1 May 2024, Wednesday

പങ്കാളിത്ത പെൻഷൻ പിൻവലിക്കണം കെഇഡബ്ല്യുഎഫ് മാര്‍ച്ച് നടത്തി

Janayugom Webdesk
തിരുവനന്തപുരം
October 26, 2022 10:38 pm

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, കെഎസ്ഇബി ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആയി ഏകീകരിക്കുക, ഭാവി പെൻഷൻ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ(കെഇഡബ്ല്യുഎഫ്- എഐടിയുസി) പട്ടം വൈദ്യുതി ഭവനിലേക്ക് മാര്‍ച്ച് നടത്തി.
എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ എൽഡിഎഫ് സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ജീവനക്കാരുടെ അവകാശമാണ്. ആ അവകാശം നേടിയെടുക്കുവാന്‍ എല്ലാ സംഘടനകളുടെയും ജീവനക്കാരുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സമഗ്ര വികസനത്തിനായി സാമ്പത്തികരംഗത്ത് ക്രയവിക്രയം ചെയ്യപ്പെടേണ്ട കോടിക്കണക്കിന് രൂപയാണ് പുത്തൻ പെൻഷൻ പദ്ധതിയുടെ ഭാഗമായി കോർപറേറ്റ് കൊള്ളയ്ക്ക് വിട്ടുകൊടുക്കുന്നത്. ജീവനക്കാരുടെ അധ്വാനവിഹിതവും പൊതുപണവും യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് കൈകാര്യം ചെയ്യപ്പെടുന്നത്. നാളിതുവരെ ലോകത്തിലുണ്ടായ സാമ്പത്തികമാന്ദ്യ സന്ദർഭങ്ങളിലെല്ലാം ആദ്യം തകർന്നടിഞ്ഞത് പെൻഷൻ ഫണ്ടുകളും ഇൻഷുറൻസ് ഫണ്ടുകളുമാണെന്ന ചരിത്രസത്യം തിരിച്ചറിയുകതന്നെ വേണം. നവ ഉദാരവല്ക്കരണ നയങ്ങളുടെ ഭാഗമായുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി തീർത്തും ഇടതുപക്ഷ ആശയങ്ങൾക്ക് വിരുദ്ധമാണ്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗോവ സംസ്ഥാനങ്ങൾ പദ്ധതിയിൽ നിന്നും പിൻവാങ്ങുന്ന ഈ ഘട്ടത്തിൽ ലോകത്തിന് മുന്നിൽ ഇടതുപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളം മാതൃകയാവണമെന്ന് കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് എ എം ഷിറാസ് അധ്യക്ഷത വഹിച്ചു. ട്രഷറർ വി ജേക്കബ് ലാസർ, വൈസ് പ്രസിഡന്റുമാരായ കെ സി മണി, എം ശിവകുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം പി ഗോപകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ടി ഷാജികുമാർ നന്ദിയും പറഞ്ഞു.
എസ് ബി റോസ് വിൽസ്, വി ആർ മോഹനൻ, പി എൻ സീതാലക്ഷ്മി, എസ് അശ്വതി, ഒ ഫിലിപ്പോസ്, എൻ മനോജ്ദത്ത്, കെ വി നടരാജൻ, സിന്ധു എസ് സി, ശ്രീകുമാർ ടി, ഷൈലിഷ് പി പി, സി പ്രദീപ്കുമാർ, ടി ജെ ബാബുരാജ്, സുനിൽകുമാർ എസ്, എ കെ ഷാജി എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: KEWF marched to with­draw par­tic­i­pa­tion pension

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.