തിൽ ഹെക്ടറിന് 3,000 രൂപയും നൽകുന്നുണ്ട്. ഇതിന് പുറമെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന ഉഴവുകൂലി പദ്ധതി പ്രകാരം ഒരു ഹെക്ടറിന് 17,000 രൂപയും അനുവദിക്കുന്നുണ്ട്. 

നെൽകൃഷി മേഖലയിൽ പ്രത്യേക പദ്ധതികളായി കരനെൽകൃഷിക്ക് ഹെക്ടറിന് 13,600 രൂപയും കോൾ നിലങ്ങളിൽ ഇരുപ്പൂകൃഷി ചെയ്യുന്നതിന് ഹെക്ടറിന് 10, 000 രൂപയും പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിന് ഹെക്ടറിന് 10, 000 രൂപയും സുഭിക്ഷ കേരളം പദ്ധതിപ്രകാരം തരിശുനിലങ്ങൾ കൃഷി യോഗ്യമാക്കുന്നതിന് ഹെക്ടറിന് 40, 000 രൂപയും സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നു. രജിസ്റ്റേർഡ് വിത്തുല്പാദന പദ്ധതി പ്രകാരം ഹെക്ടറിന് 3,200 രൂപ അനൂകൂല്യം നൽകുന്നതിന് പുറമെ ഒരു കിലോ നെൽവിത്തിന് 40 രൂപ പ്രകാരം സംഭരിക്കുന്നുമുണ്ട്. നെൽകൃഷിക്ക് ആവശ്യമായ ജലസേചനത്തിന് വൈദ്യുതി തികച്ചും സൗജന്യമാണെന്നും വാർത്തകുറിപ്പിൽ പറയുന്നു. 

കർഷകർ ഉല്പാദിപ്പിക്കുന്ന നെല്ല് പൂർണമായും സർക്കാർ തന്നെ സംഭരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ സംഭരണ വിലയായ 19 രൂപ 40 പൈസക്ക് പുറമെ എട്ട് രൂപ 80 പൈസ കൂടി ചേർത്ത് ഒരു കിലോ നെല്ലിന് 28 രൂപ 20 പൈസക്കാണ് സപ്ലൈകോ വഴി സർക്കാർ സംഭരിക്കുന്നത്. പ്രകൃതിക്ഷോഭം മൂലം കൃഷി നാശം മുഴുവനായി സംഭവിച്ചാൽ ഹെക്ടറിന് 13,500 രൂപ വരെ ദുരിതാശ്വാസവും ഹെക്ടറിന് 35,000 രൂപ വരെ ഇൻഷുറൻസ് പരിരക്ഷയും നൽകുന്നുണ്ട്. കൃഷി നാശം സംഭവിച്ച് വിള നഷ്ടപ്പെട്ട സ്ഥലത്ത് വീണ്ടും നെൽകൃഷിചെയ്യാൻ ഹെക്ടറിന് 80 കിലോഗ്രാം നെൽവിത്ത് സൗജന്യമായി അനുവദിക്കാനുമുള്ള പദ്ധതിയും സർക്കാർ നടപ്പിലാക്കി വരുന്നു. പ്രകൃതിക്ഷോഭത്തിൽ വിളനാശം സംഭവിച്ച കർഷകർക്ക് 2021–22 വർഷത്തിൽ 64.93 കോടി രൂപയും സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിപ്രകാരം നഷ്ടപരിഹാരമായി 34.79 കോടി രൂപയും സംസ്ഥാന വിഹിതമായി അനുവദിച്ചിട്ടുണ്ട്. വില നാശം സംഭവിച്ച നെൽ കർഷകർക്ക് വീണ്ടും വിള ഇറക്കുന്നതിനായി 476.2 മെട്രിക് ടൺ നെൽ വിത്ത് സൗജന്യമായി നൽകുകയും ചെയ്തു. 

നെൽവിത്ത് നഷ്ടമായവർക്ക് വിത്ത് നൽകൽ, ബണ്ടുകൾ ശക്തിപ്പെടുത്തൽ, കീടരോഗബാധയുടെ പെട്ടെന്നുള്ള ആക്രമണം നിയന്ത്രണ വിധേയമാക്കൽ എന്നീ പ്രവർത്തനങ്ങൾക്കായി 2.35 കോടിരൂപ സംസ്ഥാന സർക്കാർ 2021–22 വർഷത്തിൽ ൽ മാത്രം ചെലവഴിച്ചു. വിളവെടുപ്പ് കാലത്തുണ്ടാകുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നെല്ല് വിളവെടുക്കാനും ഉണക്കി സൂക്ഷിക്കാനും കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടലുണ്ടാകും ചൂഷണത്തിന് വിധേയരാകുവാൻ കർഷകരെ സർക്കാർ വിട്ടുകൊടുക്കില്ല. കാലാവസ്ഥ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള ക്രോപ് കലണ്ടറും വിത്തിനങ്ങളും സർക്കാർ കർഷകർക്കായി ഒരുക്കും. യഥാസമയം ചെയ്യുവാനും കൊയ്ത നെല്ല് ഉണക്കി സംഭരിക്കാനും സർക്കാർ സംവിധാനമൊരുക്കും. കുറ്റമറ്റ സംവിധാനം ഇക്കാര്യത്തിലെല്ലാം ഒരുക്കാൻ കർഷക പ്രതിനിധികളുടെ യോഗം ഉടൻ തന്നെ വിളിച്ചു കൂട്ടുമെന്നും മന്ത്രി പി പ്രസാദ് പറയുന്നു. വിളവെടുപ്പ് കാലത്തുണ്ടാവുന്ന കനത്ത മഴയും വെള്ളപ്പൊക്കവും സംഭരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. 

കുട്ടനാട് പോലുള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ വിളവെടുപ്പും സംസ്കരണവും സംഭരണവും ഏറെ പ്രയാസകരമാണ്. അതുകൊണ്ട് തന്നെ വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ കേന്ദ്രം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് സംഭരണം നടത്താൻ പലപ്പോഴും സാധിക്കാറില്ല. വിളവെടുക്കുന്ന നെല്ല് വിളവെടുപ്പിന് ശേഷം സൂക്ഷിക്കാനുള്ള താൽക്കാലിക സംഭരണ കേന്ദ്രങ്ങൾ പാടശേഖരങ്ങൾക്ക് സമീപം സ്ഥാപിക്കാനുള്ള സാധ്യതകൾ സർക്കാർ ആലോചിക്കുകയാണ്. കൂടാതെ കാലാവസ്ഥാനുപൂരകമായ വിത്തിനങ്ങൾ പ്രോത്സാഹിപ്പിക്കുവാനും സർക്കാർ ഉദ്ദേശിക്കുന്നു. ഇക്കാര്യത്തിനായി കേരള കാർഷിക സർവ്വകലാശാലയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബണ്ടുകൾ പൊട്ടി നെൽകൃഷി നശിക്കുന്ന അവസ്ഥ ഒഴിവാക്കുവാനായി ബണ്ടുകളുടെ ഇരുവശവും കെട്ടി സംരക്ഷിക്കുക, ബണ്ടുകളുടെ വീതി കൂട്ടുക തുടങ്ങിയ കാര്യങ്ങളിലും കർഷകരുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരികയാണ്. കുട്ടനാടിന്റെ പ്രത്യേക സാഹചര്യത്തിൽ നെല്ല് ഉണക്കി സംഭരിക്കുന്നതിന് ഒരു കേന്ദ്രീകൃത സംഭരണ സംവിധാനം ഒരുക്കുന്നതിന് നടപടികൾ സ്വീകരിക്കും. ഇതിനായി വിദഗ്ധരുമായും കർഷകരുമായും ചർച്ചകൾ നടത്തും. 

എല്ലാ നെൽകർഷകരെയും വിള ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുന്നതിന് സന്നദ്ധ പ്രവർത്തകരെയും യുവജനങ്ങളെയും സംഘടനകളെയും ഉൾപ്പെടുത്തി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും കുട്ടനാട് പോലുള്ള പ്രദേശങ്ങളുടെ പ്രത്യേകതകളും കണക്കിലെടുത്ത് കേരളത്തിന് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാൽ മാത്രമേ കർഷകർക്ക് നിലനിൽക്കാനാവുകയുള്ളു. ഇതിനെല്ലാം പുറമേ രാസവളങ്ങൾ പോലുള്ള ഉല്പാദനോപാധികൾക്ക് അനിയന്ത്രിതമായി ഉണ്ടാവുന്ന വില വർദ്ധനയും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കൃഷിയുടെ ഉല്പാദന ചിലവ് കുറക്കാൻ ഉല്പാദനോപാധികളുടെ വില നിയന്ത്രിച്ചേ മതിയാവൂ. ഇക്കാര്യങ്ങളിലെല്ലാം കേന്ദ്ര സർക്കാരിന്റെ പ്രത്യക പരിഗണന കാർഷിക മേഖലക്ക് അനിവാര്യമാണെന്ന് വാർത്താകുറിപ്പിലൂടെ മന്ത്രി പി പ്രസാദ് അറിയിക്കുന്നു.

Eng­lish Summary:Kerala needs spe­cial con­sid­er­a­tion from the Cen­ter: P. Prasad
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 14, 2025
January 14, 2025
January 13, 2025
January 13, 2025
January 13, 2025
January 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.